Wednesday, 6 April 2016

ഒരു നീല ചിത്രം



ഒരു മയോമില്ലാത്ത ബോറഡിയുടെ അവസാനം അങ്ങനെയായിരുന്നു.
ഇറങ്ങി നടന്നു. ( ലക്ഷ്യമില്ലാത്ത യാത്രകളാണ് എന്നും ആശ്വസിപ്പിച്ചിട്ടുള്ളത്. അതു തരുന്നതൊക്കെയും ബോണസാണ്). നടന്ന് നടന്ന് ഒരു റെയില്‍വേ സ്റ്റേഷനെത്തി. ആദ്യം കണ്ട ട്രെയിനില്‍ അവസാന ബോഗിയില്‍ കേറിയിരുന്നു. അതിന്‍റെ അവസാന സ്റ്റേഷന്‍ വരെ ഇരുന്നു. അവസാന യാത്രികനായി ഇറങ്ങി.

ചെന്നു നിന്നതൊരു കടല്‍ത്തിരത്ത്. അന്തോം കുന്തോമില്ലാതെ പരന്നു കിടക്കുന്ന കടലും – ഞാനും. റോമില്‍ നിന്നെത്ര ദൂരയാണാ കടല്‍. ഉറപ്പായും റോമിന്‍റെ തുടക്കവും ഒടുക്കവും ഒക്കെ ഈ കടല്‍ത്തീരമായിരുന്നിരിക്കണം. സീസണേയല്ലാത്തതിനാല്‍ കണ്ടുകെട്ടിയ ദേശം പോലായിരുന്നു ആ തുറ. എന്നെ മാത്രമായിട്ട് എനിക്ക് തനിച്ചു കിട്ടിയ അവസ്ഥ. വെട്ടാനും പതിയിരുന്നു കൊല്ലാനും കെട്ടിപ്പിടിക്കാനും ഉമ്മവയ്ക്കാനും രമിക്കാനും എനിക്കെന്നെ ഒറ്റക്കു കിട്ടിയ സമയോം സ്ഥലോം. വാച്ചില്ലാഞ്ഞ കൊണ്ട് അളന്നില്ല. അതിന്റെ തീരത്തൂടെ എത്രയോ നേരം നടന്നു. അതുവരെ താണ്ടിയ എല്ലായാത്രകളും അന്ന് പിറകെ ഒച്ചവക്കാതെ പിന്തുടരുന്നുണ്ടായിരുന്നു. തിരിയുമ്പോ പെട്ടെന്ന് മറഞ്ഞു കളയും. പക്ഷേ അവരുടെ കാല്പാടു കണ്ടല്ലോ ഞാന്‍.

കാലു കഴച്ചപ്പോ ഇരുന്നു. പിന്നെ കിടന്നു. പിന്നെപ്പൊഴോ ഉറങ്ങി. പക്ഷേ ഒന്നുറപ്പാണ് അടുത്ത കാലത്തൊന്നും ഇത്ര മനോഹരവും ശാന്തവുമായ ഒരു ഉറക്കം ഉണ്ടായിട്ടില്ല. തീരത്തൊറ്റപ്പെട്ട കുഞ്ഞിന് കടലിരമ്പത്തിനു നടുവിലും ശാന്തതയുണ്ട്. മാലാഖമാരുടെ ഉറക്കമുണ്ട്. അതില്‍ ചുണ്ടില്‍ ചിരി പരത്തിയ ഒരു സ്വപ്നമുണ്ടായി. സ്വപ്നം തന്ന ചിരി പൊലിയാതെ കണ്ണു തുറന്നപ്പോ മുകളിലാകാശം മാത്രം. ചെവിയില് കടല്‍. നീലച്ചിറകുമായൊരാള്‍ ഒരു പൊട്ടുപോലെ ആകാശത്തൂന്നു പൊലിഞ്ഞു വീഴുന്നു. അയാള്‍ വലുതായി വലുതായി വരുന്തോറും താഴേക്ക് താഴേക്കിറങ്ങി. നീലച്ചിറക് വിരിഞ്ഞു നിന്നാടി. സ്വപ്നം തന്നെ തുടരുന്നതാണോ..? അതോ കണ്ണു തുറന്നത് ഇനി സ്വപ്നത്തില്‍ തന്നെയാണോ....?? കനപ്പെട്ട സംശയം തീർന്നത് അയാളുടെ കാലുകള്‍ നിലത്ത് വന്ന് കുത്തുകയും ആ കുത്തിലില്‍ തെറിച്ച മണല്‍ത്തരികള്‍ എന്‍റെ മുഖത്തു വന്നു മുത്തുകയും ചെയ്തപ്പോഴാണ്.



അയാള്‍ മനുഷ്യനായിരുന്നു. പേര് സ്തേഫനോ. – പാരാഗ്ലൈഡിസ്റ്റ്. തലക്കുമലേ വിരിഞ്ഞു നിന്ന...ഇപ്പോള്‍ മണലില് പതിഞ്ഞു കിടക്കുന്ന മേലാപ്പ് പാരച്യൂട്ടല്ല, ചിറകെന്നു തന്നെ വിശ്വസിച്ചോട്ടെ ഞാന്‍. അയാള് നീലയാണ്. തരം കിട്ടിയാലൊക്കെ അയാള് പറക്കുന്നത് നീലക്കടലിനും നീലാകാശത്തിനും നടുവിലൂടെ. ചിറകുകളും നീല. അയാളിട്ട ജാക്കറ്റ് നീല. തമ്മില്‍ പറഞ്ഞു പറഞ്ഞ് ആകാശം പിന്നെയും നീലച്ചു. കാറ്റ് കൂടിയപ്പോ അയാളെണീറ്റു. ഞാനും.
- ''ഇതെങ്ങനാ പറക്കണേ?''
- ''നിനക്ക് പറക്കണോ ?''
- ''അറിയില്ല, ഇതുവരെ ഈ സംഗതി ചെയ്തിട്ടില്ല''.
- ''ഞാന്‍ പഠിപ്പിക്കാം''

ആദ്യം ഫൈബർ പാലറ്റ് കാലില്‍ കെട്ടി തന്നിട്ട് കടലിലൂടെ തെന്നാന്‍ പഠിപ്പിച്ചു. അപ്പോള്‍ത്തന്നെ കൈകൊണ്ട് കാറ്റ് നോക്കി പാരച്യൂട്ട് ട്വിസ്റ്റ് ചെയ്യാനും. പിന്നെ ബോഡി ബാലന്സ് ചെയ്യാന്‍. അവനും എനിക്കും കോണ്‍ഫിഡന്‍സായെന്നു തോന്നിയ ഒരു നിമിഷം അവന്‍ എന്നെ പൊങ്ങി പറക്കാന്‍ വിട്ടു. പതിയെ കാലു കടലില്‍ തെന്നി...പിന്നെ പൊങ്ങി...പിന്നെ കാറ്റു പിടിച്ചു..വായുവിലൂടൊഴുകി...കടല്‍പ്പരപ്പിനു മോളിലൂടെ...പിന്നേം ഉയർന്നു. ഞാന്‍ കൂവി..പിന്നെ കണ്ണു നിറഞ്ഞൊഴുകി...ഒറ്റക്കു ചിരിച്ചു...സ്നേഹിച്ച മുഖങ്ങളെല്ലാം മനസില്‍ മിന്നി...ഏതൊക്കെയോ പാട്ടുപാടി... പൊട്ടു പോലെ തീരത്ത് സ്തേഫനോ.



കാറ്റിനനസരിച്ച് കൈയിലെ ബെല്റ്റ് ട്വിസ്റ്റ് ചെയ്യാന്‍ പഠിച്ചു കഴിഞ്ഞു.
മുപ്പത്തഞ്ചു നാല്പതു മിനിറ്റോളം ആകാശത്തിനും ആഴിക്കും മദ്ധ്യേ ഏകാകിയായ മാലാഖയേപ്പോലൊഴുകി. താന്നു താന്നു തിരമാലക്കു മോളില്‍ പതിയെ തെന്നി തീരത്തേക്ക് നീങ്ങി ലാന്‍‍ഡ് ചെയ്തു. ചിറകു ചുരുങ്ങും മുന്നേ സ്തേഫനോയെ ഓടിച്ചെന്ന് കെട്ടിപ്പിടിച്ചുമ്മവച്ചു. കണ്ണു കൊണ്ട് അവനെ നനപ്പിച്ചു.

വീടുണ്ട്..വീട്ടുകാരുണ്ട്..മുപ്പത്തിരണ്ടു വയസുണ്ടെന്നൊക്കെ പറഞ്ഞിട്ടും വിശ്വസിച്ചില്ല ഞാന്‍. ഞാന് ചത്തിട്ടില്ലെടാ കഴുവേറി...എന്നെന്‍റെ ചെവിയില്‍ വീണ്ടും വന്നു കൂവാന്‍ ആ പ്രാന്തനായ ദൈവം പറഞ്ഞു വിട്ട ദൂതന്‍ തന്നെയാണവന്‍.

തിരിച്ച്, വന്നിടത്തേക്ക് അവന്‍ പറന്നുയർന്നപ്പോഴും.. ട്രെയിന്‍ എതിർദിശയിലേക്കോടിയപ്പോഴും..ഒറ്റക്കു ഷവറിനു താഴെ നിന്നപ്പോഴും ചങ്കില്‍ ഇങ്ങനെ സ്നേഹം കുമിഞ്ഞ് കുമിഞ്ഞ് കൂടുന്നത് കണ്ടു പേടിയായെനിക്ക്.

ഉള്ളിന്റെ വിളികേട്ട് ഇറങ്ങിത്തിരിച്ചപ്പോഴൊക്കെ അപ്പോയിന്മെന്‍റെടുത്തിട്ട് വന്ന് ക്യൂ നില്ക്കുന്ന പോലാണല്ലോ വഴി നീളെ അത്ഭുതങ്ങള്‍!!!...മനുഷ്യനെ കരയിക്കാനായിട്ട് പണ്ടാരം....!!! ( ഷവറും ഞാനും പിഴിഞ്ഞു മൂക്കു തുടച്ചു).