Wednesday, 18 December 2013

മൂന്നാമത്തെ വെള്ളിപ്പറവ


അന്നു ഞാന്‍ അപ്പച്ചന്‍റെ ഉണ്ണിക്കുട്ടനായിരുന്നു..എന്നുവച്ചാ ഇന്നത്തെപ്പോലെ തന്നെ വികൃതിക്കുട്ടന്‍. എന്തോ കുരുത്തക്കേടിന് അപ്പച്ചന്‍റെ കൈയ്യീന്ന് കീറ് വാങ്ങി കോലായിലിരുന്ന് മോങ്ങിക്കൊണ്ടിരിക്കുവായിരുന്നു. ഞാനും മഴയും പെയ്തു തോര്‍ന്ന വൈകുന്നേരം..കണ്ണിലും മണ്ണിലും വെള്ളം തളം കെട്ടിത്തന്നെ നിന്നിരുന്നു. വീടിന്‍റെ തെക്കേ ചാര്‍പ്പില്‍ നിന്ന് ഒരു മഴവില്ലങ്ങു വളഞ്ഞു ചരിഞ്ഞു വന്നതും നോക്കി ''അപ്പച്ചനോടിനി കൂട്ടില്ലെ''ന്ന് ഒറ്റിക്കിരുന്ന് ജപിച്ചോണ്ടിരിക്കുമ്പോ പിന്നിലൂടെ ചിരിച്ചോണ്ട് വന്ന് അപ്പച്ചനെന്നെ കൈയിലെടുത്തിട്ട് ഒരു കഥ പറഞ്ഞു.

മിശിഹാ അന്നും പതിവുപോലെ സായാഹ്ന സവാരിക്കിറങ്ങിയതായിരുന്നു. എന്നത്തേയും പോലെ അന്നും മൂന്നു വെള്ളിപ്പറവകളുമായിട്ടാണ് യാത്ര. മേഘപാളികള്‍ക്കിടയിലൂടാണ് യാത്ര..പക്ഷേ അന്നു മേഘങ്ങള്‍ അല്‍പം കറുത്തിരുണ്ടതായിരുന്നു..യാത്ര കുറച്ചങ്ങു മുന്നോട്ടു നീങ്ങിയപ്പോ ഒന്നാമത്തെ വെള്ളിപ്പറവ താഴേക്കു നോക്കി. പുല്ലുകള്‍ക്കിടയില്‍ ഒരു കുഞ്ഞ് കോഴിക്കുഞ്ഞ്...ആര്‍ത്തിയോടെ അത് ആ കോഴിക്കുഞ്ഞിന്‍റെ നേരെ പാഞ്ഞടുത്തു.---അതൊരു കഴുകനായി മാറി...
മിശിഹാ വേദനയോടെ യാത്ര തുടര്‍ന്നു. കുറേ കൂടി മുന്നോട്ടു പോയപ്പോള്‍ രണ്ടാമത്തെ വെള്ളിപ്പറവ താഴേക്കു നോക്കി... അപ്പൊ കച്ചവടങ്ങളുടെയും വൃത്തികേടുകളുടെയും ഒരു ചന്ത കണ്ടു. അത് ആക്രാന്തത്തോടെ ചന്തയുടെ നേര്‍ക്ക് പറന്നിറങ്ങി.---- അതൊരു കാക്കയായി മാറി!
മിശിഹാക്കു വല്ലാത്ത സങ്കടമായി. മിശിഹാ പേടിയോടെ തന്‍റെ പ്രിയപ്പെട്ട മൂന്നാമത്തെ വെള്ളിപ്പറവയെ നോക്കി. അതപ്പോള്‍ മഴവില്ല് തിന്നോണ്ടിരിക്കുവായിരുന്നു . അതിനു മഴവില്ല് വല്യ ഇഷ്ടാ...കുഞ്ഞു കൊക്ക് കൊണ്ട് അത് മഴവില്ല് കൊത്തിത്തിന്നുന്നത് മിശിഹാ ചിരിയോടെ നോക്കിനിന്നു.
പിന്നെയും യാത്ര മുന്നോട്ടു നീങ്ങി. കുറേക്കഴിഞ്ഞപ്പോള്‍ മൂന്നാമത്തെ വെള്ളിപ്പറവ താഴേക്കു നോക്കി. അപ്പോ വീടിന്‍റെ ഉമ്മറത്ത് ഈ അപ്പച്ചന്‍ ഇരിക്കുന്ന കണ്ടു. അത് നേരെ പറന്നുവന്ന് അപ്പച്ചന്‍റെ ഈ കൈത്തണ്ടയില്‍ വന്നിരുന്നു...
ഒന്നു നിര്‍ത്തിയിട്ട് അപ്പച്ചന്‍ ചോദിച്ചു ---ആരാ ആ വെള്ളിപ്പറവ? ?--- '' ആരാ''?---ഉണ്ണിക്കുട്ടന്‍ തിരിച്ചു ചോദിച്ചു.---''ഉണ്ണിക്കുട്ടന്‍.... മിശിഹായുടെ മൂന്നാമത്തെ വെള്ളിപ്പറവ!!! ''
ഈ ഉണ്ണിക്കുട്ടന്‍റെ മുഖം വിടര്‍ന്നു..അപ്പച്ചന്‍റെ കണ്ണും നിറഞ്ഞു..ഞാന്‍ അപ്പച്ചനെ കെട്ടിപ്പിടിച്ച് ഉമ്മവച്ചു. അപ്പച്ചന്‍ എന്നെയും.
അപ്പോഴേക്കും ആ മഴവില്ലിന്‍റെ ഇങ്ങേയറ്റം ചരിഞ്ഞു വന്ന് തെക്കേ പ്ലാവിന്‍റെ കടക്കല്‍കുത്തി നിന്നു ചിരിച്ചു.







വയറ്റാട്ടി

അവളുടെ പേരെന്തെന്ന് അവള്‍ പോലും മറന്നിരിക്കാം. പിന്നെയാണ് ആളുകളുടെ കാര്യം. വയറ്റാട്ടി എന്നല്ലാതെ വേറൊന്നും ഇന്നോളം ആരും വിളിച്ചു കേട്ടിട്ടില്ല. പക്ഷേ ആ വിളിയില്‍ ഒരു കുറച്ചിലോ..നാണക്കേടിന്‍റെ ലാഞ്ജനയോ ഇതുവരെ തോന്നിയിട്ടുമില്ല. കാരണം അവള്‍ക്കത് ഒരു സമുന്നത ദൗത്യമായിരുന്നു. തന്‍റെ കൈവെള്ളയിലൂടെ ഒരു പുതുജീവനെ പുറത്തെടുക്കാനാവുക അതിനോളം വലുതെന്തു വേണം? .പേരും തൊഴിലും ഒന്നായി ലയിച്ചു ചേര്‍ന്ന ജീവിതം. എത്ര ജീവിതങ്ങളെ ഇന്നോളം പുറത്തെടുത്തിരിക്കുന്നു..എന്തെന്തു തരങ്ങള്‍...എന്തോരം വെറെയ്റ്റികള്‍! കുഞ്ഞിന്‍റെ ചിരിയുടെ ഭാവമാകട്ടെ കരച്ചിലിന്‍റെ ഒച്ചയാകട്ടെ കിടപ്പിന്‍റെ ചരിവാകട്ടെ...എല്ലാ വശപ്പിശകുകളും അവള്‍ക്ക് മനസിലാകും. പക്ഷേ ഇന്നുവരെ ഈ തൊഴില്‍ മടുത്തിട്ടില്ല..ഓരോ പിറവിയും പിറക്കുന്ന കുഞ്ഞിനോളം പുതുമ തന്നെ.
കാലം പിന്നെയും പോയി .അവള്‍ പേറെടുത്തവര്‍ ജീവിച്ചുമരിച്ചിട്ടും അവള്‍ മരിച്ചില്ല...അവള്‍ക്കൊരു കുഞ്ഞു പോലും പിറന്നുമില്ല. ഒടുവില്‍ ജീവിച്ചു ജീര്‍ണ്ണിച്ചു മരിച്ചപ്പോഴോ...മരിച്ചിട്ടും ഗതികിട്ടാത്ത ആത്മാവായി അവള്‍ ഇന്നും പേറ്റുപുരകള്‍ തോറും അലഞ്ഞു നടക്കുന്നു!
എത്രപേറെടുത്തിട്ടെന്തു കാര്യം? ഒരു പിറവിപോലും നല്കാനായില്ലെങ്കില്‍ ???
നീയന്ധന് വഴികാട്ടി..കുട്ടികള്‍ക്ക് അദ്ധ്യാപകന്‍ ...വൃദ്ധന് താങ്ങ്..പക്ഷേ നീ പഠിപ്പിക്കുന്നതെന്തു കൊണ്ട് നീ പഠിക്കുന്നില്ല?

പ്രഭോ , വിഭോ , മഹാകവേ പ്രണാമം!

വായിക്കരുത്. യാഥാര്‍ത്ഥ്യബോധത്തിനെ വലിച്ചു കീറുന്ന, കാഴ്ചക്കും സദാചാര സങ്കല്പങ്ങള്‍ക്കുമപ്പുറം കണ്ണഞ്ചിപ്പിക്കുന്ന ലോകം തീര്‍ക്കുന്ന ഒരെഴുത്തും വായിക്കരുത്. വാക്കുകള്‍ക്കു രണ്ടില്‍ കൂടുതല്‍ അര്‍ത്ഥങ്ങള്‍ കാണരുത്. ഉണ്ടെന്ന് പറയരുത്. വരികള്‍ വായിക്കുക, വരികള്‍ക്കിടയിലൂടെ അരുത്. എന്നിട്ടതു മനോഹരമെന്നു പറയുക. അതിനിടിയില്‍ മൂകതയെന്നോ, തേങ്ങലെന്നോ, പൊള്ളലെന്നോ പറയരുത്. അവന്‍ സുന്ദരനാണെന്നോ ബോറനാണെന്നോ പറയുക. അവനൊരു രഹസ്യമാണെന്നു പറയരുത്. ചിന്തിക്കുക എഴുതുക. ചിന്തക്കും എഴുത്തിനുമിടയില്‍ ജ്വരം പിടിച്ചവനെപ്പോലെ അലയരുത്. വിശക്കുമ്പോള്‍ ഉണ്ണുക, ദാഹിക്കുമ്പോള്‍ രമിക്കുക. കണ്ണുപതറാന്‍ തുടങ്ങുമ്പോള്‍ ഉറങ്ങുക. അശാന്തമായ രാത്രികളെ വെറുക്കുക. വശ്യമായ കടല്‍ത്തീരങ്ങളിലോ പച്ചപ്പുല്‍മേടുകളിലോ ലാന്‍ഡ്സ്കേപ്പിലേക്കു തുറക്കുന്ന ലോഡ്ജിന്‍റെ ജനാല വരിയിലോ പോയിരുന്നു പുകവിടുക, തെരുവിലരുത്. നഗരത്തിന്‍റെ സോഡിയം വേപ്പര്‍ വെളച്ചത്തിലോ മേല്‍പ്പാലത്തിനടിയിലെ ഇരുട്ടിലോ തങ്ങരുത്.

 അരികിലേക്കു വരുന്നവനെ മുന്‍നിരയിലെ ആറു മേല്‍പ്പല്ലുകള്‍ കാട്ടിച്ചിരിക്കുക. വലിച്ചടുപ്പിക്കുന്ന ഹൃദ്യതയോടെ സംസാരിക്കുക. കലഹിക്കരുത്. ചങ്കിലെ ആശയത്തിനു മുന്നില്‍ മുന്നിലിരിക്കുന്നവന്‍റെ വിടുവായത്തരത്തിനെ തെറിവിളിക്കരുത്. കടതുറന്നപ്പോളാദ്യം കയറിവന്ന കസ്റ്റമറിനെപ്പോലെ നിന്‍റെ തേന്‍ പൊതിഞ്ഞ ചിന്തകള്‍ക്ക് അവന്‍ ബില്ലടക്കുന്നതുവരെ സ്നേഹിക്കുക. വെളുത്ത പേപ്പറുകള്‍ അടുക്കിവച്ച് ശബ്ദതാരാവലിയും വിക്കീപീഡിയയും തുറന്നു വച്ച്, പട്ടിക തിരിച്ച് വിശദാമായിത്തന്നെ രൂപരേക എഴുതിയുണ്ടാക്കി തിരുത്തിയും കുറിച്ചും വാക്കുകള്‍ മാറ്റിയും മറിച്ചും തേച്ചു മിനുക്കി നാളുകളെടുത്തു തന്നെയെഴുതുക. ഒരു ഗസലിലും മാങ്കോസ്റ്റിന്‍ തണലിലും ലയിച്ചിരുന്നുറങ്ങുക. പുഞ്ചിരിച്ചു കൊണ്ടു മാത്രമെഴുന്നേല്‍ക്കാന്‍ കഴിയുന്ന സ്വര്‍ണ്ണ വര്‍ണ്ണമുള്ള സ്വപ്നങ്ങള്‍ കാണുക. ആരെയും വെറുപ്പിക്കാതെ സംസാരിക്കുക. ഉയര്‍ത്താന്‍ കഴിയുന്നവനെ തിരഞ്ഞു പിടിച്ച് അവന് അവന്‍ പോലും കല്‍പ്പിക്കാത്ത പുതിയൊരു മാനം കൊടുത്ത് പുകഴ്ത്തി ഒരു മോഹന പരിവേഷം ചാര്‍ത്തുക. 

വരുന്ന പുരസ്കാരങ്ങളെ ( തീര്‍ച്ചയായും വരും) കുലീനതയോടെ സ്വീകരിച്ച് വല്ലാത്ത എളിമയോടെ മറുപടി പ്രസംഗം നടുത്തുക. ശാന്തമായ ഒരു സായന്തനത്തില്‍ ചമഞ്ഞു കിടന്ന്, പുഞ്ചിരി മുഖത്തു ഫിറ്റ് ചെയ്ത് മരിക്കുക. ചന്ദനമുട്ടിയില്‍ പുകയമ്പോള്‍ ആചാരവെടിക്കാരുടെ ആകാശവെടി കേട്ട് ഞെട്ടിപ്പിടഞ്ഞെണീക്കാതിരിക്കുക. 

തീര്‍ച്ചയായും ഞങ്ങള്‍ പറയാം---, പ്രഭോ , വിഭോ , മഹാകവേ പ്രണാമം! നിങ്ങളൊരു കാലഘട്ടത്തിന്‍റെ ഊര്‍ജ്ജമായിരുന്നു. കാലാതിവര്‍ത്തിയായ എഴുത്തുകാരനായിരുന്നു. നാളത്തെ പ്രകാശമാനമായ പത്രവാര്‍ത്തകളും വരും തലമുറയുടെ പാഠപ്പുസ്തകവും നിങ്ങളാണ്.

ചാവടക്കും വെടിവഴിപാടും കഴിഞ്ഞെങ്കില്‍...മുട്ടിമുഴുവനെരിഞ്ഞു ചാരമായെങ്കില്‍....ഇനി ഞാനൊന്നു കൂവിക്കോട്ടെ.....????

Saturday, 7 December 2013

ഫൗള്‍


വാതില്‍ പഴുതിലൂടെ കുങ്കുമം വാരിവിതറുന്ന ത്രിസന്ധ്യകള്‍ അവനില്ല. പൂര്‍വ്വദിങ് മുഖത്തിങ്കല്‍ സിന്ദൂരപൂരം പൂശി പൂവിനെ ചിരിപ്പിച്ചു വന്നെത്തുന്ന പുലരിയും അവന് അന്യം. പക്ഷേ നാട്ടുകാര്‍ വിളയാടാത്ത ഒരിഞ്ചു സ്ഥലം അവന്‍റെ കുറിയ ശരീരത്തില്‍ മിച്ചമില്ല. രാജേഷ് എന്നാണ് പേരെങ്കിലും നാട്ടുകാര്‍ അവനെ ഫൗള്‍ രാജേഷ് എന്നു വിളിച്ചു.

പഴുതുകള്‍ അവന് ഇഷ്ടമാണ്. അത് താക്കോല്‍ പഴുതുമുതല്‍ വെന്‍റിലേറ്റര്‍ വിടവു വരെ നീളും. കൃത്യമായി കടക്കുന്ന കണ്ണും വഴങ്ങുന്ന കഴുത്തും അവനെ ഫൗളുകളുടെ പ്രിയ തോഴനാക്കി. എത്ര പിടിക്കപ്പെട്ടാലും ഉരിഞ്ഞെറിഞ്ഞു കളയാനാവാത്ത വണ്ണം രക്തത്തിലലിഞ്ഞു ചേര്‍ന്ന ഈ ഉന്മാദത്തഴക്കം പാതിരാവില്‍ നിരതം തുടര്‍ന്നു. ഉരിഞ്ഞ ചേല കണ്ട സ്ത്രീകളുടെ മുമ്പില്‍ തന്നെ ചതഞ്ഞ മുഖവുമായി പിന്‍വാങ്ങുമ്പോഴും കാലത്ത് അവന്‍ ആ തുരുമ്പിച്ച സൈക്കിളില്‍ വന്ന് വഴിക്കവലയില്‍ ആ പെണ്ണിനെയും തല്ലുതന്നവനെയുമെല്ലാം നോക്കി ചിരിക്കും. എന്നിട്ട് ഉന്മാദനെപ്പോലെ ഒഴുകിപ്പറക്കും.

നാട്ടുകാരുടെ തെറിയോ...മണല്‍ക്കാട്ടിടെ കാറ്റിനോളം പോലും തുച്ഛമായി അവനില്‍ എത്ര തഴുകിയിറങ്ങി. പെറ്റമ്മയുടെ കരച്ചിലോ, പെങ്ങളുടെ നാണക്കേടിന്‍റെ നൊമ്പരമോ അവനില്‍ ഒരു ചെറിയ ചിരിയുണര്‍ത്തിയെങ്കിലെയുള്ളൂ. അവനിനി മാറ്റമില്ല, ഇരുന്നുറഞ്ഞാഴ്ന്നുപോയ ഉന്മാദത്തിടമ്പാട്ടത്തിന് ഒടുക്കമില്ല. നമുക്കെന്നും വേണം തരിപ്പു തീര്‍ക്കുവാനും, വാ കഴക്കുവോളം തെറിപറയുവാനും , സ്ത്രീ വര്‍ഗ്ഗത്തിനു കാര്‍ക്കിച്ചു തുപ്പുവാനും, നമുക്കൊന്നു മാന്യനാവാനും ഈ ഫൗള്‍ രാജേഷിനെ. പുറത്തങ്ങനെ പറഞ്ഞാലും ഉള്ളിലവര്‍ പറഞ്ഞു ഇവനു മാറ്റമുണ്ടാകരുത്, ഒരു സാമൂഹ്യ വിരുദ്ധന്‍റെയും ഞെരമ്പു രോഗിയുടെയും നിഴല്‍ നമുക്കൊരു അലങ്കാരമാണ്. നമ്മുടെ പകല്‍മാന്യതകളിലാരും ടോര്‍ച്ചടിക്കാതിരിക്കാന്‍ നമുക്കിപ്പോള്‍ ഇവനെ ടോര്‍ച്ചിനടിക്കാം.

തളിക്കുളത്തമ്പലത്തിലെ ഉത്സവം നടക്കുന്ന മകരമഞ്ഞുള്ള രാത്രികളിലൊന്നിലാണ് അവന്‍ മതിലു ചാടി ഗോവിന്ദന്‍ മാഷിന്‍റെ വീട്ടിറമ്പത്തെത്തിയത്. ഉള്‍വെളിച്ചമുള്ള ജനല്‍ പാളികളിലൂടെ ആര്‍ത്തിയോടെ അവന്‍ ഉരഞ്ഞു നീങ്ങി. യൗവനയുക്തയായ മാഷുടെ മകളുടെ മുറിയാവാമത്. പൊടുന്നനെ ലൈറ്റ് തെളിഞ്ഞതും നാട്ടുകാരുടെ കൂടിച്ചേരലും പതിവു കൈയ്യേറ്റങ്ങളും പകപ്പോടെ കാത്തിരുന്ന അവന്‍റെ തോളത്ത് പതിച്ചത് അക്ഷരത്തഴമ്പുള്ള മാഷുടെ മാര്‍ദ്ദവ കൈകളാണ്.

വീടിന്‍റെ ഉമ്മറവാതിലിലൂടെ മാഷ് അവനെ അകത്തേക്ക് വിളിച്ചിരുത്തി. മേശക്കരുകില്‍ വീട്ടുകാരനെപ്പോലെ അവനിരുന്ന് അത്താഴം കഴിച്ചു കഴിഞ്ഞപ്പോള്‍ മകള്‍ മീനാക്ഷി അവള്‍ക്ക് തളിക്കുളത്തമ്മയുടെ നേര്‍ച്ചയട കൊടുത്തു. അത് വാങ്ങവേ കാമാര്‍ത്തി പരതിയ മനസിലൊരു പെങ്ങള്‍ വാത്സല്യം. ഒടുവില്‍ ഒന്നുമുരിയാടാനാവാതെ പോകാനൊരുങ്ങുമ്പോള്‍ മടിക്കുത്തഴിച്ച് മാഷ് അവനൊരു താക്കോല്‍ കൊടുത്തിട്ട് പറഞ്ഞു ഡ്യൂപ്ലിക്കേറ്റു കീയാ..ഇനി ഞാനില്ലാത്തപ്പോഴാണ് നീ വരുന്നതെങ്കിലോ ...പിന്നാമ്പുറം അകത്തന്നാ പൂട്ടണേ...ഉമ്മറവാതിലിലൂടെ തന്നെ കേറണം....അപസ്മാര രോഗിയുടെ കൈയിലെ താക്കോല്‍ തുരുമ്പ് പോലെ അതവന്‍റെ കൈകളിലിരുന്ന് വിറച്ചു. അതില്‍ ഒരിറ്റു കണ്ണീര്‍ക്കണം ചിതറിത്തിളങ്ങി...

അവനെയാരും പിന്നീട് ഫൗള്‍ രാജേഷ് എന്നു വിളിച്ചില്ല. അവനൊരു ഫൗളും നടത്തിയുമില്ല. പക്ഷേ നാട്ടില്‍ ഫൗളുകള്‍ വീണ്ടുമുണ്ടായി. പിടികൊടുക്കാത്ത മുഖങ്ങളുള്ള ചില സാമൂഹ്യവിരുദ്ധര്‍ എന്ന് സദാചാര വാദികള്‍ പറഞ്ഞു നടക്കുന്നു.

Tuesday, 19 November 2013

നിഴല്‍

*പ്രഭാതം*

വരവ് ഗംഭീരമായിരുന്നു...എന്തൊരു കഴിവാണവന്?
എന്തൊരു മിഴിവാണവന്...?
ക്രിസ്തു മുറിപ്പാടുകളും പേറി ഗ്രാമവീഥിയിലേക്കിറങ്ങി വന്നപോലെ
നമ്മളേക്കാളൊക്കെ എത്രയോ ഉയര്‍ന്നു നില്‍ക്കുന്ന രൂപം?

*മദ്ധ്യാഹ്നം*

കെട്ടിപ്പൊക്കിയതൊക്കെയും തകര്‍ന്നടിഞ്ഞു!
എല്ലാം വെറുതെയായിരുന്നു..ഏച്ചുകെട്ടിയ പുറം പൂച്ചുകള്‍!
നമ്മളാക്കാള്‍ അധമന്‍!..അതിലുമെത്രയോ ഹീനന്‍..
എന്നിട്ടും ഇടയനാണെന്നു പറയുന്നു.
ഇടയന്‍റെ വടിയുടെ നിഴലിനേക്കാള്‍ താഴ്ന്നവന്‍

*സായാഹ്നം*

തെറ്റിപ്പോയി ചങ്ങാതീ, വേദനയോടെ പറയട്ടെ നമ്മള്‍ തെറ്റിദ്ധരിച്ചു!
എന്നിട്ടുമാ മനുഷ്യന്‍ ജീവിച്ചു..അല്ല അതിജീവിച്ചു.
അദ്ദേഹമായിരുന്നു ശരി..എന്തൊരു വലിപ്പമാണാ മനുഷ്യന്..
എന്തുമാത്രം നീളുന്നു ആ കൈകള്‍..ഉന്നതന്‍!

*രാത്രി*

അദ്ദേഹം നമ്മെപ്പോലെ തന്നെ...
ആറടിമാത്രം വലിപ്പം..കൂടുതലുമില്ല കുറവുമില്ല
അഭൗമിക കണ്ണുകളെന്നു നാം പറഞ്ഞു.
എവിടെ? അതടഞ്ഞുതന്നെ പോയി.

*അയാള്‍*

ആരാരാറിഞ്ഞു?
ആരുടെയോ മേല്‍ വെളിച്ചം തട്ടിത്തെറിച്ചു വീണൊരു
നിഴല്‍ മാത്രമായിരുന്നു ഞാനെന്ന്?
അവനോ മാംസരൂപിയായ മനുഷ്യനും
അരൂപിയായ ദൈവവും!

Monday, 18 November 2013

സച്ചിന്‍ ദൈവമല്ല!

 സമയം തെറ്റിയ പോസ്റ്റാണെന്ന് അറിയാം. പക്ഷേ കുഞ്ഞുനാള്‍ മുതല്‍ കൂടെക്കൂടിയ ചില വികാരങ്ങള്‍ ഈ വൈകിയ വേളയിലെങ്കിലും ഇവിടെ കുറിക്കാതെ പോകാന്‍ മനസ് അനുവദിക്കുന്നില്ല.

സച്ചിനെക്കുറിച്ചു തന്നെ!
എന്നും ഇങ്ങനെ തന്നെ ക്രീസില്‍ ഉണ്ടായിരുന്നെങ്കിലെന്നു കൊതിച്ചു പോയ ഒരാള്‍ പടിയിറങ്ങുമ്പോഴുള്ള വേദന തന്നെ. ഇതൊരു താരാരാധനയോ, ദൈവപൂജയോ അല്ല. സച്ചിനെക്കണ്ട് ക്രിക്കറ്റിനെ സ്നേഹിച്ച, അയാളണിയുന്ന ഇളം നീലക്കുപ്പായത്തില്‍ ഇന്ത്യയുടെ ദേശീയത കണ്ടഭിമാനിച്ച പതിനായിരങ്ങളിലൊരാളുടെ കുട്ടിക്കാലത്തിന്‍റെ ഫീലിംഗ്സുകള്‍ മാത്രം.

--മതി സച്ചിന്‍ ഔട്ടായില്ലേ...? ഇനി ടി. വി ഓഫാക്കി കിടന്നുറങ്ങ് എന്ന് മുത്തച്ഛന്മാര്‍ പറഞ്ഞകാലം--#Cf- . ക്രിക്കറ്റെന്നാല്‍ സച്ചിന്‍ എന്നു മാത്രം അറിയാവുന്ന കാലം. ആ അഞ്ചടി അഞ്ചിഞ്ചുകാരനുവേണ്ടിയാണ് ഈ കളിയുണ്ടാക്കിയതെന്നു പോലും തോന്നിയിട്ടുണ്ട്. ഞങ്ങടെ ബാല്യത്തിന്‍റെ ത്രില്ലുകള്‍ നിങ്ങളും കൂടിയായിരുന്നു ഭായി!

ഇന്ന് വെടിക്കെട്ടുകളെത്ര വന്നു. ധോണി, രോഹിത്, കോഹ് ലി, ധവാന്‍. ക്രിസ് ഗെയിലിയന്‍ കാടന്‍ ഷോട്ടുകള്‍ ക്രിക്കറ്റില്‍ പതിവു കാഴ്ചയായപ്പോഴും ഇഷ്ടം സച്ചിനോടു തന്നെ. കാരണം അതൊരു പെരുമഴയായിരുന്നില്ല. ഒരു കവിത പോലെ സൗന്ദര്യമുണ്ടായിരുന്നു ആ ,ഷോട്ടുകള്‍ക്ക്..ഒരു വല നെയ്തു പോകുന്ന പോലെ മനോഹാരിതയുണ്ടായിരുന്നു ആ ശൈലിക്ക്.

ഇന്ന് മാരക സിക്സറുകള്‍ നിത്യ കാഴ്ചായായിട്ടും രണ്ടും മൂന്നും പേരുടെ ഇടയിലൂടെ സച്ചിന്‍ പായിക്കുന്ന ബൗണ്ടറികളോടാണ് സ്നേഹം. അസാമാന്യ ടൈമിംഗില്‍, ക്ലാസിക് ആംഗിളില്‍ പായിക്കുന്ന ആ ബോളുകള്‍ക്കു പിന്നാലെ ബൗണ്ടറിവരെ ഓടുന്ന ഫീല്‍ഡേഴ്സ് ഹരം കൊള്ളിക്കുന്ന ഓര്‍മ്മകളാണ്. ഒരു കളിയില്‍ ഇരുപതും ഇരുപത്തഞ്ചും ബൗണ്ടറികള്‍..നിത്യ കാഴ്ചയായ സെഞ്ചുറികള്‍.... എന്നത്തെയും പോലെ കളി കഴിഞ്ഞ് ''മാന്‍ ഓഫ് ദ മാച്ച്'' നേടി രവിശാസ്ത്രിയുടെ മൈക്കിനു മുന്നില്‍ ചെറു ചിരിയോടെ വിടരുന്ന ആ സ്ത്രൈണ ശബ്ദം കൂടി കേട്ടു കഴിഞ്ഞാലെ ഉറക്കം വരൂ...

ഇന്ന് ഒരു ഓവറിലെ 6 ബോളുകളും സിക്സ് പറത്തുന്നവരുണ്ട്. പക്ഷേ ഓരോ പന്തിനും അത് അര്‍ഹിക്കുന്നതു കൊടുക്കുന്ന നീതിയായിരുന്നു സച്ചിന്‍റെ ക്ലാസിസം. ഷെയ്ന്‍ വോണിന്‍റെ ഡബിള്‍ ടേണിംഗുകളെ, മുരളീധരന്‍റെ ഗുഗ്ലിയെ, മക്ഗ്രാത്തിന്‍റെ ഷോട്ട് പിച്ചുകളെ, ബ്രെറ്റ്ലീയുടെ ബൗണ്‍സുകളെ, ചാമിന്ദവാസിന്‍റെ സ്വിംഗുകളെ, അക്തറിന്‍റെ വേഗതയെ, അക്രത്തിന്‍റെ റിവേഴ്സ് സ്വിംഗിനെ......ഇത്ര മനോഹരമായി നേരിട്ട വേറെ ബാറ്റ്സ്മാനില്ലെന്ന് അവര്‍ തന്നെ സാക്ഷ്യപ്പെടുത്തുമ്പോള്‍...വിക്കറ്റിനു പിന്നില്‍ നില്‍ക്കുന്ന കീപ്പറും, ഗ്രൗണ്ടിലെ ഫീല്‍ഡറും , വിധി നിര്‍ണ്ണയിക്കുന്ന അമ്പയറും വരെ സ്വയം മറന്ന് ആസ്വദിച്ചിരുന്ന കളി..

അഞ്ചടി അഞ്ചിഞ്ചില്‍ നിന്നു കൊണ്ടുള്ള ക്ലാസിക് കവര്‍ ഡ്രൈവുകള്‍...ഒരു നര്‍ത്തകന്‍റെ മെയ് വഴക്കത്തോടെയുള്ള ഓഫ് ഡ്രൈവുകള്‍...സ്ലിപ്പറിന്‍റെ തലക്കു മുകളിലൂടെയുള്ള ബാക്ക്ഫുട്ട് ഷോട്ടുകള്‍...അപ്രതീക്ഷിത സ്വീപ്പുകള്‍...അനിവാര്യമായ സ്റ്റെപ്പ് ഔട്ടുകള്‍...ഇതൊന്നും പോരാഞ്ഞ് ഓരോ കളിയിലും കണ്ടെത്തുന്ന പുതിയ മാജിക്- ഷോട്ടുകള്‍.....

തെറ്റായ തീരുമാനം എന്നറിഞ്ഞിട്ടും അമ്പയറുടെ പൊങ്ങി നില്‍ക്കുന്ന ചൂണ്ടുവിരലിനു മുന്നില്‍ മറുതലിക്കാതെ തലകുനിച്ച് കളം വിടുന്ന മാന്യത...തെറിവിളിച്ചു പ്രകോപിപ്പിക്കുന്ന ബൗളറിനെയും പുഞ്ചിരിയോടെ നോക്കിയിട്ട് അടുത്ത പന്തില്‍ ബാറ്റുകൊണ്ടു മറുപടി പറയുന്ന പക്വത...സ്വന്തം ടീമിന്‍റെ വീഴ്ച കൊണ്ടു പുറത്തായ കളിക്കാരനെ തിരിച്ചു വിളിക്കാനുള്ള ധീരത....ക്രിക്കറ്റ് മാന്യതയുടെ കളിയാണെന്നു കൂടി നീ കാണിച്ചു തന്നു സച്ചിന്‍.....!!!

---- അയാള്‍ സെഞ്ചുറിക്കു വേണ്ടിയാണ് കളിക്കുന്നത്.
---- സച്ചിന്‍ സെഞ്ചുറിയടിച്ചാല്‍ ഇന്ത്യ കളി തോല്‍ക്കും.
----- വിരമിക്കാറായിട്ടും കടിച്ചു തൂങ്ങി കിടക്കുന്നു.
----- പുതുമുഖങ്ങളുടെ വഴി തടയുന്നു.

അപ്രതീക്ഷിതമായ ആരോപണങ്ങള്‍ ജീവിതത്തില്‍ പൊന്തി വരുമ്പോള്‍ മനുഷ്യര്‍ ചെയ്യുന്നത് രണ്ടു കാര്യങ്ങളാണ്. ഒന്ന്- പ്രതിഷേധത്തിന്‍റെ മുറവിളി കൂട്ടി മറുതലിക്കുക, അല്ലെങ്കില്‍ കീഴടങ്ങലിന്‍റെ വിധേയത്വ ഭാവം കാണിച്ച് അടിയറവു പറയുക. പക്ഷേ ഇതിനു രണ്ടിനുമിടയില്‍ ചെയ്യുന്ന കാര്യത്തോട് ആത്മാര്‍ത്ഥത പുലര്‍ത്തുക മാത്രം ചെയ്യുക എന്ന നിലപാടാണ് ശ്രേഷ്ഠമെന്ന് അയാള്‍ ജീവിതം കൊണ്ട് കാണിച്ചു തന്നു.

ഇന്നലെ കളത്തിലിറങ്ങിയ താരങ്ങള്‍ കോഴപ്പണം കണ്ട് കണ്ണ് മഞ്ഞളിച്ചപ്പോഴും...കളികഴിഞ്ഞ് പബ്ബിലും ബാറിലും കറങ്ങുമ്പോഴും മണിക്കൂറുകള്‍ നെറ്റില്‍ പ്രാക്ടീസ് ചെയ്യുന്ന ആ കുറിയ മനുഷ്യന്‍ ജീവിതത്തില്‍ ഒന്നിനോടു മാത്രം പ്രണയത്തിലായവനാണ്.---ക്രിക്കറ്റ്---- പ്രണയമെന്നാല്‍ ഒന്നിനോടു തോന്നുന്ന Passionate Love ആണല്ലോ..!! ഇന്നും 89- ല്‍ കറാച്ചി സ്റ്റേഡിയത്തില്‍ വഖാര്‍ യൂണിസിന്‍റെ പന്ത് നേരിടാന്‍ നില്‍ക്കുന്ന ആ പതിനാറുകാരന്‍റെ പുതുമയാണ് അയാള്‍ക്ക് ക്രിക്കറ്റ്.!!!

സച്ചിന്‍! ...നിങ്ങള്‍ക്ക് ക്രിക്കറ്റ് അവസാനിപ്പിക്കാന്‍ മനസുണ്ടായിട്ടല്ല എന്നറിയാം...
നിങ്ങളെ ദൈവമെന്നു വിളിക്കുന്നവരുണ്ട്...
അതുകൊണ്ടു തന്നെ നിങ്ങളോടു പുറം തിരിഞ്ഞു നില്‍ക്കുന്നവരുമുണ്ട്.

സച്ചിന്‍...നിങ്ങള്‍ ദൈവമല്ല! മനുഷ്യനാണ്
പക്ഷേ മനുഷ്യനെ മാലാഖയാക്കുന്നത് വിനയമാണെന്നും മനുഷ്യ ജീവിതത്തെ ശ്രേഷ്ഠമാക്കുന്നത് അതിനോടു കാണിക്കുന്ന ആത്മാര്‍ത്ഥതയാണെന്നും ജീവിതം കൊണ്ട് പഠിപ്പിക്കുന്നു.!!!

-----നിങ്ങള്‍ ആത്മസമര്‍പ്പണമുള്ള ഒരു കളിക്കാരന്‍ മാത്രം !!!! ------

— feeling സച്ചിന്‍ ഫോമിലാകുന്ന ദിവസം പനിപിടച്ചിരുന്ന ഒരു സ്കൂള്‍ കാലം എനിക്കുമുണ്ടായിരുന്നു.

Tuesday, 5 November 2013

ചോരകള്‍ ഇനി വീഞ്ഞാകുമോ???

ദൈവം വെള്ളത്തെ വീഞ്ഞാക്കി!

വീഞ്ഞാകാന്‍ ധൈര്യമില്ലാത്ത വെള്ളമെല്ലാം
വിനാഗിരിയായി പര്യവസാനിക്കുന്നു.

വധുവായി തുടരാന്‍ മെനക്കെടാത്ത
വിധവ വെപ്പാട്ടിയായി കലാശിക്കുന്നു

കവിതയാവാന്‍ തുനിയാത്ത അക്ഷരങ്ങള്‍
തമ്മില്‍ കലഹിച്ചു തെറിയായി ചിതറുന്നു

പിതാവാകന്‍ ഒരിക്കലും കഴിയാത്തവന്‍
പാതകനായി ചോരയിറ്റിക്കുന്നു!

കുഞ്ഞേ,

അവര്‍ക്കു നീ മകളായിരുന്നില്ല
മാംസമായിരുന്നു.
അടുപ്പിലേക്കെടുക്കും മുമ്പേ
വെന്തെന്നും പറഞ്ഞു പച്ചക്കു തിന്നു.

ദൈവമേ എന്നാണിനി നീ
ചോര വീഞ്ഞാക്കുന്നത്?

Wednesday, 30 October 2013

നീയെന്നെ പ്രണയിക്കുകയായിരുന്നു.

നിന്‍റെ നോട്ടത്തിലെ അര്‍ദ്ധവിരാമത്തിനും നിന്‍റെ ശരീരത്തിലെ ആര്‍ത്തവവിരാമത്തിനുമിടയിലെ ദൂരം മാത്രമായിരുന്നു എന്‍റെ പ്രണയം. എന്നിട്ടും നീ ചോദിച്ചോണ്ടിരുന്നു ''എന്നെ ഇഷ്ടാണോ....??'' ദാഹം തീര്‍ക്കാന്‍ ഞാന്‍ പറഞ്ഞോണ്ടിരുന്നു..''പിന്നേ...''. അപ്പോ നീ പിന്നേം ''എന്തോരം??.''. അപ്പോ ഞാന്‍ ക്ഷമകെട്ടിട്ടും ചിരികാണിച്ചോണ്ട് ''കടലോളം..മഴയോളം...''.( ഒന്നു കിടക്കയില്‍ കിട്ടാന്‍ ഇനിയുമെന്തോരം എന്നു ഞാന്‍ ചിരിച്ചു) എന്നു പറഞ്ഞൊപ്പിച്ചു കിടക്കയിലേക്കു വലിച്ചിട്ടു. നിനക്കപ്പോഴും എന്‍റെ നെഞ്ചില്‍ വെറുതെ കിടക്കണം. എനിക്കാണേല്‍ ചൊറിഞ്ഞു.എല്ലാ കഴിഞ്ഞൊരുവിധം ഞാന്‍ തളര്‍ന്നു കിടന്നുറങ്ങാന്‍ തുടങ്ങുമ്പോ നിനക്കെന്‍റെ തലോടലു വേണം...മാങ്ങ..നിനക്കു വല്ലാത്ത ചൊറിച്ചിലാണ്! എന്‍റെ പരാക്രമം കൊണ്ട് നീ എട്ടെണ്ണം പെറ്റുകൂട്ടി. എട്ടാമത്തേതിനെ പെറ്റിട്ട് നീ ചോരവാര്‍ത്തു മരിക്കാന്‍ നേരവും ചോദിച്ചു..''എന്നെ ഇഷ്ടാണോ??''- ''ഉം''...'' എന്തോരം???''. ഇന്ന് എട്ടും കൈയ്യൊഴിഞ്ഞ് ഗുരുവായൂരമ്പലക്കോണില്‍ ആരും തിരിഞ്ഞുനോക്കാനില്ലാത്ത എനിക്കു ചിരച്ചുകൊണ്ട് ഒരു വാഴിലക്കീറില്‍ പായസം കൊണ്ടു തന്നിട്ടു കുണുങ്ങിപ്പോകുന്ന ഇന്നത്തെ പിറന്നാള്‍ കണ്‍മണിയെക്കണ്ടപ്പോള്‍ എനിക്കു മനസിലാവുന്നുണ്ടു പ്രിയേ നിന്‍റെ ചോദ്യം. ''എന്നെ ഇഷ്ടാണോ? എന്തോരം?'' .....നീയെന്നെ പ്രണയിക്കുകയായിരുന്നു.

Monday, 28 October 2013

ഗുരുവും പിന്നെ കുരുവും!



ഞാനും നിധിനും കൂടി 20-ാമത്തെ വയിസിലൂടെ നടക്കുകയായിരുന്നു. ഞങ്ങള്‍ തളര്‍ന്നിരുന്നു. നോക്കുമ്പോള്‍ ഒരേ വഴിക്കിരുവ‍ശത്തായി രണ്ടു വീടുകള്‍. ഒന്നിന്‍റെ ഉത്തരത്തില്‍ ''സംരക്ഷണം'' എന്നും മറ്റേതിന്‍റെ വാതില്‍ക്കല്‍ ''സ്വാതന്ത്ര്യമെന്നും'' രണ്ടു Name Board - കള്‍. വീട്ടു പടിക്കല്‍ ഓരോ ഗുരുക്കന്മാരും. നിധിന്‍ എന്നെ നോക്കി. ഇരുപതു വയസുകാരനായ എനിക്ക് രണ്ടാമതൊന്ന് ആലോചിക്കാനുണ്ടായിരുന്നില്ല. നേരെ ''സ്വാതന്ത്ര്യ''മെന്ന വീടിനു നേരെ വച്ചു പിടിച്ചു. അവന്‍ ''സംരക്ഷണം'' എന്നെഴുതിയ വീട്ടിലേക്കും.

അവന്‍റെ വീടിനു മുന്നില്‍ മുള്ളുവേലിയും കമ്പിവേലിയും പിന്നെ ഇലക്ട്രിക് സെക്യൂരിറ്റി ഗെയിറ്റും. എന്‍റെ വീട് കള്ളനും കാറ്റിനും കേറിയിറങ്ങി പോകാവുന്നത്ര വിധം തുറന്നു മലത്തിയിട്ടിരിക്കുന്നു. ചെന്നയുടനെ പുതിയ ഉടുപ്പ് ഇടീച്ച്, പുതിയ ചെരിപ്പ് ഇടീച്ച് , നെറുകയില്‍ ചുംബിച്ച് ഗുരു അവനെ അകത്തേക്കു കേറ്റി. എന്‍റെ ഗുരു എനിക്കൊരു ഗ്ലാസ് പച്ചവെള്ളം തന്നു. ( അതായിരുന്നു എനിക്കപ്പോള്‍ വേണ്ടിയിരുന്നതും!)

അവനെന്നും ചിട്ടപ്പടി ക്ലാസുകള്‍, നിയമങ്ങള്‍, നല്ല ഭക്ഷണം. എന്നെങ്കിലുമൊരിക്കല്‍ പുറത്തേക്കു പോയാല്‍ ഗുരു അവന് Root Map - കൊടുക്കും. അലൂമിനിയം ഫോയിലില്‍ പൊതിഞ്ഞ പൊതിച്ചോറു കൊടുക്കും. വഴിയില്‍ സഹായിക്കാനുള്ളവരുടെ ഫോണ്‍ നമ്പര്‍ കൊടുക്കും. ഗുരു അവന്‍റെ Birthday കൃത്യം ഓര്‍ത്തു wish ചെയ്യുന്നു. ദൂരയാത്രയില്‍ ട്രെയിനിലിരുന്നു പോലും കത്തെഴുതുന്നു. പനിക്കിടക്കയില്‍ കൂട്ടിരിക്കുന്നു.

എന്‍റെ ഗുരുവിനെ വല്ലപ്പോഴും മാത്രം ഞാന്‍ കാണും. വന്നാലൊരു നോട്ടം, ഒരു ചുമ, ഒരു ചിരി ഇത്രയൊക്കയേയുള്ളൂ. വന്നനാളില്‍ ഒന്നു മാത്രം പറഞ്ഞു.- ആവുന്നത്ര സ്വാതന്ത്ര്യത്തോടെ ജീവിക്കുക, കടമകളൊന്നും മറക്കാതെ തന്നെ!. ഞാന്‍ വിശന്നു വലഞ്ഞു. തെരുവിലലഞ്ഞു. പലപ്പോഴും തെണ്ടിത്തിന്നു. പനിച്ചു കുരച്ച് ജ്വരംപിടിച്ച് വഴിക്കവലയില്‍ കിടന്നു. എന്നെത്തന്നെ വെറുത്തു. എന്നോടു കലഹിച്ചു. ആരെയൊക്കെയോ സ്നേഹിച്ചു. എന്നാലും കാറ്റും വെളിച്ചവും കേറുന്ന ആ വീടിനെ സ്നേഹിച്ചു. അതില്‍ മലന്നു കിടന്നുറങ്ങി. അങ്ങനെ കിടന്നൊരു വൈകുന്നേരം ഗുരു കയറി വന്നു. ആദ്യമായും അവസാനമായും എന്നെ ചേര്‍ത്തു പിടിച്ചു നിറുകയില്‍ ചുംബിച്ചിട്ടു പറഞ്ഞു - ''നീ ഗുരു ആയിരിക്കുന്നു.!'' എന്നിട്ട് എങ്ങോ പോയി. പിന്നെ വന്നില്ല.....''ഞാന്‍ ഗുരുവായിരിക്കുന്നു''.!

ഞാന്‍ അവനെത്തേടിച്ചെന്നു. ചത്തുപോയ അവന്‍റെ ഗുരുവിന്‍റെ ഫോട്ടോയുടെ മുമ്പില്‍ തിരി കത്തിച്ചു വച്ച്....ചത്തു കഴിഞ്ഞ് പറഞ്ഞു കൊടുക്കാന്‍ ഗുരുവെഴുതി വച്ച നിയമസംഹിതയും വിക്കിപീഡിയയും തുറന്നുവച്ച് അവന്‍ ഗുരുനാമ കീര്‍ത്തനം പാടുന്നു. കൂടെ പേടിച്ചരണ്ട കണ്ണുകളുള്ള കുറേ ശിഷ്യരും. ഞാന്‍ ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിച്ചു.സ്നേഹത്തോടെ ആശ്ലേഷിക്കുന്നതിനിടയില്‍ അവന്‍റെ മുതുകത്തു കൂടി കൈയ്യോടിച്ചു. സത്യം! നടുവിനിടയിലൂലടെ പോകുന്ന ആ കട്ടിയുള്ള സാധനം അവിടില്ലായിരുന്നു. അവിടെ പഴുത്തു പൊട്ടാറായ ഒരു കുരു മാത്രം..!!

Sunday, 20 October 2013

TRINITY

രഹസ്യങ്ങളെ സ്നേഹിക്കുക,
നിഗൂഢതകളെ ബഹുമാനിക്കുക.
അറിയാന്‍ പറ്റാത്തതെല്ലാം പാഴ്ക്കൂനകളാണെന്നു വിധിക്കാതിരിക്കുക.

അറിയരുത്..അറിയുന്തോറും ആഴം കൂടും, ആഴത്തോളം അവ്യക്തവും. കിട്ടിപ്പോയി എന്നും പറഞ്ഞ് ഓടിപ്പിടഞ്ഞെത്തി കൈവെള്ളയിലെടുക്കുമ്പൊഴേക്കും ഉരുകിക്കഴിഞ്ഞിട്ടുണ്ടാകുന്ന ഒരു മഞ്ഞുതുള്ളിയാണത്. അറിയാന്‍ പറ്റുന്നില്ലെങ്കില്‍ അതു നെറികേടാവില്ല ( കാരണം നെറികേടുകളും മണ്ടത്തരങ്ങളും മറഞ്ഞിരിക്കില്ല- നിത്യകാലം.). അതു മുഴുവന്‍ പൊതിഞ്ഞു കെട്ടിയ സ്നേഹം മാത്രമായിരിക്കും. അതിലേക്കിറങ്ങിയാലോ?? മത്സ്യം ജലത്തിലെന്നപോലെ അവനതിലാവും പരപ്പറിയാതെ.

അതൊരു കഠിനകഠോര കീറാമുട്ടിയല്ല. ഒരു കുഞ്ഞിന്‍റെ ചിരിപോലെ ലളിതമായ നിഗൂഢത. ഒരു പൂമൊട്ടു വിടര്‍ത്തുന്നത്ര കരുത്ത്.

ഇതൊരു കവിതക്കു പറ്റിയ വിഷയമാണ്.
ബുദ്ധിക്കു പറ്റില്ല

അല്ലെങ്കിലും ലോകത്തിലെ ഏറ്റവും വലിയ ബുദ്ധിമാന്‍ ഒരു കവിയാണല്ലോ.... 

Tuesday, 15 October 2013

നൈറ്റ് കോള്‍



റിലയന്‍സിന്‍റേതാണ് ഓഫര്‍. 69 രൂപയുടെ ഈസി റീചാര്‍ജില്‍ റിലയന്‍സ് ടു റിലയന്‍സ് നൈറ്റ് കോള്‍ ഫ്രീ. അതും രാത്രി 11 മുതല്‍ രാവിലെ  6  വരെയുള്ള  7 മണിക്കൂറുകള്‍. ആശയം അവളുടേതായിരുന്നു. പിന്നെ ആലോചിക്കാന്‍ നിന്നില്ല. വൈകുന്നേരം തന്നെ പുതിയ സിം എടുത്തു. റീചാര്‍ജും ചെയ്തു. കമിതാക്കളോടു
ള്ള, അതും രാത്രി പ്രിയ കമിതാക്കളോടുള്ള റിലയന്‍സിന്‍റെ ഉദാത്ത കരുതലിനെ ഉള്ളില്‍ വാഴ്ത്തുകയായിരുന്നു. അമ്മ കിടന്നു. സമാധാനം!

ആര്‍ത്തിയോടെ ഞാനെന്‍റെ മുറിയിലേക്കു കേറി. വാതില്‍ ചേര്‍ത്തു കുറ്റിയിട്ടു. ജനലും കൊളുത്തിട്ടു. ഹെലികോപ്ടറിന്‍റെ ശബ്ദ സൗകുമാര്യമുള്ള ഫാന്‍ ഫുള്‍ സ്പീഡിലിട്ടതോടു കൂടി സംഗതി സെയ്ഫ്! ഇനി മഴ പെയ്താലെന്ത്? ഇടിവെട്ടിയാലെന്ത്? ഞാനും അവളും മാത്രമുള്ള ഏകാന്തത. പുതപ്പ് വലിച്ചിട്ടു. ഹെഡ്സെറ്റ് ചെവിയില്‍ തിരുകി. സംസാരം തുടങ്ങി. ഇരു ശരീരങ്ങളുടെ ഒടുങ്ങാത്ത ജിജ്ഞാസ. അടങ്ങാത്ത സംശയങ്ങള്‍. പ്രണയവും കാമവും നിറഞ്ഞ മനസിന് ഇതു ശമന രാത്രി. ചോദിക്കാന്‍ മടിച്ച് മനക്കോണില്‍ ഒതുക്കിയതെല്ലാം സ്വതന്ത്രമായി വിഹരിക്കുന്ന രാത്രി. നിര്‍ലജ്ജിതയായി അങ്ങേത്തലക്കല്‍ അവളുടെ കിളിമൊഴി.

അല്ല! എന്തിനു നാണിക്കണം? രാത്രിയുടെ മറ, പുതപ്പിന്‍റെ കോട്ടിംഗ്, ഹെഡ്സെറ്റിന്‍റെ സ്വകാര്യത - ഇത്രയുമുള്ളപ്പോള്‍. അര്‍ത്ഥവത്തായ പേരു തന്നെ '' റി- ല -യ - ന്‍ -സ് ''. അല്ലെങ്കില്‍ തന്നെ ശബ്ദങ്ങളെന്തിനു നാണിക്കണം ?

അങ്ങേത്തലക്കലുള്ള അവളുടെ കാര്യമാണ് അതിലും രസം. ഉത്തര കര്‍ണ്ണാടകത്തിലെ ചൂടുള്ള വേനല്‍ രാത്രിയില്‍, ഇരുപതു പേരുറങ്ങുന്ന ഹോസ്റ്റല്‍ മുറിയില്‍ മൂന്നു പുതപ്പുകള്‍ക്കുള്ളില്‍ വിയര്‍ത്തു കുളിച്ചു വിളിക്കുന്ന അവളുടെ ത്യാഗം ! - ഹോ! ഇതാണ് സ്നേഹം !

ഒരുപാടു പറഞ്ഞു. പറയാന്‍ കരുതിയതൊന്നുമല്ല പറഞ്ഞത്. പക്ഷേ പറയേണ്ടതെല്ലാം പറഞ്ഞു. പറയരുതാത്തതും പറഞ്ഞു. പറഞ്ഞിട്ടും പറഞ്ഞിട്ടും മതിവരുന്നില്ല.  എന്തു സ്വാതന്ത്ര്യം ? എന്തൊരു തുറവി? ഏഴു മണിക്കൂറുകള്‍ ഏഴു യുഗങ്ങള്‍ പോലെ. കൊതി തീരാതെ, മതി വരാതെ കാലത്ത് ആറു മണിക്ക് ഗുഡ്നൈറ്റ് പറഞ്ഞു ഫോണ്‍ കട്ടു ചെയ്തു. അങ്ങേത്തലക്കല്‍ അവള്‍ ചാഞ്ഞുറങ്ങി. പറഞ്ഞതൊക്കെ ഒന്നോര്‍ത്തെുക്കാന്‍ ഞാന്‍ നോക്കി. ഒന്നും കൃത്യമായി ഓര്‍ത്തെടുക്കാനാവുന്നില്ല. പക്ഷേ ഒരുപാടു പറഞ്ഞു. അമ്പാനി മക്കളുടെ അകമഴിഞ്ഞ സേവനത്തെ വീണ്ടും നന്ദിയോടെ ഓര്‍ത്തുകൊണ്ട് രാവിലെ വാതില്‍ തുറന്നപ്പോഴാണറിഞ്ഞത് അമ്മ മരിച്ചിരിക്കുന്നു! ! ! തൊട്ടപ്പുറത്തെ മുറിയില്‍. ഉള്ളിലൊരു ആളല്‍!! ''ദൈവമേ എത്ര പ്രാവശ്യം എന്നെ വിളിച്ചു കാണും??'' -- മുറിയിലെ ഹെലികോപ്ടറപ്പോഴും ലാന്‍ഡ് ചെയ്തിരുന്നില്ല.

Friday, 11 October 2013

ക്ഷുഭിതന്‍



സാധാരണ കഥകളിലേതു പോലെ വല്യ വെറയ്റ്റിയോ, ഉഴപ്പിയാലും അലമ്പിയാലും കുടിച്ചാലും ദ്രവിക്കാത്ത മാരക ഇന്‍റലിജന്‍റ്സോ ഇല്ലാത്ത 10- B യിലെ നടുബഞ്ചില്‍  X2=-b±x=(-b±√(b^2-4ac))/2a - യുടെ ഡിഫറന്‍സിയേഷന്‍ കണ്ടെത്താന്‍ ഊത്തലുപിടിച്ച് പേനയുടെ മൂട് ചപ്പിച്ചതയ്ക്കുന്ന സാധാരണക്കാരനായ നായകന്‍. വായനാ വിരോധിയായിരുന്നെങ്കിലും ലഹരി കണ്ടെത്തിക്കഴിഞ്ഞപ്പോള്‍ സ്കൂള്‍ ലൈബ്രറിയിലെ, അലഞ്ഞു പാടിയ വിപ്ലവ നായകരുടെ വരികള്‍ക്കു പിന്നാലെ ഇരട്ടവാലന്‍റെ മുമ്പേ അവന്‍ വച്ചുപിടിച്ചു. കൂരയും കുടിയും വേണ്ടാതെ കഞ്ചാവിലും കള്ളിലും തെരുവിന്‍റെ കോണിലും ബ്രില്ല്യന്‍സ് കാണിച്ചു 80 - കളിലെ അരാജക ചേട്ടന്മാരെ ചെക്കനങ്ങു പിടിച്ചു. ക്ഷുഭിത യൗവ്വനം കുടിച്ചിട്ടു പോയ സോഡിയം വേപ്പര്‍ രാത്രികളുടെ മഞ്ഞനീര്‍ മോന്തിക്കുടിക്കുവാന്‍ രാത്രികളില്‍ അവന്‍ ഇറങ്ങി നടക്കാന്‍ തുടങ്ങി. പടിക്കലെത്തിയ SSLC - ക്കായി '' TALENT'' ട്യൂഷന്‍ സെന്‍റര്‍ നടത്തിയ നൈറ്റ് ക്ലാസുകളുടെ മറവില്‍ അതാരും പക്ഷേ കണ്ടില്ല. എന്നാല്‍ അറ്റന്‍റന്‍സുകള്‍ നെടുകെ കുറയുകയും അലച്ചിലുകള്‍ കുത്തനെ കൂടുകയും മാര്‍ക്കുകളില്‍ വരള്‍ച്ച വരികയും ചെയ്ത പ്ലസ്ടു നാളില്‍ അവന്‍ നോട്ടപ്പുള്ളിയായി. മഞ്ഞപ്രോഗ്രസ് കാര്‍ഡുമായി നില്‍ക്കുന്ന അച്ഛനോടു ക്ലാസ് ടീച്ചര്‍ പറഞ്ഞു- ''ചെറുക്കന്‍ മാറിത്തുടങ്ങി...! ആളിവിടെയൊന്നുമല്ല...ഉണ്ടേലും മറ്റേതോ ലോകത്താണ്..''

ഒരു പബ്ലിക് സ്കൂളിന്‍റെ ടൈയും ടൈറ്റുമുള്ള യൂണിഫോമില്‍ അവന്‍ ഒതുങ്ങാതെ വന്നു. പഴഞ്ചന്‍ ക്ലീഷേ ഇഷ്ടമായിട്ടല്ല, ബോധപൂര്‍വ്വം അവനൊന്നും ചെയ്തതുമല്ല, അവനെത്തന്നെ മറക്കാന്‍ തുടങ്ങിയതു കൊണ്ട് അവന്‍റെ മുഖത്തെ മറന്ന് താടിരോമങ്ങളും വളര്‍ന്നു തൂങ്ങി. പക്ഷേ പോക്കു കണ്ടു നാട്ടുകാര്‍ പറഞ്ഞു -'' അച്ഛന്‍ ധര്‍മ്മിഷ്ടനാ.., അമ്മയാണെങ്കില്‍ സ്കൂള്‍ ടീച്ചറും!, നല്ലൊരു പെണ്‍കൊച്ചാ ആ പെങ്ങള്.. ഇവന്‍ മാത്രമെന്താ ഇങ്ങനെ ???''

അവനൊരു ഒറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. തന്‍റെ ഹീറോയായ ജോണ്‍ എബ്രാഹമിനെപ്പോലെ ഒരു പാരപ്പറ്റില്‍ നിന്നും പറന്നുവീണു മരിക്കണം....! അനാഥനായി മോര്‍ച്ചറിയില്‍ കിടക്കണം..! പക്ഷേ അതിനുമുമ്പ് ശവങ്ങളുടെ വസന്തങ്ങള്‍ തീര്‍ക്കണ്ടേ ?

മാന്യനായ അച്ഛന്‍ ഇപ്പോ തലകുനിച്ചാണോ കുട ചൂടുന്നത് ? അമ്മ പിള്ളേരെ പഠിപ്പിക്കുമ്പോള്‍ മറുചോദ്യം പേടിക്കുന്നുണ്ടോ?  ഇതൊന്നും അവന്‍റെ മനസിലേ ഉദിച്ചില്ല. ക്യാമ്പസില്‍ കവി ലുക്ക് കണ്ടിട്ടാകണം കവിത ചൊല്ലാന്‍ ചാന്‍സ് കിട്ടിയത്. ചുള്ളിക്കാടിന്‍റെ പരുക്കന്‍ സ്വരമുണ്ട് പക്ഷേ കവിതയ്ക്ക് കാമ്പില്ലെന്നു പറഞ്ഞ് ഒറ്റച്ചൊല്ലിനു ശേഷം പറഞ്ഞു വിട്ടു. 'വെട്ടിക്കണ്ടിച്ച കവി'യെന്ന പേരും.!

ഫ്രീക്കന്‍ പിള്ളേരുടെ പബ്ബുകളിലവന്‍ കേറിയില്ല. ചാരായം മതി. ചാരായം വംശനാശത്തിലായതു കൊണ്ട് ഏതോ മൂത്ത നാടന്‍ കൊണ്ട് ഒപ്പിച്ചു. ക്ഷുഭിതര്‍ പോയി മറഞ്ഞിട്ടും അതിന്‍റെ ചൊരുക്കു മാറാത്ത അറുപതു കഴിഞ്ഞ കഥപറച്ചിലുകാര്‍ ( അയവിറക്കലുകാര്‍) കൂട്ടുകാരായി. ചെഗുവേരയുടെ ചുരുട്ടും , ഹരിദ്വാറിലെ ചരസ്സും കൊണ്ട് ജ്വരം പിടിച്ചു കഴിഞ്ഞപ്പോള്‍ മഹാരഥന്മാരുടെ പൂനെയിലെത്തി ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ആപ്ലിക്കേഷന്‍ വാങ്ങി. ഇന്‍റര്‍വ്യൂവിന് മുഖത്തു നോക്കി അവര്‍ പറഞ്ഞു- ലുക്കുണ്ട്, സ്റ്റഫില്ല!!! ----അവന്മാരുടെയൊക്കെ അപ്പന് വിളിച്ചിട്ട് അവന്‍ ഇറങ്ങിപ്പോന്നു...തനി ജോണ്‍ സ്റ്റൈലില്‍. മൂരാച്ചികള്‍ മൂരാച്ചികള്‍ ....കലയുടെ കുത്തക ബൂര്‍ഷ്വാസികള്‍!..ജോണുണ്ടായിരുന്നെങ്കില്‍ നിന്നെയൊന്നും വച്ചു പൊറുപ്പിക്കില്ലായിരുന്നു..പരട്ടകള്‍..!!

ജോണ്‍ സിനിമയിലെ ഹരിയെപ്പോലെ ഒരു ചുരിക കൊണ്ട് അവന്‍ കുത്തിക്കീറിയത് മൃദംഗമായിരുന്നില്ല ..അവനെത്തന്നെയായിരുന്നു. പക്ഷേ ഇവന്‍റെ കൈവിരലുകള്‍ ആരും ചതച്ചിരുന്നില്ലെങ്കിലും. അവന് ആത്മഹത്യ ചെയ്യാന്‍ കഴിയുമായിരുന്നില്ല. കാരണം അവനിലെ അവന്‍ എന്നേ ചത്തു. അറവുമാടിന്‍റേതു പോലുള്ള യാതനാ രാത്രികള്‍ അവനുണ്ടായില്ല, ഉള്ളില്‍ കലയില്ലായിരുന്നു. ഒരിടത്തും അവന്‍ വിപ്ലവമുണ്ടാക്കിയില്ല. ഏതു നാട്ടില്‍ ചെന്നാലും ചുറ്റും കൂടാന്‍ ചങ്ങായികളുമുണ്ടായില്ല . കേറ്റിയ മരുന്നിന് ബില്ലടക്കാന്‍ കാശുമില്ല. ''നിനക്കൊക്കെ എന്തിന്‍റെ കേടാടാ...കിളുന്തു പ്രായത്തിലേ മോന്തിക്കുടിച്ചോ..നോക്കാന്‍ തന്തേം തള്ളേമൊന്നുമില്ലേ?'' ----- ചെറുപ്രായത്തിലെ കരളു കരിഞ്ഞ കുറ്റത്തിന് സര്‍ക്കാരാശുപത്രി വരാന്തയില്‍ തടിച്ചി നേഴ്സിന്‍റെ ചൊറിച്ചില്‍ കേട്ടപ്പോഴാണ് ജോണിന്‍റെ - 'അമ്മയറിയാന്‍' ഓര്‍ത്തത്., പിന്നെ സ്വന്തം അമ്മയേയും! 

ഒരു വിപ്ലവകാരിയുടെ ജീവിതം അവന്‍റെ അമ്മയോടു തുറന്നു പറയാന്‍ കഴിഞ്ഞാല്‍ അവന്‍ സുരക്ഷിതനാണ്. അമ്മയോട് എല്ലാം തുറന്നു പറയാനുള്ള യാത്രയാണാ സിനിമ. ''എങ്ങും കുരുതികളാണമ്മേ...'' എന്ന് പറഞ്ഞു കരഞ്ഞു കൊണ്ട് എനിക്കാ പാദത്തിലേക്ക് ഓടിവീഴണം. ... ഗ്ലൂക്കോസു കുപ്പി വലിച്ചു പൊട്ടിച്ചു കൊണ്ടു പിടഞ്ഞെണീറ്റു. പിന്നെയമാന്തിച്ചില്ല ശരവേഗത്തില്‍ യാത്രയൊക്കെയും തിരിച്ചു താണ്ടി. അമ്മേ..ഞാനിതാ വരുന്നു....ഞാന്‍ കുടിച്ചു വറ്റിച്ച നിന്‍റെ കണ്ണീരുകളൊക്കെയും മടക്കിത്തരാന്‍..! നെഞ്ചുവിരിച്ചു നടന്നിരുന്നാ അച്ഛാ ഞാന്‍ വരുന്നു..ഞാന്‍ ക്ഷതമേല്‍പ്പിച്ച ആത്മാഭിമാനം വച്ചു കെട്ടി..നാട്ടു വഴിയിലെ നടപ്പിന് ഊന്നാകുന്ന മറ്റൊരു കുടയാകാന്‍... കുഞ്ഞു പെങ്ങളേ നിന്‍റെയേട്ടനിതാ വരുന്നു....ഒരു കല്ലുമാലു പോലും തരാനില്ലാതെ... ഒരാങ്ങളയുടെ കാവലും കരുതലും മാത്രം കൈമുതലായി നിന്‍റെ പൊന്നേട്ടനിതാ വരുന്നു. !!

ഓടിവന്നു കേറിയ ഉമ്മറക്കോലായില്‍ ചാരു കസേരയില്‍ അച്ഛനെക്കണ്ടില്ല. മുറ്റത്തു കാറും കണ്ടില്ല. ''അമ്മേ...''.യെന്നു വിളിച്ചു കതകു തുറന്നകത്തേക്കു കയറിയപ്പോള്‍ ചെറിയമ്മയുടെ തുടയില്‍ നിന്നും പരിഭ്രാന്തനായി പിടഞ്ഞെണീക്കുന്ന അച്ഛന്‍. മുഖം മറച്ച് ചെറിയമ്മ. അമ്മേ...യെന്ന വിളി അച്ഛാ...യെന്നവസാനിച്ചു. ഒരു ചരസ്സും തരാത്ത ചൊരുക്ക് അന്നേരം തലയിലേക്കു ഇരച്ചു കയറി. ഒരു വാക്കു പോലും ഉരിയാടാന്‍ അവകാശമില്ലാത്തവനായി മരവിച്ചവനായി തിരിച്ചിറങ്ങി. അമ്മയേയും അനിയത്തിയേയും കാണാഞ്ഞ് വഴിയിലേക്കിറങ്ങിയപ്പോള്‍ കണ്ടു കാറില്‍ വന്നിറങ്ങി നില്‍ക്കുന്ന പതിനാറു തികയാത്ത എന്‍റെ അനിയത്തി, അവളുടെ ഇടുപ്പില്‍ കൈയിട്ടു കൊണ്ട് വേറൊരുത്തന്‍. രാകേഷേ...നീ ? എന്‍റെ ഉറ്റ ചങ്ങാതി ??. അച്ഛനെതിരലെയുള്ള പീഡനക്കേസിന്‍റെ മൂന്നാം ഘട്ട സാക്ഷി വിസ്താരം കഴിഞ്ഞുള്ള വരവായിരുന്നു അവളുടേത്. ''മോളെ നിന്‍റെ താമസം?''  - ''രാകേഷിന്‍റെ കൂടെ വിനായക ഫ്ലാറ്റില്‍''. കരഞ്ഞു പോയി ഞാന്‍.

എനിക്കെന്‍റെ അമ്മയെ കാണണം...അമ്മയെയെങ്കിലും കണ്ടെനിക്കൊന്നു പൊട്ടിക്കരയണം...അമ്മേ..''എവിടെ നമ്മുടെയമ്മ?? .''. വിങ്ങിക്കൊണ്ടവള്‍ പറഞ്ഞു-  ഇപ്പൊ വരാറില്ല, പോയിട്ടു മൂന്നു വര്‍ഷമായി. നമ്മുടെ ഡ്രൈവര്‍ ബിജു ചേട്ടന്‍റെ കൂടെയാ താമസം. നെഞ്ചു കാളിപ്പോയി. അമ്മേ...യെന്നു വിളിക്കാന്‍ നാവു പൊന്തിയില്ല. 

--- ''അതുപോലെ തന്നെയായിരുന്നു വീഴ്ചയെന്നാ കേട്ടേ...തനി ജോണ്‍ സ്റ്റൈലില്‍! അഴുക്കു വെള്ളത്തില്‍ അഴുകാതെ ഒരു രാത്രി മൊത്തം കിടന്നു ജഡം. രണ്ടു ദിവസം അനാഥമായി മോര്‍ച്ചറിയിലും. എന്തൊരു ജീനിയസായിരുന്നല്ലേ അവന്‍..??  ഈ കപടലോകം എന്നെങ്കിലും തിരിച്ചറിയും അവന്‍റെ വില''. ചാരായത്തില്‍ കുതിര്‍ന്ന ദിനേശ് ബീഡിയുടെ പുക വിട്ടു കൊണ്ട് അറുപതു കഴിഞ്ഞ ക്ഷുഭിത യുവാക്കള്‍ പരിതപിച്ചു   ! ! ! ! 

Thursday, 10 October 2013

കുത്തിക്കീറിയ മൃദംഗം


ചുരിക കൊണ്ടു ഞാന്‍ കുത്തിക്കീറിയത്
മൃദംഗമായിരുന്നില്ല, എന്‍റെ ജീവിതമാണ്!

അത് ഡ്രംബീറ്റ്സും റിഥം പാഡും വന്നതു കൊണ്ടല്ല.
എന്‍റെ ആവിഷ്കരണത്തിന്‍റെ മാധ്യമം
ന‍ഷ്ടപ്പെട്ടാല്‍ പിന്നെ ഞാനെന്തു ചെയ്യും?

കാരണം...
അവര്‍ ബൂട്ട്സ് കൊണ്ടു ചവിട്ടിച്ചതച്ചത്
എന്‍റെ കൈവിരലുകളായിരുന്നു! —

(feeling എഴുതാന്‍ മുട്ടുന്നു. But സാഹചര്യം സമ്മതിക്കുന്നില്ല....)

Sunday, 6 October 2013

''സ്റ്റാറ്റസ്'' ഇഷ്യൂ

എന്തെങ്കിലും പറയാനുണ്ടാകണം എനിക്കും... കുറഞ്ഞത് ഒന്നുവീതം ദിവസം. 
അതൊരു ''സ്റ്റാറ്റസ്'' ഇഷ്യൂ ആണ് .
അതില്‍ ഈ വഴി പൊകുന്നവനൊക്കെ ഒന്നു പൊങ്കാലയിടാന്‍ തോന്നണം. കുറഞ്ഞത് ഒരു ചിരിയെങ്കിലും തോണ്ടിയിട്ടു പോകണം. എന്താ ചെയ്യാ?
  
പലതുണ്ട് വഴി. ചിലര്‍ ചുവരുകള്‍ക്കപ്പുറത്തേക്കില്ല. അവനിട്ടതിന്‍റെ തുണ്ട് കണ്ടിച്ചെടുത്തിട്ട് അതിലൊന്ന് ചൊറിഞ്ഞ് ലവനിട്ടു കൊട്ടി , വെട്ടിക്കണ്ടിച്ച് വീണ്ടുമിടും. ലവനും ലവന്‍റെ പ്രിയരും വീണ്ടും വന്ന് തോണ്ടിയിട്ട്, ചിരിപൊട്ടിച്ച് ചെളിതെറിപ്പിച്ചങ്ങു പോകും. പക്ഷേ ഒന്നുമില്ലേലും ഒരുപാടിരുന്നു ചിരിക്കും. ചിരിയുടെ ലോകം തീര്‍ക്കും ഈ കണ്ടംതുണ്ടങ്ങളില്‍

# പാഠം : നമുക്കു ചിരിക്കാന്‍ ചെറിയ കാര്യങ്ങള്‍ മതി, വിഷമിക്കാനും.

വേറെ ചിലരുണ്ട്, കൈയിലെ കത്തി എന്നും രാകിക്കൊണ്ടിരിക്കും. പൊള്ളുന്നതേ തൊടു. വിവാദങ്ങള്‍ നോക്കി തന്നെ എടുക്കും. മതം, വര്‍ഗ്ഗീയത, ദൈവം, ഫെമിനിസം ...ടൈം നോക്കി ചൊറിയാനുള്ള ഗ്യാപ്പ് ഒഴിച്ചിട്ടിട്ട് പോസ്റ്റും. പിറ്റേന്ന് കമന്‍റ് ചൊരിഞ്ഞ ഒരുത്തനെ ഇങ്ങു പൊക്കും. അവന്‍റെ പേര് കറുപ്പിച്ചേച്ച് വര്‍ഗ്ഗീയന്‍, പുരുഷ മൂരാച്ചി, അല്ലേല്‍ നല്ലൊരു തെറി പേരായി ഇട്ടിട്ടു ആ കമന്‍റു പടം തന്നെ പോസ്റ്റും. അടുത്ത കൊടുമ്പിരി ചര്‍ച്ചക്ക്. അതില്‍ നിന്ന് അടുത്ത ഭാഗ്യവാനെ...അങ്ങനെയങ്ങനെ. പക്ഷേ ഇവരുടെ വിമര്‍ശന ശേഷി ഗംഭീരമാണ്.

# പാഠം : നല്ലൊരു പ്രതിപക്ഷമില്ലെങ്കില്‍ അരാജകമാണ്, ആത്മവിമര്‍ശനമില്ലെങ്കില്‍ നാര്‍സിസവും!

പിന്നെചിലര്‍ ഒറ്റ സ്ക്രോളിംഗില്‍ തന്നെ വായിക്കാം, ലൈക്കിട്ടു പോകാം. സമാധാനം. ബോറടിപ്പിക്കില്ല . പക്ഷേ അത്ഭുതമതല്ല ഇത്തിരിപ്പോന്ന ഒരു പേന്‍, കുരുമുളകുമണി, നീര്‍ക്കോലി ഇതൊക്കൊക്കൊണ്ട് ഖണ്ഢകാവ്യത്തിന്‍റെ അതിരു ഭേദിക്കുന്ന കാച്ചിക്കുറിക്കിയ കവികള്‍.ഹൈക്കു വിലെ 'ക്കു' പോലും വെട്ടിക്കളയാന്‍ മാത്രം ചെറുതായ ''ഹൈ''ക്കവികള്‍ . ഡെപ്തേയുള്ളൂ.

# പാഠം : ഒരു മണല്‍ത്തരിയില്‍ ഒരുപ്രപഞ്ചം കാണുന്നവന്‍ കവി. വാക്കു കുറുകുമ്പോള്‍ അര്‍ത്ഥം മുറുകും.

മറ്റുചിലര്‍, അല്പനേരം ഇതിലിരുന്നിട്ട് പുറത്തേക്കു പോകും. പിന്നെ പുറത്തു കണ്ടതും വാരി അകത്തേക്കു വരും. പക്ഷേ കണ്ടതും കാണേണ്ടതും മനോഹരമായി അടുക്കി അലങ്കരിച്ച് പ്രദര്‍ശിപ്പിക്കും. അതില്‍ രസമുണ്ടാകും, ചിരിയുണ്ടാകും, സാഹിത്യവും, പ്രബോധനവുമുണ്ടാകും. പൊടിക്കു ചെളിയും. പക്ഷേ ഇടുന്നതും ഈച്ച പൊതിയും. അപാര റേയ്ഞ്ചു താരരാജാക്കന്മാര്‍. പടനിലത്തു പയറ്റിത്തെളിഞ്ഞ തമ്പുരാക്കന്മാര്‍!

# പാഠം :കാമ്പുള്ളതിനെ കൊത്താന്‍ ആളിന്നുമുണ്ട്. നമ്മിലെ നല്ല വായനക്കാരന്‍റെ ചാവടക്കു കഴിഞ്ഞിട്ടില്ല.

പിന്നെ ചിലര്‍ ഗൂഗിളില്‍ നിന്ന് വല്ലാത്തൊരു പടമങ്ങു പൊക്കും. പിന്നെ അതിനൊത്തു നന്നായിട്ടങ്ങ് എഴുതും. ചിലര്‍ തിരിച്ചും എഴുത്തിന് എടുപ്പു കൂട്ടൊന്ന പടം കൂടി ചേര്‍ക്കും.എന്തായാലും രണ്ടും ചേരുമ്പോള്‍ ചന്തത്തിലിരിക്കും.ചിത്രമാണല്ലോ ഇന്നു നാം തിന്നുന്നതെല്ലാം.

# പാഠം : എന്തെങ്കിലും പറയാനില്ലാത്തതായി ഒരു ചിത്രവുമില്ല.

ചിലര്‍ ഒന്നുമെഴുതില്ല, എഴുത്തിലും കൂടുതല്‍ ലൈക്ക് മേടിക്കുന്ന കമന്‍റു തട്ടും. മറ്റുള്ളവരെ വായിക്കും. എന്നിട്ടും അതിലും മനോഹരമായ കൂട്ടിച്ചേര്‍ക്കലുകള്‍ കമന്‍റി അവരെ വിജയിപ്പിക്കും. ആ കമന്‍റുകള്‍ രണ്ടു സ്റ്റാറ്റസിനുള്ളതുണ്ടാവും എന്നാലും നിസ്വാര്‍ത്ഥരായ കമന്‍റു തൊഴിലാളിയെപ്പോലെ.പിന്നെയും ലൈക്കി കമന്‍റി ചുറ്റിത്തിരിയും.

# പാഠം : കിട്ടുന്നവന് സന്തോഷം പക്ഷേ കൊടുക്കുന്നവനിലാണ് സംതൃപ്തി. നാളത്തെ എഴുത്തുകാരന്‍ അവരിലൊരാളാണ്.

പിന്നെയുള്ളത് ഫീലിംഗ്സുകാര്‍. പ്രത്യേകിച്ചൊന്നും കാര്യമായി പറയാനില്ലാത്തതിനാല്‍ അവര്‍ അവരുടെ ഫീലിംഗ്സു പറയുന്നു. ചെയ്യുന്നതെല്ലാം വിളിച്ചു പറയുന്നു. Feeling annoyed , Watching ചെമ്മീന്‍ , Drinking കഞ്ഞിവെള്ളം, Reading തുണ്ടു പുസ്തകം ...അങ്ങനെയങ്ങനെ. അവരെ അവരുടെ പാടിന് ഫീലിംഗ്സടിക്കാന്‍ വിടാം.

# പാഠം : പറയാതെ പോയ ഫീലിംഗ്സുകളാണ് പറഞ്ഞതിലേറെയും.

ഇതിലൊന്നും പെടാത്തവരുണ്ട്. പുതിയ കാറ്റഗറികളിലും കാറ്റഗറികള്‍ക്കപ്പുറത്തും മേയുന്നവരുണ്ട്. പിന്നെയുള്ളത് ഇപ്പറഞ്ഞ എല്ലാ ചേരികളിലും നിര്‍ബാധം കയറിയിറങ്ങിപ്പോകുന്ന ഫ്ലെക്സിബിളന്മാര്‍. അവര്‍ നമ്മെ ഒരുപാടു പാഠം പഠിപ്പിക്കുന്നു.

ഒടുവില്‍ നമ്മളെപ്പോലുള്ളവര്‍, ഇപ്പഴും ഫോട്ടം മാറ്റിക്കളിക്കുന്നവര്‍, എന്തേലും കണ്ടാല്‍ ഷെയറിക്കൊണ്ടിരിക്കുന്നവര്‍, ലൈക്കിക്കൊണ്ടിരിക്കുന്നവര്‍..നിങ്ങളെ നോക്കിവെള്ളമിറക്കുന്നവര്‍.

# പാഠം : പാഠങ്ങളൊന്നുമില്ല നിങ്ങള്‍ നല്ലതു പഠിപ്പിച്ചു കൈപിടിച്ചുയര്‍ത്തുമെന്നു പ്രതീക്ഷിച്ചു സമര്‍പ്പിക്കുന്നു  

Saturday, 5 October 2013

വട്ടനാണയാള്‍! ! !

വട്ടനാണയാള്‍! ! !അത്യാവശ്യം നന്നായിട്ടു തന്നെ ഇളകിയിട്ടുണ്ട്. അല്ലെങ്കിലാരെങ്കിലും ഈവക കാട്ടായം കാണിക്കുമോ?

എല്ലാരും പുതച്ചു മൂടിക്കിടന്നുറങ്ങുന്നു. നല്ല തണുപ്പുള്ള രാത്രി. നട്ടപ്പാതിരാക്ക് അയാള്‍ നോക്കുമ്പോള്‍ നഗരം മൊത്തം കുളിക്കുമാറ് വിളങ്ങി നില്‍ക്കുന്ന ചന്ദ്രന്‍. അന്ന് പൗര്‍ണ്ണമിയായിരുന്നു. അതു കണ്ട മാത്രയില്‍ അയാള്‍ക്കു ലക്കു കെട്ടു. അയാള്‍ പള്ളമണി നീട്ടിക്കൊട്ടി. യുദ്ധമോ ദുരന്തമോയെന്നറിയാതെ പകച്ചെണീറ്റ് പരിഭ്രാന്തരായെത്തിയ ആള്‍ക്കൂട്ടത്തിനു മുന്നില്‍ ആകാശത്തേക്കു കൈചൂണ്ടി അയാള്‍ അത്ഭുതത്തോടെ ചോദിച്ചു. ''നോക്ക് കണ്ണു തുറന്ന് നോക്ക്. നിങ്ങളിതു കാണുന്നില്ലേ തുടുത്തു നില്‍ക്കുന്ന പൂര്‍ണ്ണചന്ദ്രന്‍''.... ( അന്നെല്ലാവരും കൂടി അയാളെ തുടിപ്പിച്ചു കാണുമെന്നുവേണം നാം കരുതാന്‍.)

-----------കാരണം അയാള്‍ക്കു സൗന്ദര്യം ദൈവത്തിന്‍റെ ഓമനപ്പുത്രിയാണ്.

വേറൊരിക്കല്‍ അയാള്‍ ഒരു കഥ പറഞ്ഞു.
------ഒരിടത്തൊരു താപസനുണ്ടായിരുന്നു. അയാള്‍ മരിച്ചു ചെന്നു ദൈവത്തിന്‍റെ കരങ്ങളില്‍ വീണു. തനിക്കു സമ്പൂര്‍ണ്ണ സ്വര്‍ഗ്ഗ ഭാഗ്യം കിട്ടിയതായി അയാള്‍ക്കു തോന്നി. അങ്ങനെ ആ സ്വര്‍ഗ്ഗ സൗഭാഗ്യത്തില്‍ ലയിച്ചിരിക്കേ അയാള്‍ വെറുതേ ഒരു രസത്തിന് ഭൂമിയിലേക്കൊന്ന് എത്തിനോക്കി. അപ്പോള്‍ ഇളം കാറ്റിലാടിക്കളിക്കുന്ന ഒരു പച്ചില കണ്ണില്‍പെട്ടു. ദൈവതൃക്കരങ്ങളുടെ ബന്ധനത്തില്‍ നിന്ന് കുതറി അയാള്‍ പറഞ്ഞു. ദൈവമേ വിട്, ഞാന്‍ പോകുവാ..എനിക്കാ പച്ചിലയില്‍ ഒന്നു കൂടിത്തൊടണം.

----------കാരണം ഒരു പച്ചിലപോലും സ്വര്‍ഗ്ഗത്തോളം ശക്തമാണയാള്‍ക്ക് !

ലോകം പിശാചെന്ന് വിളിച്ചു കൂവിയിട്ട് ദൈവത്തെത്തേടി മനുഷ്യരില്ലാത്ത മരൂഭൂമിയിലേക്കും കൊടുംകാട്ടിലേക്കും ഓടിപ്പോയി AD - 300- കളില്‍ ചില താപസര്‍. ഈജിപ്തിലും സിറിയയിലുമെല്ലാം പേരെടുത്ത മരുഭൂമിയിലെ താപസന്മാര്‍!

എന്നാലിയാള്‍ മനുഷ്യരെയും മരങ്ങളെയും മരക്കൊമ്പിലെ കിളികളെയും ഓമനിച്ചു. കത്തിക്കാളുന്ന തീയെ സഹോദരിയഗ്നി എന്നു വിളിച്ചു. വെട്ടിക്കീറാന്‍ വരുന്ന ചെന്നായയെ സഹോദരനെന്നു വിളിച്ച് അരികില്‍ നിര്‍ത്തി. ഒരു പച്ചിലയും പച്ചവെള്ളവും അയാള്‍ക്ക് ജീവചൈതന്യങ്ങളായി.

1200- കളില്‍ ഇരുണ്ടു പോയ ഒരു ജനതക്കു നന്മയുടെ ഒരു പുതുവെളിച്ചവും വിപ്ലവുമായിരുന്നയാള്‍. ജീവിച്ചിരിക്കേ തന്നെ അയാളെ ചിലര്‍ ഭ്രാന്തനെന്നും ചിലര്‍ ഭാവഗായകനെന്നും വേറെ ചിലര്‍ പുണ്യവാനെന്നും വിളിച്ചു. മൂന്നും ഒന്നു തന്നെയായിരുന്നെന്ന് അയാള്‍ ജീവിതം കൊണ്ടും പാടി.

വിശ്വ പ്രസിദ്ധ റഷ്യന്‍ നോവലിസ്റ്റ് നിക്കോസ് കസന്‍ദസക്കീസ് God's Pauper ( ദൈവത്തിന്‍റെ നിസ്വന്‍) എന്ന് പറഞ്ഞ് അദ്ദേഹത്തെ നോവലാക്കി. അതെഴുതുമ്പോള്‍ കണ്ണീരു കൊണ്ടു തന്‍റെ പേപ്പര്‍ കുതിര്‍ന്നെന്നും ഒരു സ്നേഹചൈതന്യത്തിന് താന്‍ വശപ്പെട്ടെന്നും സക്കിസ് സാക്ഷ്യപ്പെടുത്തി.

ലോകം രണ്ടാം ക്രിസ്തുവെന്ന് ഇദ്ദേഹത്തെ മാത്രമേ വിളിച്ചിട്ടുള്ളൂ.....!

ഇന്ന് അസ്സീസിയിലെ ഫ്രാന്‍സിസിന്‍റെ ഓര്‍മ്മ ദിവസം. കൈകൂപ്പിപ്പോകുന്നു...വീണ്ടും ആ പേര് ഒരു പദ്ധതിയായും പ്രതീക്ഷയായും സൂചനയായും ഉയര്‍ന്നു വരുന്ന ഈ നാളില്‍!!!

# # #
-------- താനല്ല, ഫ്രാന്‍സിസ് അസ്സീസിയെപ്പോലുള്ള പത്തു പേരായിരുന്ന് റഷ്യക്കാവശ്യം എന്ന് മരണക്കിടക്കയില്‍ വച്ച് പറഞ്ഞത് ലെനിനായിരുന്നു.
 — feeling ഇതെഴുതുമ്പോള്‍ എന്‍റെ കണ്ണും നിറയുന്നുണ്ട്.. 

Tuesday, 24 September 2013

ആ ആക്കിച്ചിരി തന്നെ!

കാരുണ്യമേ എനിക്കു നീ
രണ്ടിറ്റു കണ്ണീരു തരിക!
ഈ ലോകത്തിന്‍റെ മുഴുവന്‍
വേദനയും കണ്ടു നനയാന്‍

പൗരഷമേ എനിക്കു നിന്‍റെ
കനപ്പെട്ട ശബ്ദം തരിക!
കാണുന്ന നെറികേടു
നോക്കി കുരയ്ക്കാന്‍!

നായിക്കരണക്കുരുക്കളെ
നിങ്ങളും കൂടെ വരിക!
നാറിത്തരങ്ങള്‍ നോക്കി
ചൊറിയാന്‍!

ഒടുക്കം

എനിക്കൊരു പുഞ്ചിരി തരിക!
വെറുതെ തപിച്ചും കുരച്ചും
ചൊറിഞ്ഞുമിരിക്കുന്ന
എന്നെ നോക്കി ചിരിക്കാന്‍!

 -----ആ ആക്കിച്ചിരി തന്നെ!
 — feeling ഒരു വളിച്ച ചിരി.

Sunday, 22 September 2013

പര്‍ദ്ദയും പതിനാറും




പര്‍ദ്ദക്കും പതിനാറിനുമെതിരെ കൊലവിളിക്കു വന്നതല്ല.!

ഇന്നലെ ഞാനൊരു സിനിമ കണ്ടു.
ഒരു പന്ത്രണ്ടു വയസുകാരിയുടെ കഥയായിരുന്നു.
അത് ഒരു മുസ്ലീം പെണ്‍ കുട്ടിയായിരുന്നു
അത് ഒരു സൗദി അറേബ്യന്‍ സിനിമയായിരുന്നു.
അതുകൊണ്ട് ഇവിടെ കുറിക്കണമെന്നു തോന്നി.
പതിനാറും പര്‍ദ്ദയും പെണ്‍കുട്ടിയും ചര്‍ച്ചയാകുന്ന ഈ നേരത്ത്.

വാഡ്ജാ ( Wadjda ) എന്ന പേരില്‍ സൗദി അറേബ്യയിലും La Bicicleta verde എന്നപേരില്‍ ജര്‍മ്മനിയിലും റിലീസായ ചിത്രം 45 ഡിഗ്രി ചൂടിലും കറുത്ത തുണിക്കുള്ളില്‍ ജീവിക്കുന്ന റിയാദിലെ  ഒരു സാധാരണ പന്ത്രണ്ടു വയസുകാരിയുടെ ജീവിതമാണ്. അവളുടെ വലിയ മോഹമാണ് ഒരു സൈക്കിള്‍ വാങ്ങുക. കൂടെ പഠിക്കുന്ന ആണ്‍കുട്ടികളെല്ലാം സൈക്കിളില്‍ പറക്കുന്നതു കണ്ടപ്പോള്‍ തുടങ്ങിയ മോഹം. പക്ഷേ ആരും പ്രോത്സാഹിപ്പിച്ചില്ല കാരണം പെണ്‍കുട്ടികള്‍ അവിടെ സൈക്കിള്‍ ഉപയോഗിക്കില്ല..ഉപയോഗിക്കാന്‍ പാടില്ല. തന്‍റെ ഭര്‍ത്താവ് അടുത്ത ഭാര്യയെ കെട്ടാനൊരുങ്ങുന്നതിന്‍റെ വേദനയിലാണ് വാഡ്ജയുടെ അമ്മയും അവളുടെ മോഹത്തെ പരിഹസിക്കുന്നു.

പച്ചനിറത്തിലുള്ള ഒരു സൈക്കിളവള്‍ കടയില്‍ കണ്ടുവച്ചു. വില 800 റിയാല്‍. പല കുസൃതികളിലൂടെ അവള്‍ക്കു ഒപ്പിക്കാന്‍ കഴിഞ്ഞത് വെറും 113 റിയാല്‍. അങ്ങനെയിരിക്കെ അവളുടെ സ്കൂളില്‍ ഖുറാന്‍ പാരായണ മത്സരം നടക്കുന്നു കാഷ് പ്രൈസ് 1000 റിയാല്‍. സൈക്കിളെന്ന ഒറ്റ ആഗ്രഹത്തിനായി അദ്ധ്യാപകര്‍ക്കു അത്ര മിടുക്കിയല്ലാത്ത അവള്‍ മത്സരിക്കുന്നു . ഖുറാന്‍ പാരായണ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി. എന്താണ് ഇതിനു പ്രചോദനമായതെന്നു ചോദിക്കുമ്പോള്‍ ഖുറാന്‍റെ പഠനത്തിന്‍റെ മഹത്വം പറയുമെന്നു കരുതിയ അദ്ധ്യാപകരോടു സത്യസന്ധമായ സന്തോഷത്തോടെ അവള്‍ വിളിച്ചു പറഞ്ഞു -പച്ച സൈക്കിള്‍ വാങ്ങാന്‍! . കഴിഞ്ഞു! പെന്‍ കുട്ടികള്‍ സൈക്കിള്‍ ഉപയോഗിക്കില്ല. അവളുടെ സമ്മാനത്തുക പാലസ്തീന്‍ ദുരന്ത ഫണ്ടിലേക്കു അദ്ധ്യാപിക ഡൊണേറ്റു ചെയ്തു.

നിരാശയായി തിരിച്ചെത്തിയ അവള്‍ കണ്ടത് കരഞ്ഞു നില്‍ക്കുന്ന അമ്മയെ. അവളുടെ വാപ്പ രണ്ടാം ഭാര്യയെ വരിച്ചു കഴിഞ്ഞു. പക്ഷേ ആ വേദനക്കൊരു പ്രതികാരമാകാം അമ്മ അവള്‍ക്ക് ആ പച്ച സൈക്കിള്‍ വാങ്ങിക്കൊടുത്തു. അവള്‍ കൊടുത്തതൊരു പച്ച സൈക്കിളായിരുന്നില്ല ചട്ടക്കൂടിനെ പൊളിച്ച് പുറത്തേക്കു പായാനുള്ള സ്വാതന്ത്ര്യമായിരുന്നു. പെണ്ണുങ്ങള്‍ അന്യമായ ആ തെരുവിലേക്ക് കൂട്ടുകാരനായ അബ്ദുള്ളയെയും വെട്ടിച്ച് പച്ച സൈക്കിളില്‍ വാഡ്ജ എന്ന പെന്‍കുട്ടി പായുന്നിടത്ത് ചിത്രം അവസാനിക്കുന്നു.
----------------------------------------------------------------------------

നമ്മുടെ നാടാ നല്ലത്. കാരണം പന്ത്രണ്ടിലും പതിനാറിലുമെല്ലാം പെണ്‍കുട്ടികള്‍ക്കു സൈക്കിള്‍ സൈക്കിള്‍ ചവിട്ടാല്ലോ..-
 പക്ഷേ ഒരു ചെറിയ ശംശയം??  
ഗര്‍ഭിണികള്‍ക്കു  സൈക്കിള്‍ ചവിട്ടാന്‍ പറ്റുമോ???

***************************************************************************************
ഇതിന്‍റെ സംവിധായിക ഒരു പെണ്ണായിരുന്നു - ഹൈഫ അല്‍ മന്‍സൂര്‍. റിയാദിന്‍റെ തെരുവുകളിലെ ഷൂട്ടിംഗില്‍ ആണുങ്ങളെ മോണിറ്ററല്‍ മാത്രം കണ്ടും,,വാക്കി ടോക്കി ഉപയോഗിച്ചു നിര്‍ദ്ദേശങ്ങള്‍ കൊടുത്തുമാണ് ഷൂട്ട് ചെയ്തത്.
ഓസ്കാര്‍ നോമിനേഷന്‍ കിട്ടുന്ന ആദ്യത്തെ സൗദി അറേബ്യന്‍ സിനിമയും. വെനീസ് ഫിലിം ഫെസ്റ്റിവലുള്‍പ്പെടെ എട്ടോളം പുരസ്കാരങ്ങളും!

Saturday, 21 September 2013

ഈ മലയാളികളുടെ ഒരു കാര്യം!



അത്തം മുതലിങ്ങോട്ടു പൂവും, പട്ടുസാരിയും , കോടിമുണ്ടും പിന്നെക്കുറേ നഷ്ടസ്മൃതികളും കൊണ്ടു നിറഞ്ഞു പരക്കുകയാണ് ഫെയ്സ്ബുക്ക്. അത് മൊത്തം പ്രവാസികളുടെ നൊസ്റ്റാള്‍ജിയയാണെന്നു കരുതിയാല്‍ തെറ്റി...മറ്റേതോ ലോകത്തെക്കുറിച്ചെന്ന പോലെ നമ്മളും കുറേ പൂക്കാലം അയവിറക്കിയിറക്കി....എഴുതിയെഴുതി ഷെയര്‍ ചെയ്തു ചെയ്തു ഗംഭീരമാക്കുന്നതില്‍ മനസിലൊരു പരിഹാസം തോന്നുന്നതിനിടയിലാണ് കൊതിപ്പിച്ചൊരു കാഴ്ച.

റോമില്‍ മലയാളികളുടെ നേതൃത്വത്തില്‍ ഒരു പെരുന്നാളാഘോഷം...വെറുതെ പോയി നോക്കി...അന്തിച്ചു പോയി (അഹങ്കരിച്ചും). സാന്താ മരിയമജോരെ ബസിലിക്കയുടെ ചുറ്റും മുത്തുക്കുടകളും കൊടിതോരണങ്ങളും. ഓണാഘോഷക്കമ്മറ്റിക്കാരെ പ്പോലെ ചക്രം നെഞ്ചത്തികുത്തി നോക്കിക്കണ്ടെല്ലാം പൊലിപ്പിക്കുന്ന മലയാളി അച്ചായന്മാര്‍. അകത്തേക്കു കയറിയപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. വെള്ള മുണ്ടും സെറ്റു സാരിയുമുടുത്തു പള്ളി നിറഞ്ഞു കവിഞ്ഞ് മലയാളികള്‍. (ഒരുമാസം മുമ്പ് അവിടുത്തെ പ്രധാന തിരുനാളിനുപോലം ഇത്രയാളെ ഞാന്‍ കണ്ടിട്ടില്ല). മലായാള പാട്ടുകളും ആരതിയും കണ്ടന്തിച്ച് ടാബില്‍ പകര്‍ത്തുന്ന ടൂറിസ്റ്റുകള്‍. പിന്നെ പ്രദക്ഷിണം....നാല് ഇടവകക്കുള്ളത്ര ആളുകള്‍, മുത്തക്കുടകളും ചെണ്ട മേളവും. ഈ മുത്തുക്കുടയും ചെണ്ടയും രൂപക്കൂടുകളും വരെ അങ്ങ് കേരളത്തില്‍ നിന്ന് കപ്പല്‍ വഴി എത്തിച്ചതാണെന്നറിഞ്ഞപ്പോള്‍ മലയാളസ്നേഹം അങ്ങ് കൊടുമുടികേറി. കലാശക്കൊട്ടില്‍ ചെണ്ടയങ്ങു പെരുത്തപ്പോള്‍ അതുവരെ അന്തിച്ചു നിന്ന സായിപ്പിന്‍റെ കൈയ്യം മെയ്യും ഇളകുന്നതും താളത്തില്‍ തുള്ളുന്നതും കണ്ടപ്പോഴുള്ള രോമാഞ്ചമുണ്ടല്ലോ...അതൊരു നൊസ്റ്റാള്‍ജിക്ക് പോസ്റ്റിനും തരാന്‍ പറ്റാത്തൊരു സുഖമാണ്...ഇതെല്ലാം കണ്ട് മാര്‍പാപ്പയുടെ വികാരിയായ കര്‍ദ്ദിനാള്‍ അഗസ്റ്റീനോ വല്ലീനി പറഞ്ഞു '' ഇങ്ങനെയൊരു സമൂഹത്തെക്കണ്ട് ഞാന്‍ അത്ഭുതപ്പെടുന്നു. റോമിനൊരു പ്രചോദനമാണ് നിങ്ങളുടെ വിശ്വാസം...ഇതെനിക്കു മാര്‍പാപ്പയോടു പറയാതെ തരമില്ല..'' .ആളുകാലിയായ പള്ളി കണ്ടു മടുത്ത സായിപ്പും മനസില്‍ പറഞ്ഞുകാണും..''ഇതെന്തൊരു വെറൈറ്റി ടീമാടേ...??'' 

--------അഹങ്കരിച്ചു ഞാന്‍ മടുത്തു!

ഈ മലയാളികളുടെ ഒരു കാര്യം!
--------------------------------------------------------------------------------------------------
( മലയാളിയില്ലാത്ത രണ്ടേരണ്ടു നാട് ഉത്തര കൊറിയയും ഭൂട്ടാനുമാണെന്ന് വയലാര്‍ രവി പറഞ്ഞതായി വായിച്ചു...അതുവെറുതെ.... ഒന്നുകില്‍ രവിസാറിനു തെറ്റി ....അല്ലേല്‍ കണ്ണിപൊടിയിട്ട് കണക്കില്‍ കേറാത്ത ചേട്ടന്മാര്‍ അവിടേം കാണുമെന്നേ...)

ചെളി



നീയെഴുതിയ മഴക്കവിത വായിച്ചു! 
-----------------feeling:Dകോള്‍മയിര്‍ കൊള്ളല്‍

എന്നാലും ഒന്ന് പറയട്ടെ!
മഴ നല്ലതാണ്.
മണ്ണ് അതിനേക്കാള്‍ നല്ലതാണ്.
പക്ഷേ രണ്ടും ചേരുമ്പോഴാണ് ചെളിയുണ്ടാകുന്നത്!

നീ നല്ലവനാണ്
അക്ഷരങ്ങള്‍ സുന്ദരങ്ങളാണ് 
പക്ഷേ നിങ്ങള്‍ രണ്ടും ചേരുമ്പോള്‍
ഫെയ്സ് ബുക്ക് മൊത്തം ചെളിയാണ് ഭായി!

നീ ആ സുധേട്ടനെ കണ്ടു പഠിക്ക്
ആളുമൊത്തം ചെളിയാണ്
പക്ഷേ എഴുത്തു കണ്ടോ
മഴപോലെ പെയ്യുന്നു.....
മണ്ണുപോലെ മണുക്കുന്നു...

feeling:D സുഖിപ്പിക്കല്‍!

(ഇനിയും ഞാന്‍ കുറേ എഴുതണം റേയ്ഞ്ചൊന്നു പിടിപ്പിച്ചെടുക്കാന്‍)

ഞാനുമുണ്ടു ഓണം.





ഞാനുമുണ്ടു ഓണം.

പച്ച ക്യാബേജിന്‍റെ ചിരിച്ചിരിക്കുന്ന തളിരിലകള്‍ പച്ചക്കു കഴിച്ചപ്പോള്‍ ഞാന്‍ കണ്ടത് തൂശനില തന്ന്യാ...
.
കെട്ടു പിണഞ്ഞു നീണ്ടുതൂങ്ങിയ സ്പഗേത്തി ചുരുട്ടിക്കെട്ടി അണ്ണാക്കിലേക്കു വിഴുങ്ങിയപ്പോള്‍ ഓരോ ചോറുംപറ്റും തൊണ്ടയിലുടെ ഉരുണ്ടിറങ്ങുന്നതു ഞാനറിഞ്ഞു..നേര്...

നിര്‍വികാരരായ ഫോര്‍മാജോ..വിതറിയിട്ടപ്പോള്‍ സാമ്പാറാണ് ഒഴുകിയറങ്ങിയത്. ഞാന്‍ കോഴിക്കാലു കടിച്ചു പറിക്കയായിരുന്നില്ല, സാമ്പാറില്‍ തപ്പിയെടുത്ത മുരിങ്ങക്കോലിന്‍റെ ചീള് ചപ്പിയീമ്പുകയായിരുന്നു.

ഒടുക്കം മുന്നിലെ ഒരു ഗ്ലാസ് പച്ചവെള്ളം എനിക്കു ഇഞ്ചിയും മുളകുമിട്ട പച്ചമോരായിരുന്നു.

അവസാനം ഞാന്‍ കൊക്കോക്കോളാ ഗ്ലാസ് സ്ലോമോഷനില്‍ സിപ്പ് ചെയ്തിറക്കിയപ്പോള്‍ നീ കളിയാക്കിച്ചിരിച്ചല്ലേടാ....പട്ടി, നിനക്കറിയില്ല അടപ്രഥമന്‍റെ ഓരോ തരിയും നാവില്‍കിടന്ന് നട്ടം തിരിയുകയായിരുന്നപ്പോള്‍. ഏഏഏംംംംംം!

പണ്ടൊക്കെ എന്തു ഓണം ഓണമൊക്കെ ഇപ്പഴല്ലേ...

(ഐശ്വര്യം, സമ്പല്‍സമൃദ്ധി, നന്മ....മണ്ണാങ്കട്ട ഓണമെന്ന് പറഞ്ഞാ അതോണസദ്യ തന്ന്യാട്ടോ,,,ഇല്ലാത്തവനറിയാം അതിന്‍റെ ഊത്തല്‍)
 — feeling അഭാവത്തില്‍ അനുഭവത്തിനുണ്ടാകുന്നു ജ്വരം.

ഓര്‍മ്മ, നൊസ്റ്റാള്‍ജിയ ,പൂവിളി, പുലികളി, മാങ്ങാത്തൊലി..





------------ടാ ഗിരി...നീയോര്‍ക്കണണ്ടാ....?
-------------എന്ത്?

ടാ, അന്നു നീയും ഞാനും വള്ളിനിക്കറിട്ടു നടക്കുന്ന കാലം....
------------അയ്യേ അതൊക്കെയെന്തിനാ ഇവിടെ വിളമ്പണേ.....?

അതല്ലടാ..അന്ന് ഓണക്കാലത്ത്...ഞാനും നീയും..ഇന്ദുവും പിന്നെ നമ്മുടെ പാച്ചനും കൂടെ വെളുപ്പിനെ എണീറ്റ് ശ്രീധനരന്‍ മാഷിന്‍റെ തൊടിയിലും, വെള്ളരിക്കാ പാടത്തിന്‍റെ കരപ്പേലും നടന്ന് പൂവെല്ലാം പറിച്ച്, ചെളിപിടിച്ച് വന്ന് പൂക്കളം ഇട്ടത്.

-----------ഉവ്വ്! അതിന്?

ഉള്ള പൂവുകൊണ്ട് നമ്മള്‍ പൂക്കളമിട്ട കഴിഞ്ഞപ്പോ ലവന്‍ വന്ന് കോള്‍ഗേറ്റ് പതപ്പിച്ച് അതിന്‍റെ പുറത്ത് നീട്ടിപ്പരത്തി തുപ്പിയത് ഓര്‍ക്കണണ്ടാ നീയ്...
------------പട്ടി.. മറക്കുവോ അത് ..അന്നുണ്ടായ കലിപ്പുണ്ടല്ലോ..ഇപ്പഴും തീര്‍ന്നട്ടില്ല!

ടാ ഗിരി...പിന്നെ നീ ഓര്‍ക്കണണ്ടാ..?
------------എന്ത്?

അന്ന് നമ്മളൊക്കെ കുളിച്ച് , കോടി മുണ്ടുടുത്ത് ചന്ദനം തൊട്ട് നിന്നപ്പോള്‍, ഓണത്തിന്‍റന്നു പോലും കുളിക്കാതെ ഒരു ജീന്‍സും ഒരുമാതിരി ബനിയനുമിട്ട് കൂളിംഗ് ഗ്ലാസും വച്ച് പച്ചപരിഷ്കാരിയുടെ ഓഞ്ഞ ലുക്കുമായി ലവന്‍ നമ്മടെ അടുത്തു വന്ന് കമന്‍റിറക്കിയത്.

----------പിന്നെ, അപ്പത്തന്നെ അവന്‍റെ നെഞ്ചത്തു കാക്ക തൂറിയതോര്‍ത്തു ഞാന്‍ ചിരിച്ചു ചത്തു..വൃത്തികെട്ടവന്‍!

ടാ ഗിരി, അന്ന് നമ്മളൊക്കെ നിലത്തിരുന്ന് പച്ചക്കറി കൂട്ടി ഓണമുണ്ണുമ്പോള്‍ എറച്ചി വേണമെന്നും പറഞ്ഞ് അവന്‍ അമ്മയോട് ബഹളമുണ്ടാക്കിയത്?
എന്നിട്ടന്നവന്‍ വാഴെലയില്‍ ഇറച്ചിക്കറി പരത്തിത്തിന്നത്.

---------..ഓ..അറച്ചു പോയി...കഴിഞ്ഞ ഓണത്തിനും അവന്‍ അങ്ങനെ തന്നെ ആയിരുന്നെടാ...

ഗിരി..എല്ലാ.ഓണത്തിനും അവന്‍റെ വീട്ടി മേളമാ...അച്ചന്‍ ഫിറ്റായി വന്നിട്ട് മിറ്റത്ത് വാളു കൊണ്ട് പൂക്കളമിടും...അമ്മ ഒള്ള ചട്ടി മൊത്തമെറിഞ്ഞ് പൊങ്കാല തീര്‍ക്കും.. എന്ത് ടീമാടേ അവന്‍?

----------സംഭവം സത്യം തന്നെയാ...അല്ലാ ഇപ്പൊന്തിനാ നീയ് ഇതൊയ്ക്കെ ഇങ്ങനെ കൊത്തിപ്പെറുക്കണേ???

നീയവന്‍റെ ഫെയ്സ് ബുക്ക് ഒന്നെടുത്ത് നോക്കിയെ...എന്തുവാടേ അവന്‍ എഴുതിക്കൂട്ടണത്? പുന്നെല്ലരി ചോറ്, അടപ്രഥമന്‍, കോടിമുണ്ട്, ഓര്‍മ്മ, നൊസ്റ്റാള്‍ജിയ ,പൂവിളി, പുലികളി, മാങ്ങാത്തൊലി....എനിക്കങ്ങട് ചൊറിയണണ്ട്....അതിന് ഫീലടിച്ച് ഓര്‍മ്മയിലിട്ട് വെരകാന്‍ കുറേ...ഫീലിംഗ്സ് ചൊറിയന്മാരും. അവന്‍റെയൊരു ഓണം.

--------വിട്ടേക്കടാ അവനെമാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല, എല്ലാം ഒരുവകയാ.. ചെളിക്കുണ്ടി കിടന്നോണ്ട് പഴേ വീട് വെള്ള പൂശിക്കാണിക്കുമ്പോ...ലൊരു സൊഗം..

പിന്നെ ഗിരി... നല്ലതു പറയാനും നല്ലതോര്‍ക്കാനും കൊല്ലത്തില്‍ നമുക്കൊരോണക്കാലമല്ലേടാ ഉള്ളൂ...എല്ലാവരും നല്ലതു പറയട്ടെ ...നല്ലതെഴുതട്ടെ...പിന്നെക്കുറേ അയവിറക്കട്ടെ....ഫീലിംഗ്സ് അടിക്കട്ടെ.....

പിന്നെ നമ്മളായിട്ട് എന്തിന് കുറയ്ക്കണം?

---------------------എല്ലാവര്‍ക്കും ഓണാശംസകള്‍----------------------------

( ഓണം ഓര്‍മ്മയല്ല ഭായി .... ഓടിത്തീര്‍ക്കേണ്ട ജീവിതാശയമല്ലേ....? )

പാലുപോലെ വെളുപ്പ്, ചോരപോലെ ചുവപ്പ്...

വെളുപ്പ് വെറുപ്പാണ്, കാണുന്നതേ അറപ്പാണ്, കാരണം എന്‍റെ പള്ളിക്കൂടത്തിന്‍റെ നിറം വെളുപ്പാണ്. എല്ലാ ഫോര്‍മാലിറ്റികളും വെളുപ്പിലാണ്. വൈറ്റ് കോളര്‍ ജോലികള്‍ അലര്‍ജിയാണ്. ഇല്ലാത്തതെന്തൊക്കെയോ ഉണ്ടെന്നു കാണിച്ചു വെളുപ്പില്‍ എല്ലാം പൊതിഞ്ഞു നിര്‍ത്തിയാല്‍ വല്ലാത്ത ബഹുമാനമാണ്, അത് സ്റ്റാന്‍ഡേര്‍ഡാണ്. അലമ്പ്. മടുത്തു.

പ്രിയം ഇപ്പോള്‍ ചുവപ്പിനോടാണ്. ചോരപോലത്തെ ചുവപ്പ്. ചുവന്ന ജേഴ്സിയുള്ള ഫുട്ബോള്‍ ടീമുകള്‍ പ്രിയം. ഇടുന്ന ടീ ഷര്‍ട്ടുകള്‍ ചുവപ്പ്. ചുവന്ന മുടിയുള്ള പെണ്‍കുട്ടിയോടു പ്രണയം. വെളുത്ത പെയിന്‍റിനെ പൊളിച്ചടുക്കിക്കൊണ്ടു മുറി മൊത്തം ചുവപ്പടിച്ചു, ഒറ്റക്ക്. എന്തൊരു സന്തോഷം ..എന്തൊരു യുവത്വം. ജീവനുള്ള യുവത്വത്തിന്‍റെ നിറം ചുവപ്പാണ്.

നിറങ്ങള്‍ ജീവിതത്തിന്‍റെ ഭാഗദേയം നിര്‍ണയിക്കുന്ന സിനിമയാണത്- Bianca come il latte Rossa come il sangue.മലയാളത്തില്‍ പറഞ്ഞാല്‍ പാലുപോലെ വെളുപ്പ്, ചോരപോലെ ചുവപ്പ്... .ഇതുവരെ കണ്ട ഇറ്റാലിയന്‍ സിനിമകളില്‍ തീരുന്നവരെ ത്രില്ലടിച്ചിരുന്നു കണ്ട പടം. കാരണം ആകമാനം യുവത്വമാണതില്‍. വല്ലാത്ത ചില ധ്വനികള്‍ പേരില്‍ തന്നെ തുടങ്ങുന്നു. എന്നാല്‍ വലിയ കാര്യമൊന്നുമില്ല. ഒരു ത്രികോണപ്രണയത്തിന്‍റെ കഥ തന്നെ..പക്ഷേ വല്ലാത്തൊരു ആഴമുണ്ടതിന്.

ആദ്യത്തെ പാരഗ്രാഫ് കഥാനായകന്‍റെ ചിന്തയാണ്. വെളുപ്പിനോടു കലഹിച്ച് മുറി ചുവപ്പിച്ചു കൊണ്ട് അവന്‍ കഥ തുടങ്ങുന്നു. ചുവപ്പിനെ പ്രണയിച്ചു തുടങ്ങിയ സ്കൂളിലെ ആദ്യ ദിനം തന്നെ ഒരു ചുവന്ന മുടിക്കാരിയെ അവന്‍ വല്ലാതെ മോഹിച്ചു. പ്രണയം പറയാന്‍ ചങ്കുറപ്പു പോര. നിറത്തിലെ ശാലിനിയെ പ്പോലെ കൂടെ ഒരു കൂട്ടികാരിയുണ്ടെപ്പോഴും- സില്‍വിയ. ഒടുക്കം അവള്‍ സഹായത്തിനെത്തുന്നു. അവളുടെ(ബിയാട്രിച്ച) മൊബൈല്‍ നമ്പര്‍ സില്‍വിയ ഒപ്പിച്ചു കൊടുക്കുന്നു. ആദ്യത്തെ പ്രണയമെസേജിനു മറുപടിയില്ലാതായപ്പോള്‍, അവള്‍ വരാന്‍ സാധ്യതയുള്ള തീയറ്ററില്‍ സിനിമക്കു ടിക്കറ്റെടുത്തു കൊടുത്തു സില്‍വിയ. സംഭവം സക്സ്സസ്. ഒന്നു മിണ്ടാനായി. നാളെ ക്ലാസില്‍ കാണുമ്പോള്‍ സംസാരിക്കാം എന്നു മാത്രമാണ് അവള്‍ പറഞ്ഞത്. പിന്നെ നാളെയൊന്നു നേരം വെളുപ്പിക്കാന്‍ എല്ലാ ന്യൂജനറേഷന്‍ നായകന്മാരെയും പോലെ തന്നെയും നമ്മുടെ നായകനും പരാക്രമം.

ബിയാട്രിച്ചയെ കാത്തു നിന്ന ലിയോയുടെ പക്കല്‍ ദുരന്ത വാര്‍ത്തയുമായാണ് സില്‍വിയ വരുന്നത്. അവള്‍ വരില്ല. ഗുരുതരമായ രോഗത്തിനടിപ്പെട്ട് ആശുപത്രിയിലാണ്. ലോകം മൊത്തം തലകീഴായപോലെ..എല്ലാവരെയും തട്ടിത്തെറിപ്പിച്ച് അനുവാദമില്ലാത്ത ഐസി റൂമില്‍ അവന്‍ പരതിയിട്ടും തന്‍റെ ചുവന്നമുടിക്കാരി മാത്രമില്ല. പിന്നെയാണ് മനസിലായത് ചുരുണ്ടുകൂടി അവശതയില്‍ കിടക്കുന്ന ആ മൊട്ടത്തലക്കാരിയാണ് സില്‍വിയയെന്ന്. ചുവന്ന് ചുരുണ്ടതവളുടെ വെപ്പുമുടിയായിരുന്നുവെന്നും. നിറങ്ങള്‍ വീണ്ടും വേഷമാടുന്നു ജീവിതത്തില്‍...

പിന്നെ പ്രണയം അഗ്നിപോലെ പടരുകയാണ്. അവളെ വീണ്ടെടുക്കാന്‍ അവന്‍ എന്തും ചെയ്യാന്‍ ഒരുക്കം. വെളുത്ത രക്താണുക്കളുടെ കുറവാണ് അവള്‍ക്ക് ശരീരത്തില്‍.
---ശ്വേത രക്തം---
വീണ്ടും വല്ലാത്ത വൈരുദ്ധ്യങ്ങള്‍. ചുവപ്പ് കണ്ട് പ്രണയിച്ച പെണ്ണിന് ചുവന്നചോരയില്‍ വെളുപ്പില്ലെന്ന്...അവന് തലയില്‍ രക്തം തിളക്കാന്‍ തുടങ്ങി...കണ്ണില്‍ വെള്ളപ്പ് മാത്രം. എന്തു ചെയ്യണമെന്നറിയില്ല..പ്രാന്തുപിടിച്ചവനെപ്പോലെ വീണ്ടും മുറിയില്‍ ചുവപ്പിനുമീതെ വെള്ള കോരിയൊഴിക്കുന്നു. അതിനിടയില്‍ അവനറിയുന്നു ബിയാട്രയുടെ നമ്പറിനു പകരം സില്‍വിയ കൊടുത്തത് സ്വന്തം നമ്പര്‍ തന്നെയായിരുന്നു. അത് സില്‍വിയക്കു ലിയയോടുണ്ടായിരുന്ന സ്വകാര്യ പ്രണയം. സില്‍വിയയും ലിയോയും ഒന്നിച്ചിരിക്കാറുണ്ടായിരുന്ന ചാരുബഞ്ചിനു തീയിട്ടു കൊണ്ടാണ് സില്‍വിയയോടുള്ള കലിപ്പ് അവന്‍ തീര്‍ത്തത്.

ഇതിനിടയില്‍ യുവത്വത്തിന്‍റെ ആത്മാവറിഞ്ഞ അധ്യാപകന്‍ ക്ലാസിലെത്തുന്നു. ലിയോയെയും സില്‍വിയയെയും അയാള്‍ മനസിലാക്കുന്നു. ലൈഫ് ഈസ് ബ്യൂട്ടിഫുള്ളിലെ മോഹന്‍ലാലിനെപ്പോലെ, താരേസമീന്‍ പറിലെ അമീര്‍ഖാനേപ്പോലെ...കുറേ അദ്ധ്യാപന ശൈലികള്‍ അയാള്‍ തിരുത്തിക്കുറിക്കുന്നുണ്ട്. ത്രീ ഇഡിയറ്റ്സിലേതിനു സമാനമായ ആശയങ്ങളും .പ്രണയം പൊള്ലുന്ന സില്‍വിയയുടെയും ലിയോയുടെയും ക്ലാസില്‍ അയാള്‍ പഠിപ്പിക്കുന്നത് ദാന്തേയുടെ പ്രണയം. തന്‍റെ ചോരയും, നട്ടെല്ലില്‍ നിന്ന് ഊറ്റിയെടുക്കുന്ന മജ്ജയും വരെ ബിയാട്രിച്ചക്കു നല്കുന്നു ലിയോ. ക്ലാസിനു പകരം നിത്യവും അവളുടെ വീട്ടില്‍ ചെന്ന് പാട്ടുപാടിയും നൃത്തമാടിയും കോമാളിത്തരം കാട്ടിയും അവളെ സന്തോഷിപ്പിക്കാന്‍ കിണഞ്ഞു ശ്രമിക്കുന്നു. ഒടുക്കം തന്‍റെ ഡാഡിയുടെ വീട്ടിലേക്കു ബിയാട്രിച്ച മടങ്ങിപ്പോകുന്നു. ദിനവും വിളിക്കാമെന്ന ഉറപ്പില്‍. അതിനുമുമ്പ് സില്‍വിയയെയും ലിയോയെയും തിരിച്ചു ചേര്‍ക്കാനും മറന്നില്ല ബിയാട്ര. ഒടുവില്‍ ബിയാട്ര മരിക്കുമ്പോള്‍ ലിയോ സില്‍വിയയുമായുള്ള സൗഹൃദത്തില്‍ നിന്ന് പ്രണയത്തിലേക്കുള്ള യാത്ര തുടങ്ങുന്നു. പിന്നെയയാളുടെ മുമ്പില്‍ എല്ലാ നിറങ്ങളും ഭാവഭേദമെന്യേ നിറഞ്ഞു നില്‍ക്കുന്നു. കാരണം അയാളിപ്പോള്‍ നിറങ്ങള്‍ക്ക് അതീതനാണ്.....

ചുവപ്പും വെളുപ്പും എല്ലാ ജീവിതങ്ങളിലുമുണ്ട്. ചോരയും തണുപ്പും തിണര്‍പ്പും ശാന്തതയും മാറിമാറി പകര്‍ന്നാടുന്നു. പക്ഷേ ഈ ചോരയും ശ്വേതവുമൊക്കെ നാമിത്തിരി വാരിപ്പൂശുക തന്നെവേണം നിറങ്ങള്‍ക്കതീതമായ മാനവീകതയിലേക്കെത്താന്‍ ..അതാണ് ജീവിതം...നിറങ്ങളും അര്‍ത്ഥങ്ങളും കൊണ്ടുമാത്രമല്ല..മോദോ ബാന്‍ഡിന്‍റെ...മനോഹരമായ ഗാനങ്ങള്‍ കൊണ്ടും ജാക്കോമോ കംമ്പോത്തിയുടെ സംവിധാന മികവുകൊണ്ടും കളര്‍ഫുള്ലാണ് ചിത്രം...ഒരു നല്ല യൂത്തന്‍ പടം

http://www.youtube.com/watch?v=d_PMhFuEnu0
 — 

ട്രെന്‍ഡുകളുടെ കുത്തൊഴുക്കില്‍ ഒരു ചൊരുക്ക്

''ബുദ്ധി വിറ്റു ജീവിക്കാമെങ്കില്‍
മനസിലെ thoughts വിറ്റു ജീവിക്കാമെങ്കല്‍ 
ശരീരം കൊണ്ടായിക്കൂടെ ? ''

അനൂപ്മേനോന്‍ ട്രിവാന്‍ഡ്രം ലോഡ്ജില്‍ ചോദിച്ച ചോദ്യമാണ്. ശരിയല്ലേ???

ചിന്തകളുടെ ആവിഷ്കരണത്തില്‍ അങ്ങ് ഋതുപര്‍ണ്ണ ഘോഷിന്‍റെയും അമ്മാച്ചനെന്നു വിളിക്കാവുന്ന ട്രെന്‍ഡ് സെറ്റര്‍ അനൂപ് സിനിമയുടെ ക്ലൈമാക്സില്‍ Be a one women man എന്ന ആശയം തിരുകി സിനിമ അവസാനിപ്പിച്ചെങ്കിലും പിള്ളേര്‍ക്ക് ബോധിച്ചതും അവരേറ്റുപിടിച്ചതും മേല്‍ പറഞ്ഞ ഡയലോഗാണ്. ശരീരം വില്‍ക്കുന്നതിനെ സപ്പോര്‍ട്ട് ചെയ്യാന്‍ അദ്ദേഹം കണ്ടെത്തയതും പറഞ്ഞതും ശരിയല്ലേ. ശരിയാണ് ബുദ്ധി വില്‍ക്കുന്നവരുണ്ട്. മനസിലെ ചിന്തകളും ഐഡിയകളും കാശാക്കി മാറ്റുന്നവരുമുണ്ട്. നിഷേധിക്കുന്നില്ല. മികവുറ്റ പരസ്യചിത്രങ്ങളുടെ മാസ്റ്റര്‍ ബ്രെയിനുകള്‍, ഡിമാന്‍റുള്ള കലാകാരന്മാര്‍, കൊമേഴ്സ്യല്‍ ഹിറ്റ്ചിത്രങ്ങളുടെ സംവിധായകര്‍...നിര നീളും ഇങ്ങു ഫെയ്സ്ബുക്കിലെ ലൈക്ക് രാജാക്കന്മാര്‍ വരെ!

പക്ഷേ വില്‍പന എന്ന പദം തന്നെ വസ്തുവിന്‍റെ വില കളയുന്ന പോലെ. വില്‍ക്കാന്‍ വക്കുമ്പോള്‍ എപ്പോഴും വസ്തുവിനു ലഭിക്കുന്ന പ്രതിഫലത്തിലാണ് കണ്ണ്. പ്രതഫലം കൂട്ടാന്‍ വില്‍പനാ വസ്തു ആകര്‍ഷകമാക്കേണ്ടത് വില്‍ക്കുന്നവന്‍റെ അനിവാര്യതയും. പക്ഷേ രണ്ടാമതൊരണ്ണമുണ്ട് അത് പ്രകാശനമാണ്. ആവിഷ്കരണമാണ്. എന്‍റെ ചിന്തകള്‍, ഐഡിയകള്‍, കഴിവുകള്‍ അതിന്‍റെ ഭാവാത്മകമായ പ്രകാശനം. അതില്‍ പ്രതിഫലമല്ല ലക്ഷ്യം. ഞാന്‍ പ്രാകാശിപ്പിക്കുന്നതിന്‍റെ മൂല്യവും, അത് ഉണ്ടാക്കിയേക്കാവുന്ന നന്മ, അറിവ്, പ്രകോപനം, തിരിച്ചറിവ്... അതിനു പ്രതിഫലം താനേ വരുന്നതാണ്.

എ.ആര്‍ റഹ്മാന് ഒരു സിനിമയിലെ ഗാനത്തിന് ഒരു കോടി കൊടുക്കേണ്ടിവരും. പക്ഷേ ആ വില അദ്ദേഹത്തിനു താനെ വന്നതാണ്. കിട്ടാന്‍ പോകുന്ന പ്രതിഫലമല്ല. കീ ബോര്‍ഡിനുമുമ്പിലിരിക്കുമ്പോള്‍ വീണ്ടും ഒരു കൊച്ചു കുട്ടിയുടെ കൗതുകത്തോടെ...പാട്ടിനോടുള്ള ഒരു passionate love- വോടെ പുള്ളി പണിതുടങ്ങും..ഓസ്കാറുകള്‍ താനെ വരും.

പറഞ്ഞു വന്നതെന്താന്നു വച്ചാല്‍ ലൈക്കിനു വേണ്ടി പടക്കുന്നതും, 
കമന്‍റിനുവേണ്ടി ചെളി വിതറുന്നതും വില്‍പന തന്നെ.( ചില ചെളികള്‍ ഫലത്തില്‍ നല്ലതാണെന്നു മറക്കുന്നില്ല)
കുമിഞ്ഞു കൂടുന്ന ലൈക്കിനു വേണ്ടി വില്‍ക്കാല്‍ വക്കുന്നതാവരുത് മച്ചാന്‍റെ ക്രിയേറ്റിവിറ്റി. 

നീയെഴുത്  ലൈക്കെന്ന ചിന്തയില്ലാതെ...
കമന്‍റെന്ന കൊതിയില്ലാതെ...
.മുഖപുസ്കത്തില്‍ വേശ്യകളും ജാരന്മാരുമല്ല സംര്‍ഗാത്മകതയുള്ള കലാകാരന്മാരും കാലാസ്വാദകരും ഓടിക്കളിക്കട്ടെ!

#  
[ശരിയാണ് ഒരു അനൂപ് മോനോന്‍ ട്രെന്‍ഡ് തുടങ്ങിയായിരുന്നു. കടം കൊണ്ടതും വെട്ടിക്കേറ്റിയതുമായ കനപ്പെട്ട ആശയങ്ങളുടെ കുത്തിത്തിരുകല്‍ കൊണ്ടാണെന്നു തോന്നുന്നു അങ്ങ് എറിച്ചില്ല. പിന്നെ V.K.P  യും ( V.K പ്രകാശ് ) അതിന്‍റെ പുറത്തൊന്നു മെഴുകിയായിരുന്നു.]

 

Friday, 13 September 2013

---------------നിങ്ങളെന്നെ കുടിയനാക്കി...----------





ഒഴിയളിയാ...ഒന്നൂടെ..!
എല്ലാം മറക്കട്ടെ ഞാന്‍!
ഇവിടൊന്നു രമിക്കട്ടെ ഞാന്‍!

ഈ നീല നീര്‍ മോന്തി മോന്തി
അടിക്കടി വളിച്ച വാളുകള്‍ വച്ച് വച്ച്
വേച്ചുവേച്ചൊന്നു പിച്ചവക്കട്ടെ ഞാന്‍!

കുടിയനെന്നു വിളിക്കരുതെന്നെ!
ഇതു കുടിച്ചിട്ടാണ് ഇന്നലെ ഞാന്‍
കൊച്ചിനെ പിച്ചിച്ചീന്തിയവനെ തെറി പറഞ്ഞത്. --------( വാള്‍ - 1)

രണ്ടു പെഗ്ഗിന്‍റെ പുറത്തു ഞാന്‍
ചാണ്ടിമന്ത്രി സഭക്കെതിരെ തുറന്നടിച്ചു. -------( വാള്‍ - 2)
വെട്ടിക്കൊന്നവരെ വെറുതെ വിട്ടയച്ച
നീതിന്യായ കോടതിയെ കാര്‍ക്കിച്ചു തുപ്പി! -------( വാള്‍ - 3)

നാലു പെഗ്ഗായപ്പോഴാണ് കൈ തരിച്ചത്.
ജനഗണമന തെറ്റിച്ചു പാടിയവന്‍റെ അപ്പനു വിളിച്ചു.-------( വാള്‍ - 4)
തണ്ടെല്ലു ഞെരിയുന്ന വിധം പ്രവാസിയുടെ
വേര്‍പ്പും, കണ്ണീരും, ചോരയും ഞാനൊഴുക്കിവിട്ടു!-------( വാള്‍ - 5)

അന്തിയായപ്പോള്‍ പിടി വിട്ടുപോയി!
കണ്ണുമറിഞ്ഞു, കാലു വേച്ചു പോയി!
എങ്കിലും ഒമര്‍ഖയാമിന്‍റെയും നെരൂദയുടെയും
ഫോസിലടിച്ചു പോകുന്നമാതിരി
അസ്ഥിക്കു പിടിക്കുന്ന രണ്ടുവരി പ്രണയകവിത കുറിച്ചു.-------( വാള്‍ - 6)

( ഇന്നു വച്ചത് ആകെ മൊത്തം 6 വാളുകള്‍ (പോസ്റ്റുകള്‍).വച്ച പാടെ ഈച്ച പൊതിഞ്ഞു. അതില്‍ നക്കി നോക്കി ഇഷ്ടം എന്നു തോണ്ടിയിട്ടു പോയത് നാഞ്ഞൂറിലധികം. വാളിലിട്ടു വെരകിയവര്‍, തോണ്ടി തിന്നവര്‍, പകര്‍ന്നു കൊടുത്തവര്‍ മൂന്നൂറ്റി അമ്പതിനടുത്തും)

-----------''ഇതൊന്നും കാര്യമക്കണ്ടമ്മേ...ആദ്യമായിട്ടു കഴിച്ചതിന്‍റെയാ..എല്ലാം വെള്ളപ്പുറത്തു പറയുന്നതല്ലേ..കാര്യമക്കേണ്ട...കെട്ടറിങ്ങുമ്പോ എല്ലാം ശരിയാകും..''

ആരാണിതെന്നറിയാന്‍ ഞാന്‍ മുഖം പൊക്കി നോക്കി,,,,''പട്ടീ.....ഇത്രനേരം എന്‍റെ വാളുകളൊക്കെ ചര്‍ച്ചയാക്കി കൊഴുപ്പിച്ചു, രണ്ടുമിനിറ്റു മുമ്പുവരെ എനിക്കു കമന്‍റിട്ട നീയോ...??? ആത്മാര്‍ത്ഥതയില്ലാത്ത ഫെയ്ക്കു സൗഹൃദങ്ങള്‍...എന്‍റെ അടുത്ത വാളു നിനക്കിട്ടാടാ...പന്നീ...''----

അപേക്ഷ-------

''നിങ്ങളെന്നെ കുടിയനെന്നു വിളിക്കരുത്!
ഞാന്‍ കുടിച്ചതെത്രയോ തുച്ഛമാണ്
ഞാന്‍ കുടിച്ച കണ്ണീരിനോടു തുലനം ചെയ്യുമ്പോള്‍!''

( ഈ കുടിയില്‍ കണ്ണീരും തോറ്റു പോകും ...എന്നാലും ഇങ്ങനെ കുടിച്ചോണ്ടിരിക്കാന്‍ എന്തു രസാല്ലേ???)

.--------------------feeling  FB കിക്ക്--------------

Monday, 9 September 2013

ആ കാടന്മാര്‍ക്ക്( എന്‍റെ വന്ദ്യ ഗുരുക്കന്മാര്‍ക്ക്..)...ഹൃദയപൂര്‍വം പ്രണാമം!

കൗമാര കാലത്തില്‍ പിള്ളേരെ തല്ലുന്ന സാറന്മാരൊക്കെ ഭീരന്മാരായിരുന്നു. അല്ലാത്തവരൊക്കെ സ്നേഹിതന്മാരും. അമ്മയെപ്പോലെ സ്നേഹിച്ചിരുന്നവരെ ബഹുമാനവും. തല്ലിത്തകര്‍ക്കാന്‍വേണ്ടി മാത്രം വാദ്യാരു പണ നടത്തുന്ന കാടന്മാര്‍ എന്നപോലെ അവരെ കണ്ടിരുന്നു. അങ്ങേരോടുള്ള കലിപ്പു മൂത്തു പുള്ളിക്കാരന്‍റെ വിഷയത്തിന്‍റെ പരീക്ഷ ബഹിഷ്കരിച്ച് , മൂന്നു ദിവസം ക്ലാസുകാണാതെ...പിന്നെ ഇനി അങ്ങേരെന്തു കാണിക്കുമെന്നു കാണട്ടെ എന്ന കൗമാര വിപ്ലവ വീര്യത്തോടെ തിരിച്ചു ക്ലാസില്‍ അല്‍ഖ്വയ്ദാ നേതാവിനെപ്പോലെ ചെന്നു കേയിറയപ്പോള്‍...അങ്ങേരെന്നെ തല്ലിയില്ല, ചീത്തവിളിച്ചില്ല, കണ്ണുരുട്ടിയില്ല, കയറിയിക്ക് നിധിനേ എന്നു സാധാരണ മട്ടില്‍ പറഞ്ഞു ക്ലാസു തുടര്‍ന്നപ്പോള്‍ തോറ്റതു ഞാനാ...കണ്ണുനിറഞ്ഞു കവിഞ്ഞു...ഇന്‍റര്‍വെല്ലിന് എല്ലാം ഏറ്റുപറഞ്ഞ് മനസ്തപിച്ചപ്പോളും ഇതൊക്കെ എത്ര കണ്ടതാ എന്ന മട്ടില്‍ സ്നേഹത്തോടെ തോളത്തു തട്ടിയപ്പോല്‍ മനസിലായി തല്ലുന്നവനല്ല തലയില്‍ തീക്കനല്‍ കൂട്ടാന്‍ കഴിയുന്നവനാണ് യഥാര്‍ത്ഥ അധ്യാപകനെന്ന്....ഞാന്‍ കഴിക്കുന്ന ആപ്പിളല്ല പുള്ളി കാണുന്നത് നാളത്തെ ആപ്പിള്‍ മരമാണെന്ന്....

പലതും പഠിപ്പിച്ചു തന്ന ഇനിയും മനസീന്ന് പടിയിറങ്ങാന്‍ കൂട്ടാക്കാത്ത ആ കാടന്മാര്‍ക്ക്( എന്‍റെ വന്ദ്യ ഗുരുക്കന്മാര്‍ക്ക്..)...ഹൃദയപൂര്‍വം പ്രണാമം!

...എന്നിട്ടും ഞാന്‍ കുടുംബം നോക്കണില്ലെന്ന്!.

എപ്പൊ നോക്കിയാലും പച്ച കത്തിച്ചിരിപ്പുണ്ടാവും. വെളുക്കുമ്പ തുടങ്ങി പച്ചപ്പാതിരാക്കു ശുഭരാത്രി കവിത കുറിച്ചവസാനിപ്പിക്കുന്നതു വരെ ഓരോ അരമണിക്കൂറിനിടക്കും ഇത് എവിടെ നിന്ന് പടച്ചു വിടണെന്നറിയില്ല. നീ ഇടുന്നതിനൊക്കെ ......അതു കോഴി കാഷ്ടിച്ചതിനെപ്പറ്റിയുള്ള രണ്ടു വരി കവിതയാണെങ്കില്‍ കൂടി ഒരു നൂറു നൂറ്റമ്പതിനടുത്ത് ലൈക്കും കമന്‍റും അഞ്ചുമിനിറ്റിനുള്ളില്‍ നേടുന്നതെങ്ങനെയാണെന്ന് ഇനിയും മനസിലാവണില്ല. നീ ഒന്നു കുറിക്കേണ്ട താമസം...നിനെക്കെതിരെയും നിനക്കുവേണ്ടിയും കമന്‍റുകള്‍ പെരുക്കുകയാണ്....നീ വല്ലാത്തൊരു സംഭവമാണ്...നീ എഴുതുന്നതൊക്കെ ചര്‍ച്ചയാകുവാ...എന്തു ദിനം വന്നാലും അതു ലോക ചൊറിദിനമാണെങ്കില്‍ കൂടി..നിനക്കെന്തേലും കാണും പറയാന്‍....നീയെന്തു പറയുന്നു എന്നറിയാന്‍ വെഗിളി പിടിച്ചിരിക്കുന്നവരെത്രയാ.....

കുറേയായി ചോദിക്കണമെന്നോര്‍ത്തിട്ട്........അപ്പൊ കുടംബം നോക്കുന്നതെപ്പഴാ????

------------ മച്ചൂ...കാര്യങ്ങളൊക്കെ മാറിയില്ലേ.....ഇപ്പൊ കുടുംബം നമ്മളെ നോക്കുവല്ലേ....

കാലത്ത് സ്കൂളില്‍ പോകാന്‍ നേരത്ത് കൊച്ച് കുറേ നേരം നോക്കി നിക്കും...ഒരു റ്റാറ്റാ പറയാന്‍......

കാലൊന്നു തിരുമിക്കിട്ടാന്‍ ...എന്തേലും ഒന്നു മിണ്ടാന്‍ പെറ്റമ്മ നോക്കിയിരിക്കും.....കുറേ...

അത്താഴം ഒരുമിച്ചിരുന്നൊന്നു കഴിക്കാന്‍ കുടുംബം മൊത്തം നമ്മളെ നോക്കിയിരിക്കും.....

അന്തിക്കൊന്നു കൂടെക്കിടക്കാന്‍ കെട്ടിയോളും നോക്കിയിരിക്കും......കണ്ണടയുന്നവരെ....

ഞാനോ നിങ്ങളെ നോക്കിയിരിക്കും ........നിങ്ങളല്ലേ എന്‍റെ കുടുംബം.......ഉമ്മ!


''നിദ്രാദേവിയുടെ ചുണ്ടുകളില്‍ ചെമ്പകം വിരിഞ്ഞു...
അവളുടെ കണ്ണുകളില്‍ മന്ദാരം പൂത്തു......''
---------------------------------------------ശുഭരാത്രി സുഹൃത്തുക്കളെ!!

( പിന്നെ....ശ്രീമതിയെക്കുറിച്ചുള്ള തമാശ ഞാന്‍ ഇന്നലെ എഴുതിയില്ലേ.....
അമ്മുക്കുട്ടിയുടെ വികൃതിതികളെക്കുറിച്ചൊരു കവിത തന്നെ പെടച്ചു.....അതിന്.. 481 ലൈക്കും
വീട്ടിലെ കുറുഞ്ഞി അപ്പിയിട്ടതിനെ പറ്റി എഴുതിയ കഥക്കു നല്ല റേറ്റിംഗായിരുന്നു...എന്നിട്ടും ഞാന്‍ കുടുംബം നോക്കണില്ലെന്ന്!...)