നിന്‍റെ നോട്ടത്തിലെ അര്‍ദ്ധവിരാമത്തിനും നിന്‍റെ ശരീരത്തിലെ ആര്‍ത്തവവിരാമത്തിനുമിടയിലെ ദൂരം മാത്രമായിരുന്നു എന്‍റെ പ്രണയം. എന്നിട്ടും നീ ചോദിച്ചോണ്ടിരുന്നു ''എന്നെ ഇഷ്ടാണോ....??'' ദാഹം തീര്‍ക്കാന്‍ ഞാന്‍ പറഞ്ഞോണ്ടിരുന്നു..''പിന്നേ...''. അപ്പോ നീ പിന്നേം ''എന്തോരം??.''. അപ്പോ ഞാന്‍ ക്ഷമകെട്ടിട്ടും ചിരികാണിച്ചോണ്ട് ''കടലോളം..മഴയോളം...''.( ഒന്നു കിടക്കയില്‍ കിട്ടാന്‍ ഇനിയുമെന്തോരം എന്നു ഞാന്‍ ചിരിച്ചു) എന്നു പറഞ്ഞൊപ്പിച്ചു കിടക്കയിലേക്കു വലിച്ചിട്ടു. നിനക്കപ്പോഴും എന്‍റെ നെഞ്ചില്‍ വെറുതെ കിടക്കണം. എനിക്കാണേല്‍ ചൊറിഞ്ഞു.എല്ലാ കഴിഞ്ഞൊരുവിധം ഞാന്‍ തളര്‍ന്നു കിടന്നുറങ്ങാന്‍ തുടങ്ങുമ്പോ നിനക്കെന്‍റെ തലോടലു വേണം...മാങ്ങ..നിനക്കു വല്ലാത്ത ചൊറിച്ചിലാണ്! എന്‍റെ പരാക്രമം കൊണ്ട് നീ എട്ടെണ്ണം പെറ്റുകൂട്ടി. എട്ടാമത്തേതിനെ പെറ്റിട്ട് നീ ചോരവാര്‍ത്തു മരിക്കാന്‍ നേരവും ചോദിച്ചു..''എന്നെ ഇഷ്ടാണോ??''- ''ഉം''...'' എന്തോരം???''. ഇന്ന് എട്ടും കൈയ്യൊഴിഞ്ഞ് ഗുരുവായൂരമ്പലക്കോണില്‍ ആരും തിരിഞ്ഞുനോക്കാനില്ലാത്ത എനിക്കു ചിരച്ചുകൊണ്ട് ഒരു വാഴിലക്കീറില്‍ പായസം കൊണ്ടു തന്നിട്ടു കുണുങ്ങിപ്പോകുന്ന ഇന്നത്തെ പിറന്നാള്‍ കണ്‍മണിയെക്കണ്ടപ്പോള്‍ എനിക്കു മനസിലാവുന്നുണ്ടു പ്രിയേ നിന്‍റെ ചോദ്യം. ''എന്നെ ഇഷ്ടാണോ? എന്തോരം?'' .....നീയെന്നെ പ്രണയിക്കുകയായിരുന്നു.
No comments:
Post a Comment