Wednesday, 30 October 2013

നീയെന്നെ പ്രണയിക്കുകയായിരുന്നു.

നിന്‍റെ നോട്ടത്തിലെ അര്‍ദ്ധവിരാമത്തിനും നിന്‍റെ ശരീരത്തിലെ ആര്‍ത്തവവിരാമത്തിനുമിടയിലെ ദൂരം മാത്രമായിരുന്നു എന്‍റെ പ്രണയം. എന്നിട്ടും നീ ചോദിച്ചോണ്ടിരുന്നു ''എന്നെ ഇഷ്ടാണോ....??'' ദാഹം തീര്‍ക്കാന്‍ ഞാന്‍ പറഞ്ഞോണ്ടിരുന്നു..''പിന്നേ...''. അപ്പോ നീ പിന്നേം ''എന്തോരം??.''. അപ്പോ ഞാന്‍ ക്ഷമകെട്ടിട്ടും ചിരികാണിച്ചോണ്ട് ''കടലോളം..മഴയോളം...''.( ഒന്നു കിടക്കയില്‍ കിട്ടാന്‍ ഇനിയുമെന്തോരം എന്നു ഞാന്‍ ചിരിച്ചു) എന്നു പറഞ്ഞൊപ്പിച്ചു കിടക്കയിലേക്കു വലിച്ചിട്ടു. നിനക്കപ്പോഴും എന്‍റെ നെഞ്ചില്‍ വെറുതെ കിടക്കണം. എനിക്കാണേല്‍ ചൊറിഞ്ഞു.എല്ലാ കഴിഞ്ഞൊരുവിധം ഞാന്‍ തളര്‍ന്നു കിടന്നുറങ്ങാന്‍ തുടങ്ങുമ്പോ നിനക്കെന്‍റെ തലോടലു വേണം...മാങ്ങ..നിനക്കു വല്ലാത്ത ചൊറിച്ചിലാണ്! എന്‍റെ പരാക്രമം കൊണ്ട് നീ എട്ടെണ്ണം പെറ്റുകൂട്ടി. എട്ടാമത്തേതിനെ പെറ്റിട്ട് നീ ചോരവാര്‍ത്തു മരിക്കാന്‍ നേരവും ചോദിച്ചു..''എന്നെ ഇഷ്ടാണോ??''- ''ഉം''...'' എന്തോരം???''. ഇന്ന് എട്ടും കൈയ്യൊഴിഞ്ഞ് ഗുരുവായൂരമ്പലക്കോണില്‍ ആരും തിരിഞ്ഞുനോക്കാനില്ലാത്ത എനിക്കു ചിരച്ചുകൊണ്ട് ഒരു വാഴിലക്കീറില്‍ പായസം കൊണ്ടു തന്നിട്ടു കുണുങ്ങിപ്പോകുന്ന ഇന്നത്തെ പിറന്നാള്‍ കണ്‍മണിയെക്കണ്ടപ്പോള്‍ എനിക്കു മനസിലാവുന്നുണ്ടു പ്രിയേ നിന്‍റെ ചോദ്യം. ''എന്നെ ഇഷ്ടാണോ? എന്തോരം?'' .....നീയെന്നെ പ്രണയിക്കുകയായിരുന്നു.

Monday, 28 October 2013

ഗുരുവും പിന്നെ കുരുവും!



ഞാനും നിധിനും കൂടി 20-ാമത്തെ വയിസിലൂടെ നടക്കുകയായിരുന്നു. ഞങ്ങള്‍ തളര്‍ന്നിരുന്നു. നോക്കുമ്പോള്‍ ഒരേ വഴിക്കിരുവ‍ശത്തായി രണ്ടു വീടുകള്‍. ഒന്നിന്‍റെ ഉത്തരത്തില്‍ ''സംരക്ഷണം'' എന്നും മറ്റേതിന്‍റെ വാതില്‍ക്കല്‍ ''സ്വാതന്ത്ര്യമെന്നും'' രണ്ടു Name Board - കള്‍. വീട്ടു പടിക്കല്‍ ഓരോ ഗുരുക്കന്മാരും. നിധിന്‍ എന്നെ നോക്കി. ഇരുപതു വയസുകാരനായ എനിക്ക് രണ്ടാമതൊന്ന് ആലോചിക്കാനുണ്ടായിരുന്നില്ല. നേരെ ''സ്വാതന്ത്ര്യ''മെന്ന വീടിനു നേരെ വച്ചു പിടിച്ചു. അവന്‍ ''സംരക്ഷണം'' എന്നെഴുതിയ വീട്ടിലേക്കും.

അവന്‍റെ വീടിനു മുന്നില്‍ മുള്ളുവേലിയും കമ്പിവേലിയും പിന്നെ ഇലക്ട്രിക് സെക്യൂരിറ്റി ഗെയിറ്റും. എന്‍റെ വീട് കള്ളനും കാറ്റിനും കേറിയിറങ്ങി പോകാവുന്നത്ര വിധം തുറന്നു മലത്തിയിട്ടിരിക്കുന്നു. ചെന്നയുടനെ പുതിയ ഉടുപ്പ് ഇടീച്ച്, പുതിയ ചെരിപ്പ് ഇടീച്ച് , നെറുകയില്‍ ചുംബിച്ച് ഗുരു അവനെ അകത്തേക്കു കേറ്റി. എന്‍റെ ഗുരു എനിക്കൊരു ഗ്ലാസ് പച്ചവെള്ളം തന്നു. ( അതായിരുന്നു എനിക്കപ്പോള്‍ വേണ്ടിയിരുന്നതും!)

അവനെന്നും ചിട്ടപ്പടി ക്ലാസുകള്‍, നിയമങ്ങള്‍, നല്ല ഭക്ഷണം. എന്നെങ്കിലുമൊരിക്കല്‍ പുറത്തേക്കു പോയാല്‍ ഗുരു അവന് Root Map - കൊടുക്കും. അലൂമിനിയം ഫോയിലില്‍ പൊതിഞ്ഞ പൊതിച്ചോറു കൊടുക്കും. വഴിയില്‍ സഹായിക്കാനുള്ളവരുടെ ഫോണ്‍ നമ്പര്‍ കൊടുക്കും. ഗുരു അവന്‍റെ Birthday കൃത്യം ഓര്‍ത്തു wish ചെയ്യുന്നു. ദൂരയാത്രയില്‍ ട്രെയിനിലിരുന്നു പോലും കത്തെഴുതുന്നു. പനിക്കിടക്കയില്‍ കൂട്ടിരിക്കുന്നു.

എന്‍റെ ഗുരുവിനെ വല്ലപ്പോഴും മാത്രം ഞാന്‍ കാണും. വന്നാലൊരു നോട്ടം, ഒരു ചുമ, ഒരു ചിരി ഇത്രയൊക്കയേയുള്ളൂ. വന്നനാളില്‍ ഒന്നു മാത്രം പറഞ്ഞു.- ആവുന്നത്ര സ്വാതന്ത്ര്യത്തോടെ ജീവിക്കുക, കടമകളൊന്നും മറക്കാതെ തന്നെ!. ഞാന്‍ വിശന്നു വലഞ്ഞു. തെരുവിലലഞ്ഞു. പലപ്പോഴും തെണ്ടിത്തിന്നു. പനിച്ചു കുരച്ച് ജ്വരംപിടിച്ച് വഴിക്കവലയില്‍ കിടന്നു. എന്നെത്തന്നെ വെറുത്തു. എന്നോടു കലഹിച്ചു. ആരെയൊക്കെയോ സ്നേഹിച്ചു. എന്നാലും കാറ്റും വെളിച്ചവും കേറുന്ന ആ വീടിനെ സ്നേഹിച്ചു. അതില്‍ മലന്നു കിടന്നുറങ്ങി. അങ്ങനെ കിടന്നൊരു വൈകുന്നേരം ഗുരു കയറി വന്നു. ആദ്യമായും അവസാനമായും എന്നെ ചേര്‍ത്തു പിടിച്ചു നിറുകയില്‍ ചുംബിച്ചിട്ടു പറഞ്ഞു - ''നീ ഗുരു ആയിരിക്കുന്നു.!'' എന്നിട്ട് എങ്ങോ പോയി. പിന്നെ വന്നില്ല.....''ഞാന്‍ ഗുരുവായിരിക്കുന്നു''.!

ഞാന്‍ അവനെത്തേടിച്ചെന്നു. ചത്തുപോയ അവന്‍റെ ഗുരുവിന്‍റെ ഫോട്ടോയുടെ മുമ്പില്‍ തിരി കത്തിച്ചു വച്ച്....ചത്തു കഴിഞ്ഞ് പറഞ്ഞു കൊടുക്കാന്‍ ഗുരുവെഴുതി വച്ച നിയമസംഹിതയും വിക്കിപീഡിയയും തുറന്നുവച്ച് അവന്‍ ഗുരുനാമ കീര്‍ത്തനം പാടുന്നു. കൂടെ പേടിച്ചരണ്ട കണ്ണുകളുള്ള കുറേ ശിഷ്യരും. ഞാന്‍ ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിച്ചു.സ്നേഹത്തോടെ ആശ്ലേഷിക്കുന്നതിനിടയില്‍ അവന്‍റെ മുതുകത്തു കൂടി കൈയ്യോടിച്ചു. സത്യം! നടുവിനിടയിലൂലടെ പോകുന്ന ആ കട്ടിയുള്ള സാധനം അവിടില്ലായിരുന്നു. അവിടെ പഴുത്തു പൊട്ടാറായ ഒരു കുരു മാത്രം..!!

Sunday, 20 October 2013

TRINITY

രഹസ്യങ്ങളെ സ്നേഹിക്കുക,
നിഗൂഢതകളെ ബഹുമാനിക്കുക.
അറിയാന്‍ പറ്റാത്തതെല്ലാം പാഴ്ക്കൂനകളാണെന്നു വിധിക്കാതിരിക്കുക.

അറിയരുത്..അറിയുന്തോറും ആഴം കൂടും, ആഴത്തോളം അവ്യക്തവും. കിട്ടിപ്പോയി എന്നും പറഞ്ഞ് ഓടിപ്പിടഞ്ഞെത്തി കൈവെള്ളയിലെടുക്കുമ്പൊഴേക്കും ഉരുകിക്കഴിഞ്ഞിട്ടുണ്ടാകുന്ന ഒരു മഞ്ഞുതുള്ളിയാണത്. അറിയാന്‍ പറ്റുന്നില്ലെങ്കില്‍ അതു നെറികേടാവില്ല ( കാരണം നെറികേടുകളും മണ്ടത്തരങ്ങളും മറഞ്ഞിരിക്കില്ല- നിത്യകാലം.). അതു മുഴുവന്‍ പൊതിഞ്ഞു കെട്ടിയ സ്നേഹം മാത്രമായിരിക്കും. അതിലേക്കിറങ്ങിയാലോ?? മത്സ്യം ജലത്തിലെന്നപോലെ അവനതിലാവും പരപ്പറിയാതെ.

അതൊരു കഠിനകഠോര കീറാമുട്ടിയല്ല. ഒരു കുഞ്ഞിന്‍റെ ചിരിപോലെ ലളിതമായ നിഗൂഢത. ഒരു പൂമൊട്ടു വിടര്‍ത്തുന്നത്ര കരുത്ത്.

ഇതൊരു കവിതക്കു പറ്റിയ വിഷയമാണ്.
ബുദ്ധിക്കു പറ്റില്ല

അല്ലെങ്കിലും ലോകത്തിലെ ഏറ്റവും വലിയ ബുദ്ധിമാന്‍ ഒരു കവിയാണല്ലോ.... 

Tuesday, 15 October 2013

നൈറ്റ് കോള്‍



റിലയന്‍സിന്‍റേതാണ് ഓഫര്‍. 69 രൂപയുടെ ഈസി റീചാര്‍ജില്‍ റിലയന്‍സ് ടു റിലയന്‍സ് നൈറ്റ് കോള്‍ ഫ്രീ. അതും രാത്രി 11 മുതല്‍ രാവിലെ  6  വരെയുള്ള  7 മണിക്കൂറുകള്‍. ആശയം അവളുടേതായിരുന്നു. പിന്നെ ആലോചിക്കാന്‍ നിന്നില്ല. വൈകുന്നേരം തന്നെ പുതിയ സിം എടുത്തു. റീചാര്‍ജും ചെയ്തു. കമിതാക്കളോടു
ള്ള, അതും രാത്രി പ്രിയ കമിതാക്കളോടുള്ള റിലയന്‍സിന്‍റെ ഉദാത്ത കരുതലിനെ ഉള്ളില്‍ വാഴ്ത്തുകയായിരുന്നു. അമ്മ കിടന്നു. സമാധാനം!

ആര്‍ത്തിയോടെ ഞാനെന്‍റെ മുറിയിലേക്കു കേറി. വാതില്‍ ചേര്‍ത്തു കുറ്റിയിട്ടു. ജനലും കൊളുത്തിട്ടു. ഹെലികോപ്ടറിന്‍റെ ശബ്ദ സൗകുമാര്യമുള്ള ഫാന്‍ ഫുള്‍ സ്പീഡിലിട്ടതോടു കൂടി സംഗതി സെയ്ഫ്! ഇനി മഴ പെയ്താലെന്ത്? ഇടിവെട്ടിയാലെന്ത്? ഞാനും അവളും മാത്രമുള്ള ഏകാന്തത. പുതപ്പ് വലിച്ചിട്ടു. ഹെഡ്സെറ്റ് ചെവിയില്‍ തിരുകി. സംസാരം തുടങ്ങി. ഇരു ശരീരങ്ങളുടെ ഒടുങ്ങാത്ത ജിജ്ഞാസ. അടങ്ങാത്ത സംശയങ്ങള്‍. പ്രണയവും കാമവും നിറഞ്ഞ മനസിന് ഇതു ശമന രാത്രി. ചോദിക്കാന്‍ മടിച്ച് മനക്കോണില്‍ ഒതുക്കിയതെല്ലാം സ്വതന്ത്രമായി വിഹരിക്കുന്ന രാത്രി. നിര്‍ലജ്ജിതയായി അങ്ങേത്തലക്കല്‍ അവളുടെ കിളിമൊഴി.

അല്ല! എന്തിനു നാണിക്കണം? രാത്രിയുടെ മറ, പുതപ്പിന്‍റെ കോട്ടിംഗ്, ഹെഡ്സെറ്റിന്‍റെ സ്വകാര്യത - ഇത്രയുമുള്ളപ്പോള്‍. അര്‍ത്ഥവത്തായ പേരു തന്നെ '' റി- ല -യ - ന്‍ -സ് ''. അല്ലെങ്കില്‍ തന്നെ ശബ്ദങ്ങളെന്തിനു നാണിക്കണം ?

അങ്ങേത്തലക്കലുള്ള അവളുടെ കാര്യമാണ് അതിലും രസം. ഉത്തര കര്‍ണ്ണാടകത്തിലെ ചൂടുള്ള വേനല്‍ രാത്രിയില്‍, ഇരുപതു പേരുറങ്ങുന്ന ഹോസ്റ്റല്‍ മുറിയില്‍ മൂന്നു പുതപ്പുകള്‍ക്കുള്ളില്‍ വിയര്‍ത്തു കുളിച്ചു വിളിക്കുന്ന അവളുടെ ത്യാഗം ! - ഹോ! ഇതാണ് സ്നേഹം !

ഒരുപാടു പറഞ്ഞു. പറയാന്‍ കരുതിയതൊന്നുമല്ല പറഞ്ഞത്. പക്ഷേ പറയേണ്ടതെല്ലാം പറഞ്ഞു. പറയരുതാത്തതും പറഞ്ഞു. പറഞ്ഞിട്ടും പറഞ്ഞിട്ടും മതിവരുന്നില്ല.  എന്തു സ്വാതന്ത്ര്യം ? എന്തൊരു തുറവി? ഏഴു മണിക്കൂറുകള്‍ ഏഴു യുഗങ്ങള്‍ പോലെ. കൊതി തീരാതെ, മതി വരാതെ കാലത്ത് ആറു മണിക്ക് ഗുഡ്നൈറ്റ് പറഞ്ഞു ഫോണ്‍ കട്ടു ചെയ്തു. അങ്ങേത്തലക്കല്‍ അവള്‍ ചാഞ്ഞുറങ്ങി. പറഞ്ഞതൊക്കെ ഒന്നോര്‍ത്തെുക്കാന്‍ ഞാന്‍ നോക്കി. ഒന്നും കൃത്യമായി ഓര്‍ത്തെടുക്കാനാവുന്നില്ല. പക്ഷേ ഒരുപാടു പറഞ്ഞു. അമ്പാനി മക്കളുടെ അകമഴിഞ്ഞ സേവനത്തെ വീണ്ടും നന്ദിയോടെ ഓര്‍ത്തുകൊണ്ട് രാവിലെ വാതില്‍ തുറന്നപ്പോഴാണറിഞ്ഞത് അമ്മ മരിച്ചിരിക്കുന്നു! ! ! തൊട്ടപ്പുറത്തെ മുറിയില്‍. ഉള്ളിലൊരു ആളല്‍!! ''ദൈവമേ എത്ര പ്രാവശ്യം എന്നെ വിളിച്ചു കാണും??'' -- മുറിയിലെ ഹെലികോപ്ടറപ്പോഴും ലാന്‍ഡ് ചെയ്തിരുന്നില്ല.

Friday, 11 October 2013

ക്ഷുഭിതന്‍



സാധാരണ കഥകളിലേതു പോലെ വല്യ വെറയ്റ്റിയോ, ഉഴപ്പിയാലും അലമ്പിയാലും കുടിച്ചാലും ദ്രവിക്കാത്ത മാരക ഇന്‍റലിജന്‍റ്സോ ഇല്ലാത്ത 10- B യിലെ നടുബഞ്ചില്‍  X2=-b±x=(-b±√(b^2-4ac))/2a - യുടെ ഡിഫറന്‍സിയേഷന്‍ കണ്ടെത്താന്‍ ഊത്തലുപിടിച്ച് പേനയുടെ മൂട് ചപ്പിച്ചതയ്ക്കുന്ന സാധാരണക്കാരനായ നായകന്‍. വായനാ വിരോധിയായിരുന്നെങ്കിലും ലഹരി കണ്ടെത്തിക്കഴിഞ്ഞപ്പോള്‍ സ്കൂള്‍ ലൈബ്രറിയിലെ, അലഞ്ഞു പാടിയ വിപ്ലവ നായകരുടെ വരികള്‍ക്കു പിന്നാലെ ഇരട്ടവാലന്‍റെ മുമ്പേ അവന്‍ വച്ചുപിടിച്ചു. കൂരയും കുടിയും വേണ്ടാതെ കഞ്ചാവിലും കള്ളിലും തെരുവിന്‍റെ കോണിലും ബ്രില്ല്യന്‍സ് കാണിച്ചു 80 - കളിലെ അരാജക ചേട്ടന്മാരെ ചെക്കനങ്ങു പിടിച്ചു. ക്ഷുഭിത യൗവ്വനം കുടിച്ചിട്ടു പോയ സോഡിയം വേപ്പര്‍ രാത്രികളുടെ മഞ്ഞനീര്‍ മോന്തിക്കുടിക്കുവാന്‍ രാത്രികളില്‍ അവന്‍ ഇറങ്ങി നടക്കാന്‍ തുടങ്ങി. പടിക്കലെത്തിയ SSLC - ക്കായി '' TALENT'' ട്യൂഷന്‍ സെന്‍റര്‍ നടത്തിയ നൈറ്റ് ക്ലാസുകളുടെ മറവില്‍ അതാരും പക്ഷേ കണ്ടില്ല. എന്നാല്‍ അറ്റന്‍റന്‍സുകള്‍ നെടുകെ കുറയുകയും അലച്ചിലുകള്‍ കുത്തനെ കൂടുകയും മാര്‍ക്കുകളില്‍ വരള്‍ച്ച വരികയും ചെയ്ത പ്ലസ്ടു നാളില്‍ അവന്‍ നോട്ടപ്പുള്ളിയായി. മഞ്ഞപ്രോഗ്രസ് കാര്‍ഡുമായി നില്‍ക്കുന്ന അച്ഛനോടു ക്ലാസ് ടീച്ചര്‍ പറഞ്ഞു- ''ചെറുക്കന്‍ മാറിത്തുടങ്ങി...! ആളിവിടെയൊന്നുമല്ല...ഉണ്ടേലും മറ്റേതോ ലോകത്താണ്..''

ഒരു പബ്ലിക് സ്കൂളിന്‍റെ ടൈയും ടൈറ്റുമുള്ള യൂണിഫോമില്‍ അവന്‍ ഒതുങ്ങാതെ വന്നു. പഴഞ്ചന്‍ ക്ലീഷേ ഇഷ്ടമായിട്ടല്ല, ബോധപൂര്‍വ്വം അവനൊന്നും ചെയ്തതുമല്ല, അവനെത്തന്നെ മറക്കാന്‍ തുടങ്ങിയതു കൊണ്ട് അവന്‍റെ മുഖത്തെ മറന്ന് താടിരോമങ്ങളും വളര്‍ന്നു തൂങ്ങി. പക്ഷേ പോക്കു കണ്ടു നാട്ടുകാര്‍ പറഞ്ഞു -'' അച്ഛന്‍ ധര്‍മ്മിഷ്ടനാ.., അമ്മയാണെങ്കില്‍ സ്കൂള്‍ ടീച്ചറും!, നല്ലൊരു പെണ്‍കൊച്ചാ ആ പെങ്ങള്.. ഇവന്‍ മാത്രമെന്താ ഇങ്ങനെ ???''

അവനൊരു ഒറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. തന്‍റെ ഹീറോയായ ജോണ്‍ എബ്രാഹമിനെപ്പോലെ ഒരു പാരപ്പറ്റില്‍ നിന്നും പറന്നുവീണു മരിക്കണം....! അനാഥനായി മോര്‍ച്ചറിയില്‍ കിടക്കണം..! പക്ഷേ അതിനുമുമ്പ് ശവങ്ങളുടെ വസന്തങ്ങള്‍ തീര്‍ക്കണ്ടേ ?

മാന്യനായ അച്ഛന്‍ ഇപ്പോ തലകുനിച്ചാണോ കുട ചൂടുന്നത് ? അമ്മ പിള്ളേരെ പഠിപ്പിക്കുമ്പോള്‍ മറുചോദ്യം പേടിക്കുന്നുണ്ടോ?  ഇതൊന്നും അവന്‍റെ മനസിലേ ഉദിച്ചില്ല. ക്യാമ്പസില്‍ കവി ലുക്ക് കണ്ടിട്ടാകണം കവിത ചൊല്ലാന്‍ ചാന്‍സ് കിട്ടിയത്. ചുള്ളിക്കാടിന്‍റെ പരുക്കന്‍ സ്വരമുണ്ട് പക്ഷേ കവിതയ്ക്ക് കാമ്പില്ലെന്നു പറഞ്ഞ് ഒറ്റച്ചൊല്ലിനു ശേഷം പറഞ്ഞു വിട്ടു. 'വെട്ടിക്കണ്ടിച്ച കവി'യെന്ന പേരും.!

ഫ്രീക്കന്‍ പിള്ളേരുടെ പബ്ബുകളിലവന്‍ കേറിയില്ല. ചാരായം മതി. ചാരായം വംശനാശത്തിലായതു കൊണ്ട് ഏതോ മൂത്ത നാടന്‍ കൊണ്ട് ഒപ്പിച്ചു. ക്ഷുഭിതര്‍ പോയി മറഞ്ഞിട്ടും അതിന്‍റെ ചൊരുക്കു മാറാത്ത അറുപതു കഴിഞ്ഞ കഥപറച്ചിലുകാര്‍ ( അയവിറക്കലുകാര്‍) കൂട്ടുകാരായി. ചെഗുവേരയുടെ ചുരുട്ടും , ഹരിദ്വാറിലെ ചരസ്സും കൊണ്ട് ജ്വരം പിടിച്ചു കഴിഞ്ഞപ്പോള്‍ മഹാരഥന്മാരുടെ പൂനെയിലെത്തി ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ആപ്ലിക്കേഷന്‍ വാങ്ങി. ഇന്‍റര്‍വ്യൂവിന് മുഖത്തു നോക്കി അവര്‍ പറഞ്ഞു- ലുക്കുണ്ട്, സ്റ്റഫില്ല!!! ----അവന്മാരുടെയൊക്കെ അപ്പന് വിളിച്ചിട്ട് അവന്‍ ഇറങ്ങിപ്പോന്നു...തനി ജോണ്‍ സ്റ്റൈലില്‍. മൂരാച്ചികള്‍ മൂരാച്ചികള്‍ ....കലയുടെ കുത്തക ബൂര്‍ഷ്വാസികള്‍!..ജോണുണ്ടായിരുന്നെങ്കില്‍ നിന്നെയൊന്നും വച്ചു പൊറുപ്പിക്കില്ലായിരുന്നു..പരട്ടകള്‍..!!

ജോണ്‍ സിനിമയിലെ ഹരിയെപ്പോലെ ഒരു ചുരിക കൊണ്ട് അവന്‍ കുത്തിക്കീറിയത് മൃദംഗമായിരുന്നില്ല ..അവനെത്തന്നെയായിരുന്നു. പക്ഷേ ഇവന്‍റെ കൈവിരലുകള്‍ ആരും ചതച്ചിരുന്നില്ലെങ്കിലും. അവന് ആത്മഹത്യ ചെയ്യാന്‍ കഴിയുമായിരുന്നില്ല. കാരണം അവനിലെ അവന്‍ എന്നേ ചത്തു. അറവുമാടിന്‍റേതു പോലുള്ള യാതനാ രാത്രികള്‍ അവനുണ്ടായില്ല, ഉള്ളില്‍ കലയില്ലായിരുന്നു. ഒരിടത്തും അവന്‍ വിപ്ലവമുണ്ടാക്കിയില്ല. ഏതു നാട്ടില്‍ ചെന്നാലും ചുറ്റും കൂടാന്‍ ചങ്ങായികളുമുണ്ടായില്ല . കേറ്റിയ മരുന്നിന് ബില്ലടക്കാന്‍ കാശുമില്ല. ''നിനക്കൊക്കെ എന്തിന്‍റെ കേടാടാ...കിളുന്തു പ്രായത്തിലേ മോന്തിക്കുടിച്ചോ..നോക്കാന്‍ തന്തേം തള്ളേമൊന്നുമില്ലേ?'' ----- ചെറുപ്രായത്തിലെ കരളു കരിഞ്ഞ കുറ്റത്തിന് സര്‍ക്കാരാശുപത്രി വരാന്തയില്‍ തടിച്ചി നേഴ്സിന്‍റെ ചൊറിച്ചില്‍ കേട്ടപ്പോഴാണ് ജോണിന്‍റെ - 'അമ്മയറിയാന്‍' ഓര്‍ത്തത്., പിന്നെ സ്വന്തം അമ്മയേയും! 

ഒരു വിപ്ലവകാരിയുടെ ജീവിതം അവന്‍റെ അമ്മയോടു തുറന്നു പറയാന്‍ കഴിഞ്ഞാല്‍ അവന്‍ സുരക്ഷിതനാണ്. അമ്മയോട് എല്ലാം തുറന്നു പറയാനുള്ള യാത്രയാണാ സിനിമ. ''എങ്ങും കുരുതികളാണമ്മേ...'' എന്ന് പറഞ്ഞു കരഞ്ഞു കൊണ്ട് എനിക്കാ പാദത്തിലേക്ക് ഓടിവീഴണം. ... ഗ്ലൂക്കോസു കുപ്പി വലിച്ചു പൊട്ടിച്ചു കൊണ്ടു പിടഞ്ഞെണീറ്റു. പിന്നെയമാന്തിച്ചില്ല ശരവേഗത്തില്‍ യാത്രയൊക്കെയും തിരിച്ചു താണ്ടി. അമ്മേ..ഞാനിതാ വരുന്നു....ഞാന്‍ കുടിച്ചു വറ്റിച്ച നിന്‍റെ കണ്ണീരുകളൊക്കെയും മടക്കിത്തരാന്‍..! നെഞ്ചുവിരിച്ചു നടന്നിരുന്നാ അച്ഛാ ഞാന്‍ വരുന്നു..ഞാന്‍ ക്ഷതമേല്‍പ്പിച്ച ആത്മാഭിമാനം വച്ചു കെട്ടി..നാട്ടു വഴിയിലെ നടപ്പിന് ഊന്നാകുന്ന മറ്റൊരു കുടയാകാന്‍... കുഞ്ഞു പെങ്ങളേ നിന്‍റെയേട്ടനിതാ വരുന്നു....ഒരു കല്ലുമാലു പോലും തരാനില്ലാതെ... ഒരാങ്ങളയുടെ കാവലും കരുതലും മാത്രം കൈമുതലായി നിന്‍റെ പൊന്നേട്ടനിതാ വരുന്നു. !!

ഓടിവന്നു കേറിയ ഉമ്മറക്കോലായില്‍ ചാരു കസേരയില്‍ അച്ഛനെക്കണ്ടില്ല. മുറ്റത്തു കാറും കണ്ടില്ല. ''അമ്മേ...''.യെന്നു വിളിച്ചു കതകു തുറന്നകത്തേക്കു കയറിയപ്പോള്‍ ചെറിയമ്മയുടെ തുടയില്‍ നിന്നും പരിഭ്രാന്തനായി പിടഞ്ഞെണീക്കുന്ന അച്ഛന്‍. മുഖം മറച്ച് ചെറിയമ്മ. അമ്മേ...യെന്ന വിളി അച്ഛാ...യെന്നവസാനിച്ചു. ഒരു ചരസ്സും തരാത്ത ചൊരുക്ക് അന്നേരം തലയിലേക്കു ഇരച്ചു കയറി. ഒരു വാക്കു പോലും ഉരിയാടാന്‍ അവകാശമില്ലാത്തവനായി മരവിച്ചവനായി തിരിച്ചിറങ്ങി. അമ്മയേയും അനിയത്തിയേയും കാണാഞ്ഞ് വഴിയിലേക്കിറങ്ങിയപ്പോള്‍ കണ്ടു കാറില്‍ വന്നിറങ്ങി നില്‍ക്കുന്ന പതിനാറു തികയാത്ത എന്‍റെ അനിയത്തി, അവളുടെ ഇടുപ്പില്‍ കൈയിട്ടു കൊണ്ട് വേറൊരുത്തന്‍. രാകേഷേ...നീ ? എന്‍റെ ഉറ്റ ചങ്ങാതി ??. അച്ഛനെതിരലെയുള്ള പീഡനക്കേസിന്‍റെ മൂന്നാം ഘട്ട സാക്ഷി വിസ്താരം കഴിഞ്ഞുള്ള വരവായിരുന്നു അവളുടേത്. ''മോളെ നിന്‍റെ താമസം?''  - ''രാകേഷിന്‍റെ കൂടെ വിനായക ഫ്ലാറ്റില്‍''. കരഞ്ഞു പോയി ഞാന്‍.

എനിക്കെന്‍റെ അമ്മയെ കാണണം...അമ്മയെയെങ്കിലും കണ്ടെനിക്കൊന്നു പൊട്ടിക്കരയണം...അമ്മേ..''എവിടെ നമ്മുടെയമ്മ?? .''. വിങ്ങിക്കൊണ്ടവള്‍ പറഞ്ഞു-  ഇപ്പൊ വരാറില്ല, പോയിട്ടു മൂന്നു വര്‍ഷമായി. നമ്മുടെ ഡ്രൈവര്‍ ബിജു ചേട്ടന്‍റെ കൂടെയാ താമസം. നെഞ്ചു കാളിപ്പോയി. അമ്മേ...യെന്നു വിളിക്കാന്‍ നാവു പൊന്തിയില്ല. 

--- ''അതുപോലെ തന്നെയായിരുന്നു വീഴ്ചയെന്നാ കേട്ടേ...തനി ജോണ്‍ സ്റ്റൈലില്‍! അഴുക്കു വെള്ളത്തില്‍ അഴുകാതെ ഒരു രാത്രി മൊത്തം കിടന്നു ജഡം. രണ്ടു ദിവസം അനാഥമായി മോര്‍ച്ചറിയിലും. എന്തൊരു ജീനിയസായിരുന്നല്ലേ അവന്‍..??  ഈ കപടലോകം എന്നെങ്കിലും തിരിച്ചറിയും അവന്‍റെ വില''. ചാരായത്തില്‍ കുതിര്‍ന്ന ദിനേശ് ബീഡിയുടെ പുക വിട്ടു കൊണ്ട് അറുപതു കഴിഞ്ഞ ക്ഷുഭിത യുവാക്കള്‍ പരിതപിച്ചു   ! ! ! ! 

Thursday, 10 October 2013

കുത്തിക്കീറിയ മൃദംഗം


ചുരിക കൊണ്ടു ഞാന്‍ കുത്തിക്കീറിയത്
മൃദംഗമായിരുന്നില്ല, എന്‍റെ ജീവിതമാണ്!

അത് ഡ്രംബീറ്റ്സും റിഥം പാഡും വന്നതു കൊണ്ടല്ല.
എന്‍റെ ആവിഷ്കരണത്തിന്‍റെ മാധ്യമം
ന‍ഷ്ടപ്പെട്ടാല്‍ പിന്നെ ഞാനെന്തു ചെയ്യും?

കാരണം...
അവര്‍ ബൂട്ട്സ് കൊണ്ടു ചവിട്ടിച്ചതച്ചത്
എന്‍റെ കൈവിരലുകളായിരുന്നു! —

(feeling എഴുതാന്‍ മുട്ടുന്നു. But സാഹചര്യം സമ്മതിക്കുന്നില്ല....)

Sunday, 6 October 2013

''സ്റ്റാറ്റസ്'' ഇഷ്യൂ

എന്തെങ്കിലും പറയാനുണ്ടാകണം എനിക്കും... കുറഞ്ഞത് ഒന്നുവീതം ദിവസം. 
അതൊരു ''സ്റ്റാറ്റസ്'' ഇഷ്യൂ ആണ് .
അതില്‍ ഈ വഴി പൊകുന്നവനൊക്കെ ഒന്നു പൊങ്കാലയിടാന്‍ തോന്നണം. കുറഞ്ഞത് ഒരു ചിരിയെങ്കിലും തോണ്ടിയിട്ടു പോകണം. എന്താ ചെയ്യാ?
  
പലതുണ്ട് വഴി. ചിലര്‍ ചുവരുകള്‍ക്കപ്പുറത്തേക്കില്ല. അവനിട്ടതിന്‍റെ തുണ്ട് കണ്ടിച്ചെടുത്തിട്ട് അതിലൊന്ന് ചൊറിഞ്ഞ് ലവനിട്ടു കൊട്ടി , വെട്ടിക്കണ്ടിച്ച് വീണ്ടുമിടും. ലവനും ലവന്‍റെ പ്രിയരും വീണ്ടും വന്ന് തോണ്ടിയിട്ട്, ചിരിപൊട്ടിച്ച് ചെളിതെറിപ്പിച്ചങ്ങു പോകും. പക്ഷേ ഒന്നുമില്ലേലും ഒരുപാടിരുന്നു ചിരിക്കും. ചിരിയുടെ ലോകം തീര്‍ക്കും ഈ കണ്ടംതുണ്ടങ്ങളില്‍

# പാഠം : നമുക്കു ചിരിക്കാന്‍ ചെറിയ കാര്യങ്ങള്‍ മതി, വിഷമിക്കാനും.

വേറെ ചിലരുണ്ട്, കൈയിലെ കത്തി എന്നും രാകിക്കൊണ്ടിരിക്കും. പൊള്ളുന്നതേ തൊടു. വിവാദങ്ങള്‍ നോക്കി തന്നെ എടുക്കും. മതം, വര്‍ഗ്ഗീയത, ദൈവം, ഫെമിനിസം ...ടൈം നോക്കി ചൊറിയാനുള്ള ഗ്യാപ്പ് ഒഴിച്ചിട്ടിട്ട് പോസ്റ്റും. പിറ്റേന്ന് കമന്‍റ് ചൊരിഞ്ഞ ഒരുത്തനെ ഇങ്ങു പൊക്കും. അവന്‍റെ പേര് കറുപ്പിച്ചേച്ച് വര്‍ഗ്ഗീയന്‍, പുരുഷ മൂരാച്ചി, അല്ലേല്‍ നല്ലൊരു തെറി പേരായി ഇട്ടിട്ടു ആ കമന്‍റു പടം തന്നെ പോസ്റ്റും. അടുത്ത കൊടുമ്പിരി ചര്‍ച്ചക്ക്. അതില്‍ നിന്ന് അടുത്ത ഭാഗ്യവാനെ...അങ്ങനെയങ്ങനെ. പക്ഷേ ഇവരുടെ വിമര്‍ശന ശേഷി ഗംഭീരമാണ്.

# പാഠം : നല്ലൊരു പ്രതിപക്ഷമില്ലെങ്കില്‍ അരാജകമാണ്, ആത്മവിമര്‍ശനമില്ലെങ്കില്‍ നാര്‍സിസവും!

പിന്നെചിലര്‍ ഒറ്റ സ്ക്രോളിംഗില്‍ തന്നെ വായിക്കാം, ലൈക്കിട്ടു പോകാം. സമാധാനം. ബോറടിപ്പിക്കില്ല . പക്ഷേ അത്ഭുതമതല്ല ഇത്തിരിപ്പോന്ന ഒരു പേന്‍, കുരുമുളകുമണി, നീര്‍ക്കോലി ഇതൊക്കൊക്കൊണ്ട് ഖണ്ഢകാവ്യത്തിന്‍റെ അതിരു ഭേദിക്കുന്ന കാച്ചിക്കുറിക്കിയ കവികള്‍.ഹൈക്കു വിലെ 'ക്കു' പോലും വെട്ടിക്കളയാന്‍ മാത്രം ചെറുതായ ''ഹൈ''ക്കവികള്‍ . ഡെപ്തേയുള്ളൂ.

# പാഠം : ഒരു മണല്‍ത്തരിയില്‍ ഒരുപ്രപഞ്ചം കാണുന്നവന്‍ കവി. വാക്കു കുറുകുമ്പോള്‍ അര്‍ത്ഥം മുറുകും.

മറ്റുചിലര്‍, അല്പനേരം ഇതിലിരുന്നിട്ട് പുറത്തേക്കു പോകും. പിന്നെ പുറത്തു കണ്ടതും വാരി അകത്തേക്കു വരും. പക്ഷേ കണ്ടതും കാണേണ്ടതും മനോഹരമായി അടുക്കി അലങ്കരിച്ച് പ്രദര്‍ശിപ്പിക്കും. അതില്‍ രസമുണ്ടാകും, ചിരിയുണ്ടാകും, സാഹിത്യവും, പ്രബോധനവുമുണ്ടാകും. പൊടിക്കു ചെളിയും. പക്ഷേ ഇടുന്നതും ഈച്ച പൊതിയും. അപാര റേയ്ഞ്ചു താരരാജാക്കന്മാര്‍. പടനിലത്തു പയറ്റിത്തെളിഞ്ഞ തമ്പുരാക്കന്മാര്‍!

# പാഠം :കാമ്പുള്ളതിനെ കൊത്താന്‍ ആളിന്നുമുണ്ട്. നമ്മിലെ നല്ല വായനക്കാരന്‍റെ ചാവടക്കു കഴിഞ്ഞിട്ടില്ല.

പിന്നെ ചിലര്‍ ഗൂഗിളില്‍ നിന്ന് വല്ലാത്തൊരു പടമങ്ങു പൊക്കും. പിന്നെ അതിനൊത്തു നന്നായിട്ടങ്ങ് എഴുതും. ചിലര്‍ തിരിച്ചും എഴുത്തിന് എടുപ്പു കൂട്ടൊന്ന പടം കൂടി ചേര്‍ക്കും.എന്തായാലും രണ്ടും ചേരുമ്പോള്‍ ചന്തത്തിലിരിക്കും.ചിത്രമാണല്ലോ ഇന്നു നാം തിന്നുന്നതെല്ലാം.

# പാഠം : എന്തെങ്കിലും പറയാനില്ലാത്തതായി ഒരു ചിത്രവുമില്ല.

ചിലര്‍ ഒന്നുമെഴുതില്ല, എഴുത്തിലും കൂടുതല്‍ ലൈക്ക് മേടിക്കുന്ന കമന്‍റു തട്ടും. മറ്റുള്ളവരെ വായിക്കും. എന്നിട്ടും അതിലും മനോഹരമായ കൂട്ടിച്ചേര്‍ക്കലുകള്‍ കമന്‍റി അവരെ വിജയിപ്പിക്കും. ആ കമന്‍റുകള്‍ രണ്ടു സ്റ്റാറ്റസിനുള്ളതുണ്ടാവും എന്നാലും നിസ്വാര്‍ത്ഥരായ കമന്‍റു തൊഴിലാളിയെപ്പോലെ.പിന്നെയും ലൈക്കി കമന്‍റി ചുറ്റിത്തിരിയും.

# പാഠം : കിട്ടുന്നവന് സന്തോഷം പക്ഷേ കൊടുക്കുന്നവനിലാണ് സംതൃപ്തി. നാളത്തെ എഴുത്തുകാരന്‍ അവരിലൊരാളാണ്.

പിന്നെയുള്ളത് ഫീലിംഗ്സുകാര്‍. പ്രത്യേകിച്ചൊന്നും കാര്യമായി പറയാനില്ലാത്തതിനാല്‍ അവര്‍ അവരുടെ ഫീലിംഗ്സു പറയുന്നു. ചെയ്യുന്നതെല്ലാം വിളിച്ചു പറയുന്നു. Feeling annoyed , Watching ചെമ്മീന്‍ , Drinking കഞ്ഞിവെള്ളം, Reading തുണ്ടു പുസ്തകം ...അങ്ങനെയങ്ങനെ. അവരെ അവരുടെ പാടിന് ഫീലിംഗ്സടിക്കാന്‍ വിടാം.

# പാഠം : പറയാതെ പോയ ഫീലിംഗ്സുകളാണ് പറഞ്ഞതിലേറെയും.

ഇതിലൊന്നും പെടാത്തവരുണ്ട്. പുതിയ കാറ്റഗറികളിലും കാറ്റഗറികള്‍ക്കപ്പുറത്തും മേയുന്നവരുണ്ട്. പിന്നെയുള്ളത് ഇപ്പറഞ്ഞ എല്ലാ ചേരികളിലും നിര്‍ബാധം കയറിയിറങ്ങിപ്പോകുന്ന ഫ്ലെക്സിബിളന്മാര്‍. അവര്‍ നമ്മെ ഒരുപാടു പാഠം പഠിപ്പിക്കുന്നു.

ഒടുവില്‍ നമ്മളെപ്പോലുള്ളവര്‍, ഇപ്പഴും ഫോട്ടം മാറ്റിക്കളിക്കുന്നവര്‍, എന്തേലും കണ്ടാല്‍ ഷെയറിക്കൊണ്ടിരിക്കുന്നവര്‍, ലൈക്കിക്കൊണ്ടിരിക്കുന്നവര്‍..നിങ്ങളെ നോക്കിവെള്ളമിറക്കുന്നവര്‍.

# പാഠം : പാഠങ്ങളൊന്നുമില്ല നിങ്ങള്‍ നല്ലതു പഠിപ്പിച്ചു കൈപിടിച്ചുയര്‍ത്തുമെന്നു പ്രതീക്ഷിച്ചു സമര്‍പ്പിക്കുന്നു  

Saturday, 5 October 2013

വട്ടനാണയാള്‍! ! !

വട്ടനാണയാള്‍! ! !അത്യാവശ്യം നന്നായിട്ടു തന്നെ ഇളകിയിട്ടുണ്ട്. അല്ലെങ്കിലാരെങ്കിലും ഈവക കാട്ടായം കാണിക്കുമോ?

എല്ലാരും പുതച്ചു മൂടിക്കിടന്നുറങ്ങുന്നു. നല്ല തണുപ്പുള്ള രാത്രി. നട്ടപ്പാതിരാക്ക് അയാള്‍ നോക്കുമ്പോള്‍ നഗരം മൊത്തം കുളിക്കുമാറ് വിളങ്ങി നില്‍ക്കുന്ന ചന്ദ്രന്‍. അന്ന് പൗര്‍ണ്ണമിയായിരുന്നു. അതു കണ്ട മാത്രയില്‍ അയാള്‍ക്കു ലക്കു കെട്ടു. അയാള്‍ പള്ളമണി നീട്ടിക്കൊട്ടി. യുദ്ധമോ ദുരന്തമോയെന്നറിയാതെ പകച്ചെണീറ്റ് പരിഭ്രാന്തരായെത്തിയ ആള്‍ക്കൂട്ടത്തിനു മുന്നില്‍ ആകാശത്തേക്കു കൈചൂണ്ടി അയാള്‍ അത്ഭുതത്തോടെ ചോദിച്ചു. ''നോക്ക് കണ്ണു തുറന്ന് നോക്ക്. നിങ്ങളിതു കാണുന്നില്ലേ തുടുത്തു നില്‍ക്കുന്ന പൂര്‍ണ്ണചന്ദ്രന്‍''.... ( അന്നെല്ലാവരും കൂടി അയാളെ തുടിപ്പിച്ചു കാണുമെന്നുവേണം നാം കരുതാന്‍.)

-----------കാരണം അയാള്‍ക്കു സൗന്ദര്യം ദൈവത്തിന്‍റെ ഓമനപ്പുത്രിയാണ്.

വേറൊരിക്കല്‍ അയാള്‍ ഒരു കഥ പറഞ്ഞു.
------ഒരിടത്തൊരു താപസനുണ്ടായിരുന്നു. അയാള്‍ മരിച്ചു ചെന്നു ദൈവത്തിന്‍റെ കരങ്ങളില്‍ വീണു. തനിക്കു സമ്പൂര്‍ണ്ണ സ്വര്‍ഗ്ഗ ഭാഗ്യം കിട്ടിയതായി അയാള്‍ക്കു തോന്നി. അങ്ങനെ ആ സ്വര്‍ഗ്ഗ സൗഭാഗ്യത്തില്‍ ലയിച്ചിരിക്കേ അയാള്‍ വെറുതേ ഒരു രസത്തിന് ഭൂമിയിലേക്കൊന്ന് എത്തിനോക്കി. അപ്പോള്‍ ഇളം കാറ്റിലാടിക്കളിക്കുന്ന ഒരു പച്ചില കണ്ണില്‍പെട്ടു. ദൈവതൃക്കരങ്ങളുടെ ബന്ധനത്തില്‍ നിന്ന് കുതറി അയാള്‍ പറഞ്ഞു. ദൈവമേ വിട്, ഞാന്‍ പോകുവാ..എനിക്കാ പച്ചിലയില്‍ ഒന്നു കൂടിത്തൊടണം.

----------കാരണം ഒരു പച്ചിലപോലും സ്വര്‍ഗ്ഗത്തോളം ശക്തമാണയാള്‍ക്ക് !

ലോകം പിശാചെന്ന് വിളിച്ചു കൂവിയിട്ട് ദൈവത്തെത്തേടി മനുഷ്യരില്ലാത്ത മരൂഭൂമിയിലേക്കും കൊടുംകാട്ടിലേക്കും ഓടിപ്പോയി AD - 300- കളില്‍ ചില താപസര്‍. ഈജിപ്തിലും സിറിയയിലുമെല്ലാം പേരെടുത്ത മരുഭൂമിയിലെ താപസന്മാര്‍!

എന്നാലിയാള്‍ മനുഷ്യരെയും മരങ്ങളെയും മരക്കൊമ്പിലെ കിളികളെയും ഓമനിച്ചു. കത്തിക്കാളുന്ന തീയെ സഹോദരിയഗ്നി എന്നു വിളിച്ചു. വെട്ടിക്കീറാന്‍ വരുന്ന ചെന്നായയെ സഹോദരനെന്നു വിളിച്ച് അരികില്‍ നിര്‍ത്തി. ഒരു പച്ചിലയും പച്ചവെള്ളവും അയാള്‍ക്ക് ജീവചൈതന്യങ്ങളായി.

1200- കളില്‍ ഇരുണ്ടു പോയ ഒരു ജനതക്കു നന്മയുടെ ഒരു പുതുവെളിച്ചവും വിപ്ലവുമായിരുന്നയാള്‍. ജീവിച്ചിരിക്കേ തന്നെ അയാളെ ചിലര്‍ ഭ്രാന്തനെന്നും ചിലര്‍ ഭാവഗായകനെന്നും വേറെ ചിലര്‍ പുണ്യവാനെന്നും വിളിച്ചു. മൂന്നും ഒന്നു തന്നെയായിരുന്നെന്ന് അയാള്‍ ജീവിതം കൊണ്ടും പാടി.

വിശ്വ പ്രസിദ്ധ റഷ്യന്‍ നോവലിസ്റ്റ് നിക്കോസ് കസന്‍ദസക്കീസ് God's Pauper ( ദൈവത്തിന്‍റെ നിസ്വന്‍) എന്ന് പറഞ്ഞ് അദ്ദേഹത്തെ നോവലാക്കി. അതെഴുതുമ്പോള്‍ കണ്ണീരു കൊണ്ടു തന്‍റെ പേപ്പര്‍ കുതിര്‍ന്നെന്നും ഒരു സ്നേഹചൈതന്യത്തിന് താന്‍ വശപ്പെട്ടെന്നും സക്കിസ് സാക്ഷ്യപ്പെടുത്തി.

ലോകം രണ്ടാം ക്രിസ്തുവെന്ന് ഇദ്ദേഹത്തെ മാത്രമേ വിളിച്ചിട്ടുള്ളൂ.....!

ഇന്ന് അസ്സീസിയിലെ ഫ്രാന്‍സിസിന്‍റെ ഓര്‍മ്മ ദിവസം. കൈകൂപ്പിപ്പോകുന്നു...വീണ്ടും ആ പേര് ഒരു പദ്ധതിയായും പ്രതീക്ഷയായും സൂചനയായും ഉയര്‍ന്നു വരുന്ന ഈ നാളില്‍!!!

# # #
-------- താനല്ല, ഫ്രാന്‍സിസ് അസ്സീസിയെപ്പോലുള്ള പത്തു പേരായിരുന്ന് റഷ്യക്കാവശ്യം എന്ന് മരണക്കിടക്കയില്‍ വച്ച് പറഞ്ഞത് ലെനിനായിരുന്നു.
 — feeling ഇതെഴുതുമ്പോള്‍ എന്‍റെ കണ്ണും നിറയുന്നുണ്ട്..