Thursday, 27 August 2015

ഞാന്‍ ചിറക്.... നീയാകാശം !!!

അവനൊരു സുന്ദരിയായിരുന്നു. അവള്‍ അവനേക്കാള്‍ മിടുക്കനും. രണ്ടേതെന്നറിയാത്ത ഒന്നിലേക്കവര്‍ നടക്കുകയായിരുന്നില്ല പറക്കുകയായിരുന്നു. അവള്‍ ഊഞ്ഞാലു കെട്ടും മുമ്പേ അവന്‍ ആടിത്തുടങ്ങുമായിരുന്നു. അവന്‍ മേല്‍വസ്ത്രമൂരും മുമ്പേ അവള്‍‍ മൂര്‍ച്ഛകളിലെത്തിയിരുന്നു. മത്സ്യം ജലത്തിലെന്ന പോല്‍ അവര്‍ അവരിലായിരുന്നു. സ്നേഹം അവര്‍ക്കു മേലൊഴുകിയിരുന്നു.

പലദിക്കുകളിലായി മാറിനിന്ന് മിന്നിയ നക്ഷത്രങ്ങളിലേക്ക് എത്ര പെട്ടെന്നാണ് വരകളാല്‍ ബന്ധിച്ച് അവര്‍  രൂപങ്ങളുണ്ടാക്കിയത്. ഒറ്റക്കൊമ്പന്‍ കുതിര, വില്ലുകുലയ്ക്കുന്ന പോരാളി, കൈയ്യില്‍ ഒലിവേന്തിയ മാലാഖ, തലകീഴായും മേലായും രണ്ടു മീനുകള്‍, തേള്‍, കൊമ്പുയര്‍ത്തിയ കാള... പക്ഷേ ഒറ്റക്കൊമ്പന്‍ കുതിര വരുന്ന രാത്രികളില്‍ മാത്രം അവളുടെ ചിരിയും സന്തോഷവും നക്ഷത്രങ്ങളേക്കാള്‍ ശോഭയുള്ളതായിരുന്നു. അപ്പോള്‍ മാത്രം അവന്‍ അവളുടെ ചെവികളുടെ പിന്നില്‍ ഉമ്മവയ്ക്കും. അവിടുള്ള കറുത്ത മറുകില്‍ ഇക്കിളിക്കൂട്ടും. അപ്പോളൊക്കെയും അവന്‍റെ നെഞ്ചിലേക്ക് ചാരിയിരുന്ന്, പറ്റിയാല്‍ മുടിയിലും ഒരു കൈ തലോടി അവളോരോ ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങും.

അവളുടെ പലചോദ്യങ്ങളും ആദിമവന്യതയിലേക്കാണ് പോകുന്നതെന്നു തോന്നും. ഇരുണ്ട മഴക്കാടുകള്‍ക്കുള്ളില്‍ പച്ചച്ച തടാകത്തിലെ വെള്ളത്തില്‍ കുളിക്കുമ്പോഴുള്ള തണുപ്പറിയോ നിനക്ക്? അതിനോട് പറ്റിച്ചേര്‍ന്ന് പടരുന്ന വള്ളിച്ചെടികളുടെയും പായലുകളുടെയും രൂക്ഷ ഗന്ധം ശ്വസിച്ചിട്ടുണ്ടോ നീ? അക്ഷാംശങ്ങളില്‍ ചൂട് കൂടിയ രാജ്യങ്ങളില്‍ മാത്രം എന്തുകൊണ്ട് ഉഗ്രവിഷമുള്ള ഉരഗങ്ങള്‍ കൂടുതല്‍? കടലോരങ്ങളോട് ചേര്‍ന്ന് ജീവിക്കുന്ന മനുഷ്യര്‍ക്ക് എന്തുകൊണ്ടാണിത്ര വിശപ്പ്? സൂര്യനേല്‍ക്കാത്ത നാട്ടിലുള്ളവര്‍ക്ക് എന്തുകൊണ്ടാണിത്ര വിഷാദം? കൊലപാതകം ഒരു കലയാണോ? കടല്‍ത്തട്ടിലെ ജീവിവര്‍ഗ്ഗങ്ങളുടെ രൂപങ്ങള്‍ എന്തുകൊണ്ട് ചിത്രകാരന്മാരുടെ ഭാവനകള്‍ക്കപ്പുറമാകുന്നു?

അവനറിയില്ലായിരുന്നു അവളുടെ ചോദ്യങ്ങളെവിടെ നിന്ന് പുറപ്പെടുന്നെന്നോ...എവിടെച്ചെന്ന് നില്‍ക്കുന്നുവെന്നോ. അവനൊന്നിനും ഉത്തരം പറഞ്ഞിരുന്നില്ല. ഉത്തരത്തിനു വേണ്ടിയായിരുന്നില്ല അവളൊന്നും ചോദിച്ചതും. പക്ഷേ ആ ചോദ്യങ്ങള്‍ക്കിടയിലൂടെ അവര്‍ വന്‍കരകള്‍ താണ്ടി പലവുരു ചില പ്രത്യേകതകളുള്ള അത്ഭുത ദ്വീപുകളില്‍ വരെ എത്തിയിരുന്നു.  അവിടെ രാത്രികളില്‍ വയലറ്റ് നിറത്തില്‍ തിളങ്ങുന്ന പാറയിടുക്കുകളില്‍‍  നിന്നും വരുന്ന ചില പാട്ടുകളുടെ ഈണം പോലും അവര്‍ ഒരേപോലെ മൂളിയിട്ടുണ്ട്.

അവനൊരു രഹസ്യമുണ്ടായിരുന്നു. മരക്കറകളുടെ പശപ്പില്‍ നദിക്കരയിലെ തൂവലുകള്‍ പെറുക്കിയടുക്കി നാല് വര്‍ഷങ്ങളായി അവന്‍ അവള്‍ക്ക് ചിറകുകള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കയായിരുന്നു... അവളറിയാതെ. എന്തോ..അവളുടെ രൂപത്തിന് ചിറകൊരു കുറവാണ്..എന്ന് അവന് സ്വപ്നത്തിലും ഓരോ ചുംബനങ്ങളിലും വരെ പലവട്ടം തോന്നിയിട്ടുണ്ട്. രാത്രികളില്‍ നഗരത്തിലെ തെറിപറയുന്ന തെരുവില്‍ വഴിവിളക്കിന്‍റെ ചോട്ടിലെ ചാരുബഞ്ചില്‍ കണ്ണടയ്ക്കാതെ സ്വപ്നം കണ്ടുറങ്ങുന്നത് അവളാണെന്നും, രണ്ടാം നിലയിലെ വള്ളിച്ചെടി പടര്‍ത്തിയ കിളിവാതിലുള്ള മുറിയില്‍‍ ഹംഗേറിയന്‍ സുഗന്ധ ദ്രവ്യങ്ങളുടെ മണം കൊണ്ടുറങ്ങുന്നത് അവനാണെന്നും പറഞ്ഞാല്‍ തെറ്റില്ലായിരുന്നു.

നാല് ചാന്ദ്ര മാസങ്ങള്‍ക്കുള്ളില്‍‍ മൂന്നാം ഞാറ്റുവേലയുടെ തലേന്ന് അവസാന തൂവലും തുന്നിക്കഴിഞ്ഞപ്പോള്‍ ആ ചിറകുകള്‍ ചലിക്കുന്നതായി തോന്നിയവന്. കണ്ണുകള്‍ നിറഞ്ഞു. ചന്ദ്രന്‍ നില്‍ക്കേ അന്നു മഞ്ഞുപെയ്തു. ചിറകുകള്‍ക്ക് മീതേ മഞ്ഞു വീഴും തോറും അതിനുള്ളില്‍ ചൂടു കൂടിവന്നു. അത് അവളുടെ തോളില്‍ കൈകള്‍ക്ക് പിന്നിലായി തുന്നി വയ്ക്കുമ്പോള്‍ അവളുടെ മുഖത്തു വിടരുന്ന നൂറ് പ്രകാശവര്‍ഷങ്ങളുടെ തിളക്കമോര്‍ത്ത് അവന്‍റെ മനസ് ഒന്നു നേരം വെളുക്കാന്‍ വെമ്പി. അവള്‍ മടിയില്‍ കിടക്കാറുള്ള നദിക്കരയിലെ മരത്തിന്‍റെ പിന്നില്‍ ചിറകൊളിപ്പിച്ചിട്ട് അവനവളുടെ വീട്ടിലേക്ക് കാലുകളൂന്നിപ്പറന്നു. പക്ഷേ രണ്ടാം നിലയിലെ വള്ളി പടര്‍ന്നു തൂങ്ങിയ ആ കിളിവാതിലടഞ്ഞു കിടന്നു. താഴെ വാതിലില്‍ അവള്‍ക്ക് പ്രിയപ്പെട്ട് പ്രെഷ്യന്‍ നീല നിറത്തിലുള്ള വിരിപ്പ് മുഴുവനായും അവിടെ നിന്ന് ഊരി മാറ്റിയിരിക്കുന്നു. താഴ്വാരത്തിലെ ആഗ്നസിന്‍റെ പള്ളിയും അടഞ്ഞു കിടക്കുന്നു. ആ മുറ്റത്ത് അവളുടെ പപ്പയുടെ പ്രിയപ്പെട്ട വെള്ളക്കുതിരകളുടെ കുളമ്പുകള്‍ മാത്രം ആഴ്ന്ന് കിടന്നിരുന്നു.

അവള്‍ പഴകി പിഞ്ഞിയ പായ്കളുള്ള ഒരു ചെറു കപ്പലിലാണ് പോയതെന്നും...അവള്‍ വിലയേറിയ വസ്ത്രങ്ങള്‍ അണിഞ്ഞിരുന്നെന്നും അവളുടെ മുഖം വളരെ പ്രസന്നമായിരുന്നെന്നും താഴ്വാരത്തിലെ ഇടയബാലന്മാരാണ് പറഞ്ഞത്. അവള്‍ കൈവീശി തന്നോട് യാത്ര പറഞ്ഞെന്നും അവര്‍ പറഞ്ഞ ആ വിലയേറിയ വസ്ത്രങ്ങള്‍ പട്ടണത്തില്‍ നിന്നും നാലു മാസങ്ങള്‍ കൊണ്ടു പ്രത്യേകം തുന്നിക്കൊണ്ടുവന്ന വിവാഹ വസ്ത്രങ്ങളായിരുന്നെന്നും പതിവായി കാട്ടില്‍ വിറക് പെറുക്കാന്‍ പോകുന്ന മുടന്തിയാണ് പറഞ്ഞത്. എന്നിട്ടവളുടെ വികൃതമായ കോങ്കണ്ണു കൊണ്ട് ഒരു പുച്ഛവും ചിരിയും. ഈ ചിരി അവന്‍ തുന്നിയ ചിറകുകല്‍ അരിയാന്‍ പോന്ന മൂര്‍ച്ഛയുള്ളതായിരുന്നു.

മഞ്ഞ് ആഞ്ഞുപെയ്തു. മഴ തോര്‍ന്നുമില്ല. ദിവസങ്ങളോളം.. മാസങ്ങളോളം!!
മണ്ണൊലിച്ചു നദിയിലേക്ക് പോയിക്കൊണ്ടിരുന്നു. കാലത്ത് നനഞ്ഞ മണ്ണില്‍ മഞ്ഞക്കുരുവികളുടെ പപ്പും പൂടയും തൂവലും നനഞ്ഞു കുതിര്‍ന്നു കിടന്നിരുന്നു. ഇത്രയൊക്കെയായിട്ടും ആ ചിറകുകള്‍ക്കുള്ളില്‍ സുരക്ഷിതനായി അവനിരുന്നു. ഒരമ്മയുടെ ഗര്‍ഭപാത്രവും തരാത്ത ചൂടും സുരക്ഷയും അവനതിനുള്ളില്‍ കിട്ടി. അതിലൊരു തൂവലു പോലും പൊഴിഞ്ഞില്ല.

അവള്‍ കപ്പലിനാണ് പോയത്. അത് എവിടെ നിന്നാണ് പുറപ്പെട്ടതെന്ന് അവനറിയില്ല.  പക്ഷേ അത് എവിടെ തിരിച്ചടുക്കും എന്ന് അവന് നിശ്ചയാമായിരുന്നു. കാലങ്ങളോ ദേശങ്ങളോ പിന്നിട്ടാലും അതൊരു തീരത്തും ഉറയ്ക്കില്ല, നാമിരുന്ന ഈ നദിക്കരയില്‍ തിരിച്ചെത്തും വരെ. അന്നുമുതല്‍ കാട്ടില്‍ കരുവേലകത്തിന്‍റെയോ, കേദാരത്തിന്‍റെയോ, ദേവദാരുവിന്‍റെയോ ഒരു ചില്ല പോലും മണ്ണില്‍ വീണ് പാഴായിക്കിടന്നില്ല. നദിയോരത്ത് കുറ്റികള്‍ നാട്ടി, തടികള്‍ ചീവി, പലകകള്‍ നിരത്തി  കപ്പലടുക്കാനുള്ള തട്ട് അവന്‍ തീര്‍ത്തു കൊണ്ടിരുന്നു. ഒരു കപ്പല്‍ ചാലു പോലുമില്ലാത്ത നദിവക്കില്‍ തുറമുഖം കെട്ടുന്ന ഭ്രാന്തനെ ആ വഴിപോയ തോണിക്കാരും, മീന്‍പിടിക്കാന്‍ പോയ മുക്കുവരും കളിയാക്കിച്ചിരിച്ചു കൊണ്ടിരുന്നു. തീര്‍ന്നില്ല, അതിനോട് ചേര്‍ന്നവന്‍ സൈപ്രസിന്‍റെ മൂത്ത കമ്പുകള്‍ ചീവിയെടുത്ത് ഒരു വള്ളിക്കുടിലുണ്ടാക്കി. അതിന്‍റെ മുറ്റത്ത് കുടിലിലേക്ക് പടര്‍ന്നു കേറും വിധം ഒരു പൂന്തോട്ടവും. അപ്പോഴും നദിയില്‍ നിന്നു കേട്ടു കൊണ്ടിരുന്നു തലയ്ക്ക് ഓളമുള്ളവന്‍റെ കൊട്ടാരം എന്ന്.

നദിയില്‍ വെള്ളം പൊങ്ങി. ഇറങ്ങി. രണ്ടു സൂര്യ ഗ്രഹണങ്ങള്‍ അവന്‍ ആ കുടിലിലിരുന്നു കണ്ടു. കാലം നീങ്ങിയപ്പോള്‍ കിഴക്ക് നിന്നുള്ള വ്യാപാരികളുടെ പല കപ്പലുകളും ആ വഴി പോകാന്‍ തുടങ്ങി. പോയവരൊക്കെയും കൊടും കാട്ടിലെ അസാമാന്യമായ തുറമുഖത്തൊന്നടുക്കുവാന്‍ കൊതിച്ചു. ഒരു രാത്രിയോ, ഒരു പകലിന്‍റെ പാതിയോ എങ്കിലും അവിടെ ഒന്നു നങ്കൂരമിടാന്‍. പലമോഹവാഗ്ദാനങ്ങള്‍ക്കു മുന്നിലും അവന്‍ നിസംശയം പറഞ്ഞു കൊണ്ടിരുന്നു.  വരട്ടെ...ഒന്നാമത്തെ കപ്പല്‍ ഇനിയും അടുത്തിട്ടില്ല.

പക്ഷേ അതു വന്നില്ല. തുറമുഖത്തട്ടില്‍ ദൂരേക്ക് നോക്കിയവന്‍ ഇരുന്നു. പക്ഷേ അവന്‍ നിരാശനുമായിരുന്നില്ല. പിന്നെയും തടികള്‍ അന്വേഷിച്ചു കൊണ്ടുവന്നു. അവളോടൊപ്പം ചിലവിട്ട ആ മരത്തിന്‍റെ മൂന്നായി പിരിയുന്ന ചില്ലയില്‍ അവന്‍ വലിഞ്ഞു കേറി. പ്രായം പേശികളെ തളര്‍ത്തിത്തുടങ്ങിയിരുന്നു. എങ്കിലും ഒരു കൊല്ലവും ആറുമാസവും കൊണ്ട് മനോഹരമായൊരു ഏറുമാടം അവനുണ്ടാക്കി. അതിലേക്ക് കേറുവാന്‍ നീണ്ടു തൂങ്ങിയ ഏണിപ്പടികളും. അതിനു മുകളില്‍ താഴ്വാരത്തിലെ കാറ്റും, ദേശാടനത്തിന് മഞ്ഞു നാട്ടില്‍ നിന്ന് വരുന്ന കിളികളും വന്നു കൊണ്ടിരുന്നു. അവിടെ നിന്ന് ആഗ്നസിന്‍റെ പള്ളിയും, കിഴക്കന്‍ മലയിടുക്കുകളും, അമ്മ പറഞ്ഞ കഥയിലെ ഹ്യൂഗോവിന്‍റെ കോട്ടകളും വ്യക്തമായിക്കാണാമായിരുന്നു. അതിലെ മുകള്‍ത്തട്ടിലെ രണ്ടാമത്തെ മുറിയില്‍ ഒരു ചുവപ്പ് പട്ടുതുണി കൊണ്ട് പൊതിഞ്ഞ് അവനാ ചിറകുകള്‍‍ രണ്ടും സൂക്ഷിച്ചു വച്ചു.

വസന്താരംഭത്തിലെ രാത്രിയോടടുക്കുന്ന ഒരു വൈകുന്നേരത്തില്‍ ഏറുമാടത്തിലിരിക്കേ അവിചാരിതമായി മഴ പെയ്തു. എന്നിട്ടും ചന്ദ്രന്‍ മൂടിയില്ല. നദിയില്‍ ഓളങ്ങള്‍ക്കു മുകളിലൂടെ വട്ടത്തില്‍ ഒരു കാറ്റുവീശി. ചില്ലകളാടി. മരച്ചോട്ടില്‍ കുത്തിച്ചാരി വച്ചിരുന്ന കഴുക്കോലുകള്‍ പലതും നിലത്തുവീണു. ഏണിയുടെ പടികളൊക്കെ തെറ്റിച്ചിറങ്ങി അവന്‍ തീരത്തേക്കോടി. അവിടെ പൊടിഞ്ഞു കത്തിയിരുന്ന റാന്തലില്‍ തിരി പൊക്കിവച്ചു. ചാന്ദ്രവെളിച്ചത്തില്‍ കാറ്റടിച്ച് വീര്‍ക്കുന്ന പായ്മരം അവന്‍ വ്യക്തമായിക്കണ്ടു. അതിന്‍റെ പായ്ത്തണ്ടുകളും, കപ്പല്‍ തന്നെയും ഇളകുന്നുണ്ടായിരുന്നു. അവനുറപ്പായിരുന്നു അതീ തുറമുഖത്തിനുവേണ്ടി മാത്രം വരുന്ന കപ്പലാണെന്ന്. കെട്ടിച്ചുറ്റി വച്ചിരുന്ന തടിച്ച കയറുകള്‍ കെട്ടഴിച്ചു തയ്യാറാക്കി വച്ചു. അന്നാദ്യമായി തുറമുഖം കപ്പലിനെ തിരിച്ചറിഞ്ഞു. തുറമുഖത്തിന്‍റെ സ്വന്തം കപ്പലിനെ. തുറമുഖം പുതച്ചുറങ്ങിയിരുന്ന ഒരു വൃദ്ധനെപ്പോലെ പിടഞ്ഞെണീക്കുന്നത് അവന്‍ കണ്ടു. അതിന്‍റെ നിശ്വാസത്തിന്‍റെ മുരള്‍ച്ച പോലും വ്യക്തമായിരുന്നു. കൈയ്യിലൊരു വിളക്കുമായാണ് അവള്‍ കപ്പല്‍ തട്ടില്‍ നിന്നും ഇറങ്ങിയത്. വെപ്രാളം കൊണ്ടും വിങ്ങലു കൊണ്ടും അവന്‍റെ മുഖവും കൈവെള്ളയും വിയര്‍ത്തു. മുഖത്തെ മീശരോമങ്ങള്‍ പോലും വിറച്ചു.

പക്ഷേ അവള്‍ തുറമുഖത്തട്ടിലേക്ക് കാലെടുത്തു വച്ച നിമിഷം അവനറിഞ്ഞു.- അതവളല്ല!!
പക്ഷേ അവനെതിര്‍ത്തില്ല, കപ്പല്‍ അവിടെ നങ്കൂരമിടാനും, ചേര്‍ത്ത് കെട്ടാനും അനുവദിക്കുക തന്നെ ചെയ്തു. എന്നാല്‍ അത് അവളല്ലെന്നും പറയാനും അവന്‍റെ മനസ് ധൈര്യപ്പെട്ടില്ല. ഇവളിലെവിടെയോ അവളുള്ളപോലെ. കാത്തിരിക്കുന്നതായിരുന്നെന്നും, കാത്തിരിക്കുന്ന ആള്‍ ഞാനല്ലെന്നും, പക്ഷേ ഞാനിവിടെ ഇറങ്ങണമെന്നും അവളിലും ഒരു ചോദനയുണ്ടായിരുന്ന പോലെ. അവള്‍ക്ക് അന്നു പിരിഞ്ഞ അതേ പ്രായം...അതേ വിവാഹ വസ്ത്രങ്ങള്‍...അതേ തിളക്കം കണ്ണിന്. പക്ഷേ അവളല്ല !!! എന്നാല്‍ ജന്മാന്തരങ്ങളുടെ പരിചയമുള്ള പോലെ തന്നെ അവര്‍ അടുത്തിരുന്നു. വള്ളിക്കുടിലില്‍ താന്‍ കാത്തുവച്ച പഴങ്ങള്‍ അവള്‍ ആര്‍ത്തിയോടെ തിന്നു. ഓറഞ്ചല്ലികള്‍ ഊറി മഞ്ഞപ്പിച്ച പല്ലു കാട്ടി ചിരിച്ചു. ഏറുമാടത്തിലെ കിളികളെ കൈകൊട്ടി പറത്തിയും, പിന്നെ അരിമണിയിട്ട് തിരിച്ചു വിളിച്ചും അവള്‍ കളിച്ചു.  തന്‍റെ തലയിലെ തുകല്‍ത്തൊപ്പി തട്ടിയെടുത്ത് അതും വച്ചു കൊണ്ട് പൈന്‍മരങ്ങള്‍ക്കിടയിലൂടെ ഓടി. വള്ളിച്ചെടിയില്‍ ഇന്നലെ പൂവിട്ട ഇളം നീലപ്പൂവ് ഇറുത്തെടുത്തു. അവനെക്കൊണ്ടതു തലമുടിയിലിടതു ഭാഗത്ത് മുടിക്കെട്ടിനുള്ളിലായി കുത്തിച്ചു. ഈ മണ്ണില്‍ ബാല്യം മുതല്‍ ജീവിച്ച ഒരു കുട്ടിയെപ്പോലെയായിരുന്നു അവള്‍.

രാത്രിയായപ്പോള്‍ ഏറുമാടത്തിന്‍റെ വരികെട്ടിയ മട്ടുപ്പാവില്‍ അവന്‍റെ മടിയില്‍ കിടന്ന് കൊണ്ട് ആകാശം നോക്കി. പലദിക്കിലെ നക്ഷത്രങ്ങളെ കൂട്ടി വരയ്ക്കാന്‍ തുടങ്ങിയ അവളുടെ വരകള്‍ തെറ്റിയപ്പോള്‍  അവനത് തെളിച്ച് ശെരിയാക്കി. വാല് ചുരുട്ടിയ തേള്‍, വില്ല് കുലയ്ക്കുന്ന പോരാളി, തലകീഴായ മത്സ്യങ്ങള്‍, ഞണ്ട്, ഒറ്റക്കൊമ്പന്‍ കുതിര. എന്നാല്‍ ഒറ്റക്കൊമ്പന്‍ കുതിരയെക്കണ്ടപ്പോള്‍ അവള്‍ മുഖം വിടര്‍ത്തുകയോ പൊട്ടിച്ചിരിക്കുകയോ ചെയ്തില്ല. അതായിരുന്നു അവര്‍ തമ്മിലുള്ള ഒരു വ്യത്യാസമായി അവന് തോന്നിയത്. അവന്‍റെ ചുണ്ട് വിറയ്ക്കാന്‍ ‍തുടങ്ങി. ചാന്ദ്രവെളിച്ചത്തില്‍ അവളുടെ ചെവികള്‍ തിളങ്ങാനും. കാലങ്ങളുടെയും, ദൂരങ്ങളുടെയും, യാത്രകളുടെയും മുഴുവന്‍ സ്നേഹങ്ങളും സംഭരിച്ച് അവനവളുടെ ചെവികള്‍ക്ക് പിന്നിലായി ഉമ്മ വച്ചു. അപ്പോള്‍ അതു ചുവന്നു. അവളുടെ കുഞ്ഞുമുലകള്‍ ഉയര്‍ന്നു താണു. ഒരല്പം താഴേക്കിറങ്ങി അവള്‍ നെഞ്ചിലേക്ക് ചാരിക്കിടന്നു. ഇടം കൈയുയര്‍ത്തി അവന്‍റെ മുടിയിഴകള്‍ക്കിടയിലേക്ക് വിരലുകളിറക്കിത്തുടങ്ങി. പെട്ടെന്ന് സൂര്യവെളിച്ചം ലോകത്തിലാദ്യമായി അരിച്ചിറങ്ങി വരുന്നതും, കന്യാവനങ്ങള്‍ വിടരുന്നതും, ആദിമവന്യതയുടെ മണം പടരുന്നതും അവന്‍ അനുഭവിച്ചു. ഇനിവരും ചോദ്യങ്ങള്‍! ആകാശത്തിലേക്ക് നോക്കിക്കിടക്കുന്ന അവളുടെ വായില്‍ നിന്നും ഉതിര്‍ന്നു വീഴാന്‍ പോകുന്ന ചോദ്യങ്ങളെ നോക്കിയ അവന്‍റെ മുമ്പിലേക്ക് നിര്‍വികാരതയോടെ അവള്‍ ഉത്തരങ്ങള്‍ മാത്രം ചൊരിഞ്ഞിടാന്‍ തുടങ്ങി.

നര ഒളിച്ചു കേറാന്‍ തുടങ്ങിയ താടിരോമത്തില്‍ പിടിച്ച് വലിച്ചോണ്ട് കൗമാരം കഴിഞ്ഞെന്നുറപ്പില്ലാത്തവളുടെ കൊഞ്ചലുകള്‍. നിനക്കറിയോ ..രാത്രിയില്‍ മഴക്കാടിനുള്ളിലെ ചെടികളും, പാറക്കല്ലുകളും ഉറങ്ങുമ്പോ പകലിന്‍റെ വെള്ളം തടാകത്തിനടിയിലേക്ക് ഊളിയിടും. അപ്പോ അടിയിലെ വെള്ളം ചൂടായി കിഴക്കോട്ടൊഴുകും. അതുവീണ്ടും ആ പച്ചച്ച കല്‍ത്തിട്ടകളില്‍ ചെന്നിടിക്കും..തിരിച്ചുവരും. ആ വെള്ളത്തിനെന്നും തണുപ്പായിരിക്കും.

നിനക്കറിയോ..കറുപ്പും തവിട്ടും കലര്‍ന്ന പൂക്കളുള്ള ആ ചെടികള്‍ക്ക് രൂക്ഷ ഗന്ധമാണെന്ന് നീയടക്കം എല്ലാരും പറയുമായിരിക്കും. പക്ഷേ തടാകത്തിലെ ചെറുപെണ്‍മീനുകള്‍ക്ക്, മഞ്ഞനിറമുള്ള പാപ്ലിയോണുകള്‍ക്ക് മാദക ഗന്ധമാണത്. അവര്‍ കാമാതുരരായി വെള്ളത്തിലാഴ്ന്ന് നില്‍ക്കുന്ന ഈ ചെടിത്തണ്ടുകള്‍ക്കിടയില്‍ മദിക്കും. പ്രജനനം നടത്തും. അവരുടെ തലമുറകളുടെ ഈറ്റില്ലമാണ് ആ ചെടികള്‍. ഓരോ പ്രജനന കാലത്തും ആ ഗന്ധം തടാകത്തിനു ചുറ്റും കൂടിക്കൂടി വരും. അവളുടെ തലമുടിയിലും അവനാ ഗന്ധം കിട്ടിത്തുടങ്ങിയപ്പോള്‍ അവള്‍ അടുത്ത ഉത്തരത്തിലേക്ക് കടന്നിരുന്നു.

നിനക്കറിയോ..നീയൊരു ഉഷ്ണരക്ത ജീവിയല്ല. പിന്നെ?? - ശീതരക്ത ജീവിയുമല്ല. ഇവയ്ക്കിടയിലെവിടെയോ ആണ് നീ.  നിന്നെ വിട്ട് പോയവര്‍ ഒരു പക്ഷേ ഉഷ്ണ നാടുകളിലേക്കായിരിക്കാം പോയത്. ജീവിതത്തിന്‍റെ ചോദനകളൊക്കെയും അവിടെയാണല്ലോ കൂടുതല്‍. കത്തുന്ന വിശപ്പും, വരള്‍ച്ചയും, ദാഹവും, അടങ്ങാത്ത കാമവും, രതിയും അവിടെയല്ലേ.. വെറികളും പാതകങ്ങളും അവിടല്ലേ...! വിശന്ന ശരീരത്തിലേക്കും മനസിലേക്കും എന്തു കിട്ടിയാലും ഗുണം നോക്കാതെ അവര്‍ തിന്നും..ആര്‍ത്തിപൂണ്ട്. അതുകൊണ്ടു തന്നെ അതിനെയൊക്കെയും ദഹിപ്പിക്കാന്‍ പൊള്ളുന്ന ഉമിനീരുകള്‍ വേണം. രൂക്ഷമുള്ള ദ്രവങ്ങള്‍ വേണം. അവറ്റകളുടെ ദഹനരസങ്ങളെയല്ലേ നിങ്ങള്‍ ഉഗ്രവിഷം എന്നു വിളിക്കുന്നേ.. നീ പേടിക്കേണ്ട അതുകുടിച്ചാല്‍ പോലും നിനക്കൊന്നും വരില്ല - മുറിപ്പെട്ടവനല്ലേ വിഷം തീണ്ടൂ....
പെട്ടെന്ന് അവന്‍റെ മനസൊന്നു കിടുങ്ങി. ഇതുവരെയുണ്ടായിരുന്നു എല്ലാ മുറിവുകളും വിങ്ങി. ..അതിലൊക്കെയും ചോര പൊടിഞ്ഞു.

അവള്‍ പിന്നെയും ഉത്തരങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നു. അവനൊന്നും കേട്ടില്ല. അവന്‍റെ മനസ് നീലച്ചു വന്നു. മടിയില്‍ നിന്ന് അവളെ എഴുന്നേല്‍പ്പിച്ചിട്ട് താടിയില്‍ പിടിച്ച് മുഖം പൊക്കി അവളോടു ചോദിച്ചു - നീയും ഉഷ്ണ നാട്ടില്‍ നിന്നാണോ വരുന്നത്? അതോ അങ്ങോട്ടേക്കാണോ പോവുന്നത്? അവള്‍ ചിരിച്ചു. അവന്‍ വെറിപിടിച്ചവനെപ്പോലെ വീണ്ടും ചോദിച്ചു.- നീ ആരെയെങ്കിലും തേടിയാണോ പോകുന്നത്? അതോ ആരെയെങ്കിലും ഉപേക്ഷിച്ചിട്ടാണോ പോകുന്നത്? ചിരിച്ചു കൊണ്ടവള്‍ പറഞ്ഞു- ചിലര്‍ക്ക് ഒറ്റ സത്യമേ ഉണ്ടാവൂ..അതും പിടിച്ചു കൊണ്ടവര്‍ ജീവിതം തുലയ്ക്കും. ചിലര്‍ക്ക് ഒരുപാട് സത്യങ്ങള്‍ ഉണ്ടാവും.  ഓരോ ആരംഭത്തിലും പുതിയ സത്യം പഴേതിനേക്കാള്‍ സുന്ദരമായിരിക്കും. അവര്‍ സത്യങ്ങളില്‍ നിന്ന് സത്യങ്ങളിലേക്ക് നുണകളുടെ വഴിയേ പോയിക്കൊണ്ടിരിക്കും. അതാണവരുടെ കല. ചിലരുടെ കണ്ണുനീരും.

രണ്ടു പകലും മൂന്നു രാത്രിയും പിന്നിട്ട് കഴിഞ്ഞ മൂന്നാമത്തെ പകലില്‍ അവള്‍ പറഞ്ഞു - എനിക്കു പോകണം. പോകുമെന്നറിയാമെങ്കിലും അതാഗ്രഹിക്കാഞ്ഞ പോലെ അവന്‍റെ കണ്ണു നിറഞ്ഞു. തൊലികള്‍ പാടുകള്‍ തീര്‍ത്ത അവന്‍റെ കണ്‍തടത്തില്‍ ഉമനീരു കലര്‍ന്ന ചുംബനം നല്കിയിട്ടവള്‍ പറഞ്ഞു- തനിയെ വന്നു കേറി, തനിയെ പടിയിറങ്ങിപ്പോകുന്നവരെ ചേര്‍ത്തു നിര്‍ത്താന്‍ നോക്കരുത്. നീ വേദനിക്കേണ്ടി വരും.

പൊയ്ക്കോളൂ..പോകും മുമ്പ് നീ കാണാത്ത ഒന്നു കൂടിയുണ്ട് ഈ മണ്ണില്‍. അവനവളെ ഏറുമാടത്തിന്‍റെ രണ്ടാം മുറിയിലേക്കു കൊണ്ടുപോയി. ചുവന്ന പട്ടു തുണി നീക്കി തന്‍റെ ജീവിതത്തിന്‍റെ സമ്പാദ്യം കാണിച്ചു കൊടുത്തു.- എനിക്കു തോന്നിയിരുന്നു എന്തോ കൂടി ഞാനിവിടെ കാണാന്‍ ബാക്കിയുണ്ടെന്ന്..-ഞാനിത് വച്ച് തരട്ടെ നിന്‍റെ കൈകള്‍ക്കു പിന്നില്‍ ?
- വേണ്ട, നോക്ക് ഇതെന്‍റെ അളവല്ല, ഇതെനിക്കുള്ളതുമല്ല.. മാത്രമല്ല, എന്‍റേത് ചിറകില്ലാത്ത ആകാശവും, കടപ്പാടുകളില്ലാത്ത ബന്ധങ്ങളുമാണ്.
എങ്കിലും മുട്ടുകുത്തി അവളാ തൂവലുകള്‍ ഒന്നു മണുത്തു നോക്കി.. എന്നിട്ട് - അമ്മഞ്ഞ കെട്ടിയ മണം- എന്നു പറഞ്ഞിട്ട് തിരിച്ചിറങ്ങി.

അവര്‍ രണ്ടുപേരും ആ കപ്പല്‍ തട്ടില്‍ നിന്നു. യാത്രക്കനുകൂലമായ കാറ്റ്. പായ്മരം ഞൊറിനീക്കി വിരിച്ചിട്ടു. ഒരു അരയന്നം കപ്പലിനരികിലൂടെ മുന്നോട്ടു നീന്തിപ്പോയി. കുറേക്കഴിഞ്ഞപ്പോള്‍ ഒരു കുഞ്ഞരയന്നവും ആ വഴി മണുത്ത് അതേ പാതയില്‍ ഓളങ്ങള്‍ വകഞ്ഞു മുന്നോട്ടു പോയി. മകളേ- എന്നൊരു വാക്ക് അണ്ണാക്കില്‍ തികട്ടിയെങ്കിലും അതു വിഴുങ്ങിയപ്പോള്‍ തെറിച്ച ഉമിനീര് കൂട്ടിക്കലര്‍ത്തി അവനവളെ ചുംബിച്ചു. ചുണ്ടുകള്‍ നാക്കുകള്‍ക്കിടയിലൂടെ നീന്തി. വലിയ നാവിന്‍റെ മണം പിടിച്ച് കുഞ്ഞുനാവും നീന്തിത്തുടിച്ചു. ഒന്നും രണ്ടും മൂന്നും രതി മൂര്‍ച്ഛകളോളം ആഴത്തില്‍ ചുംബനം നീണ്ടു നിന്നു. നീങ്ങിത്തുടങ്ങിയ കപ്പല്‍ തട്ടിന്‍റെ കൈവരിയില്‍ നിന്നവള്‍ കൈവീശിയപ്പോള്‍ ദേശാടനക്കളികളൊക്കെയും തുറമുഖത്തിനു ചുറ്റും വട്ടത്തില്‍ പറന്നു. പൂന്തോട്ടത്തിലെ ചെടി ഒരു നീലപ്പൂവ് കൂടി പൊഴിച്ചു. പെട്ടെന്നെന്തോ ചോദിക്കാന്‍ മറന്നപോലെ അവന്‍റെ നാവ് വെമ്പി. ഉടനെ അവള്‍ നദിയുടെ രണ്ടാമത്തെ വളവില്‍ നിന്നും വിളിച്ചു കൂവി. ആ ശബ്ദത്തിന്‍റെ ഒലി നേര്‍ത്തു നേര്‍ത്തു വന്നു. എങ്കിലും ഹ്യഗോവിന്‍റെ കോട്ടവരെ അത് അലയടിച്ചിരുന്നു. - നിന്‍റെ പിന്നിലൂടെ വന്ന് നിന്‍റെ മുന്നിലൂടെ കടന്നു  പോകുന്നവരെ നോക്കി നില്‍ക്കരുത്... ത് ...ത്. അകത്തേക്ക് പോ..പോ...ോ...ോ...അവരാരും നിന്‍റേതായിരുന്നില്ല, നീ അവരുടേതായിരുന്നു..അപ്പോഴത്തേക്കു മാത്രം....ത്രം..ത്രം..ം..അകത്തേക്ക് പോ..പോ...ോ...ോ...

പിന്നീടതിലൂടെ മൂന്നു  കപ്പലുകളും ആറ് ചെറു തോണികളും കടന്നു പോയി. രണ്ടു കപ്പലുകള്‍ അവിടെ നങ്കൂരമിടുകയും ചെയ്തു. അവര്‍ അവന് രണ്ടായിരത്തഞ്ഞൂറ് ലീറകളും, തസ്ക്കാന കുന്നുകളിലെ മുന്തിയ ഇനം വീഞ്ഞുകളും, ഉണക്കിയ പഴങ്ങളും സമ്മാനിച്ചു. ഒരിക്കല്‍ കോള് നിറഞ്ഞ ഒരു രാത്രിയില്‍ അവിടെ തങ്ങിയ കിഴക്കന്‍ നാട്ടിലെ തോണിക്കാരന്‍ അവന് തടിച്ച കുറേ ചുരുട്ടുകള്‍‍ സമ്മാനിച്ചു. അതവന് ഒരുപാടിഷ്ടപ്പെട്ടു. വൈകുന്നേരങ്ങളില്‍ തുറമഖത്തട്ടില്‍ കസേരവലിച്ചിട്ടിരുന്ന് അവന്‍ ചുരുട്ട് വലിച്ചു വിട്ടു. അതിന്‍റെ പുകയില്‍ അവന്‍റെ അപ്പന്‍റെ മണമുണ്ടായിരുന്നു. രണ്ടുവട്ടമേ കണ്ടിട്ടുള്ളൂവെങ്കിലും ആ മണം അതു തന്നെയെന്ന് അവനുറപ്പുണ്ടായിരുന്നു. വിധവയായ അമ്മ പലരുടെ മണം പേറി രാത്രികളില്‍ തിരിച്ചെത്തി ഓരോ പുരുഷനെയും തെറിപറഞ്ഞുറങ്ങുമ്പോഴും  ഒരിക്കല്‍ പോലും ഈ മണം അവന്‍റെ മൂക്കില്‍ നിന്നും പോയിരുന്നില്ല. അമ്മയ്ക്കും അതങ്ങനെ തന്നെയായിരുന്നിരിക്കണം. ഏകശേഷിപ്പായി കട്ടിലിനടിയിലെ തുകല്‍പ്പെട്ടിയില്‍ അമ്മ സൂക്ഷിച്ചു വച്ചതും പാതി കത്തിത്തീര്‍ന്ന ഒരു ചുരുട്ടായിരുന്നല്ലോ. അത് ബൊളീവിയന്‍ കാടുകളില്‍ ഉണ്ടാക്കിയതാണെന്ന് ഒരിക്കല്‍ അമ്മ പറഞ്ഞിരുന്നോ...അറിയില്ല.. അമ്മ പറഞ്ഞതു പലതും മറന്നു പോയി.  ഒരിക്കലും മറക്കില്ലെന്ന് ഓര്‍ത്തോര്‍ത്ത് സൂക്ഷിച്ചു വച്ചവ. ദൈവമേ അമ്മ തനിക്കിട്ട പേരു പോലും താന്‍ മറന്നു. മറക്കാന്‍ പാടില്ലാത്തതായിരുന്നു. ഒരുപാട് പ്രത്യേകതകളുള്ള പേരായിരുന്നതെന്ന് തനിക്കറിയാം. പുരുഷനില്‍ നിന്ന് പുരുഷനിലേക്ക് യാത്ര ചെയ്തു കൊണ്ടിരുന്ന അമ്മയെ സ്വതന്ത്ര്യ ജീവിയെന്ന് നാട്ടുകാര്‍ കളിയാക്കി വിളിച്ചപ്പോഴൊക്കെയും അമ്മ തന്‍റെ പേര് ഉച്ചത്തില്‍ വിളിക്കുമായിരുന്നു. അമ്മ ബന്ധനമാണെന്നും ഞാനാണ് സ്വാതന്ത്ര്യമെന്നും അന്ന് അമ്മ കണ്ണ് നനച്ച് കറുത്ത റൊട്ടിയുണ്ടാക്കിത്തരുമ്പോള്‍ പറയുമായിരുന്നു. പക്ഷേ ആ പേരെന്തായിരുന്നു....???

നാല് ദിവസം കൊണ്ട് ചുരുട്ട് വലിച്ച് പുക കൊണ്ട് വളയങ്ങളുണ്ടാക്കി വിടാന്‍ അവന്‍ സിദ്ധി നേടി. അത് എണ്ണുക അവനൊരു വിനോദമായിത്തീര്‍ന്നു. 78 വളയങ്ങള്‍ വരെ എണ്ണിക്കൊണ്ടിരുന്ന വൈകുന്നേരമാണ് തുറമുഖത്തട്ടില്‍ ഓളങ്ങള്‍ക്കൊപ്പം അഞ്ചിലേറെ തവണ ഒരു മുട്ടു കേട്ടത്. എഴുപത്തെട്ടാമത്തെ വളയം പിന്നീട് വന്ന പുകയോടൊപ്പം ഒന്നായി കലര്‍ന്ന് മുകളിലേക്ക് പോയി. വീണ്ടും വീണ്ടും വാതിലില്‍ മുട്ടി വിളിക്കുന്ന പോലെ തട്ടലുകള്‍. റാന്തലെടുത്ത് അവന്‍ ഇറങ്ങി താഴേക്കു ചെന്നു. മുട്ടു വരെ കുപ്പായം മടക്കി കേറ്റിവച്ചു. ‌നദിയില്‍ നാട്ടിയ കുറ്റിയോട് ചേര്‍ന്ന് ഓളത്തില്‍ പിണഞ്ഞ് കെട്ടിയിളകുന്ന മുടിയാണ് കണ്ടത്. ശവമാണ്. ശവം പെണ്ണാണ്!!!

നടുക്ക് ഒഴുക്കിലേക്ക് തള്ളിവിടാന്‍ കഴുക്കോലെടുത്തതാണ്. പതുക്കെ തട്ടിയപ്പോള്‍ മണം കൂടി വന്നു. പിന്നെയും പിന്നെയും കൂടി വന്നു. റാന്തല്‍ നീക്കിപ്പിടിച്ച് ഒന്നൂടെ നോക്കി. കണ്ണ് തുറന്നിരിക്കുന്നു. വെള്ളം കെട്ടിയ കണ്ണില്‍ ആകാശത്തില്‍ പലദിക്കില്‍ തെളിഞ്ഞ നക്ഷത്രങ്ങള്‍ ചത്ത കൃഷ്ണമണിക്കു ചുറ്റും പ്രതിബിംബിച്ചു കണ്ടപ്പോള്‍ മനുഷ്യന്‍റെ കണ്ണുകള്‍ ശവത്തിന്‍റെ കണ്ണുകളിലുടക്കി നിന്നു. ഓളങ്ങളാട്ടി കൊണ്ടിരുന്നിട്ടും രണ്ടുപേരും കണ്ണു വെട്ടിച്ചില്ല. ഇതെന്നെ തേടി വന്ന ശവമാണ്. എന്നെ മാത്രം. ചീര്‍ത്തു വീര്‍ത്തു നിന്ന മദ്ധ്യ വയസിന്‍റെ മുഖത്തു നിന്ന് ദൂരങ്ങളും യാത്രകളും കാത്തിരിപ്പും തിരിച്ചു താണ്ടി. കുറേ മഞ്ഞക്കിളികള്‍ ഒച്ചവച്ച മരത്തിനു കീഴില്‍ തന്‍റെ മടിയില്‍ തന്നെ നോക്കിക്കിടന്ന മുഖം. ശരിയാണ് അന്ന് നാം മറ്റൊരു ലോകത്തായിരുന്നു. ഇന്നും ഞാനവിടെ നിന്നുമിറങ്ങിയിട്ടില്ല.., നീയെന്നേ അവിടം വിട്ടിറങ്ങിപ്പോയെങ്കിലും...!!!

വെള്ളത്തിലിരുന്ന് ആ ശരീരം എടുത്ത് മടിയിലേക്ക് വയ്ക്കാനായി തോളത്തു പിടിച്ചതാണ്...തോളടര്‍ന്നു കൈയ്യിലിരുന്നു. കുറേ മാംസങ്ങള്‍ അടര്‍ന്ന് വെള്ളത്തിലേക്ക് പോയി. ആ മണമിപ്പോള്‍ മണമായിട്ടേ തോന്നുന്നില്ലയാള്‍ക്ക്. മടിയില്‍ കിടത്തി താന്‍ വിരലോടിച്ച വയറ് വീര്‍ത്ത് വികൃതമായി. കിട്ടിയതൊക്കെയും വാരിക്കൂട്ടി തുറമുഖത്തട്ടിലേക്ക് മലര്‍ത്തിക്കിടത്തി. നിലാവടിച്ചപ്പോള്‍...സത്യം അതു തകര്‍ന്നു മുങ്ങുന്ന ഒരു പായ്ക്കപ്പലു പോലെ തന്നെ ചരിഞ്ഞു കിടന്നു.  നേരം വെളുക്കുവോളം, കിഴക്കു നിന്നു അവസാന നക്ഷത്രവും മറയുന്നവരെ അയാള്‍ ആ ശവത്തിന്‍റെ തല മടിയില്‍ വച്ചിരുന്നു. മടിയിലും അയാളുടെ കൈയിലും ചീഞ്ഞ മാംസം ചിതറിത്തൂങ്ങിക്കിടന്നു.

കഴിഞ്ഞ ആ രാത്രി തീര്‍ച്ചയായും അവള്‍...അല്ല ശവം ചോദ്യങ്ങളോ ഉത്തരങ്ങളോ പറഞ്ഞു കൊണ്ടിരുന്നു കാണും. അല്ല ഇത്തവണ ചോദ്യങ്ങള്‍ അയാളായിരിക്കും ചോദിച്ചിരിക്കുക. അവള്‍ക്കൊരിക്കലും ഉത്തരം പറയാനാവാത്ത ചില ചോദ്യങ്ങള്‍. എങ്കിലും പിറ്റേന്ന് കാലത്ത് അയാള്‍ ചോദിച്ചതും പറഞ്ഞതുമെല്ലാം ഓര്‍മ്മയില്‍ നിന്നേ പോയി. ഒരെണ്ണമൊഴികേ....അതെന്തായിരുന്നു? അത് താന്‍ ചോദിച്ചതു തന്നെയായിരുന്നോ?? അതോ ചോദിക്കണമെന്നു വിചാരിച്ചതായിരുന്നോ ??? ആവോ..അയാള്‍ക്ക് തന്നെ തിട്ടമില്ലായിരുന്നു. എന്തായാലെന്ത്? ശവത്തിനോടല്ലേ..!! ഇതായിരിക്കുമത്. അല്ല, ഇതു തന്നെ.

അകലുന്നതുവരെ സ്നേഹമതിന്‍റെ ആഴങ്ങള്‍ അറിയില്ലെന്നു നിന്നോടു പറഞ്ഞതാരാണ്? അകലുന്നവരെ ചില സ്നേഹങ്ങള്‍ ആഴമില്ലാത്തതായിരുന്നെന്നും നാമറിയുന്നില്ലല്ലോ. ചിറകുകള്‍ പക്ഷികളുടെ സ്വാതന്ത്ര്യമാണെന്ന് നിന്നോട് പറഞ്ഞതാരാണ് ?? അവരുടെയാകാശത്തിന്‍റെ ബന്ധനമാണതെന്ന് നീയെന്തുകൊണ്ട് പറഞ്ഞില്ല. വേണ്ട..ആ രാത്രി മരിച്ചവരുടേതാണ്. ഇനിയോര്‍ക്കണ്ട.


സൂര്യന്‍ കത്തിയുയര്‍ന്നു കൊണ്ടിരുന്നു. ശവത്തില്‍ നിന്നും വെള്ളങ്ങള്‍ ഒലിച്ചു കൊണ്ടിരുന്നു. മതി ശവം ശവം മാത്രമാണ്. മറവു ചെയ്താല്‍ മാത്രം മഹത്വം നേടുന്ന വസ്തു. ഒരിക്കല്‍ കൂടി അവനവളെ നോക്കി.  ചീര്‍ത്ത കൈകള്‍ തന്‍റെ കൈകളോടു ചേര്‍ത്തു. മാംസമിളകിയ, അസ്ഥികള്‍ അങ്ങിങ്ങ് തെളിഞ്ഞു തുടങ്ങിയ വിരലുകളിലൊന്നില്‍ ഒരു മോതിരം! അത് മാംസത്തെ മുറിച്ച് അസ്ഥിയിലേക്ക് ആഴ്ന്നിരിക്കുന്നു. അതോ മാംസം അതിനെ മുറിച്ച് മുകളിലേക്ക് വളര്‍ന്നതോ?? അവനത് ഒന്നു തിരിച്ചു നോക്കി. അപ്പോള്‍ ഇടത്തു നിന്നു വലത്തോട്ട് സ്വര്‍ണ്ണത്തില്‍ പതിഞ്ഞ ഒരു പേരു തെളിഞ്ഞു വന്നു. ഇത്...ഇതായിരുന്നു തന്‍റെ പേരെന്ന്...അമ്പത്തിരണ്ടു വര്‍ഷങ്ങളായി ആരും വിളിക്കാത്ത പേര്.  താന്‍ ഓര്‍ത്തിട്ടുമോര്‍ത്തിട്ടും കിട്ടാതിരുന്ന പേര്. അയാള്‍ വിളറി വെളുത്തു. സന്തോഷം കൊണ്ട് കണ്ണുകള്‍ തിളങ്ങിയൊഴുകി. മീശയ്ക്കു മുകളിലൂടെ മൂക്കളയൊലിച്ചു. ശവം കിട്ടിയതിലല്ല, മോതിരം കിട്ടിയതിലല്ല...തനിക്കു തന്‍റെ പേര് തിരികെ കിട്ടിയിരിക്കുന്നു. ..താന്‍ താനായിരിക്കുന്നു...വര്‍ഷങ്ങള്‍ക്കു ശേഷം. തനിക്കു തന്നെ തിരികെ കിട്ടിയിരിക്കുന്നു. അയാള്‍ സന്തോഷിച്ചു ...മതി മറന്നു സന്തോഷിച്ചു. കൗമാരകാലത്തല്ലാതെ...ഈ കിടക്കുന്ന ശവത്തിന്‍റെ ജീവനുള്ള കാലത്തല്ലാതെ താനിതുപോലൊരിക്കലും സന്തോഷിച്ചിട്ടില്ല.

അവരിരുന്ന മരച്ചോട്ടില്‍ പൂന്തോട്ടത്തിന്‍റെ ഒത്ത നടുവില്‍ മതിമറന്ന് മത്സരിച്ചയാള്‍ കുഴി തോണ്ടി. കുഴിച്ചിട്ടും കുഴിച്ചിട്ടും മതിവരാത്ത പോലെ കുഴിച്ചു. ശവത്തിനെ കൈകളിലെടുത്ത് അതിനുള്ളിലിറക്കി വച്ചു. മണ്ണിട്ടു. പക്ഷേ, മണ്ണിട്ടിട്ടുമിട്ടിട്ടും മനസുറയ്ക്കുന്നില്ല. വീണ്ടും വീണ്ടും അയാളുടെ മനസിന് ഭാരം കൂടി വന്നു. ഇട്ട മണ്ണുകളൊക്കെയും വകഞ്ഞു മാറ്റി വീണ്ടും അയാളാ ശവം തിരിച്ചു പൊക്കിയെടുത്തു കരയ്ക്കല്‍ വച്ചു. അന്നൊരിക്കല്‍ നേരം വെളുപ്പിക്കാന്‍ താന്‍ വെമ്പിയതു പോലെ, അവള്‍ക്കരികിലേക്ക് പറക്കാന്‍ താന്‍ ഉയര്‍ന്നതു പോലെ പറന്നു ചെന്നയാള്‍ രണ്ടാമത്തെ മുറിയിലെ പട്ടു നീക്കി. പാല്‍മണമൂറുന്നു, ഇളം ചൂടുള്ള ആ ചിറകുകളുമായയാള്‍ പടിയിറങ്ങിയോടെയെത്തി. കുതിര്‍ന്ന മാംസത്തെ തിരിച്ചു കിടത്തിയിട്ട് അയാളത് ശവത്തിന്‍റെ കൈകള്‍ക്കു പിന്നില്‍ ചേര്‍ത്തു വച്ചു.  പാകം..അതേയളവ്...അതേ ഉയരം..അത്രക്കിണക്കം. ഇനി നീ പറക്കുക! നിന്‍റെയാകാശത്തേക്ക് എന്‍റെ ചിറകുമായി !!

മണ്ണിട്ടു മൂടും മുമ്പേ പണിപ്പെട്ടിട്ടാണെങ്കിലും അയാള്‍ ആ മോതിരം തിരിച്ചൂരിയെടുത്തിരുന്നു. ചീഞ്ഞ മാംസം ചെതുമ്പലു പോലെ തൂങ്ങി നിന്ന അതു കൈകളിലെടുത്ത് മനസ് നിറഞ്ഞ് ഒന്നൂടെ അയാള്‍ നോക്കി. ആലിയോ. ആ...ലി...യോ...അതേ അത് തന്നെയാണ് അവരുടെ മുന്നില്‍ ഉറക്കെ വിളിച്ചു കൊണ്ട് അമ്മ നിര്‍വ‍ൃതിയടഞ്ഞത്. അത് തന്നെ ഉരുവിട്ടാണ് അമ്മ മരണമടഞ്ഞത്. എന്തായിരുന്നത്?- ആലിയോ? . അല്ല! ഇതു തന്‍റെ പേരാണോ? അതോ അവളുടെ കൈയില്‍ മറ്റാരോ അണിഞ്ഞ പേരാണോ? അല്ല, ഇതു തന്നെയാണ് താന്‍... ഈ പേര് മടക്കിത്തരാന്‍ വേണ്ടിയാണയാള്‍ ശവമായത്. എന്നെ മടക്കിത്തരാന്‍.

അവളുടെ ശവകുടീരത്തിനു മുകളില്‍ അയാള്‍ നട്ട നീര്‍മാതളം അവളോളം ഉയരം വയ്ക്കുകയും, അതിലാദ്യമായി പൂവിടുകയും, അതിലൊരു മഞ്ഞക്കുരുവി വന്ന് ചിറകടിക്കുകയും ചെയ്ത  വൈകുന്നേരവും  അയാള്‍ ആ തുറമുഖത്തട്ടിലെ ചാരുകസേരയിലിരുന്ന് സായാഹ്നത്തെ നോക്കി പുകവിടുകയായിരുന്നു. ഇപ്പോള്‍ അയാള്‍ ഒറ്റപ്പുകയില്‍ തന്നെ കൂടുതല്‍ വളയങ്ങള്‍ വിടാനുള്ള സിദ്ധി നേടിയിരിക്കുന്നു. ചുരുട്ട് ഇനി ഒന്നു കൂടിയെ ബാക്കിയുണ്ടായിരുന്നുള്ളൂ. അയാള്‍ക്ക് എണ്ണല്‍ ഒരു ഹരമായിരിക്കുന്നു. തൊണ്ണൂറ്റഞ്ച് പുകവളയങ്ങള്‍ മേല്‍പ്പോട്ടുയര്‍ന്നു കൊണ്ടിരുന്നു. തൊണ്ണൂറ്റാറ്...തൊണ്ണൂറ്റേഴ്.....തൊണ്ണൂറ്റെട്ട്....എന്നുറക്കെ പറയുമ്പോഴും മനസിലയാള്‍ പറഞ്ഞു കൊണ്ടിരുന്നു...ആലിയോ തൊണ്ണൂറ്റാറ് ....ആലിയോ തൊണ്ണൂറ്റേഴ്...ആലിയോ തൊണ്ണൂറ്റെട്ട്....

ആലിയോ - കിട്ടി! ചിറക്...ചിറകെന്നര്‍ത്ഥം! ചിറകായിരുന്നു ഞാന്‍. തെരുവിലെ ശുക്ലം മണുക്കുന്ന ഇരുട്ടു മൂലകളില്‍ നിന്ന് അമ്മ പറക്കാന്‍ കണ്ടെത്തിയ ചിറക്. അവളുടെയാകാശത്തേക്ക് പറക്കാന്‍ കൊതിച്ച ചിറക്. ഞാന്‍ ചിറക്. പക്ഷേ അതു ബഹു വചനമല്ല...ചിറകുകളല്ല,,,ചിറകാണ്.. ഒറ്റച്ചിറകാണ് ഞാന്‍.  അത് പറക്കാന്‍ കൊതിക്കുന്നവനെ മരിക്കാന്‍ വിധിക്കുന്നതാണ്. ഒരു ചിറകിന്‍റെ കൂടുതലോ...ഒരു ചിറകിന്‍റെ കുറവോ ആണത്. അതൊരപൂര്‍ണ്ണതയാണ്. ഒറ്റച്ചിറകന് ചിറകൊരു ഭാരമാണ്. ചിറകിന് അവനും. ഒറ്റച്ചിറകന്‍ - ഹ..ഹ..ഹ അവന്‍ ആര്‍ത്താര്‍ത്തു ചിരിക്കാന്‍ തുടങ്ങി. അന്ന് പലദിക്കിലെ നക്ഷത്ര സമൂഹങ്ങളെ ഒറ്റവരയില്‍ കോര്‍ത്തപ്പോള്‍ തെളിഞ്ഞു വന്ന ഒറ്റക്കൊമ്പന്‍ കുതിരയെക്കണ്ടപ്പോള്‍ അവള്‍ വിടര്‍ന്നതിനേക്കാള്‍ തിളക്കത്തോടെ അയാളുടെ മുഖം തിളങ്ങിത്തിളച്ചു വന്നു കൊണ്ടിരുന്നു. അയാള്‍ ആഞ്ഞു വലിച്ചു. ആലിയോ തൊണ്ണൂറ്റൊമ്പത്...രണ്ടറ്റം കൂട്ടിമുട്ടാത്ത വലിയൊരു വളയമായത് മൂക്കില്‍ നിന്നും ഉയര്‍ന്നു. തൊണ്ണൂറ്റൊമ്പത് വളയങ്ങളൊന്നിച്ച് വലിയൊരു പുകയായി ചിറകടിച്ചാകാശത്തേക്കുയര്‍ന്നു.....

അപ്പോള്‍ തന്നെയായിരുന്നിരിക്കണം പിഞ്ഞിയ പായ്കളുള്ള ഒരു കപ്പല്‍‍ ആളില്ലാതെ തുറമുഖത്തിനു മുന്നില്‍ തിച്ചീനോ നദിയിലൂടൊഴുകി നടന്നതും



വരകള്‍:  ലിബിന്‍ മാത്യു https://www.facebook.com/libinmathewp

Saturday, 23 May 2015

മഞ്ഞ ഗൗണിട്ട മൈനോ....

അവിചാരിതമായിട്ടാണ് മീര്‍ക്കോയെ കണ്ടുമുട്ടിയത്...വയസ് 65 നടുത്തുണ്ട്...സംസാരിച്ചപ്പോള്‍ സോണിയ മൈനോയെക്കുറിച്ച് താത്പര്യത്തോടെ പറയാന്‍ തുടങ്ങി. 

ഇപ്പോള്‍ സേവനം ചെയ്യുന്ന കസ്തല്ലോ ദി ഗോദെഗോയില്‍ നിന്ന് കഷ്ടി 15 മിനിറ്റ് സൈക്കിള്‍ ചവിട്ടിയാല്‍ വിച്ചെന്‍സിയാ പ്രവിശ്യയിലെ ലുസിയാന എന്ന ഗ്രാമത്തിലെത്താം.. പര്‍വ്വത പ്രദേശമാണ് 2000- ത്തോളം മാത്രം ജനസംഖ്യയുള്ള കൊച്ചു ഗ്രാമം.

നീ വാ നിനക്ക് ഞാന്‍ അവളുടെ വീട് കാണിച്ചു തരാം..80 വര്‍ഷം പഴക്കമുള്ള ഒരു ഇടത്തരം വീടാണ് മൈനോക്കുടുംബത്തിന്‍റേത്. കരിങ്കല്ലില്‍ തീര്‍ത്ത പര്‍വ്വതപ്രദേശത്തെ തനതു വീട്.. നാട്ടുകാര്‍ക്കൊക്കെ നല്ല അഭിപ്രായം മാത്രമേയുള്ളൂ അവരെക്കുറിച്ച്.. സോണിയാ മൈനോയുടെ ഒരു അമ്മാവനാണ് ഇപ്പോളവിടെ താമസം..കക്ഷി പട്ടണത്തില്‍ ഒരു സൈക്കിള്‍ ഷോപ്പ് നടത്തുന്നു.

"അപ്പോ അവളുടെ മാതാപിതാക്കള്‍?"- അപ്പന്‍ മരിച്ചു അമ്മയും രണ്ടു സഹോദരിമാരുമുണ്ട്...അവരിപ്പോ തൊട്ടടുത്ത ഗ്രാമമായ ഒര്‍ബസാനോയിലാണ് താമസം..പ്രൈമറി ക്ലാസ് 5 വരെ അവളിവിടെയാ പഠിച്ചേ.. ഞാനും അന്ന് അതേ ക്ലാസില്‍.. ..നേരിയൊരോര്‍മ്മയേയുള്ളൂ ഇപ്പോ... പിന്നെ ഹൈസ്കൂള്‍ പഠനത്തിനായി അവള്‍ തൊറീനോയിലേക്ക് (ടൂറിന്‍) പോയി...പിന്നെ കണ്ടിട്ടില്ല.. മാസ്റ്റര്‍ ഡിഗ്രിക്കായി ലണ്ടനിലേക്ക് പോയെന്ന് പിന്നെ കൂട്ടുകാര്‍ പറഞ്ഞാണ് അറിഞ്ഞത്..അവിടെ വച്ചാണല്ലോ പിന്നെ അവനെ കണ്ടുമുട്ടിയതും പ്രണയത്തിലായതും..ജീവിതം മാറി മറിഞ്ഞതും..

"പിന്നെ വന്നിട്ടേയില്ലേ ഇവിടേക്ക്...??" "എന്‍റെ ഓര്‍മ്മയില്‍ ഇല്ല... ഒരു പക്ഷേ ഓര്‍ബസാനോയില്‍ വന്നു കാണും.. അമ്മയെക്കാണാന്‍....എങ്കിലും അവളെക്കുറിച്ചോര്‍ക്കുമ്പോഴൊക്ക സന്തോഷമുണ്ട് ഞങ്ങള്‍ക്ക്...ടി.വി യിലൊക്കെ കാണുമ്പോ അഭിമാനവും...

ഇപ്പോ അവള്‍ സോണിയ മൈനോ അല്ലല്ലോ... ഗാന്ധിയല്ലേ..സോണിയാ ഗാന്ധി!! 

അയാളുടെ കണ്ണിന്‍റെ സൈഡീക്കൂടി ബാല്യത്തിലെ കൂട്ടുകാരി ഒരു മഞ്ഞ ഗൗണിട്ട് ഓടിപ്പോകുന്നത് ഞാന്‍ കണ്ടു.

Monday, 11 May 2015

ലിപ് ലോക്ക് @ അടിനാവി



                        
കാലത്തെണീറ്റപ്പോഴും അങ്ങനെ തന്നെ. ഇന്നേക്കിത് നാലാം നാള്‍. പാല്‍ക്കാരന്‍ പുരുഷു സൈക്കിളിന്‍റെ പിന്നിലെ വലിയ അലൂമിനിയം ക്യാനിന്‍റെ മൂട്ടിലെ പൈപ്പ് രമണീടേം, സരളേടേം, അന്നാമ്മച്ചേടത്തീടെം സ്റ്റീല്‍ കിണ്ണങ്ങളിലേക്ക് തുറന്നിട്ടു കൊടുത്തിട്ട് അവസാനം പൂട്ടിയടയ്ക്കുമ്പോ റോഡിലേക്കിറ്റുന്ന രണ്ടോ രണ്ടരയോ തുള്ളി...അതിനപ്പുറം ഒരു തുള്ളി പോവുന്നില്ല ഇപ്പഴും മൂത്രം. മുക്കിയിട്ടും മുക്കിയിട്ടും മൂത്രമൊഴിച്ച് ബാക്കിയെല്ലാം പോവുമ്പോഴും ഖരവും വാതകവുമല്ല ദ്രാവകമാണ് ലോകത്തിലെ ആദി പദാര്‍ത്ഥമെന്ന് തിരിച്ചറിയുകയായിരുന്നു ഞാന്‍. അനക്സിമാന്‍ഡറും, അനക്സിമെനസും, പൈഥഗോറസും തെറ്റായിരുന്നു. ആദിപദാര്‍ത്ഥം വെള്ളമായിരുന്നുവെന്ന താലസിനൊപ്പം ചേര്‍ന്നു ഞാനും.  ആദ്യമായി മൂത്രമൊരു കടലാവുന്നു. രാത്രി ഒന്നുറങ്ങാന്‍ തിരിയുമ്പോഴും ചരിയുമ്പോഴും വയറിനകത്ത് വലിയ മൂത്രത്തിര കിടന്ന് ഓളം വെട്ടി. നമ്മള്‍ കുടിച്ചും ചവച്ചും അണ്ണാക്കിലേക്കിറക്കുന്നവ മൂത്രമാവുമ്പോ അതൊരു കടലോളമുണ്ടാവും. അതുമതി നിങ്ങളെ ഒരു വലിയ ചിന്തകനാക്കാന്‍. ഞെരിപിരി കൊള്ളുന്ന ചിന്തകന്‍ !

അടിനാവിക്കടി കിട്ടിയാല്‍ ഇങ്ങനാവൂന്ന് കിട്ടിയാലേ അറിയൂ..എന്തോരം ആ ഡയലോഗ് ചക ചകാന്ന് ഞാനും പറഞ്ഞേക്കണ്. അന്നൊന്നും അതിത്രമാത്രം സങ്കീര്‍ണ്ണമായൊരു അനുഭവമാണെന്ന് ആദ്യപ്രേമം പുല്ലുപോലെ പുച്ഛിച്ചിട്ട് കിറി കോടിച്ചു കാണിച്ച ശരണ്യ ശശിധരന്‍റെ അടിനാവിക്കു നേരെ കൈചൂണ്ടി കലിപ്പിച്ച് ഡയലോഗ് വിട്ടപ്പോ പോലും  വിചാരിച്ചിട്ടില്ല. ഒന്നിനുമല്ലാതെ എന്തിനോ മേടിച്ചു കൂട്ടിയ ഒരടി! അതായിരുന്നു ഇന്നു നിങ്ങളീ വായിക്കുന്ന അടിനാവിക വിജൃംഭിത വിചിന്തനത്തിന്‍റെ ഹേതുകാരണം !. 
രണ്ടു ചുവന്ന പൂവിതളുകളിലൊന്ന് മറ്റൊന്നിലേക്ക് കേറിയിരിക്കുന്ന പോലാവണം എംബ്ലം, ഇരുചുണ്ടുകളിലും നനവുണ്ടാകണം . കാണുന്ന മാത്രയില്‍ തന്നെ ചുണ്ടിലൊരു തരിപ്പ് കേറണം. അതില്‍ വൈകാരികത മുറ്റി നില്‍ക്കണം. അതു കണ്ടാലേ സദാചാരക്കുരു പഴുത്തു പൊട്ടണം.  അടിയില്‍ ക്യാപ്ഷന്‍ - ''ചിറകാണ് ചുണ്ട്, ഇരുചുണ്ടിലേ നാം പറക്കൂ'' - എനിക്കെന്ന പോലെ അവര്‍ക്കെല്ലാവര്‍ക്കും എന്നെയോര്‍ത്ത് അഭിമാനം തോന്നി. പലമനസുകളില്‍ നാണിച്ചു നാണിച്ചു പുറത്തേക്ക് വന്ന ചിന്തയ്ക്ക് ചിറക് വച്ചുകൊടുത്തതിന്..അതിനെ സാധ്യതയുടെ തുമ്പോളമെത്തിച്ചതിന്..മനോഹരമായൊരു ചിത്രമുദ്രണത്തോടെ ലിപ് ലോക്ക് എന്ന ആശയത്തെ ഒരു ആവേശമായി മാധ്യമ ലോകത്തിന് എറിഞ്ഞിട്ടു കൊടുത്തതിന്. പിന്നെ ഞാനൊന്നും ചെയ്തില്ല, ചെയ്തതൊക്കെ അവരാണ്. മദനന്‍ അവരുടെ ലീഡറായി. 

അവള്‍ പിന്നെപ്പിന്നെ പറയുമായിരുന്നു -  ''നിന്‍റെ കൂടെക്കൂടിയതില്‍ പിന്നെയാ ജീവിതത്തിനൊരു സ്വാതന്ത്ര്യം തോന്നിത്തുടങ്ങിയേ..ധൈര്യം വന്നു തുടങ്ങിയേ...ചിന്തകളില്‍ പോലും അല്‍പം പുരോഗമനം ഉണ്ടായേ... അല്ലേല് ഞാനാ തനി കാഞ്ഞിരമറ്റം കാരിയായി അച്ചായനെ പേടിച്ചും, തലേ മുണ്ടിട്ട് പള്ളീപ്പോയും, പെണ്ണുകാണാന്‍ വരുന്ന ഒരു റബ്ബറുവെ്ട്ടുകാരന്‍ അച്ചായന്‍റെ മുന്നീ കാപ്പക്കോപ്പ പിടിച്ച് കാലു കൊണ്ട് നിലത്തു വരച്ചും കൊരഞ്ഞു കുത്തിപ്പോയെനെ. അല്ലേല്‍ പിന്നെ പിരീഡ്സാണെന്ന് പറയാന്‍ നാക്ക് പൊന്താന്‍ പോലും നാണിച്ച എനിക്ക് നാപ്ക്കിന്‍ ഒരു സമരായുധമാണെന്ന് പറഞ്ഞ് നിന്‍റെ കൂടെ കൂടാനും, എന്‍റെ പാന്‍റിക്കുള്ളിലെ ചോര കുതിര്‍ന്ന പാഡ് അഴിച്ചെടുത്ത് കോളേജ് ഭിത്തിമേല്‍ ഒട്ടിക്കാന്‍ വരെ കഴിയാര്‍ന്നോ...?ഒന്നു ചിന്തിച്ചു നോക്കിയേ..ന്‍റെ കണ്ണടയാ നീയൂരി മാറ്റിയേ.. ന്നിട്ട് കണ്ണു കൊണ്ട് കാണാന്‍ പഠിപ്പിച്ചു. വലിയവനേ...സമരനായകാാാ....'' ഉള്ളിലൊരു സ്മിതം പൊട്ടി. ഞാനവളെ ''ചന്ദ്രികേ''ന്ന് നീട്ടി വിളിച്ചു. ലവളെന്നെ ''രമണാാാ''യെന്നാക്കി വിളിച്ചു. ശരിക്കും അപ്പോള്‍ തന്‍റെ ചുണ്ടിലാ തരിപ്പ് വന്നതും, നാവില്‍ നിന്ന് ചുണ്ടിലേക്കൊരു നനവ് പടര്‍ന്നതുമാണ്. വേണ്ട, ഇപ്പോളല്ല..ലോകത്തിന്‍റെ മുഴുവന്‍ കണ്ണുകളും ക്യമറാ കണ്ണുകളും കണ്ണുമിഴിച്ച് നില്‍ക്കുന്ന വേദിയിലാവണം 'ദേ മാലോകരേ...കാണ് എന്‍റെ പെണ്ണ്' എന്ന് ചുണ്ടുകൊണ്ടുണ്ടാക്കിയ ലോക്ക് കൊണ്ട് എനിക്ക് വിളിച്ചു കൂവാന്‍. അത് കണ്ട് തുപ്പലൊലിക്കുന്നതും, കുരുക്കളൊക്കെയും കൂമ്പി നിന്ന് പൊട്ടുന്നതും ഒരു ബ്ലര്‍ പിക്ചര്‍ ബാഗ്രൗണ്ടായി ചുറ്റിലും ഞാന്‍ കണ്ടാര്‍മ്മാദിക്കുമപ്പോ.  

കാലത്തേ മറൈന്‍ ഡ്രൈവിലെ നിരന്ന് നില്‍ക്കുന്ന മരത്തിലൊട്ടിക്കാനുള്ള ലിപ് ലോക്ക് പോസ്റ്ററകളും കൂടി പൊതിഞ്ഞെടുത്തിറങ്ങാന്‍ നേരമാണ് അവളുടെ കോള്‍. ''വരില്ലേ..? സമര മുഖത്തുണ്ടാവില്ലേ..?''- ''അതെന്തു ചോദ്യം ചന്ദ്രികേ..വാ തുറന്നതും നാം..വാ പൂട്ടേണ്ടതും നാം.!'' ഒരു കളകാകളി കോകില കിലുകിലു ചിരിയായിരുന്നു മറുപടി.  ''അറിയാ സഖാവേ..എങ്കിലും നിങ്ങളൊക്കെ ഉണ്ടാവുമെന്ന ഉറപ്പിലാണ് ഞാനും. നിങ്ങള്‍ പകര്‍ന്നു തന്ന ധൈര്യമേ നമുക്കൊക്കെയുള്ളൂ..അറിയാല്ലോ...നമ്മളൊരു കുട്ടി സഖാവു പോലുമായിട്ടില്ലേയ്....''

പോസ്റ്ററൊക്കെ പതിപ്പിച്ചു തീര്‍ന്നപ്പോഴേക്കും സംഗതി പൂരപ്പറമ്പായി. ഹൈക്കോര്‍ട്ട് ജംഗ്ഷനീന്നൊരു ഹനുമാന്‍ സേന. മാര്‍ക്കറ്റിനുള്ളീന്നൊരു സുഗ്രീവ സേന. ജോസ്കോയുടെ പിറകീക്കൂടിയൊരു ബാലി സേന. പിന്നെവിടെന്നൊക്കെയോ കുറേ മാധ്യമ വാനരസേന. പറഞ്ഞ സമയത്തിനു മുന്നേ സമരം തുടങ്ങിയേ പറ്റൂ. ആവേശത്തിനെത്തിയവരെ നാണം ഗ്രസിച്ചു. ചുംബിക്കാന്‍ വന്നവന് നോക്കാന്‍ നാണം. നോക്കാന്‍ വന്നവന് ചുംബിക്കാന്‍ ആവേശം. ''നോക്കുവിന്‍ കൂട്ടരെ ..ഇപ്പോഴില്ലെങ്കില്‍ പിന്നില്ല.. ഇപ്പോ ..ഈ നിമിഷം''. ഞാന്‍ നോക്കി. ചന്ദ്രിക മടിച്ചവരെയും അറച്ചവരെയും വാനരന്മാരെക്കണ്ട് പേടിച്ചവരെയും ഒരു നക്സലേറ്റിനെപ്പോലെ ധൈര്യപ്പെടുത്തുന്നു. ആവേശത്തിന്‍റെ തീയിട്ടു കൊടുക്കുന്നു. കവിയൂരിലും വയലാറിലും പൊന്നാനിയിലും കാലം മറന്നു വച്ച വിപ്ലവക്കാറ്റ് കൊച്ചിക്കായലിലെ ചീഞ്ഞനാറ്റത്തിനെയും കടന്ന് ചീറിയെത്തി. എന്‍റെ അന്തരംഗത്തിന്‍റെ അന്തരാളത്തിന്‍റെയറ്റം വരെ അവളെയോര്‍ത്ത് അഭിമാനിച്ച് പുളകം പതഞ്ഞു. വീണ്ടും ദിഗന്തങ്ങളില്‍ നിന്ന് ചിതറി വരുന്ന വിപ്ലവ ഭേരി പോലെ വാക്ക് മുഴങ്ങി. - ''നോക്കുവിന്‍ കൂട്ടരെ..ഇപ്പോഴില്ലെങ്കില്‍ പിന്നില്ല...ഇപ്പോഴാണ്.. ഈ നിമിഷം!!'' ഞാന്‍ നോക്കി. വാനരസേന നോക്കി. മാധ്യമ സേന നോക്കി. ലോകം മുഴുവന്‍ നോക്കി. ഏഷ്യാനെറ്റിന്‍റെ ത്രി കോണകം കോണിച്ച ക്യാമറാക്കു മുന്നിലേക്ക് മദനനെ വലിച്ചടുപ്പിച്ച് നിര്‍ത്തിയിട്ട് പെണ്‍കണ്ഠം ഗര്‍ജ്ജിച്ചു. പെണ്‍ചുണ്ട് തുടിച്ചു. ''ചിറകാണ് ചുണ്ട്, ഇരു ചുണ്ടിലേ നാ പറക്കൂ...''. മദനന്‍ പറന്നു. ചന്ദ്രിക പറന്നു. നാലു പാടും നിന്ന് വാനരസേന കുതിച്ചു പറന്നു. പോലീസ് വാന്‍ പറന്നു. അകന്നു പോകുന്ന ആ പോലീസ് വാനിന്‍റെ പിന്‍വാതില്‍ ചില്ലുകൂടിനുള്ളില്‍ നിന്നും ആ ഇണപ്രാവുകള്‍ അപ്പോഴും നിലയ്ക്കാതെ നിര്‍ത്താതെ സമരവീര്യം ചോരാതെ കൊക്കുരുമ്മി കൊണ്ടിരുന്നു. ലോകം മുഴുവന്‍ ആ ദൃശ്യം കണ്ട് തരിച്ചു നിന്നു. ഞാന്‍ മാത്രം രമണനായി നിന്നു. കാനനച്ചോലയിലെ ആടുകളെല്ലാം ചിതറിയോടി.

 തല്ലിയതാരെന്നറിയില്ല. പോലീസാണോ വാനരനാണോ സദചാരനാണോ....? ആ ലഹളയില്‍ ആരാരെയുമറിഞ്ഞില്ല..ഞാനെന്നെയറിഞ്ഞില്ല. പക്ഷേ അടിനാവി  തുളച്ചെത്തിയൊരു ഇടിമാത്രമറിഞ്ഞു. അടിനാവുകള്‍ തമ്മിലുമ്മ വച്ചൊരു ലോക്കായി. ആരൊക്കെയോ ഓടി. ആരൊക്കെയോ പാടി. കൊച്ചീക്കായലിന്‍റെ തീരത്തിരുന്നപ്പോ ലോകത്തൊരേയൊരു പാട്ടേ ഉണ്ടായിട്ടുള്ളൂവെന്നു തോന്നി. 'മാനസ മൈനേ..'ക്കിപ്പുറത്തേക്കു പിറന്ന പാട്ടുകളൊക്കെ കേറ്റിയ ഹാര്‍ഡ് ഡിസ്ക് ഒറ്റയിരിപ്പിനടിച്ചു പോവാനുള്ളതേയുള്ളൂ. ക്ലോസറ്റിന്‍റെ വക്കിലിരുന്നപ്പോഴും വേറൊന്നും അലയടിച്ചില്ല. വീഞ്ഞുഭരണിപോലെ പുറത്തേക്കൊഴുകാനാവാതെ മൂത്രം നിന്നു വിങ്ങി... അടിവയറു പുളഞ്ഞു. പക്ഷേ ഈ വയറും ഞാനും ഈ ക്ലോസറ്റില്‍ ഇപ്പോ പൊട്ടിക്കീറി മരിച്ചാല്‍ പോലും എനിക്കൊന്നുമില്ല. അടിവയറിലെ വേദനയേക്കാളും ചങ്കിന്‍റെ ഏഴട്ടി വരെ കുത്തിക്കീറിയ വേദനയല്ലേ ലോകം മുഴുവന്‍ നോക്കി നില്‍ക്കേ സ്വന്തം പെണ്ണ് മറ്റൊരുവനെ ചുണ്ടില്‍‍ കോര്‍ത്ത് പറന്നു പോകുന്ന കാഴ്ച.... ആരു സഹിക്കും..ലോകത്താരു പൊറുക്കും. ലോകത്തൊരു കാമുകനും അനുഭവിക്കാത്ത ഹൃദയവ്യഥ കൊണ്ടു ഞാന്‍ ഞെരിഞ്ഞു. എത്രയായാലും ഇങ്ങനൊക്കെ ചെയ്യാമോ...ഒരു പെണ്ണ്...അതും നമ്മുടെ ഈ നാട്ടില്‍...- ''പ്ഫൂഫൂഫൂഫൂഫൂഫൂൂൂൂൂൂൂൂൂൂൂ!!!! പന്നക്കഴുവേറി നായിന്‍റെ മോനേേേേ...''ന്നും പറഞ്ഞ് അടിനാവിയിലെ ലിപ് ലോക്ക് ഒരൊറ്റപ്പൊട്ട്!!! ''പരനാാാാറി പുരോഗമന മോോനേേേ....'' ന്ന് നീട്ടി വിളിച്ചോണ്ട് മൂത്രം പുച്ഛിച്ച് ചീറി. പോകുന്ന വഴി ക്ലോസറ്റിന്‍റെ വക്കിലും, ടൈലിട്ട നിലത്തും, എന്‍റെ കാലിലും വട്ടെഴുത്തില്‍ തന്നെയാവണം പരത്തെറിയും എഴുതി. പുളിച്ച തെറി തന്നെയാ നാലു ദിവസത്തെ നാറ്റം!!!

Saturday, 21 February 2015

I have a brother.. he is Red



Dear Maple Leaves, be ready to flourish
He is coming!
Maple leaves ...you are always red
Passing through the flaming woods
And he too..
Always Red

And two maple leaves
We reach autumn
We sit back to back
at the Toronto Pavilion
Two hearts are intoxicated
by the autumn scene
But You are always in front of me!

Winds are calm
Birds have landed
to enjoy the autumn of love
Now fly away.. fly away
Come back one day

[Dec.29, 2014 
on memory of his travel to Canada]

c'e' solo una cosa bella

La strada e' lunga e buia,
e in fondo puoi arrivare,
se proprio lo desideri,
non devi mai esitare.
In questa vita breve,
di gioie e di dolore,
c'e' solo una cosa bella,
che tutti chiamiamo amore.
Quando lo hai trovato,
non fartelo scappare,
curalo con saggezza,
e lasciate un po' andare.
Esso e' come un fiore,
che sboccia a primavera,
e t'accorgi piano piano,
che e' una cosa vera.
Lo senti dal di dentro,
che e' vero amore,
quando t'accorgi per davvero,
Che ti batte forte il cuore.

എന്ന് നിന്‍റെ നട്ടപ്രാന്തന്‍

എനിക്കറിയില്ല, എന്തിനാണ് ഞാന്‍ ഫ്രാന്‍സിസിനെ ഇങ്ങനെ ഭ്രാന്ത് പിടിച്ച് സ്നേഹിക്കുന്നത്. 8 വര്‍ഷങ്ങളായി ഇങ്ങനെ പുറകെ നടക്കുന്നു.അവനിത് അറിയോന്ന് എനിക്കറിയില്ല.  ചുമ്മാ ഒരിഷ്ടമല്ല സംഗതി അത് തന്നെ- പ്രണയം. കട്ടപ്രണയം. പക്ഷേ അവന്‍ ഒരു ആണല്ലേ... അതൊക്കെ പാടുണ്ടോ...ദോണ്ടേ അങ്ങനേന്നും ചോദിക്കരുത്.

ജീവിതത്തോടുള്ള അവന്‍റെ തുണിയില്ലായ്മയായിരിക്കാം കാരണം.  ഈ തുണി നിന്‍റേതല്ലെന്ന് പറയുമ്പോ അടിതുണിവരെ അഴിച്ചൂരിക്കൊടുത്ത് നിവര്‍ന്ന് നിന്നു. മണിയടിച്ച് നടന്നുപോയ ഈ കുഷ്ടരോഗി ദൈവമാണെന്ന് കേട്ടപ്പോ പിറകെ  ചെന്ന് പിടിച്ച് നിര്‍ത്തി  കെട്ടിപ്പിടിച്ച് വ്രണത്തില്‍ ഉമ്മവച്ചു, രക്ഷപെടണമെങ്കില്‍ ദരിദ്രനാവണം എന്നു കേട്ടപ്പോ അത് ആത്മീയ ദാരിദ്ര്യം, മാനസീക ദാരിദ്ര്യം എന്നൊന്നും വ്യാഖ്യാനിച്ച് പെടാപ്പാട് പെടാതെ അവസാന തുട്ടും തുലച്ച് തീര്‍ത്തു. പക്ഷികളെ കാണുമ്പോ കൂടെ പാടും, നിലാവ് കാണുമ്പോ പള്ളിമണികൊട്ടി ആളെക്കൂട്ടും...തീരില്ലിത് പറഞ്ഞാ. അവനവനോട് സത്യസന്ധനായിരിക്കുന്നവന് ജീവിതം കൊടുക്കുന്ന ഭാരമില്ലായ്മ വലുതാണ്.

ഒരു ഗ്ലാസ് പച്ചവെള്ളമാണെനിക്ക് ഫ്രാന്‍സിസ്! ഉള്ളിലുള്ളത് പുറത്തും കാണാം. ചുറ്റുമുള്ളതിനെ പേടിക്കാതെ ഉള്ളിലെ ചോദനകളോട് ആത്മാര്‍ത്ഥത കാണിക്കുന്നവര്‍ ഫ്രാന്‍സിസ് എന്ന് തന്നെ വിളിക്കപ്പെടുന്നത് കണ്ടപ്പോ വീണ്ടുംഎന്‍റെ പ്രണയം നട്ടപ്രാന്തു പോലെ മൂത്തു. കൈയിലൊരു പേന വന്നാല്‍, മുന്നിലൊരു പേപ്പറുണ്ടേല്‍ കൈയറിയാതെ പോകും താടിയും മുടിയും കഷണ്ടിയും കിളിയും ചെന്നായും ചേര്‍ന്ന് ഫ്രാന്‍സിസ് അങ്ങു വളരും. അവനെക്കുറിച്ച് ആരെന്തുപറഞ്ഞാലും ഞാനതു അവസാനത്തുണ്ടുവരെ വാരിപ്പെറുക്കും..അവനായി അഭിനയിച്ചാല്‍ ഞാനെന്നെ മറക്കും.

പോവാതിരുന്നത് തന്നെയാണ് പലവട്ടം അവന്‍റെ നാട്ടിലേക്ക്...പോവുന്നെങ്കില്‍ അതൊരു പോക്കായിരിക്കണമെന്ന് കൊതിച്ചിട്ട് തന്നെ. ഇക്കുറി തോന്നി ഇതാണ് സമയമെന്ന്...ആദ്യമായി കാമുകിയുടെ വീട് തപ്പിപ്പോകുന്ന ചെക്കന്‍റെ അതേ കൗതുകവും അങ്കലാപ്പും ഉണ്ട്. ഫ്രാഞ്ചെസ്കോ.... ഞാനുമുണ്ട് നിന്‍റെ അസ്സീസിയിലേക്ക്!!  നിന്‍റെ നട്ടപ്രാന്തന്‍.


Friday, 9 January 2015

സുരേന്ദ്ര സായന്തനം

ഫോട്ടോഗ്രാഫര്‍മാര്‍ വെറിപിടിച്ച് മരിക്കുന്ന ദിവസമായിരുന്നു ഇന്നലെ. നാട്ടിലായിരുന്നെങ്കില്‍ യക്ഷികള്‍ തീര്‍ച്ചയായും ഇറങ്ങി നടക്കേണ്ട ദിവസം. തിച്ചീനോ നദിയുടെ തീരം ചേര്‍ന്ന വൈകിട്ട് നടക്കുമ്പോള്‍ പതിവില്ലാത്ത കാറ്റ്...വെള്ളത്തിലെ ഓളങ്ങളെപ്പോലും വട്ടത്തില്‍ കറക്കുന്നു. ഒരു സൈഡില്‍ മഞ്ഞ ഓറഞ്ചായി പിന്നെ അടിയില്‍ തീപിടിച്ചോണം കത്തിച്ചുവക്കുന്ന സൂര്യന്‍ ..വിറകുകൊള്ളിപോലെ കത്തുന്ന ഇല പൊഴിഞ്ഞ മരക്കൊമ്പുകള്‍ ഒരു ദുര്‍മന്ത്രവാദിനിയുടെ കൈവിരലുകള്‍ പോലെ പിണഞ്ഞ് നില്‍ക്കുന്നു. ഒരു കൂട്ടം കൊറ്റികള്‍ കറുത്ത പൊട്ടുകളായി വട്ടത്തില്‍ കറങ്ങുന്നു.


പുഴയുടെ ഇടത്തേ സൈഡ്...നവോദയ സ്റ്റുഡിയോയുടെ പൗര്‍ണ്ണമി രാത്രിപോലെ വെള്ളിവെളിച്ചത്തില്‍ കുളിക്കുന്നു. സൂര്യന്‍റേ അതേ വട്ടത്തില്‍ മുഴുപ്പില്‍ ഇടത്ത് ചന്ദ്രന്‍. അതില്‍ 1500-കളിലെ ഗ്രസീനി പ്രഭുക്കന്മാരുടെ കോട്ട മുകളിലേക്ക് വളര്‍ന്ന് വളര്‍ന്ന് പൊങ്ങുന്ന പോലെ. അതിലെ ചില മുറികളില്‍ മാത്രം മഞ്ഞവെളിച്ചം. ആ മുറികള്‍ പുഴയിലും തെളിഞ്ഞു. തലയ്ക്ക് പിരിവെട്ടിയാലെന്നോണം വെറികൊണ്ട് പിടച്ച് പറക്കുന്ന കടവാവലുകള്‍..


ഒരേ സമയം ഒരു ക്യാന്‍വാസില്‍ കിട്ടാവുന്ന എല്ലാ നിറങ്ങളും തിച്ചീനോയുടെ ഇരുഭാഗത്തായി അണിനിരന്നു,,,1500 കളുടെ മണം...സൂര്യനും ചന്ദ്രനും ഒരേ വട്ടത്തിലും വലിപ്പത്തിലും...പെട്ടെന്ന് കര്‍വാലോ മാര്‍ബിള്‍ മലയിടുക്കില്‍ നിന്നും വരുന്ന വള്ളം അതുവഴി പോവുന്നു.. ഇറ്റിലിയിലെ ഏറ്റവും ശ്രേഷ്ഠമായ മാര്‍ബിളുകള്‍ തിരഞ്ഞുപിടിച്ച് തോണിയിലരുന്നു മിലാനിലേക്ക് പോവുന്ന തോണിക്കാരന്‍.ചുളിവ് കെട്ടിയ നെറ്റി. ഗൂഢമായി താടി തടവിയെന്നെ നോക്കി. ദ ആഗണി ആന്‍റ് ദ എക്സ്റ്റസിയില്‍ ഞാന്‍ കണ്ടേ അതേ മുഖം.- മൈക്കിളാഞ്ചലോ.  

വഞ്ചി ഒരു വള്ളപ്പാട് നീങ്ങിയില്ല,, ഗ്രസീനി പ്രഭുകുടുംബത്തിന്‍റെ വലിയ മാളികയുടെ സൈഡിലെ ജലമില്ലുകള്‍ പ്രവര്‍ത്തിപ്പിച്ചു കൊണ്ടിരുന്ന നീണ്ട രോമക്കുപ്പായക്കാരന്‍ എഞ്ചിനീയര്‍ തീരത്തേക്ക് വന്നു. കൈയ്യിലെ ട്രൈപ്പോഡ് കോമ്പസില്‍ അയാളുടെ നീണ്ട കൈവിരലുകള്‍ പ്രവര്‍ത്തിച്ചോണ്ടെയിരുന്നു..മാര്‍ബിളുമായി വരുന്ന തോണിക്കാരനും രോമക്കുപ്പായക്കാരനും തമ്മില്‍ കണ്ണ് കോര്‍ത്തു. പിന്നെ പുച്ഛിച്ച് തലവെട്ടിച്ച് ഒരാള്‍ വെള്ളത്തിലൂടെയും മറ്റെയാള്‍ കരയിലേക്കും തിരിച്ചു പോയി- അയാള്‍, രോമക്കുപ്പായത്തില്‍ നിന്നും നീണ്ടുവരുന്ന വൈദഗ്ദ്യമുള്ള കൈകള്‍..- ലെയനാര്‍ദോ- 


ദാവിഞ്ചി മെനഞ്ഞ കനാലിലൂടെ ദൈവമൊളിഞ്ഞിരിക്കുന്ന മാര്‍ബിളുകള്‍ കടത്തിക്കൊണ്ടുപോവുന്ന മൈക്കിളാഞ്ചലോ...ദൈവമേ ആ തീരത്ത് ഞാന്‍. ഒരു ഇടിവാള്‍ നെഞ്ചില്‍ കത്തി. അപ്പോ ഞാനറിഞ്ഞു എന്തുകൊണ്ട് സൂര്യനും ചന്ദ്രനും ഇന്ന് ഒരുമിച്ചെന്ന്.....!!