Tuesday, 24 September 2013

ആ ആക്കിച്ചിരി തന്നെ!

കാരുണ്യമേ എനിക്കു നീ
രണ്ടിറ്റു കണ്ണീരു തരിക!
ഈ ലോകത്തിന്‍റെ മുഴുവന്‍
വേദനയും കണ്ടു നനയാന്‍

പൗരഷമേ എനിക്കു നിന്‍റെ
കനപ്പെട്ട ശബ്ദം തരിക!
കാണുന്ന നെറികേടു
നോക്കി കുരയ്ക്കാന്‍!

നായിക്കരണക്കുരുക്കളെ
നിങ്ങളും കൂടെ വരിക!
നാറിത്തരങ്ങള്‍ നോക്കി
ചൊറിയാന്‍!

ഒടുക്കം

എനിക്കൊരു പുഞ്ചിരി തരിക!
വെറുതെ തപിച്ചും കുരച്ചും
ചൊറിഞ്ഞുമിരിക്കുന്ന
എന്നെ നോക്കി ചിരിക്കാന്‍!

 -----ആ ആക്കിച്ചിരി തന്നെ!
 — feeling ഒരു വളിച്ച ചിരി.

Sunday, 22 September 2013

പര്‍ദ്ദയും പതിനാറും




പര്‍ദ്ദക്കും പതിനാറിനുമെതിരെ കൊലവിളിക്കു വന്നതല്ല.!

ഇന്നലെ ഞാനൊരു സിനിമ കണ്ടു.
ഒരു പന്ത്രണ്ടു വയസുകാരിയുടെ കഥയായിരുന്നു.
അത് ഒരു മുസ്ലീം പെണ്‍ കുട്ടിയായിരുന്നു
അത് ഒരു സൗദി അറേബ്യന്‍ സിനിമയായിരുന്നു.
അതുകൊണ്ട് ഇവിടെ കുറിക്കണമെന്നു തോന്നി.
പതിനാറും പര്‍ദ്ദയും പെണ്‍കുട്ടിയും ചര്‍ച്ചയാകുന്ന ഈ നേരത്ത്.

വാഡ്ജാ ( Wadjda ) എന്ന പേരില്‍ സൗദി അറേബ്യയിലും La Bicicleta verde എന്നപേരില്‍ ജര്‍മ്മനിയിലും റിലീസായ ചിത്രം 45 ഡിഗ്രി ചൂടിലും കറുത്ത തുണിക്കുള്ളില്‍ ജീവിക്കുന്ന റിയാദിലെ  ഒരു സാധാരണ പന്ത്രണ്ടു വയസുകാരിയുടെ ജീവിതമാണ്. അവളുടെ വലിയ മോഹമാണ് ഒരു സൈക്കിള്‍ വാങ്ങുക. കൂടെ പഠിക്കുന്ന ആണ്‍കുട്ടികളെല്ലാം സൈക്കിളില്‍ പറക്കുന്നതു കണ്ടപ്പോള്‍ തുടങ്ങിയ മോഹം. പക്ഷേ ആരും പ്രോത്സാഹിപ്പിച്ചില്ല കാരണം പെണ്‍കുട്ടികള്‍ അവിടെ സൈക്കിള്‍ ഉപയോഗിക്കില്ല..ഉപയോഗിക്കാന്‍ പാടില്ല. തന്‍റെ ഭര്‍ത്താവ് അടുത്ത ഭാര്യയെ കെട്ടാനൊരുങ്ങുന്നതിന്‍റെ വേദനയിലാണ് വാഡ്ജയുടെ അമ്മയും അവളുടെ മോഹത്തെ പരിഹസിക്കുന്നു.

പച്ചനിറത്തിലുള്ള ഒരു സൈക്കിളവള്‍ കടയില്‍ കണ്ടുവച്ചു. വില 800 റിയാല്‍. പല കുസൃതികളിലൂടെ അവള്‍ക്കു ഒപ്പിക്കാന്‍ കഴിഞ്ഞത് വെറും 113 റിയാല്‍. അങ്ങനെയിരിക്കെ അവളുടെ സ്കൂളില്‍ ഖുറാന്‍ പാരായണ മത്സരം നടക്കുന്നു കാഷ് പ്രൈസ് 1000 റിയാല്‍. സൈക്കിളെന്ന ഒറ്റ ആഗ്രഹത്തിനായി അദ്ധ്യാപകര്‍ക്കു അത്ര മിടുക്കിയല്ലാത്ത അവള്‍ മത്സരിക്കുന്നു . ഖുറാന്‍ പാരായണ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി. എന്താണ് ഇതിനു പ്രചോദനമായതെന്നു ചോദിക്കുമ്പോള്‍ ഖുറാന്‍റെ പഠനത്തിന്‍റെ മഹത്വം പറയുമെന്നു കരുതിയ അദ്ധ്യാപകരോടു സത്യസന്ധമായ സന്തോഷത്തോടെ അവള്‍ വിളിച്ചു പറഞ്ഞു -പച്ച സൈക്കിള്‍ വാങ്ങാന്‍! . കഴിഞ്ഞു! പെന്‍ കുട്ടികള്‍ സൈക്കിള്‍ ഉപയോഗിക്കില്ല. അവളുടെ സമ്മാനത്തുക പാലസ്തീന്‍ ദുരന്ത ഫണ്ടിലേക്കു അദ്ധ്യാപിക ഡൊണേറ്റു ചെയ്തു.

നിരാശയായി തിരിച്ചെത്തിയ അവള്‍ കണ്ടത് കരഞ്ഞു നില്‍ക്കുന്ന അമ്മയെ. അവളുടെ വാപ്പ രണ്ടാം ഭാര്യയെ വരിച്ചു കഴിഞ്ഞു. പക്ഷേ ആ വേദനക്കൊരു പ്രതികാരമാകാം അമ്മ അവള്‍ക്ക് ആ പച്ച സൈക്കിള്‍ വാങ്ങിക്കൊടുത്തു. അവള്‍ കൊടുത്തതൊരു പച്ച സൈക്കിളായിരുന്നില്ല ചട്ടക്കൂടിനെ പൊളിച്ച് പുറത്തേക്കു പായാനുള്ള സ്വാതന്ത്ര്യമായിരുന്നു. പെണ്ണുങ്ങള്‍ അന്യമായ ആ തെരുവിലേക്ക് കൂട്ടുകാരനായ അബ്ദുള്ളയെയും വെട്ടിച്ച് പച്ച സൈക്കിളില്‍ വാഡ്ജ എന്ന പെന്‍കുട്ടി പായുന്നിടത്ത് ചിത്രം അവസാനിക്കുന്നു.
----------------------------------------------------------------------------

നമ്മുടെ നാടാ നല്ലത്. കാരണം പന്ത്രണ്ടിലും പതിനാറിലുമെല്ലാം പെണ്‍കുട്ടികള്‍ക്കു സൈക്കിള്‍ സൈക്കിള്‍ ചവിട്ടാല്ലോ..-
 പക്ഷേ ഒരു ചെറിയ ശംശയം??  
ഗര്‍ഭിണികള്‍ക്കു  സൈക്കിള്‍ ചവിട്ടാന്‍ പറ്റുമോ???

***************************************************************************************
ഇതിന്‍റെ സംവിധായിക ഒരു പെണ്ണായിരുന്നു - ഹൈഫ അല്‍ മന്‍സൂര്‍. റിയാദിന്‍റെ തെരുവുകളിലെ ഷൂട്ടിംഗില്‍ ആണുങ്ങളെ മോണിറ്ററല്‍ മാത്രം കണ്ടും,,വാക്കി ടോക്കി ഉപയോഗിച്ചു നിര്‍ദ്ദേശങ്ങള്‍ കൊടുത്തുമാണ് ഷൂട്ട് ചെയ്തത്.
ഓസ്കാര്‍ നോമിനേഷന്‍ കിട്ടുന്ന ആദ്യത്തെ സൗദി അറേബ്യന്‍ സിനിമയും. വെനീസ് ഫിലിം ഫെസ്റ്റിവലുള്‍പ്പെടെ എട്ടോളം പുരസ്കാരങ്ങളും!

Saturday, 21 September 2013

ഈ മലയാളികളുടെ ഒരു കാര്യം!



അത്തം മുതലിങ്ങോട്ടു പൂവും, പട്ടുസാരിയും , കോടിമുണ്ടും പിന്നെക്കുറേ നഷ്ടസ്മൃതികളും കൊണ്ടു നിറഞ്ഞു പരക്കുകയാണ് ഫെയ്സ്ബുക്ക്. അത് മൊത്തം പ്രവാസികളുടെ നൊസ്റ്റാള്‍ജിയയാണെന്നു കരുതിയാല്‍ തെറ്റി...മറ്റേതോ ലോകത്തെക്കുറിച്ചെന്ന പോലെ നമ്മളും കുറേ പൂക്കാലം അയവിറക്കിയിറക്കി....എഴുതിയെഴുതി ഷെയര്‍ ചെയ്തു ചെയ്തു ഗംഭീരമാക്കുന്നതില്‍ മനസിലൊരു പരിഹാസം തോന്നുന്നതിനിടയിലാണ് കൊതിപ്പിച്ചൊരു കാഴ്ച.

റോമില്‍ മലയാളികളുടെ നേതൃത്വത്തില്‍ ഒരു പെരുന്നാളാഘോഷം...വെറുതെ പോയി നോക്കി...അന്തിച്ചു പോയി (അഹങ്കരിച്ചും). സാന്താ മരിയമജോരെ ബസിലിക്കയുടെ ചുറ്റും മുത്തുക്കുടകളും കൊടിതോരണങ്ങളും. ഓണാഘോഷക്കമ്മറ്റിക്കാരെ പ്പോലെ ചക്രം നെഞ്ചത്തികുത്തി നോക്കിക്കണ്ടെല്ലാം പൊലിപ്പിക്കുന്ന മലയാളി അച്ചായന്മാര്‍. അകത്തേക്കു കയറിയപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. വെള്ള മുണ്ടും സെറ്റു സാരിയുമുടുത്തു പള്ളി നിറഞ്ഞു കവിഞ്ഞ് മലയാളികള്‍. (ഒരുമാസം മുമ്പ് അവിടുത്തെ പ്രധാന തിരുനാളിനുപോലം ഇത്രയാളെ ഞാന്‍ കണ്ടിട്ടില്ല). മലായാള പാട്ടുകളും ആരതിയും കണ്ടന്തിച്ച് ടാബില്‍ പകര്‍ത്തുന്ന ടൂറിസ്റ്റുകള്‍. പിന്നെ പ്രദക്ഷിണം....നാല് ഇടവകക്കുള്ളത്ര ആളുകള്‍, മുത്തക്കുടകളും ചെണ്ട മേളവും. ഈ മുത്തുക്കുടയും ചെണ്ടയും രൂപക്കൂടുകളും വരെ അങ്ങ് കേരളത്തില്‍ നിന്ന് കപ്പല്‍ വഴി എത്തിച്ചതാണെന്നറിഞ്ഞപ്പോള്‍ മലയാളസ്നേഹം അങ്ങ് കൊടുമുടികേറി. കലാശക്കൊട്ടില്‍ ചെണ്ടയങ്ങു പെരുത്തപ്പോള്‍ അതുവരെ അന്തിച്ചു നിന്ന സായിപ്പിന്‍റെ കൈയ്യം മെയ്യും ഇളകുന്നതും താളത്തില്‍ തുള്ളുന്നതും കണ്ടപ്പോഴുള്ള രോമാഞ്ചമുണ്ടല്ലോ...അതൊരു നൊസ്റ്റാള്‍ജിക്ക് പോസ്റ്റിനും തരാന്‍ പറ്റാത്തൊരു സുഖമാണ്...ഇതെല്ലാം കണ്ട് മാര്‍പാപ്പയുടെ വികാരിയായ കര്‍ദ്ദിനാള്‍ അഗസ്റ്റീനോ വല്ലീനി പറഞ്ഞു '' ഇങ്ങനെയൊരു സമൂഹത്തെക്കണ്ട് ഞാന്‍ അത്ഭുതപ്പെടുന്നു. റോമിനൊരു പ്രചോദനമാണ് നിങ്ങളുടെ വിശ്വാസം...ഇതെനിക്കു മാര്‍പാപ്പയോടു പറയാതെ തരമില്ല..'' .ആളുകാലിയായ പള്ളി കണ്ടു മടുത്ത സായിപ്പും മനസില്‍ പറഞ്ഞുകാണും..''ഇതെന്തൊരു വെറൈറ്റി ടീമാടേ...??'' 

--------അഹങ്കരിച്ചു ഞാന്‍ മടുത്തു!

ഈ മലയാളികളുടെ ഒരു കാര്യം!
--------------------------------------------------------------------------------------------------
( മലയാളിയില്ലാത്ത രണ്ടേരണ്ടു നാട് ഉത്തര കൊറിയയും ഭൂട്ടാനുമാണെന്ന് വയലാര്‍ രവി പറഞ്ഞതായി വായിച്ചു...അതുവെറുതെ.... ഒന്നുകില്‍ രവിസാറിനു തെറ്റി ....അല്ലേല്‍ കണ്ണിപൊടിയിട്ട് കണക്കില്‍ കേറാത്ത ചേട്ടന്മാര്‍ അവിടേം കാണുമെന്നേ...)

ചെളി



നീയെഴുതിയ മഴക്കവിത വായിച്ചു! 
-----------------feeling:Dകോള്‍മയിര്‍ കൊള്ളല്‍

എന്നാലും ഒന്ന് പറയട്ടെ!
മഴ നല്ലതാണ്.
മണ്ണ് അതിനേക്കാള്‍ നല്ലതാണ്.
പക്ഷേ രണ്ടും ചേരുമ്പോഴാണ് ചെളിയുണ്ടാകുന്നത്!

നീ നല്ലവനാണ്
അക്ഷരങ്ങള്‍ സുന്ദരങ്ങളാണ് 
പക്ഷേ നിങ്ങള്‍ രണ്ടും ചേരുമ്പോള്‍
ഫെയ്സ് ബുക്ക് മൊത്തം ചെളിയാണ് ഭായി!

നീ ആ സുധേട്ടനെ കണ്ടു പഠിക്ക്
ആളുമൊത്തം ചെളിയാണ്
പക്ഷേ എഴുത്തു കണ്ടോ
മഴപോലെ പെയ്യുന്നു.....
മണ്ണുപോലെ മണുക്കുന്നു...

feeling:D സുഖിപ്പിക്കല്‍!

(ഇനിയും ഞാന്‍ കുറേ എഴുതണം റേയ്ഞ്ചൊന്നു പിടിപ്പിച്ചെടുക്കാന്‍)

ഞാനുമുണ്ടു ഓണം.





ഞാനുമുണ്ടു ഓണം.

പച്ച ക്യാബേജിന്‍റെ ചിരിച്ചിരിക്കുന്ന തളിരിലകള്‍ പച്ചക്കു കഴിച്ചപ്പോള്‍ ഞാന്‍ കണ്ടത് തൂശനില തന്ന്യാ...
.
കെട്ടു പിണഞ്ഞു നീണ്ടുതൂങ്ങിയ സ്പഗേത്തി ചുരുട്ടിക്കെട്ടി അണ്ണാക്കിലേക്കു വിഴുങ്ങിയപ്പോള്‍ ഓരോ ചോറുംപറ്റും തൊണ്ടയിലുടെ ഉരുണ്ടിറങ്ങുന്നതു ഞാനറിഞ്ഞു..നേര്...

നിര്‍വികാരരായ ഫോര്‍മാജോ..വിതറിയിട്ടപ്പോള്‍ സാമ്പാറാണ് ഒഴുകിയറങ്ങിയത്. ഞാന്‍ കോഴിക്കാലു കടിച്ചു പറിക്കയായിരുന്നില്ല, സാമ്പാറില്‍ തപ്പിയെടുത്ത മുരിങ്ങക്കോലിന്‍റെ ചീള് ചപ്പിയീമ്പുകയായിരുന്നു.

ഒടുക്കം മുന്നിലെ ഒരു ഗ്ലാസ് പച്ചവെള്ളം എനിക്കു ഇഞ്ചിയും മുളകുമിട്ട പച്ചമോരായിരുന്നു.

അവസാനം ഞാന്‍ കൊക്കോക്കോളാ ഗ്ലാസ് സ്ലോമോഷനില്‍ സിപ്പ് ചെയ്തിറക്കിയപ്പോള്‍ നീ കളിയാക്കിച്ചിരിച്ചല്ലേടാ....പട്ടി, നിനക്കറിയില്ല അടപ്രഥമന്‍റെ ഓരോ തരിയും നാവില്‍കിടന്ന് നട്ടം തിരിയുകയായിരുന്നപ്പോള്‍. ഏഏഏംംംംംം!

പണ്ടൊക്കെ എന്തു ഓണം ഓണമൊക്കെ ഇപ്പഴല്ലേ...

(ഐശ്വര്യം, സമ്പല്‍സമൃദ്ധി, നന്മ....മണ്ണാങ്കട്ട ഓണമെന്ന് പറഞ്ഞാ അതോണസദ്യ തന്ന്യാട്ടോ,,,ഇല്ലാത്തവനറിയാം അതിന്‍റെ ഊത്തല്‍)
 — feeling അഭാവത്തില്‍ അനുഭവത്തിനുണ്ടാകുന്നു ജ്വരം.

ഓര്‍മ്മ, നൊസ്റ്റാള്‍ജിയ ,പൂവിളി, പുലികളി, മാങ്ങാത്തൊലി..





------------ടാ ഗിരി...നീയോര്‍ക്കണണ്ടാ....?
-------------എന്ത്?

ടാ, അന്നു നീയും ഞാനും വള്ളിനിക്കറിട്ടു നടക്കുന്ന കാലം....
------------അയ്യേ അതൊക്കെയെന്തിനാ ഇവിടെ വിളമ്പണേ.....?

അതല്ലടാ..അന്ന് ഓണക്കാലത്ത്...ഞാനും നീയും..ഇന്ദുവും പിന്നെ നമ്മുടെ പാച്ചനും കൂടെ വെളുപ്പിനെ എണീറ്റ് ശ്രീധനരന്‍ മാഷിന്‍റെ തൊടിയിലും, വെള്ളരിക്കാ പാടത്തിന്‍റെ കരപ്പേലും നടന്ന് പൂവെല്ലാം പറിച്ച്, ചെളിപിടിച്ച് വന്ന് പൂക്കളം ഇട്ടത്.

-----------ഉവ്വ്! അതിന്?

ഉള്ള പൂവുകൊണ്ട് നമ്മള്‍ പൂക്കളമിട്ട കഴിഞ്ഞപ്പോ ലവന്‍ വന്ന് കോള്‍ഗേറ്റ് പതപ്പിച്ച് അതിന്‍റെ പുറത്ത് നീട്ടിപ്പരത്തി തുപ്പിയത് ഓര്‍ക്കണണ്ടാ നീയ്...
------------പട്ടി.. മറക്കുവോ അത് ..അന്നുണ്ടായ കലിപ്പുണ്ടല്ലോ..ഇപ്പഴും തീര്‍ന്നട്ടില്ല!

ടാ ഗിരി...പിന്നെ നീ ഓര്‍ക്കണണ്ടാ..?
------------എന്ത്?

അന്ന് നമ്മളൊക്കെ കുളിച്ച് , കോടി മുണ്ടുടുത്ത് ചന്ദനം തൊട്ട് നിന്നപ്പോള്‍, ഓണത്തിന്‍റന്നു പോലും കുളിക്കാതെ ഒരു ജീന്‍സും ഒരുമാതിരി ബനിയനുമിട്ട് കൂളിംഗ് ഗ്ലാസും വച്ച് പച്ചപരിഷ്കാരിയുടെ ഓഞ്ഞ ലുക്കുമായി ലവന്‍ നമ്മടെ അടുത്തു വന്ന് കമന്‍റിറക്കിയത്.

----------പിന്നെ, അപ്പത്തന്നെ അവന്‍റെ നെഞ്ചത്തു കാക്ക തൂറിയതോര്‍ത്തു ഞാന്‍ ചിരിച്ചു ചത്തു..വൃത്തികെട്ടവന്‍!

ടാ ഗിരി, അന്ന് നമ്മളൊക്കെ നിലത്തിരുന്ന് പച്ചക്കറി കൂട്ടി ഓണമുണ്ണുമ്പോള്‍ എറച്ചി വേണമെന്നും പറഞ്ഞ് അവന്‍ അമ്മയോട് ബഹളമുണ്ടാക്കിയത്?
എന്നിട്ടന്നവന്‍ വാഴെലയില്‍ ഇറച്ചിക്കറി പരത്തിത്തിന്നത്.

---------..ഓ..അറച്ചു പോയി...കഴിഞ്ഞ ഓണത്തിനും അവന്‍ അങ്ങനെ തന്നെ ആയിരുന്നെടാ...

ഗിരി..എല്ലാ.ഓണത്തിനും അവന്‍റെ വീട്ടി മേളമാ...അച്ചന്‍ ഫിറ്റായി വന്നിട്ട് മിറ്റത്ത് വാളു കൊണ്ട് പൂക്കളമിടും...അമ്മ ഒള്ള ചട്ടി മൊത്തമെറിഞ്ഞ് പൊങ്കാല തീര്‍ക്കും.. എന്ത് ടീമാടേ അവന്‍?

----------സംഭവം സത്യം തന്നെയാ...അല്ലാ ഇപ്പൊന്തിനാ നീയ് ഇതൊയ്ക്കെ ഇങ്ങനെ കൊത്തിപ്പെറുക്കണേ???

നീയവന്‍റെ ഫെയ്സ് ബുക്ക് ഒന്നെടുത്ത് നോക്കിയെ...എന്തുവാടേ അവന്‍ എഴുതിക്കൂട്ടണത്? പുന്നെല്ലരി ചോറ്, അടപ്രഥമന്‍, കോടിമുണ്ട്, ഓര്‍മ്മ, നൊസ്റ്റാള്‍ജിയ ,പൂവിളി, പുലികളി, മാങ്ങാത്തൊലി....എനിക്കങ്ങട് ചൊറിയണണ്ട്....അതിന് ഫീലടിച്ച് ഓര്‍മ്മയിലിട്ട് വെരകാന്‍ കുറേ...ഫീലിംഗ്സ് ചൊറിയന്മാരും. അവന്‍റെയൊരു ഓണം.

--------വിട്ടേക്കടാ അവനെമാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല, എല്ലാം ഒരുവകയാ.. ചെളിക്കുണ്ടി കിടന്നോണ്ട് പഴേ വീട് വെള്ള പൂശിക്കാണിക്കുമ്പോ...ലൊരു സൊഗം..

പിന്നെ ഗിരി... നല്ലതു പറയാനും നല്ലതോര്‍ക്കാനും കൊല്ലത്തില്‍ നമുക്കൊരോണക്കാലമല്ലേടാ ഉള്ളൂ...എല്ലാവരും നല്ലതു പറയട്ടെ ...നല്ലതെഴുതട്ടെ...പിന്നെക്കുറേ അയവിറക്കട്ടെ....ഫീലിംഗ്സ് അടിക്കട്ടെ.....

പിന്നെ നമ്മളായിട്ട് എന്തിന് കുറയ്ക്കണം?

---------------------എല്ലാവര്‍ക്കും ഓണാശംസകള്‍----------------------------

( ഓണം ഓര്‍മ്മയല്ല ഭായി .... ഓടിത്തീര്‍ക്കേണ്ട ജീവിതാശയമല്ലേ....? )

പാലുപോലെ വെളുപ്പ്, ചോരപോലെ ചുവപ്പ്...

വെളുപ്പ് വെറുപ്പാണ്, കാണുന്നതേ അറപ്പാണ്, കാരണം എന്‍റെ പള്ളിക്കൂടത്തിന്‍റെ നിറം വെളുപ്പാണ്. എല്ലാ ഫോര്‍മാലിറ്റികളും വെളുപ്പിലാണ്. വൈറ്റ് കോളര്‍ ജോലികള്‍ അലര്‍ജിയാണ്. ഇല്ലാത്തതെന്തൊക്കെയോ ഉണ്ടെന്നു കാണിച്ചു വെളുപ്പില്‍ എല്ലാം പൊതിഞ്ഞു നിര്‍ത്തിയാല്‍ വല്ലാത്ത ബഹുമാനമാണ്, അത് സ്റ്റാന്‍ഡേര്‍ഡാണ്. അലമ്പ്. മടുത്തു.

പ്രിയം ഇപ്പോള്‍ ചുവപ്പിനോടാണ്. ചോരപോലത്തെ ചുവപ്പ്. ചുവന്ന ജേഴ്സിയുള്ള ഫുട്ബോള്‍ ടീമുകള്‍ പ്രിയം. ഇടുന്ന ടീ ഷര്‍ട്ടുകള്‍ ചുവപ്പ്. ചുവന്ന മുടിയുള്ള പെണ്‍കുട്ടിയോടു പ്രണയം. വെളുത്ത പെയിന്‍റിനെ പൊളിച്ചടുക്കിക്കൊണ്ടു മുറി മൊത്തം ചുവപ്പടിച്ചു, ഒറ്റക്ക്. എന്തൊരു സന്തോഷം ..എന്തൊരു യുവത്വം. ജീവനുള്ള യുവത്വത്തിന്‍റെ നിറം ചുവപ്പാണ്.

നിറങ്ങള്‍ ജീവിതത്തിന്‍റെ ഭാഗദേയം നിര്‍ണയിക്കുന്ന സിനിമയാണത്- Bianca come il latte Rossa come il sangue.മലയാളത്തില്‍ പറഞ്ഞാല്‍ പാലുപോലെ വെളുപ്പ്, ചോരപോലെ ചുവപ്പ്... .ഇതുവരെ കണ്ട ഇറ്റാലിയന്‍ സിനിമകളില്‍ തീരുന്നവരെ ത്രില്ലടിച്ചിരുന്നു കണ്ട പടം. കാരണം ആകമാനം യുവത്വമാണതില്‍. വല്ലാത്ത ചില ധ്വനികള്‍ പേരില്‍ തന്നെ തുടങ്ങുന്നു. എന്നാല്‍ വലിയ കാര്യമൊന്നുമില്ല. ഒരു ത്രികോണപ്രണയത്തിന്‍റെ കഥ തന്നെ..പക്ഷേ വല്ലാത്തൊരു ആഴമുണ്ടതിന്.

ആദ്യത്തെ പാരഗ്രാഫ് കഥാനായകന്‍റെ ചിന്തയാണ്. വെളുപ്പിനോടു കലഹിച്ച് മുറി ചുവപ്പിച്ചു കൊണ്ട് അവന്‍ കഥ തുടങ്ങുന്നു. ചുവപ്പിനെ പ്രണയിച്ചു തുടങ്ങിയ സ്കൂളിലെ ആദ്യ ദിനം തന്നെ ഒരു ചുവന്ന മുടിക്കാരിയെ അവന്‍ വല്ലാതെ മോഹിച്ചു. പ്രണയം പറയാന്‍ ചങ്കുറപ്പു പോര. നിറത്തിലെ ശാലിനിയെ പ്പോലെ കൂടെ ഒരു കൂട്ടികാരിയുണ്ടെപ്പോഴും- സില്‍വിയ. ഒടുക്കം അവള്‍ സഹായത്തിനെത്തുന്നു. അവളുടെ(ബിയാട്രിച്ച) മൊബൈല്‍ നമ്പര്‍ സില്‍വിയ ഒപ്പിച്ചു കൊടുക്കുന്നു. ആദ്യത്തെ പ്രണയമെസേജിനു മറുപടിയില്ലാതായപ്പോള്‍, അവള്‍ വരാന്‍ സാധ്യതയുള്ള തീയറ്ററില്‍ സിനിമക്കു ടിക്കറ്റെടുത്തു കൊടുത്തു സില്‍വിയ. സംഭവം സക്സ്സസ്. ഒന്നു മിണ്ടാനായി. നാളെ ക്ലാസില്‍ കാണുമ്പോള്‍ സംസാരിക്കാം എന്നു മാത്രമാണ് അവള്‍ പറഞ്ഞത്. പിന്നെ നാളെയൊന്നു നേരം വെളുപ്പിക്കാന്‍ എല്ലാ ന്യൂജനറേഷന്‍ നായകന്മാരെയും പോലെ തന്നെയും നമ്മുടെ നായകനും പരാക്രമം.

ബിയാട്രിച്ചയെ കാത്തു നിന്ന ലിയോയുടെ പക്കല്‍ ദുരന്ത വാര്‍ത്തയുമായാണ് സില്‍വിയ വരുന്നത്. അവള്‍ വരില്ല. ഗുരുതരമായ രോഗത്തിനടിപ്പെട്ട് ആശുപത്രിയിലാണ്. ലോകം മൊത്തം തലകീഴായപോലെ..എല്ലാവരെയും തട്ടിത്തെറിപ്പിച്ച് അനുവാദമില്ലാത്ത ഐസി റൂമില്‍ അവന്‍ പരതിയിട്ടും തന്‍റെ ചുവന്നമുടിക്കാരി മാത്രമില്ല. പിന്നെയാണ് മനസിലായത് ചുരുണ്ടുകൂടി അവശതയില്‍ കിടക്കുന്ന ആ മൊട്ടത്തലക്കാരിയാണ് സില്‍വിയയെന്ന്. ചുവന്ന് ചുരുണ്ടതവളുടെ വെപ്പുമുടിയായിരുന്നുവെന്നും. നിറങ്ങള്‍ വീണ്ടും വേഷമാടുന്നു ജീവിതത്തില്‍...

പിന്നെ പ്രണയം അഗ്നിപോലെ പടരുകയാണ്. അവളെ വീണ്ടെടുക്കാന്‍ അവന്‍ എന്തും ചെയ്യാന്‍ ഒരുക്കം. വെളുത്ത രക്താണുക്കളുടെ കുറവാണ് അവള്‍ക്ക് ശരീരത്തില്‍.
---ശ്വേത രക്തം---
വീണ്ടും വല്ലാത്ത വൈരുദ്ധ്യങ്ങള്‍. ചുവപ്പ് കണ്ട് പ്രണയിച്ച പെണ്ണിന് ചുവന്നചോരയില്‍ വെളുപ്പില്ലെന്ന്...അവന് തലയില്‍ രക്തം തിളക്കാന്‍ തുടങ്ങി...കണ്ണില്‍ വെള്ളപ്പ് മാത്രം. എന്തു ചെയ്യണമെന്നറിയില്ല..പ്രാന്തുപിടിച്ചവനെപ്പോലെ വീണ്ടും മുറിയില്‍ ചുവപ്പിനുമീതെ വെള്ള കോരിയൊഴിക്കുന്നു. അതിനിടയില്‍ അവനറിയുന്നു ബിയാട്രയുടെ നമ്പറിനു പകരം സില്‍വിയ കൊടുത്തത് സ്വന്തം നമ്പര്‍ തന്നെയായിരുന്നു. അത് സില്‍വിയക്കു ലിയയോടുണ്ടായിരുന്ന സ്വകാര്യ പ്രണയം. സില്‍വിയയും ലിയോയും ഒന്നിച്ചിരിക്കാറുണ്ടായിരുന്ന ചാരുബഞ്ചിനു തീയിട്ടു കൊണ്ടാണ് സില്‍വിയയോടുള്ള കലിപ്പ് അവന്‍ തീര്‍ത്തത്.

ഇതിനിടയില്‍ യുവത്വത്തിന്‍റെ ആത്മാവറിഞ്ഞ അധ്യാപകന്‍ ക്ലാസിലെത്തുന്നു. ലിയോയെയും സില്‍വിയയെയും അയാള്‍ മനസിലാക്കുന്നു. ലൈഫ് ഈസ് ബ്യൂട്ടിഫുള്ളിലെ മോഹന്‍ലാലിനെപ്പോലെ, താരേസമീന്‍ പറിലെ അമീര്‍ഖാനേപ്പോലെ...കുറേ അദ്ധ്യാപന ശൈലികള്‍ അയാള്‍ തിരുത്തിക്കുറിക്കുന്നുണ്ട്. ത്രീ ഇഡിയറ്റ്സിലേതിനു സമാനമായ ആശയങ്ങളും .പ്രണയം പൊള്ലുന്ന സില്‍വിയയുടെയും ലിയോയുടെയും ക്ലാസില്‍ അയാള്‍ പഠിപ്പിക്കുന്നത് ദാന്തേയുടെ പ്രണയം. തന്‍റെ ചോരയും, നട്ടെല്ലില്‍ നിന്ന് ഊറ്റിയെടുക്കുന്ന മജ്ജയും വരെ ബിയാട്രിച്ചക്കു നല്കുന്നു ലിയോ. ക്ലാസിനു പകരം നിത്യവും അവളുടെ വീട്ടില്‍ ചെന്ന് പാട്ടുപാടിയും നൃത്തമാടിയും കോമാളിത്തരം കാട്ടിയും അവളെ സന്തോഷിപ്പിക്കാന്‍ കിണഞ്ഞു ശ്രമിക്കുന്നു. ഒടുക്കം തന്‍റെ ഡാഡിയുടെ വീട്ടിലേക്കു ബിയാട്രിച്ച മടങ്ങിപ്പോകുന്നു. ദിനവും വിളിക്കാമെന്ന ഉറപ്പില്‍. അതിനുമുമ്പ് സില്‍വിയയെയും ലിയോയെയും തിരിച്ചു ചേര്‍ക്കാനും മറന്നില്ല ബിയാട്ര. ഒടുവില്‍ ബിയാട്ര മരിക്കുമ്പോള്‍ ലിയോ സില്‍വിയയുമായുള്ള സൗഹൃദത്തില്‍ നിന്ന് പ്രണയത്തിലേക്കുള്ള യാത്ര തുടങ്ങുന്നു. പിന്നെയയാളുടെ മുമ്പില്‍ എല്ലാ നിറങ്ങളും ഭാവഭേദമെന്യേ നിറഞ്ഞു നില്‍ക്കുന്നു. കാരണം അയാളിപ്പോള്‍ നിറങ്ങള്‍ക്ക് അതീതനാണ്.....

ചുവപ്പും വെളുപ്പും എല്ലാ ജീവിതങ്ങളിലുമുണ്ട്. ചോരയും തണുപ്പും തിണര്‍പ്പും ശാന്തതയും മാറിമാറി പകര്‍ന്നാടുന്നു. പക്ഷേ ഈ ചോരയും ശ്വേതവുമൊക്കെ നാമിത്തിരി വാരിപ്പൂശുക തന്നെവേണം നിറങ്ങള്‍ക്കതീതമായ മാനവീകതയിലേക്കെത്താന്‍ ..അതാണ് ജീവിതം...നിറങ്ങളും അര്‍ത്ഥങ്ങളും കൊണ്ടുമാത്രമല്ല..മോദോ ബാന്‍ഡിന്‍റെ...മനോഹരമായ ഗാനങ്ങള്‍ കൊണ്ടും ജാക്കോമോ കംമ്പോത്തിയുടെ സംവിധാന മികവുകൊണ്ടും കളര്‍ഫുള്ലാണ് ചിത്രം...ഒരു നല്ല യൂത്തന്‍ പടം

http://www.youtube.com/watch?v=d_PMhFuEnu0
 — 

ട്രെന്‍ഡുകളുടെ കുത്തൊഴുക്കില്‍ ഒരു ചൊരുക്ക്

''ബുദ്ധി വിറ്റു ജീവിക്കാമെങ്കില്‍
മനസിലെ thoughts വിറ്റു ജീവിക്കാമെങ്കല്‍ 
ശരീരം കൊണ്ടായിക്കൂടെ ? ''

അനൂപ്മേനോന്‍ ട്രിവാന്‍ഡ്രം ലോഡ്ജില്‍ ചോദിച്ച ചോദ്യമാണ്. ശരിയല്ലേ???

ചിന്തകളുടെ ആവിഷ്കരണത്തില്‍ അങ്ങ് ഋതുപര്‍ണ്ണ ഘോഷിന്‍റെയും അമ്മാച്ചനെന്നു വിളിക്കാവുന്ന ട്രെന്‍ഡ് സെറ്റര്‍ അനൂപ് സിനിമയുടെ ക്ലൈമാക്സില്‍ Be a one women man എന്ന ആശയം തിരുകി സിനിമ അവസാനിപ്പിച്ചെങ്കിലും പിള്ളേര്‍ക്ക് ബോധിച്ചതും അവരേറ്റുപിടിച്ചതും മേല്‍ പറഞ്ഞ ഡയലോഗാണ്. ശരീരം വില്‍ക്കുന്നതിനെ സപ്പോര്‍ട്ട് ചെയ്യാന്‍ അദ്ദേഹം കണ്ടെത്തയതും പറഞ്ഞതും ശരിയല്ലേ. ശരിയാണ് ബുദ്ധി വില്‍ക്കുന്നവരുണ്ട്. മനസിലെ ചിന്തകളും ഐഡിയകളും കാശാക്കി മാറ്റുന്നവരുമുണ്ട്. നിഷേധിക്കുന്നില്ല. മികവുറ്റ പരസ്യചിത്രങ്ങളുടെ മാസ്റ്റര്‍ ബ്രെയിനുകള്‍, ഡിമാന്‍റുള്ള കലാകാരന്മാര്‍, കൊമേഴ്സ്യല്‍ ഹിറ്റ്ചിത്രങ്ങളുടെ സംവിധായകര്‍...നിര നീളും ഇങ്ങു ഫെയ്സ്ബുക്കിലെ ലൈക്ക് രാജാക്കന്മാര്‍ വരെ!

പക്ഷേ വില്‍പന എന്ന പദം തന്നെ വസ്തുവിന്‍റെ വില കളയുന്ന പോലെ. വില്‍ക്കാന്‍ വക്കുമ്പോള്‍ എപ്പോഴും വസ്തുവിനു ലഭിക്കുന്ന പ്രതിഫലത്തിലാണ് കണ്ണ്. പ്രതഫലം കൂട്ടാന്‍ വില്‍പനാ വസ്തു ആകര്‍ഷകമാക്കേണ്ടത് വില്‍ക്കുന്നവന്‍റെ അനിവാര്യതയും. പക്ഷേ രണ്ടാമതൊരണ്ണമുണ്ട് അത് പ്രകാശനമാണ്. ആവിഷ്കരണമാണ്. എന്‍റെ ചിന്തകള്‍, ഐഡിയകള്‍, കഴിവുകള്‍ അതിന്‍റെ ഭാവാത്മകമായ പ്രകാശനം. അതില്‍ പ്രതിഫലമല്ല ലക്ഷ്യം. ഞാന്‍ പ്രാകാശിപ്പിക്കുന്നതിന്‍റെ മൂല്യവും, അത് ഉണ്ടാക്കിയേക്കാവുന്ന നന്മ, അറിവ്, പ്രകോപനം, തിരിച്ചറിവ്... അതിനു പ്രതിഫലം താനേ വരുന്നതാണ്.

എ.ആര്‍ റഹ്മാന് ഒരു സിനിമയിലെ ഗാനത്തിന് ഒരു കോടി കൊടുക്കേണ്ടിവരും. പക്ഷേ ആ വില അദ്ദേഹത്തിനു താനെ വന്നതാണ്. കിട്ടാന്‍ പോകുന്ന പ്രതിഫലമല്ല. കീ ബോര്‍ഡിനുമുമ്പിലിരിക്കുമ്പോള്‍ വീണ്ടും ഒരു കൊച്ചു കുട്ടിയുടെ കൗതുകത്തോടെ...പാട്ടിനോടുള്ള ഒരു passionate love- വോടെ പുള്ളി പണിതുടങ്ങും..ഓസ്കാറുകള്‍ താനെ വരും.

പറഞ്ഞു വന്നതെന്താന്നു വച്ചാല്‍ ലൈക്കിനു വേണ്ടി പടക്കുന്നതും, 
കമന്‍റിനുവേണ്ടി ചെളി വിതറുന്നതും വില്‍പന തന്നെ.( ചില ചെളികള്‍ ഫലത്തില്‍ നല്ലതാണെന്നു മറക്കുന്നില്ല)
കുമിഞ്ഞു കൂടുന്ന ലൈക്കിനു വേണ്ടി വില്‍ക്കാല്‍ വക്കുന്നതാവരുത് മച്ചാന്‍റെ ക്രിയേറ്റിവിറ്റി. 

നീയെഴുത്  ലൈക്കെന്ന ചിന്തയില്ലാതെ...
കമന്‍റെന്ന കൊതിയില്ലാതെ...
.മുഖപുസ്കത്തില്‍ വേശ്യകളും ജാരന്മാരുമല്ല സംര്‍ഗാത്മകതയുള്ള കലാകാരന്മാരും കാലാസ്വാദകരും ഓടിക്കളിക്കട്ടെ!

#  
[ശരിയാണ് ഒരു അനൂപ് മോനോന്‍ ട്രെന്‍ഡ് തുടങ്ങിയായിരുന്നു. കടം കൊണ്ടതും വെട്ടിക്കേറ്റിയതുമായ കനപ്പെട്ട ആശയങ്ങളുടെ കുത്തിത്തിരുകല്‍ കൊണ്ടാണെന്നു തോന്നുന്നു അങ്ങ് എറിച്ചില്ല. പിന്നെ V.K.P  യും ( V.K പ്രകാശ് ) അതിന്‍റെ പുറത്തൊന്നു മെഴുകിയായിരുന്നു.]

 

Friday, 13 September 2013

---------------നിങ്ങളെന്നെ കുടിയനാക്കി...----------





ഒഴിയളിയാ...ഒന്നൂടെ..!
എല്ലാം മറക്കട്ടെ ഞാന്‍!
ഇവിടൊന്നു രമിക്കട്ടെ ഞാന്‍!

ഈ നീല നീര്‍ മോന്തി മോന്തി
അടിക്കടി വളിച്ച വാളുകള്‍ വച്ച് വച്ച്
വേച്ചുവേച്ചൊന്നു പിച്ചവക്കട്ടെ ഞാന്‍!

കുടിയനെന്നു വിളിക്കരുതെന്നെ!
ഇതു കുടിച്ചിട്ടാണ് ഇന്നലെ ഞാന്‍
കൊച്ചിനെ പിച്ചിച്ചീന്തിയവനെ തെറി പറഞ്ഞത്. --------( വാള്‍ - 1)

രണ്ടു പെഗ്ഗിന്‍റെ പുറത്തു ഞാന്‍
ചാണ്ടിമന്ത്രി സഭക്കെതിരെ തുറന്നടിച്ചു. -------( വാള്‍ - 2)
വെട്ടിക്കൊന്നവരെ വെറുതെ വിട്ടയച്ച
നീതിന്യായ കോടതിയെ കാര്‍ക്കിച്ചു തുപ്പി! -------( വാള്‍ - 3)

നാലു പെഗ്ഗായപ്പോഴാണ് കൈ തരിച്ചത്.
ജനഗണമന തെറ്റിച്ചു പാടിയവന്‍റെ അപ്പനു വിളിച്ചു.-------( വാള്‍ - 4)
തണ്ടെല്ലു ഞെരിയുന്ന വിധം പ്രവാസിയുടെ
വേര്‍പ്പും, കണ്ണീരും, ചോരയും ഞാനൊഴുക്കിവിട്ടു!-------( വാള്‍ - 5)

അന്തിയായപ്പോള്‍ പിടി വിട്ടുപോയി!
കണ്ണുമറിഞ്ഞു, കാലു വേച്ചു പോയി!
എങ്കിലും ഒമര്‍ഖയാമിന്‍റെയും നെരൂദയുടെയും
ഫോസിലടിച്ചു പോകുന്നമാതിരി
അസ്ഥിക്കു പിടിക്കുന്ന രണ്ടുവരി പ്രണയകവിത കുറിച്ചു.-------( വാള്‍ - 6)

( ഇന്നു വച്ചത് ആകെ മൊത്തം 6 വാളുകള്‍ (പോസ്റ്റുകള്‍).വച്ച പാടെ ഈച്ച പൊതിഞ്ഞു. അതില്‍ നക്കി നോക്കി ഇഷ്ടം എന്നു തോണ്ടിയിട്ടു പോയത് നാഞ്ഞൂറിലധികം. വാളിലിട്ടു വെരകിയവര്‍, തോണ്ടി തിന്നവര്‍, പകര്‍ന്നു കൊടുത്തവര്‍ മൂന്നൂറ്റി അമ്പതിനടുത്തും)

-----------''ഇതൊന്നും കാര്യമക്കണ്ടമ്മേ...ആദ്യമായിട്ടു കഴിച്ചതിന്‍റെയാ..എല്ലാം വെള്ളപ്പുറത്തു പറയുന്നതല്ലേ..കാര്യമക്കേണ്ട...കെട്ടറിങ്ങുമ്പോ എല്ലാം ശരിയാകും..''

ആരാണിതെന്നറിയാന്‍ ഞാന്‍ മുഖം പൊക്കി നോക്കി,,,,''പട്ടീ.....ഇത്രനേരം എന്‍റെ വാളുകളൊക്കെ ചര്‍ച്ചയാക്കി കൊഴുപ്പിച്ചു, രണ്ടുമിനിറ്റു മുമ്പുവരെ എനിക്കു കമന്‍റിട്ട നീയോ...??? ആത്മാര്‍ത്ഥതയില്ലാത്ത ഫെയ്ക്കു സൗഹൃദങ്ങള്‍...എന്‍റെ അടുത്ത വാളു നിനക്കിട്ടാടാ...പന്നീ...''----

അപേക്ഷ-------

''നിങ്ങളെന്നെ കുടിയനെന്നു വിളിക്കരുത്!
ഞാന്‍ കുടിച്ചതെത്രയോ തുച്ഛമാണ്
ഞാന്‍ കുടിച്ച കണ്ണീരിനോടു തുലനം ചെയ്യുമ്പോള്‍!''

( ഈ കുടിയില്‍ കണ്ണീരും തോറ്റു പോകും ...എന്നാലും ഇങ്ങനെ കുടിച്ചോണ്ടിരിക്കാന്‍ എന്തു രസാല്ലേ???)

.--------------------feeling  FB കിക്ക്--------------

Monday, 9 September 2013

ആ കാടന്മാര്‍ക്ക്( എന്‍റെ വന്ദ്യ ഗുരുക്കന്മാര്‍ക്ക്..)...ഹൃദയപൂര്‍വം പ്രണാമം!

കൗമാര കാലത്തില്‍ പിള്ളേരെ തല്ലുന്ന സാറന്മാരൊക്കെ ഭീരന്മാരായിരുന്നു. അല്ലാത്തവരൊക്കെ സ്നേഹിതന്മാരും. അമ്മയെപ്പോലെ സ്നേഹിച്ചിരുന്നവരെ ബഹുമാനവും. തല്ലിത്തകര്‍ക്കാന്‍വേണ്ടി മാത്രം വാദ്യാരു പണ നടത്തുന്ന കാടന്മാര്‍ എന്നപോലെ അവരെ കണ്ടിരുന്നു. അങ്ങേരോടുള്ള കലിപ്പു മൂത്തു പുള്ളിക്കാരന്‍റെ വിഷയത്തിന്‍റെ പരീക്ഷ ബഹിഷ്കരിച്ച് , മൂന്നു ദിവസം ക്ലാസുകാണാതെ...പിന്നെ ഇനി അങ്ങേരെന്തു കാണിക്കുമെന്നു കാണട്ടെ എന്ന കൗമാര വിപ്ലവ വീര്യത്തോടെ തിരിച്ചു ക്ലാസില്‍ അല്‍ഖ്വയ്ദാ നേതാവിനെപ്പോലെ ചെന്നു കേയിറയപ്പോള്‍...അങ്ങേരെന്നെ തല്ലിയില്ല, ചീത്തവിളിച്ചില്ല, കണ്ണുരുട്ടിയില്ല, കയറിയിക്ക് നിധിനേ എന്നു സാധാരണ മട്ടില്‍ പറഞ്ഞു ക്ലാസു തുടര്‍ന്നപ്പോള്‍ തോറ്റതു ഞാനാ...കണ്ണുനിറഞ്ഞു കവിഞ്ഞു...ഇന്‍റര്‍വെല്ലിന് എല്ലാം ഏറ്റുപറഞ്ഞ് മനസ്തപിച്ചപ്പോളും ഇതൊക്കെ എത്ര കണ്ടതാ എന്ന മട്ടില്‍ സ്നേഹത്തോടെ തോളത്തു തട്ടിയപ്പോല്‍ മനസിലായി തല്ലുന്നവനല്ല തലയില്‍ തീക്കനല്‍ കൂട്ടാന്‍ കഴിയുന്നവനാണ് യഥാര്‍ത്ഥ അധ്യാപകനെന്ന്....ഞാന്‍ കഴിക്കുന്ന ആപ്പിളല്ല പുള്ളി കാണുന്നത് നാളത്തെ ആപ്പിള്‍ മരമാണെന്ന്....

പലതും പഠിപ്പിച്ചു തന്ന ഇനിയും മനസീന്ന് പടിയിറങ്ങാന്‍ കൂട്ടാക്കാത്ത ആ കാടന്മാര്‍ക്ക്( എന്‍റെ വന്ദ്യ ഗുരുക്കന്മാര്‍ക്ക്..)...ഹൃദയപൂര്‍വം പ്രണാമം!

...എന്നിട്ടും ഞാന്‍ കുടുംബം നോക്കണില്ലെന്ന്!.

എപ്പൊ നോക്കിയാലും പച്ച കത്തിച്ചിരിപ്പുണ്ടാവും. വെളുക്കുമ്പ തുടങ്ങി പച്ചപ്പാതിരാക്കു ശുഭരാത്രി കവിത കുറിച്ചവസാനിപ്പിക്കുന്നതു വരെ ഓരോ അരമണിക്കൂറിനിടക്കും ഇത് എവിടെ നിന്ന് പടച്ചു വിടണെന്നറിയില്ല. നീ ഇടുന്നതിനൊക്കെ ......അതു കോഴി കാഷ്ടിച്ചതിനെപ്പറ്റിയുള്ള രണ്ടു വരി കവിതയാണെങ്കില്‍ കൂടി ഒരു നൂറു നൂറ്റമ്പതിനടുത്ത് ലൈക്കും കമന്‍റും അഞ്ചുമിനിറ്റിനുള്ളില്‍ നേടുന്നതെങ്ങനെയാണെന്ന് ഇനിയും മനസിലാവണില്ല. നീ ഒന്നു കുറിക്കേണ്ട താമസം...നിനെക്കെതിരെയും നിനക്കുവേണ്ടിയും കമന്‍റുകള്‍ പെരുക്കുകയാണ്....നീ വല്ലാത്തൊരു സംഭവമാണ്...നീ എഴുതുന്നതൊക്കെ ചര്‍ച്ചയാകുവാ...എന്തു ദിനം വന്നാലും അതു ലോക ചൊറിദിനമാണെങ്കില്‍ കൂടി..നിനക്കെന്തേലും കാണും പറയാന്‍....നീയെന്തു പറയുന്നു എന്നറിയാന്‍ വെഗിളി പിടിച്ചിരിക്കുന്നവരെത്രയാ.....

കുറേയായി ചോദിക്കണമെന്നോര്‍ത്തിട്ട്........അപ്പൊ കുടംബം നോക്കുന്നതെപ്പഴാ????

------------ മച്ചൂ...കാര്യങ്ങളൊക്കെ മാറിയില്ലേ.....ഇപ്പൊ കുടുംബം നമ്മളെ നോക്കുവല്ലേ....

കാലത്ത് സ്കൂളില്‍ പോകാന്‍ നേരത്ത് കൊച്ച് കുറേ നേരം നോക്കി നിക്കും...ഒരു റ്റാറ്റാ പറയാന്‍......

കാലൊന്നു തിരുമിക്കിട്ടാന്‍ ...എന്തേലും ഒന്നു മിണ്ടാന്‍ പെറ്റമ്മ നോക്കിയിരിക്കും.....കുറേ...

അത്താഴം ഒരുമിച്ചിരുന്നൊന്നു കഴിക്കാന്‍ കുടുംബം മൊത്തം നമ്മളെ നോക്കിയിരിക്കും.....

അന്തിക്കൊന്നു കൂടെക്കിടക്കാന്‍ കെട്ടിയോളും നോക്കിയിരിക്കും......കണ്ണടയുന്നവരെ....

ഞാനോ നിങ്ങളെ നോക്കിയിരിക്കും ........നിങ്ങളല്ലേ എന്‍റെ കുടുംബം.......ഉമ്മ!


''നിദ്രാദേവിയുടെ ചുണ്ടുകളില്‍ ചെമ്പകം വിരിഞ്ഞു...
അവളുടെ കണ്ണുകളില്‍ മന്ദാരം പൂത്തു......''
---------------------------------------------ശുഭരാത്രി സുഹൃത്തുക്കളെ!!

( പിന്നെ....ശ്രീമതിയെക്കുറിച്ചുള്ള തമാശ ഞാന്‍ ഇന്നലെ എഴുതിയില്ലേ.....
അമ്മുക്കുട്ടിയുടെ വികൃതിതികളെക്കുറിച്ചൊരു കവിത തന്നെ പെടച്ചു.....അതിന്.. 481 ലൈക്കും
വീട്ടിലെ കുറുഞ്ഞി അപ്പിയിട്ടതിനെ പറ്റി എഴുതിയ കഥക്കു നല്ല റേറ്റിംഗായിരുന്നു...എന്നിട്ടും ഞാന്‍ കുടുംബം നോക്കണില്ലെന്ന്!...)

അഹങ്കരിച്ചു ഞാന്‍ മടുത്തു! ഈ മലയാളിയുടെ ഒരു കാര്യം....!

അത്തം മുതലിങ്ങോട്ടു പൂവും, പട്ടുസാരിയും , കോടിമുണ്ടും പിന്നെക്കുറേ നഷ്ടസ്മൃതികളും കൊണ്ടു നിറഞ്ഞു പരക്കുകയാണ് ഫെയ്സ്ബുക്ക്. അത് മൊത്തം പ്രവാസികളുടെ നൊസ്റ്റാള്‍ജിയയാണെന്നു കരുതിയാല്‍ തെറ്റി...മറ്റേതോ ലോകത്തെക്കുറിച്ചെന്ന പോലെ നമ്മളും കുറേ പൂക്കാലം അയവിറക്കിയിറക്കി....എഴുതിയെഴുതി ഷെയര്‍ ചെയ്തു ചെയ്തു ഗംഭീരമാക്കുന്നതില്‍ മനസിലൊരു പരിഹാസം തോന്നുന്നതിനിടയിലാണ് കൊതിപ്പിച്ചൊരു കാഴ്ച.

റോമില്‍ മലയാളികളുടെ നേതൃത്വത്തില്‍ ഒരു പെരുന്നാളാഘോഷം...വെറുതെ പോയി നോക്കി...അന്തിച്ചു പോയി (അഹങ്കരിച്ചും). സാന്താ മരിയമജോരെ ബസിലിക്കയുടെ ചുറ്റും മുത്തുക്കുടകളും കൊടിതോരണങ്ങളും. ഓണാഘോഷക്കമ്മറ്റിക്കാരെ പ്പോലെ ചക്രം നെഞ്ചത്തികുത്തി നോക്കിക്കണ്ടെല്ലാം പൊലിപ്പിക്കുന്ന മലയാളി അച്ചായന്മാര്‍. അകത്തേക്കു കയറിയപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. വെള്ള മുണ്ടും സെറ്റു സാരിയുമുടുത്തു പള്ളി നിറഞ്ഞു കവിഞ്ഞ് മലയാളികള്‍. (ഒരുമാസം മുമ്പ് അവിടുത്തെ പ്രധാന തിരുനാളിനുപോലം ഇത്രയാളെ ഞാന്‍ കണ്ടിട്ടില്ല). മലായാള പാട്ടുകളും ആരതിയും കണ്ടന്തിച്ച് ടാബില്‍ പകര്‍ത്തുന്ന ടൂറിസ്റ്റുകള്‍. പിന്നെ പ്രദക്ഷിണം....നാല് ഇടവകക്കുള്ളത്ര ആളുകള്‍, മുത്തക്കുടകളും ചെണ്ട മേളവും. ഈ മുത്തുക്കുടയും ചെണ്ടയും രൂപക്കൂടുകളും വരെ അങ്ങ് കേരളത്തില്‍ നിന്ന് കപ്പല്‍ വഴി എത്തിച്ചതാണെന്നറിഞ്ഞപ്പോള്‍ മലയാളസ്നേഹം അങ്ങ് കൊടുമുടികേറി. കലാശക്കൊട്ടില്‍ ചെണ്ടയങ്ങു പെരുത്തപ്പോള്‍ അതുവരെ അന്തിച്ചു നിന്ന സായിപ്പിന്‍റെ കൈയ്യം മെയ്യും ഇളകുന്നതും താളത്തില്‍ തുള്ളുന്നതും കണ്ടപ്പോഴുള്ള രോമാഞ്ചമുണ്ടല്ലോ...അതൊരു നൊസ്റ്റാള്‍ജിക്ക് പോസ്റ്റിനും തരാന്‍ പറ്റാത്തൊരു സുഖമാണ്...ഇതെല്ലാം കണ്ട് മാര്‍പാപ്പയുടെ വികാരിയായ കര്‍ദ്ദിനാള്‍ അഗസ്റ്റീനോ വല്ലീനി പറഞ്ഞു '' ഇങ്ങനെയൊരു സമൂഹത്തെക്കണ്ട് ഞാന്‍ അത്ഭുതപ്പെടുന്നു. റോമിനൊരു പ്രചോദനമാണ് നിങ്ങളുടെ വിശ്വാസം...ഇതെനിക്കു മാര്‍പാപ്പയോടു പറയാതെ തരമില്ല..'' .ആളുകാലിയായ പള്ളി കണ്ടു മടുത്ത സായിപ്പും മനസില്‍ പറഞ്ഞുകാണും..''ഇതെന്തൊരു വെറൈറ്റി ടീമാടേ...??'' 

--------അഹങ്കരിച്ചു ഞാന്‍ മടുത്തു! ഈ മലയാളികളുടെ ഒരു കാര്യം!
--------------------------------------------------------------------------------------------------
( മലയാളിയില്ലാത്ത രണ്ടേരണ്ടു നാട് ഉത്തര കൊറിയയും ഭൂട്ടാനുമാണെന്ന് വയലാര്‍ രവി പറഞ്ഞതായി വായിച്ചു...അതുവെറുതെ.... ഒന്നുകില്‍ രവിസാറിനു തെറ്റി ....അല്ലേല്‍ കണ്ണിപൊടിയിട്ട് കണക്കില്‍ കേറാത്ത ചേട്ടന്മാര്‍ അവിടേം കാണുമെന്നേ...

Wednesday, 4 September 2013

ഒരു ചൊറിക്കഥ

ഇതൊരു ചൊറിക്കഥയല്ല കുരുക്കഥയാണ് .ഇതിനെ എന്തു പേരിട്ടു വിളിക്കണമെന്നറിയില്ല.കുറേ ആലോചിച്ചു. ഒരു കുരുക്കഥയെന്നോ...ഒരു കുരു ഉണ്ടാക്കിയ കഥയെന്നോ...കുരുവോര്‍മ്മയെന്നോ...പിന്നെയും പേരുകള്‍ തികട്ടി വരുന്നു...നൊമ്പരക്കുരുക്കള്‍, ഒരു കുരുക്കള്‍ ഗാഥ, കറുത്ത കുരു ചുവന്ന മുഖം തവിട്ടു നഖം, ഒളിപ്പോര്...എന്തെക്കൊയായാലും കുരുവാണ് താരം. ഇത്കുരുവിന്‍റെ മാത്രം കഥയല്ല, കുരുപൊട്ടിക്കുന്നവരുടെയും.പൊട്ടിക്കപ്പെടുന്നവരുടെയും കൂടിയാണ്. കുരുക്കളെ പ്രണയിക്കുന്നൊരാള്‍...മലയാള സാഹിത്യത്തില്‍ ഇതുവരെ ആരും പ്രതിപാദിക്കാന്‍ ധൈര്യപ്പെടാത്ത കഥാതന്തു കിട്ടിയതിന്‍റെ അവകാശവാദത്തോടെ..അതു തരുന്ന വല്ലാത്ത അഹങ്കാരത്തോടെ കഥ തുടങ്ങട്ടെ.

  മുഖത്ത്, തോളത്ത്, മുതുകത്ത് ( തത്കാലം അത്രയും മതി) ജനിക്കുന്ന ഏതൊരു കുരുവും അയാളുടെ പ്രാണനോളം വിലപ്പെട്ടതാണ്. മുഴുത്ത് പഴുത്ത് പാകമാകുന്നതുവരെ തൊട്ടു തലോടി അയാള്‍ കാത്തിരിക്കും.  അതിന്‍റെ സ്വാഭാവിക വളര്‍ച്ചയെ ഒരല്പവും മുറിവേല്‍പ്പിക്കാതെ. അയാള്‍ ഉണ്ണുകയും ഉറങ്ങുകയും ഭക്ഷണം കഴിക്കുകയും ചെയ്യും കുരുവോര്‍മ്മയോടെ. കൈവളര്‍ന്ന് കാല്‍വളര്‍ന്ന് ഓടിക്കളിക്കാറാവുന്ന കൊച്ചു കുഞ്ഞിനെയെന്ന പോലെ കണ്ണാടി മുമ്പില്‍ അതിനെ നോക്കിയയാള്‍  തപസിരിക്കും. കുരു വളര്‍ന്ന് പാകമെത്തിയാല്‍ പിന്നെ അയാള്‍ക്കതു വിളവെടുപ്പുകാലമാണ്. കുത്തി കൈത്തഴക്കം വന്ന കൈവിരലുകളാല്‍ ഓരോ കുരുവിനെയും കുത്തുമ്പോള്‍( അയാള്‍ക്കത് ചുംബനമാണ്) ഉത്ഥതരായി പുറത്തുവരുന്ന പുട്ടു കുറ്റികളെ കാണുന്നതാണ് അയാളുടെ നിര്‍വൃതി. ആ നിമിഷം..അതു തരുന്ന സുഖം..അതിനു വേണ്ടിയാണ് അയാളുടെ കാത്തിരിപ്പത്രയും. കറുത്ത പാടുകള്‍ പടര്‍ന്നു കേറുന്ന അയാളുടെ മുഖത്തു നോക്കി അമ്മ പറഞ്ഞു, ''മോനേ കറുത്തു കരിവാളിക്കുന്നത് കാണുന്നില്ലേ നിന്‍റെ മുഖം..നിര്‍ത്ത്''. അപ്പന്‍ പറഞ്ഞു ''കുത്തടാ കുത്ത്. ഓരോ കുത്തും ഓരോ പാടായി..ഒടുക്കം നിന്‍റെ മോന്ത ഒരു കരിപ്പാടമായാലും പഠിക്കില്ല നീ''. ആരു കേള്‍ക്കാന്‍ അയാള്‍ക്കു നോ..വ്യാകുലം. മങ്ങിക്കൊണ്ടിരിക്കുന്ന സ്വന്തം മുഖകാന്തിയേക്കാളും വലുതാണ് അയാള്‍ക്ക് കുരു തരുന്ന സുഖം...കുത്തു തരുന്ന തരിപ്പ്. കുരുക്കള്‍ കുത്തുകളായി. കുത്തുകള്‍ പാടുകളായി .ഒരു ഡോട്ട് ഷെയ്ഡഡ് പോര്‍ട്രയിറ്റ് പോലെ അയാളുടെ മുഖം വിളങ്ങിനിന്നു. സ്വന്തം കുരുക്കളെപ്പോലെ തന്നെ മറ്റുള്ളവരുടെ കുരുക്കളെയും അയാള്‍ പ്രണയിച്ചു. ആത്മാര്‍ത്ഥമായി തന്നെ. പക്ഷേആരു നിന്നു തരാന്‍. പൊട്ടിക്കാന്‍ നിന്നു തരുന്നവരെ അയാള്‍ സ്നേഹിച്ചു. വൈദഗ്ദ്യത്തോടെ അയാള്‍ പൊട്ടിക്കുന്നതവര്‍ നോക്കിനിന്നു .ഓരോ കുരുവിന്‍റെയും വലിപ്പം, പ്രായം, പ്രകൃതം, സ്വഭാവം എല്ലാം അയാള്‍ക്കറിയാം ഒരു മരം കണ്ടാല്‍ കാതലറിയാവുന്ന ആശാരിയെപ്പോലെ. ഇനി കഥയുടെ ട്വിസ്റ്റ്.
                    
  പാകമായെന്നു വീട്ടുകാര്‍ക്കു തോന്നിയപ്പോള്‍ കുരുക്കള്‍ (അയാള്‍) പെണ്ണു കെട്ടി. അയാള്‍ ഒന്നേ പ്രാര്‍ത്ഥിച്ചുള്ളു. ദൈവമേ വന്നു കേറുന്ന പെണ്ണിന്‍റെ മുഖത്തും മുതുകത്തും എണ്ണം പറഞ്ഞു കുരുക്കളുണ്ടാകണമേ..പെണ്ണു വന്നു. അയാള്‍ പ്രതീക്ഷിച്ചത്രയും ഉണ്ടായില്ലെങ്കിലും അയാള്‍ക്ക് അത്യാവശ്യത്തിനുള്ളതുണ്ടായിരുന്നു. ആദ്യമൊക്കെ അവള്‍ക്കും അതൊരു ഹരമായിരുന്നു. സന്തോഷത്തോടെ നിന്നു കൊടുത്തു. പിന്നീടെപ്പൊഴോ കുരുപൊട്ടക്കാന്‍ വേണ്ടി മാത്രം തന്‍റെ അടുത്തു പറ്റിക്കൂടുന്ന ഭര്‍ത്താവിനെ കാണുന്നതേ അവള്‍ക്കു കുരുപൊട്ടലായപ്പോള്‍ നെഴ്സിംഗ് പഠിച്ച അവളങ്ങുപോയി. ഇംഗ്ലണ്ടിലേക്ക്....അയാള്‍ ഏകനായി...അയാളും അയാളുടെ കുരുക്കളും തനിച്ചായി.
              
ഏഴാം കടലിനക്കരെ അവള്‍ രണ്ടാഴ്ച പിന്നിട്ടു. പതിയെ അവളുടെ  മുഖത്തും മുതുകത്തും പുതിയ കുരുക്കള്‍ പൊങ്ങി. അന്നൊരു വൈകുന്നേരം അവള്‍ കണ്ണാടിയില്‍ നോക്കി. തരിച്ചു നില്‍ക്കുന്ന കുരുക്കള്‍..തഴുകാനും തലോടാനും ഓമനിക്കാനും ആരുമില്ലാതെ .കഴുത്തിലൂടെ കവിളിലൂടെ അവള്‍ അതിനെ തഴുകി....അവളുടെ കണ്ണു നിറഞ്ഞൊഴുകി. ഈ കുരുക്കള്‍...ഇതു  നിനക്ക്..നിനക്കു മാത്രം അവകാശപ്പെട്ടത്...നിന്നെ പിരിഞ്ഞിരിക്കാന്‍ എനിക്കു വയ്യ...എന്‍റെ കുരുക്കള്‍ക്കും....പ്രാണപ്രിയാ ഞാനിതാ വരുന്നു...

( കുത്തിക്കുത്തി വീണ്ടും കുത്തി കുരുപൊട്ടിച്ചു കളിക്കുന്ന...കുരുപൊട്ടിക്കലിന്‍റെ നോവും നേരും സുഖവുമറിഞ്ഞ ഞാനുള്‍പ്പെടുന്ന ഫെയ്സ്ബുക്കിലെ എല്ലാ കമന്‍റു വീരന്മാര്‍ക്കും സമര്‍പ്പിക്കുന്നു.)