Thursday, 21 February 2013
എന്‍റെ ബാവുല്‍ ഗായകന്....
എന്‍റെ പേറ്റുനോവിന്നൊടുക്കമീ വേളയില്‍
മന്ദമിറ്റുവീഴുന്നൊരീക്കാവ്യാക്ഷരങ്ങള്‍
നിന്‍റെ ചുണ്ടിലുയരുന്ന പാട്ടാകുമെങ്കില്‍
നിന്‍റലച്ചിലിന്‍ ശേഷ ധ്വനിയാകുമെങ്കില്‍...
കൊതിക്കുന്നു ഞാനത്രമേല്‍ കീര്‍ത്തമീ യാത്രയും
കൂരവേണ്ടാ നീണ്ടയാത്രയിലുയരുന്ന ഗീതിയും
ചോരതീണ്ടാത്തൊരീ നീണ്ട ചേലയും
വരിക! ബാവുല്‍ ഗായകാ ഭവ്യമായി-കൂടെ
നിന്‍ഭാവഗാനത്തിന്നലയടിയൊച്ചയും..
ദേവപ്രയാഗിന്‍റെയോരങ്ങളില്‍
മാനസ്സരോവരത്തീരങ്ങളില്‍
ചോളമുതിരുന്ന സാളഗ്രാമങ്ങളില്‍
നിന്നൊക്കെയും പോരുക പ്രോജ്ജ്വലനായി നീ!
ചോരപൂക്കുന്ന ചേരിയോരങ്ങളില്‍
വൈരവെറിപൂണ്ട നഗരപൂരങ്ങളില്‍
മാംസച്ചെന്തെരുവിന്‍റെ മുറ്റങ്ങളില്‍
ചെന്നിനിപ്പാടുക ദീപ്താഗ്നിയായി നീ!
കാമവെറികള്‍ക്കൊരറുതിയായാത്മാവി-
ന്നാമമറുക്കുന്ന നെറിവായുറഞ്ഞാടും
കോമരക്കൂത്തിന്നു ചിറയായി ചിതയായി
നാമമുയരുന്ന ജപമായി, നിറവിന്‍റെ
കറയറ്റനാളിന്നുറവായുണര്‍ത്തുപാട്ടായി
ഇനി നിന്‍റെ ഗീതങ്ങളാലപിയ്ക്ക!
പൂക്കൊന്നൊരസ്ഥിമാടത്തിനായ്
കത്തിയാളും വിളക്കിന്‍ വിറയുന്ന തിരിയായി
ഈ നേരിന്‍റെ ഗീതങ്ങളാലപിയ്ക്ക!
ഇപ്രവാചകക്കാറ്റിന്‍റെ മാറ്റൊലിത്തോറ്റങ്ങ
ളേറ്റുപാടും ദിഗന്തങ്ങളുദ്വേഗമോടെ- നിന്‍
വറ്റാത്ത കണ്ഠത്തിന്നനര്‍ഗള തന്ത്രിയാല്‍
ഊറ്റമില്ലാത്ത നാടിന്നുറവ പൊട്ടട്ടെ!
ഏറ്റമുറിപ്പാടു ചുറ്റിത്തഴുകുമീ കെട്ടനാടി-
ന്നറ്റ കൈത്തണ്ടിലും ചോരചീറ്റട്ടെ!
നോട്ടുകള്‍ കട്ടികളിട്ടു തൂക്കും കപട
ചട്ടങ്ങളാം ത്രാസിന്‍ ചരടുപൊട്ടിക്കുവാന്‍
നിലയ്ക്കാതെ നിര്‍ത്താതെ നിത്യവും പാടുക
നിലയറ്റ നിനവിന്‍റെ നിത്യരംഗങ്ങളില്‍.
ഹര്‍ഷോന്മാദനാം നിന്‍റെയീണങ്ങള്‍
വര്‍ഷതീര്‍ത്ഥങ്ങളായിത്തീര്‍ന്നിടട്ടെ!
അന്ധമാത്മാവിനെക്കീറുന്ന നാരായ-
മന്തരാത്മാവില്‍ കോറുന്നൊരീ ഭാവഗാനം
ആത്മമിത്രമായി കൂടെയുണ്ടാവണേയെന്നും
അവധൂതനാം നീയെന്‍റെയാത്മബോധങ്ങളില്‍
മറ്റൊരോര്‍ഫ്യൂസായിപ്പാടാം നമുക്കിനി
അറ്റുപോമോര്‍മ്മതന്‍ ചുടലപ്പറമ്പിലും!!
Subscribe to:
Post Comments (Atom)
No comments:
Post a Comment