Thursday, 7 March 2013

ആബേല്‍, നിന്‍റെ സഹോദരിയെവിടെ? ( മൂന്നു വയസുകാരീ...ഇതു നിനക്ക്.....)


                 


                                                               ( മൂന്നു വയസുകാരീ...ഇതു നിനക്ക്.....)

                                  ആബേല്‍, നിന്‍റെ സഹോദരിയെവിടെ?

കാരണമറിയാത്ത മൗനങ്ങളെ പേടിയാണെനിക്ക്. അനാവശ്യമായ നിശബ്ദതകളെ വെറുപ്പാണെനിക്ക്. ചോദിച്ചാല്‍ ഒന്നു മൂളുക പോലും ചെയ്യാത്ത മൗനങ്ങളെ കലിപ്പാണെനിക്ക്. ഇവയിലേതെങ്കിലും ഒന്നിനു കീഴ്പെട്ടാല്‍ അടിഞ്ഞു പോകും ഞാന്‍. ഇവയ്ക്കു മുന്നില്‍ നിസഹായനായ ഭീരുവാണ് ഞാന്‍. നെഞ്ചത്തു കയറ്റിവച്ച കല്ലു പോലെ നിന്‍റെ മൗനങ്ങളില്‍ അടിപ്പെട്ടു ഞാന്‍ ഞെരുങ്ങി. മഹാ അപരാധിയാണു ഞാന്‍ എങ്കില്‍ പോലും ഒന്നു തുറന്നു പറഞ്ഞാല്‍ നിനക്കു നഷ്ടപ്പെടാനെന്ത്? പക്ഷേ നിന്‍റെ വാക്കുകളുടെ, മറുപടിയുടെ നിരന്തരമായ ഈ പൂഴ്ത്തിവയ്പ് എനിക്കുണ്ടാക്കിയ നഷ്ടം പാറിപ്പറക്കുന്ന ഭാരമില്ലാത്ത ഒരു അപ്പൂപ്പന്‍ താടിയുടെ സ്വാതന്ത്ര്യത്തോളം വലുതാണ്.
ഞാന്‍ ധരിക്കുന്പോള്‍ കണ്ണടകളൊക്കെയും അന്ധമാകുന്നു. ഞാന്‍ ചീകുന്പോള്‍ തലമുഴുക്കെ കഷണ്ടിയാകുന്നു. നിന്‍റെ നിസംഗതയ്ക്കു അഴുകാന്‍ തുടങ്ങുന്ന ശവങ്ങളോളം ഭീതിയാണ്. ആബേല്‍...നിനക്കെന്തെന്നു ചോദിച്ചു മടുത്തു ഞാന്‍. ആക്ച്വലി നിനക്കെന്താണ് സംഭവിച്ചത്?... ആരാണു നിന്നെ ബ്രെയിന്‍വാഷു ചെയ്ത്ത്?... നിനക്കു പറയാന്‍ മറുപടികളില്ലേ...? അതോ ഒരായിരം പറയാന്‍ ഉള്ളതിന്‍റെ തിക്കു മുട്ടലോ?... എന്തെങ്കിലും പറഞ്ഞുകൂടെ? ഒടുവില്‍ സ്വന്തം കണ്ണാടിക്കു മുന്പിലെ നിശബ്ദതയെ കീറിമുറിച്ചു കൊണ്ട് പൊട്ടിപ്പുറപ്പെട്ട കണ്ണീര്‍ചാല്‍ വരണ്ട കവിളിലൂടൊഴുകി, കഴുമരത്തിലെന്നവണ്ണം എഴുന്നു നിന്ന താടിരോമത്തില്‍ തൂങ്ങി, കൈയിലിരുന്ന മനോരമയിലെ ബോക്സിനുള്ളില്‍ കയറിപ്പറ്റിയ പീഡനവാര്‍ത്തയിലെ ആറാമത്തെ പീഡകന്‍റെ പേരിനു ശേഷം ഒരു കോമയായി ഇറ്റു വീണു.... പിന്നൊരു ചോദ്യ ചിഹ്നമായി പടര്‍ന്നു. ആറാമത്തെ പേരിനു ശേഷം കോമ മാറി ഒരു കുത്തിട്ട് ആബേല്‍ എന്ന മൂന്നക്ഷരത്തെ ഒളിപ്പിച്ചതെന്താണ്? തെളിവിന്‍റെ അഭാവമോ? അതോ ആരോ പാലിച്ച മൗനമോ?... അതോ ആ മൂന്നു വയസുകാരി കുഞ്ഞിന്‍റെ ഇനിയും വറ്റാത്ത നിഷ്കളങ്കതയോ ?..വിജനമായ വഴി വക്കിലൂടെ കാമാതുരനായി കടന്നു പോയപ്പോഴും അവള്‍ പുഞ്ചിരിച്ചതു തന്നെ നോക്കിയായിരുന്നല്ലോ...അങ്കിള്‍മാരെന്നു വിളിച്ചവരോരുത്തരും കൊച്ചു ശരീരത്തെ കുത്തിക്കീറി തേരോടിയപ്പോഴും പകപ്പോടെ കാരുണ്യത്തിനായി അവള്‍ നോക്കിയതും തന്‍റെ മുഖത്തേക്കാണല്ലോ... രണ്ടു സ്കൂപ്പ് കാമം നിറച്ച ഐസ്ക്രീം അവള്‍ക്കു വാങ്ങിക്കൊടുത്തു വിളിച്ച നേരത്ത് ഒരല്പം വി‍ഷമായിരുന്നെങ്കില്‍ ഞാനിത്ര ഹീനനാവില്ലായിരുന്നു. അവളോടു കാട്ടുന്ന അല്പമായ ദയ ആയേനെ അത്. ആറാമനും കഴിഞ്ഞ് ഏഴാമനായി തേരൊട്ടം നടത്താനൊരുങ്ങവേ അകലേന്നു ചാലു കീറി വന്ന ആ ജീപ്പിന്‍റെ ഹെഡ് ലൈറ്റ് മാത്രമാണോ തന്നെ മാത്രം ഒഴിവാക്കിയത്?...
മോളേ....അതു പോലും വിളിക്കാന്‍ ആവതിയില്ല. വിളിച്ചാല്‍ ഇനി നാക്കു പുഴുത്തു പോകും. നിന്‍റെ പേരറിയില്ല...( അല്ലെങ്കിലും ഊരും പേരും അറിഞ്ഞിട്ടല്ലല്ലോ ...ഒന്നും...). എന്നിട്ടും തിരിച്ചറിയല്‍ പരേഡിന് ഐസ്ക്രീം വാങ്ങിത്തന്ന ഈ അങ്കിളിനെ മാത്രം നീ പുഞ്ചിരിയോടെ കടാക്ഷിച്ചപ്പോള്‍ തലയിലേക്കു വന്നലച്ചു വീണത് ഒരായിരം തീക്കനലാണ്. (നിനക്ക് അണുബാധയെന്ന്! ) - ഇന്നു നിന്‍റെ കുഞ്ഞു ശരീരത്തില്‍ സംക്രമിച്ചു പടരുന്നത് എന്‍റെ പാപാണുക്കളുടെ ബാധയാണ്. ( നിനക്കു രണ്ടു ശസ്ത്രക്രിയയെന്ന് !) - കീറിമുറിച്ച് അവര്‍ തുന്നിക്കൂട്ടയെടുക്കുന്നത് ചിതറിത്തെറിച്ചു പോയ എന്‍റെ തലച്ചോറാണ്. മോളേ... നീയൊരു മാലാഖയായി രൂപം മാറുന്നു. ഞങ്ങള്‍ കുത്തിക്കീറി തുറന്നു വിട്ട നിന്‍റെ രക്തം ചാലുകീറിയൊഴുകി ഭൂമിയില്‍ നിന്നും ദൈവത്തെ വിളിച്ചു കരഞ്ഞു. എന്‍റെ നിശബ്ദതയുടെ ഉദ്യാനത്തില്‍ വന്നു ഗര്‍വോടെ ദൈവം വിളിക്കുന്നു, - ആബേല്‍ നിന്‍റെ സഹോദരിയെവിടെ? ....ചങ്കു കീറിക്കൊണ്ടു ഞാന്‍ വിളിച്ചു പറഞ്ഞു, - കായേന്‍ നീയാണു പുണ്യവാന്‍..നീ ഒരിക്കലേ കൊന്നുള്ളൂ...കോമള ബലികളര്‍പ്പിച്ച് ...പ്രീതിയും സംപ്രീതിയും നേടി ...ഊനമറ്റ കുഞ്ഞാടുകള്‍ക്കിടയനായി ...ഞാനിന്നും ജീവിക്കുന്നു...പിടിക്കപ്പെടാതെ...നെറ്റിമേല്‍ ഒരടയാളവും ചാര്‍ത്തപ്പെടാതെ.......
 

No comments:

Post a Comment