Thursday, 21 February 2013

എന്‍റെ ബാവുല്‍ ഗായകന്....


എന്‍റെ പേറ്റുനോവിന്നൊടുക്കമീ വേളയില്‍
മന്ദമിറ്റുവീഴുന്നൊരീക്കാവ്യാക്ഷരങ്ങള്‍
നിന്‍റെ ചുണ്ടിലുയരുന്ന പാട്ടാകുമെങ്കില്‍
നിന്‍റലച്ചിലിന്‍ ശേഷ ധ്വനിയാകുമെങ്കില്‍...

കൊതിക്കുന്നു ഞാനത്രമേല്‍ കീര്‍ത്തമീ യാത്രയും
കൂരവേണ്ടാ നീണ്ടയാത്രയിലുയരുന്ന ഗീതിയും
ചോരതീണ്ടാത്തൊരീ നീണ്ട ചേലയും

വരിക! ബാവുല്‍ ഗായകാ ഭവ്യമായി-കൂടെ
നിന്‍ഭാവഗാനത്തിന്നലയടിയൊച്ചയും..
ദേവപ്രയാഗിന്‍റെയോരങ്ങളില്‍
മാനസ്സരോവരത്തീരങ്ങളില്‍
ചോളമുതിരുന്ന സാളഗ്രാമങ്ങളില്‍
നിന്നൊക്കെയും പോരുക പ്രോജ്ജ്വലനായി നീ!

ചോരപൂക്കുന്ന ചേരിയോരങ്ങളില്‍
വൈരവെറിപൂണ്ട നഗരപൂരങ്ങളില്‍
മാംസച്ചെന്തെരുവിന്‍റെ മുറ്റങ്ങളില്‍
ചെന്നിനിപ്പാടുക ദീപ്താഗ്നിയായി നീ!

കാമവെറികള്‍ക്കൊരറുതിയായാത്മാവി-
ന്നാമമറുക്കുന്ന നെറിവായുറഞ്ഞാടും
കോമരക്കൂത്തിന്നു ചിറയായി ചിതയായി
നാമമുയരുന്ന ജപമായി, നിറവിന്‍റെ
കറയറ്റനാളിന്നുറവായുണര്‍ത്തുപാട്ടായി
ഇനി നിന്‍റെ ഗീതങ്ങളാലപിയ്ക്ക!
പൂക്കൊന്നൊരസ്ഥിമാടത്തിനായ്
കത്തിയാളും വിളക്കിന്‍ വിറയുന്ന തിരിയായി
ഈ നേരിന്‍റെ ഗീതങ്ങളാലപിയ്ക്ക!

ഇപ്രവാചകക്കാറ്റിന്‍റെ മാറ്റൊലിത്തോറ്റങ്ങ
ളേറ്റുപാടും ദിഗന്തങ്ങളുദ്വേഗമോടെ- നിന്‍
വറ്റാത്ത കണ്ഠത്തിന്നനര്‍ഗള തന്ത്രിയാല്‍
ഊറ്റമില്ലാത്ത നാടിന്നുറവ പൊട്ടട്ടെ!
ഏറ്റമുറിപ്പാടു ചുറ്റിത്തഴുകുമീ കെട്ടനാടി-
ന്നറ്റ കൈത്തണ്ടിലും ചോരചീറ്റട്ടെ!
നോട്ടുകള്‍ കട്ടികളിട്ടു തൂക്കും കപട
ചട്ടങ്ങളാം ത്രാസിന്‍ ചരടുപൊട്ടിക്കുവാന്‍
നിലയ്ക്കാതെ നിര്‍ത്താതെ നിത്യവും പാടുക
നിലയറ്റ നിനവിന്‍റെ നിത്യരംഗങ്ങളില്‍.
ഹര്‍ഷോന്മാദനാം നിന്‍റെയീണങ്ങള്‍
വര്‍ഷതീര്‍ത്ഥങ്ങളായിത്തീര്‍ന്നിടട്ടെ!
അന്ധമാത്മാവിനെക്കീറുന്ന നാരായ-
മന്തരാത്മാവില്‍ കോറുന്നൊരീ ഭാവഗാനം

ആത്മമിത്രമായി കൂടെയുണ്ടാവണേയെന്നും
അവധൂതനാം നീയെന്‍റെയാത്മബോധങ്ങളില്‍
മറ്റൊരോര്‍ഫ്യൂസായിപ്പാടാം നമുക്കിനി
അറ്റുപോമോര്‍മ്മതന്‍ ചുടലപ്പറമ്പിലും!!

Tuesday, 19 February 2013

ഒരു കൊലവെറി പ്രണയം


                              ഒരു കൊലവെറി പ്രണയം


ചുവപ്പ് തെളിഞ്ഞു. പച്ച കത്താനായി കാത്തു നിന്ന ബ്രേക്ക് ടൈമിലാണ് സിഗ്നല്‍ ജംഗ്ഷനില്‍ വച്ച് അവളെ പ്രണയിക്കാന്‍ തുങ്ങിയത്. പച്ച തെളിയഞ്ഞതും അവളു സ്കൂട്ടിപെപ്പിന്‍റെ ഇന്‍ഡിക്കേറ്റര്‍ മിന്നിയ ദിക്കിലേക്ക് അറിയാതെ തന്നെ വണ്ടി നീങ്ങി. ഫെയ്സ് ബുക്കിന്‍റെ തുറക്കാത്ത താളുകളിലെവിടെയോ മയില്‍പ്പീലി പെറ്റു. അന്നു അന്തിക്കു തന്നെ ആവി പൊന്തിയ ചായക്കിരുപുറം ചാരിയിരുന്നപ്പോള്‍ എടുത്ത ഫോട്ടോകള്‍ അപ്ലോഡു ചെയ്തു. എന്നോ മനസ്സു തേയതെന്തൊക്കെയോ അവളി‍ല്‍ കണ്ടെത്തിയതുപോലെ. എനിക്കുള്ളവള്‍ ഇവളാണെന്നു മനസ്സു പറഞ്ഞു. പിന്നെ ഫോണിലും പറഞ്ഞു. പിന്നെയും പറയാന്‍ തോന്നിയതൊക്കെയും രാത്രി തന്നെ "ട്വീറ്റ്" ചെയ്തു. പിറ്റേന്നു കാലത്തവള്‍ പറഞ്ഞു നീയെന്നെ ചീറ്റ് ചെയ്തു. അവള്‍ ഇട്ടെറിഞ്ഞിട്ടുപോയത് ഒരു ബൈക്കിന്‍റെ പിന്‍ സീറ്റിലേക്കാണ്.വേദനയോടെ ഒന്നു കരഞ്ഞാലോ എന്ന് ആലോചിച്ചിരുന്നപ്പോള്‍ മോബൈലില്‍ ഒരു മെസ്സേജ് വന്നു. "ഐ റിയലി മിസ് യു ഡാ...". പ്രണയ വിരഹത്തിന്‍റെ മനോഹരമായ പര്യവസാനത്തില്‍ സന്തോഷത്തോടെ പോയി സ്വന്തം ബ്ലോഗില്‍ ചൂടു ഒരു പ്രണയ കവിത കുറിച്ചു.
"പ്രണയത്തിനെത്രയാഴം
പ്രണയമിതെത്ര ഭവ്യം മോഹനം അമൂര്‍ത്തം
പ്രണയമേ നിനക്കില്ല മരണവും മരണ പത്രവും!"
കൊലവെറിയേക്കാള്‍ അതിന് ലൈക്ക് കൂടുതല്‍ കിട്ടി. കുലം കുത്തിയേക്കാള്‍ സ്വീകാര്യതയും!.

- നിധിന്‍ പനവേലില്‍ -

             അമ്മയെക്കുറിച്ച്....


പെങ്ങളെക്കുറിച്ചെഴുതാന്‍ 
പൊട്ടിപ്പോയ സ്ലേറ്റുകഷണം മതി.
പ്രണയിനിയെക്കുറിച്ചെഴുതാന്‍ 
പാതി പൊള്ളിയ ജീവിതം മതി.
ഭാര്യയെക്കുറിച്ചെഴുതാന്‍
ഒരു സിസേറിയന്‍ നിലവിളി മതി.
അമ്മയെക്കുറിച്ചെഴുതാന്‍ 
എനിക്കൊരു കവിതയായാല്‍ മതി.
എങ്ങനെ വായിച്ചാലും 
അര്‍ത്ഥം ഇരട്ടിക്കുമല്ലോ....!!

Monday, 18 February 2013

അടുപ്പം


അടുത്തിരിക്കെ നാം പരസ്പരം അകലുന്നു
നമുക്കിടയില്‍ മൗനത്തിന്‍ മതിലുയരുന്നു...