Wednesday, 14 December 2016

അറിയുക = സ്നേഹിക്കുക!


നിനക്കെന്നെയറിയില്ല...,മീശപിരിച്ച് ഉഴിഞ്ഞൊരു നോട്ടം നോക്കി ഗുണ്ട
നീ എന്നെ അറിയുന്നില്ല, ---കണ്ണ് നനച്ച് കാമുകി
എന്നെ ആരും മനസിലാക്കുന്നില്ല---..നാല്പത്തെട്ടുകൂട്ടം ജോലിക്കിടിയില്‍ സ്വയം പഴിച്ച് ഭാര്യ
നിനക്കിതെത്ര പറഞ്ഞിട്ടും തലയിലേക്ക് കേറാത്തതെന്താണ് ---ക്ഷമകെട്ട ടീച്ചര്‍
നിങ്ങള്‍ കാര്യം അറിയാതെയാണ് പറയുന്നത് ----കടിച്ചമര്‍ത്തിയ രോഷത്തോടെ ഓഫീസ്സ്റ്റാഫ് ബോസിനോട്

ആരും ആരെയും അറിയുന്നില്ലെന്നാണ് പരാതി. അറിഞ്ഞവരുടെ അറിവൊന്നും ഒരു അറിവല്ലെന്നാണ് തേങ്ങല്‍.
ഇനിയെന്‍റെ ചോദ്യമിതാണ് എങ്ങനെയാണ് അറിവ്?
 വായിച്ചറിവുണ്ട്,കേട്ടറിവുണ്ട്,  അനുഭവിച്ചറിയാം, കണ്ടറിയാം, കൂടെനിന്നറിയാം. പിന്നെയും ഒരുപടി കടന്ന് മഹാത്മാക്കള്‍ പറഞ്ഞു ഏതൊന്നിനെയാണോ അറിയേണ്ടത് അതില്‍ മുഴുകുന്നതാണ് ശരിയറിവ്.

ഇന്ന് ഞാന്‍ കണ്ടെത്തിയ അറിവ് ഇതാണ്.--ഒന്നിനെ സ്നേഹിക്കുന്നതാണ് ഏറ്റവും വലിയ അറിവ്. മീശപിരിച്ച ഗുണ്ടയെ നാം അറിയും സ്നേഹിച്ചു കഴിയുമ്പോള്‍...കണ്ണു കലങ്ങിയ കാമുകിയ നാമറിയാം ഹൃദയം പകര്‍ന്ന ഒരു ചുംബനത്താല്‍..പിറുപിറുത്തു കലപിലകൂട്ടുന്ന ഭാര്യയെ നാമറിയും ഒരു ചേര്‍ത്തു പിടിക്കലില്‍. സ്നേഹത്തിനുമുന്നില്‍ ഇവരൊക്കെയിത്രയേ ഉള്ളൂ .സ്നേഹിച്ചു തുടങ്ങിയാല്‍ നമുക്കാരെയും കുറ്റപ്പെടുത്താനാവില്ല മനസിലാക്കാനേ കഴിയൂ. സ്നേഹിക്കുന്നയാളിന്‍റെ ബലഹീനതകളെക്കൂടി സ്നേഹിക്കാന്‍ കഴിയുന്ന അവസ്ഥ. ഇഷ്ടപ്പെട്ടു പഠിക്കുന്നത് കഷ്ടപ്പെട്ടു പഠിക്കുന്നതിലേക്കാള്‍ മനസില്‍ ഉറക്കുന്നതിന്‍റെ കാര്യവും മറ്റൊന്നല്ല.

അറിയുകയെന്നാല്‍ സ്നേഹിക്കുകയെന്നര്‍ത്ഥം. സ്നേഹിക്കുകയെന്നാല്‍ ആഴത്തില്‍ അറിയുകയെന്നും

അറിയുക = സ്നേഹിക്കുക!


Wednesday, 6 April 2016

ഒരു നീല ചിത്രം



ഒരു മയോമില്ലാത്ത ബോറഡിയുടെ അവസാനം അങ്ങനെയായിരുന്നു.
ഇറങ്ങി നടന്നു. ( ലക്ഷ്യമില്ലാത്ത യാത്രകളാണ് എന്നും ആശ്വസിപ്പിച്ചിട്ടുള്ളത്. അതു തരുന്നതൊക്കെയും ബോണസാണ്). നടന്ന് നടന്ന് ഒരു റെയില്‍വേ സ്റ്റേഷനെത്തി. ആദ്യം കണ്ട ട്രെയിനില്‍ അവസാന ബോഗിയില്‍ കേറിയിരുന്നു. അതിന്‍റെ അവസാന സ്റ്റേഷന്‍ വരെ ഇരുന്നു. അവസാന യാത്രികനായി ഇറങ്ങി.

ചെന്നു നിന്നതൊരു കടല്‍ത്തിരത്ത്. അന്തോം കുന്തോമില്ലാതെ പരന്നു കിടക്കുന്ന കടലും – ഞാനും. റോമില്‍ നിന്നെത്ര ദൂരയാണാ കടല്‍. ഉറപ്പായും റോമിന്‍റെ തുടക്കവും ഒടുക്കവും ഒക്കെ ഈ കടല്‍ത്തീരമായിരുന്നിരിക്കണം. സീസണേയല്ലാത്തതിനാല്‍ കണ്ടുകെട്ടിയ ദേശം പോലായിരുന്നു ആ തുറ. എന്നെ മാത്രമായിട്ട് എനിക്ക് തനിച്ചു കിട്ടിയ അവസ്ഥ. വെട്ടാനും പതിയിരുന്നു കൊല്ലാനും കെട്ടിപ്പിടിക്കാനും ഉമ്മവയ്ക്കാനും രമിക്കാനും എനിക്കെന്നെ ഒറ്റക്കു കിട്ടിയ സമയോം സ്ഥലോം. വാച്ചില്ലാഞ്ഞ കൊണ്ട് അളന്നില്ല. അതിന്റെ തീരത്തൂടെ എത്രയോ നേരം നടന്നു. അതുവരെ താണ്ടിയ എല്ലായാത്രകളും അന്ന് പിറകെ ഒച്ചവക്കാതെ പിന്തുടരുന്നുണ്ടായിരുന്നു. തിരിയുമ്പോ പെട്ടെന്ന് മറഞ്ഞു കളയും. പക്ഷേ അവരുടെ കാല്പാടു കണ്ടല്ലോ ഞാന്‍.

കാലു കഴച്ചപ്പോ ഇരുന്നു. പിന്നെ കിടന്നു. പിന്നെപ്പൊഴോ ഉറങ്ങി. പക്ഷേ ഒന്നുറപ്പാണ് അടുത്ത കാലത്തൊന്നും ഇത്ര മനോഹരവും ശാന്തവുമായ ഒരു ഉറക്കം ഉണ്ടായിട്ടില്ല. തീരത്തൊറ്റപ്പെട്ട കുഞ്ഞിന് കടലിരമ്പത്തിനു നടുവിലും ശാന്തതയുണ്ട്. മാലാഖമാരുടെ ഉറക്കമുണ്ട്. അതില്‍ ചുണ്ടില്‍ ചിരി പരത്തിയ ഒരു സ്വപ്നമുണ്ടായി. സ്വപ്നം തന്ന ചിരി പൊലിയാതെ കണ്ണു തുറന്നപ്പോ മുകളിലാകാശം മാത്രം. ചെവിയില് കടല്‍. നീലച്ചിറകുമായൊരാള്‍ ഒരു പൊട്ടുപോലെ ആകാശത്തൂന്നു പൊലിഞ്ഞു വീഴുന്നു. അയാള്‍ വലുതായി വലുതായി വരുന്തോറും താഴേക്ക് താഴേക്കിറങ്ങി. നീലച്ചിറക് വിരിഞ്ഞു നിന്നാടി. സ്വപ്നം തന്നെ തുടരുന്നതാണോ..? അതോ കണ്ണു തുറന്നത് ഇനി സ്വപ്നത്തില്‍ തന്നെയാണോ....?? കനപ്പെട്ട സംശയം തീർന്നത് അയാളുടെ കാലുകള്‍ നിലത്ത് വന്ന് കുത്തുകയും ആ കുത്തിലില്‍ തെറിച്ച മണല്‍ത്തരികള്‍ എന്‍റെ മുഖത്തു വന്നു മുത്തുകയും ചെയ്തപ്പോഴാണ്.



അയാള്‍ മനുഷ്യനായിരുന്നു. പേര് സ്തേഫനോ. – പാരാഗ്ലൈഡിസ്റ്റ്. തലക്കുമലേ വിരിഞ്ഞു നിന്ന...ഇപ്പോള്‍ മണലില് പതിഞ്ഞു കിടക്കുന്ന മേലാപ്പ് പാരച്യൂട്ടല്ല, ചിറകെന്നു തന്നെ വിശ്വസിച്ചോട്ടെ ഞാന്‍. അയാള് നീലയാണ്. തരം കിട്ടിയാലൊക്കെ അയാള് പറക്കുന്നത് നീലക്കടലിനും നീലാകാശത്തിനും നടുവിലൂടെ. ചിറകുകളും നീല. അയാളിട്ട ജാക്കറ്റ് നീല. തമ്മില്‍ പറഞ്ഞു പറഞ്ഞ് ആകാശം പിന്നെയും നീലച്ചു. കാറ്റ് കൂടിയപ്പോ അയാളെണീറ്റു. ഞാനും.
- ''ഇതെങ്ങനാ പറക്കണേ?''
- ''നിനക്ക് പറക്കണോ ?''
- ''അറിയില്ല, ഇതുവരെ ഈ സംഗതി ചെയ്തിട്ടില്ല''.
- ''ഞാന്‍ പഠിപ്പിക്കാം''

ആദ്യം ഫൈബർ പാലറ്റ് കാലില്‍ കെട്ടി തന്നിട്ട് കടലിലൂടെ തെന്നാന്‍ പഠിപ്പിച്ചു. അപ്പോള്‍ത്തന്നെ കൈകൊണ്ട് കാറ്റ് നോക്കി പാരച്യൂട്ട് ട്വിസ്റ്റ് ചെയ്യാനും. പിന്നെ ബോഡി ബാലന്സ് ചെയ്യാന്‍. അവനും എനിക്കും കോണ്‍ഫിഡന്‍സായെന്നു തോന്നിയ ഒരു നിമിഷം അവന്‍ എന്നെ പൊങ്ങി പറക്കാന്‍ വിട്ടു. പതിയെ കാലു കടലില്‍ തെന്നി...പിന്നെ പൊങ്ങി...പിന്നെ കാറ്റു പിടിച്ചു..വായുവിലൂടൊഴുകി...കടല്‍പ്പരപ്പിനു മോളിലൂടെ...പിന്നേം ഉയർന്നു. ഞാന്‍ കൂവി..പിന്നെ കണ്ണു നിറഞ്ഞൊഴുകി...ഒറ്റക്കു ചിരിച്ചു...സ്നേഹിച്ച മുഖങ്ങളെല്ലാം മനസില്‍ മിന്നി...ഏതൊക്കെയോ പാട്ടുപാടി... പൊട്ടു പോലെ തീരത്ത് സ്തേഫനോ.



കാറ്റിനനസരിച്ച് കൈയിലെ ബെല്റ്റ് ട്വിസ്റ്റ് ചെയ്യാന്‍ പഠിച്ചു കഴിഞ്ഞു.
മുപ്പത്തഞ്ചു നാല്പതു മിനിറ്റോളം ആകാശത്തിനും ആഴിക്കും മദ്ധ്യേ ഏകാകിയായ മാലാഖയേപ്പോലൊഴുകി. താന്നു താന്നു തിരമാലക്കു മോളില്‍ പതിയെ തെന്നി തീരത്തേക്ക് നീങ്ങി ലാന്‍‍ഡ് ചെയ്തു. ചിറകു ചുരുങ്ങും മുന്നേ സ്തേഫനോയെ ഓടിച്ചെന്ന് കെട്ടിപ്പിടിച്ചുമ്മവച്ചു. കണ്ണു കൊണ്ട് അവനെ നനപ്പിച്ചു.

വീടുണ്ട്..വീട്ടുകാരുണ്ട്..മുപ്പത്തിരണ്ടു വയസുണ്ടെന്നൊക്കെ പറഞ്ഞിട്ടും വിശ്വസിച്ചില്ല ഞാന്‍. ഞാന് ചത്തിട്ടില്ലെടാ കഴുവേറി...എന്നെന്‍റെ ചെവിയില്‍ വീണ്ടും വന്നു കൂവാന്‍ ആ പ്രാന്തനായ ദൈവം പറഞ്ഞു വിട്ട ദൂതന്‍ തന്നെയാണവന്‍.

തിരിച്ച്, വന്നിടത്തേക്ക് അവന്‍ പറന്നുയർന്നപ്പോഴും.. ട്രെയിന്‍ എതിർദിശയിലേക്കോടിയപ്പോഴും..ഒറ്റക്കു ഷവറിനു താഴെ നിന്നപ്പോഴും ചങ്കില്‍ ഇങ്ങനെ സ്നേഹം കുമിഞ്ഞ് കുമിഞ്ഞ് കൂടുന്നത് കണ്ടു പേടിയായെനിക്ക്.

ഉള്ളിന്റെ വിളികേട്ട് ഇറങ്ങിത്തിരിച്ചപ്പോഴൊക്കെ അപ്പോയിന്മെന്‍റെടുത്തിട്ട് വന്ന് ക്യൂ നില്ക്കുന്ന പോലാണല്ലോ വഴി നീളെ അത്ഭുതങ്ങള്‍!!!...മനുഷ്യനെ കരയിക്കാനായിട്ട് പണ്ടാരം....!!! ( ഷവറും ഞാനും പിഴിഞ്ഞു മൂക്കു തുടച്ചു).







Tuesday, 23 February 2016

കറുത്ത പുതമുണ്ട്

മുന്നോട്ട് പോവുക...മുന്നോട്ട് പോവുക. പുഴയില്‍ ചാടി ചാവാന്‍ നിന്നവനോട് പുഴ പറഞ്ഞോണ്ടേയിരുന്നു- മുന്നോട്ട് പോവുക. എന്‍റെയൊപ്പമല്ല. നീ തനിയെ മുന്നോട്ട്. നിനക്ക് തനിയെ മുന്നോട്ട് പോവാന്‍ ആവതിയുള്ളപ്പോ ആഞ്ഞുപോവാന്‍ പിന്നെന്തിന് എന്‍റെയൊഴുക്കിനെ കൂട്ടു പിടിക്കുന്നു???
അഗാധത്തിലേക്കെടുത്തു ചാടാന്‍ മലയുടെ തുഞ്ചത്ത് ചെന്നവനോട് മലയും പറഞ്ഞു ചിരിച്ചതിങ്ങനെ. എന്നേക്കാള്‍ ഉയരം നിനക്കുള്ളപ്പോള്‍ നിലംപതിക്കാന്‍ നീയെന്തിന് എന്‍റെ ഉയരത്തെ കൂട്ടുപിടിക്കുന്നു. ഉയരത്തില്‍ നില്‍ക്കുന്നോനല്ലേ താഴെവീഴാന്‍ എളുപ്പം. ആവോളം ഉയരവും ആവോളം വീഴ്ച സാധ്യതയുമുള്ള നീയെന്തിന് എന്നെ അപകീര്‍ത്തിപ്പെടുത്തുന്നു???

ആദ്യരുചിയേതെന്നറിയാത്ത വിഷക്കൂട്ട് നാവിലേക്ക് തൊടാന്‍ എടുത്തപ്പോള്‍ നാക്ക് പുറത്തേക്കിട്ട് ചിരിച്ച് വിഷം പറഞ്ഞു. മണ്ടാ വിഷം തീണ്ടില്ല നിനക്ക്. വിഷം വിഷത്തോട് ചേര്‍ന്നാല്‍ നിര്‍വീര്യമല്ലേ ഫലം. എന്നിലും വല്യ വിഷക്കൂട്ട് നീ തന്നെയാവുമ്പോള്‍!!.പല രുചികളുള്ള കൊടുവിഷം.!!!

മലയിറങ്ങിവന്ന വഴി മരണം കരിമ്പനയുടെ മറവില്‍ നിന്നും മുന്നിലേക്ക് വന്നിട്ട് തടഞ്ഞുനിര്‍ത്തി ചോദിച്ചു. ''എന്താ ഉദ്ദേശം? എന്‍റെ ചാപല്യങ്ങളെ മുതലെടുക്കുവാണോ നീ? വേണ്ടെന്ന് പറഞ്ഞിട്ടും താത്പര്യമില്ലാത്ത നേരത്ത് നീയെന്നെ കെട്ടിവലിച്ചോണ്ട് എങ്ങോട്ടാണ്??''
 - ''എനിക്ക് ജീവിതത്തിന്‍റെ സൗന്ദര്യം ഒരു വട്ടമെങ്കിലും കാണണം..മരണത്തിന്‍റെ തുഞ്ചാണിത്തുമ്പത്തു നില്‍ക്കുമ്പോഴല്ലാതെ പിന്നെപ്പോഴാണ് അത്രമേല്‍ സൗന്ദര്യം ജീവിതത്തിനുണ്ടാകുന്നത്?''

മരണം ഒരു നിമിഷാര്‍ദ്ധം ഒന്നഹങ്കരിച്ച് തലയുയര്‍ത്തി. പിന്നെ കണ്ണുകളിലേക്ക് നോക്കി തലതാഴ്ത്തിയിട്ട് പറഞ്ഞു- ''ഇല്ലെടോ...ഇന്നെന്‍റെ മുന്നില്‍ വന്നിട്ട് ഇതു ചോദിക്കാന്‍ മാത്രം വളര്‍ന്നു നില്‍ക്കുന്ന നിന്‍റെ ഭ്രാന്തിനോളം സൗന്ദര്യം വരുന്നില്ല എനിക്കും, എന്‍റെ മുമ്പില്‍ നില്‍ക്കുമ്പോള്‍ നീ കണ്ടേക്കാവുന്ന ജീവനും. നിന്‍റെ കോളു പിടിച്ച മനസും മത്തുപിടിച്ച ജീവിതവും മരണത്തെ തോല്‍പ്പിക്കുന്ന വിപ്ലവം തീര്‍ക്കുമ്പോ താനെന്തിന് മരണത്തെ അപകീര്‍ത്തിപ്പെടുത്തുന്നു. മരണത്തിന്‍റെ തുഞ്ചാണിത്തുമ്പത്ത് നില്‍ക്കുന്നവന്‍റെ അഭിനിവേശം തന്നെയാടോ തനിക്കെന്നും ജീവിതം''.
 ഒന്നു പുറകോട്ട് ആഞ്ഞ് കൈകൂപ്പി വന്ദിച്ചിട്ട് മരണം പറഞ്ഞു- ''ഇപ്പോ പോട്ടെ...നിന്‍റെ സൗന്ദര്യം എന്നേക്കാള്‍ കുറയുന്ന നാളിലോ അതുമല്ലെങ്കില്‍ നിന്‍റെ ഭ്രാന്തുകള്‍ എന്നെ മുടിഞ്ഞ അസൂയക്കാരനാക്കുന്ന ദിവസമോ ഞാന്‍ വരും. അതൊരു കുരിശില്‍ തറച്ചുള്ള മരണമാകണേയെന്ന പ്രാര്‍ത്ഥനയോടെ ഞാനിറങ്ങട്ടെ''!!!

 മരണം കുന്നിറങ്ങി നടന്നു മറയുന്നവരെ ഞാന്‍ നോക്കി നിന്നു. താഴ്വാരത്തില്‍ നിന്നും കുന്നുകേറി വരുന്ന തണുത്തകാറ്റില്‍ അവന്‍റെ കറുത്ത പുതമുണ്ട് ആടിയുലയുന്നുണ്ടായിരുന്നു.



❣VALENTINA'S DAY❣




ഫെബ്രുവരി 14 – ഒരു ഭാഗത്ത് പ്രണയം പ്രളയമാവുകയും ചുവപ്പ് പരന്നൊഴുകയും, അതിലൊരു മൂലയ്ക്ക് കരിദിനം കൊണ്ടാടുകയും ചെയ്യുന്നു. മറുപുറത്ത് കൊല്ലം തെറ്റാതെ 14-ന് കാലത്ത് സ്റ്റഡി ക്ലാസ് വരും. അതേ വാചകം, അതേ ചിത്രം, അതേ തലക്കെട്ട് – “വാലന്റൈന്‍ ആരായിരുന്നു???”. വാലന്റൈന്‍ - എന്ന സെയിന്റിനേം ആ ദിനം ഉണ്ടായിവന്ന നാള്‍ വഴിയും വിവരിച്ച് ചുവപ്പിനുമേല്‍ ഒന്നു വെള്ളപൂശും.


പല കൊല്ലം തല്ലിത്തേച്ചു കേറിവന്ന ഈ ഫെബ്രുവരി 14 –ന് പണ്ട് ചവച്ച് ഏതോ മതിലില്‍ തേച്ചുവച്ച ബബിള്‍ഗങ്ങളൊന്നും ചുരണ്ടിയെടുത്ത് വീണ്ടും ചവയ്ക്കാന്‍ തോന്നീല്ല. വാലന്റൈന്‍ ആരായിരുന്നു..എന്നും ആരായാന്‍ പോയില്ല. പുല്ലിംഗ സ്ഥാനത്ത് ഒരു സ്ത്രീലിംഗ നാമം നല്ല കട്ട ലിപ്സ്റ്റിക്ക് ഇട്ടുവന്നു. – “വാലന്റീന” – ആരായിരുന്നു???




‘വാലന്റീന’ ഒരു പേരല്ല, സാധ്യതയാണ്. ഒറ്റനോട്ടത്തില്‍ തെളിയുന്ന സാധ്യതയുടെ മേലെ വേറൊരു സാധ്യത കണ്ടെത്താന്‍ കഴിഞ്ഞാല്‍ ദൈവം നുരയുന്ന വീഞ്ഞ് കുടിക്കാനും കള്ളാവിയില്‍ വേവിച്ചെടുത്ത പനത്തോണെ കേക്ക് കഴിക്കാനും കഴിയുന്ന രാത്രിയാണ്. പക്ഷേ വാലന്റീന അവളുടെ പേര് തന്നെയാണ്. വേണമെങ്കില്‍ ചേർന്നു നിന്നെടുത്ത സെല്ഫിയും ഇവിടെ പിന്‍ ചെയ്തുവയ്ക്കാന്‍ തയ്യാറാണ്...ആ രാത്രിയും രൂപവും എനിക്കു മറക്കാന് കഴിയുമെങ്കില്‍.


കപ്പദോച്ചിയാ തെരുവില്‍ ഇരുട്ട് പരക്കുകയും, സോഡിയം വേപ്പർ കാലു പൊക്കി നിന്ന് അതിനുമേല്‍ മഞ്ഞ മൂത്രം തളിക്കുകയും അതിനടിയില്‍ കുത്തിക്കീറുന്ന പെർഫ്യൂം മണം ചലിച്ചു തുടങ്ങുകയും ചെയ്ത വൈകുന്നേരമാണ് ക്രിസ്മസ് കഴിഞ്ഞ ട്രെയിന്‍ മിലാനില്‍ നിന്ന് റോമാ ടെർമിനിയില്‍ ലാന്‍ഡ് ചെയ്തത്. അതിന്റെ ആയിരം കൈകളിലൊന്നില്‍ ഒരു വർണ്ണക്കൂടില്‍ പൊതിഞ്ഞ മിലാന്‍ പനത്തോണെ. നല്ല മൂത്ത ഗ്രാപ്പ (മദ്യമാണ് മദ്യം)യുടെ ആവിയില്‍ വേവിച്ചത്. സമ്മാനങ്ങള്‍ ഭാരങ്ങളാണ്. അതോണ്ടാണ് വാങ്ങാതെ പോരാന്‍ നോക്കുന്നത്. പക്ഷേ ഇക്കൊല്ലം മിലാനിലെ കുജോണയില്‍ നിന്ന് പടിയിറങ്ങിയപ്പോ അവരു വച്ചു നീട്ടിയതില്‍ ഒരു പനത്തോണെ കേക്ക് ഇങ്ങു പൊക്കിയെടുത്തു. അതെന്തിനായിരുന്നെന്ന് അറിയില്ല, അതിനോടുള്ള കൊതി അത്രകണ്ട് ഇല്ല താനും.






കേക്കും ഞാനും തനിച്ചായ വൈകുന്നേരം സൈക്കിളിന്റെ കൈകളിലൊന്നില്‍ ആ കേക്കും തൂക്കി പറക്കാന്‍ തോന്നി. ചക്രം പറക്കുന്ന വഴിയേ ആടിയാടിയാ കേക്കും പാടിയാടി ഞാനും. അത് കറങ്ങി കറങ്ങി കൊളോസിയം വലം വച്ചു പിന്നെ ആല്‍ക്കമെനെസിന്റെ കൈയ്യിലെ ഡിസ്ക് പോലെ ഇരുട്ടുവീണ ഏതോ വെട്ടുവഴിയിലേക്ക് പാളിത്തെറിച്ചു...സത്യത്തില് കൊളോസിയത്തിന്റെ ഗാലറിയില്‍ ഇരുന്ന് ഏതോ ഒളിമ്പ്യന്‍ എറിഞ്ഞതാണ്. യജമാനന്റെ വീട് മണുത്ത കുതിരയെപ്പോലെ എന്നേയും കൊണ്ടു പാഞ്ഞ സൈക്കിള് ചുണ്ടു ചുവപ്പിച്ച ചേച്ചിയുടെ കൊതിപ്പിക്കുന്ന നോട്ടത്തിനുമുന്നില് ചെന്നു നിന്നപ്പോ ആടിയാടി വന്ന കേക്കുംപൊതി നേരെ തൂങ്ങി നിന്നു. എന്നെ ഇത്ര പരിചയമോ...ആളു മാറിയില്ല എന്നെത്തന്നെ.


-“പോവാം”??.


“എങ്ങോട്ട്”??.


– “മുറിയിലേക്ക്” (ദിപ്പോ വീട്ടിക്കേറി വന്നപോലെ സിമ്പിളായിട്ട്)


“പേരെന്താ...”??


– “വാലന്റീന…. പോവാം...” ?? ചോദ്യം വീണ്ടും.


എന്റെ മുഖം വിയർത്തു. കാലില് ചെറിയൊരു തരിപ്പ്. ഞാന് പറഞ്ഞു


“പോവാം ആദ്യം എന്തേലും കുടിച്ചാലോ...എനിക്ക് നല്ല ദാഹം”. അതൊരു മുഷിച്ചിലായെന്ന് മുഖവും സ്വരവും മറുപടി പറഞ്ഞു. എങ്കിലും ഞാന്‍ അല്പം സ്നേഹത്തോടെ കണ്ണുകാണിച്ച് വാശി പിടിച്ചനേരം തന്നെ കണ്ണിന്റെ നേരെ ആ തെരുവിന്റെ കോണില്‍ ആളുകുറഞ്ഞ ബാര്‍ ആരോ പണിതുവച്ചു. അതിന്റെ രണ്ടു നിലകളിലൊന്ന് ഭൂമിക്കടിയിലേക്കാരോ തുരന്നു വച്ചു. ആ ഭൂഗർഭ ബാറിന്റെ ഗർഭപാത്ര ഭിത്തിയോട് ചേർന്ന് മൂലയ്ക്കൊരു മേശയില്‍ ഞാന്‍...എതിരേ വാലന്റീന- വല്ലാത്ത പിറുപിറുപ്പും അസ്വസ്ഥതയും തേച്ചുവച്ച മോന്ത. ഇരുപ്പുറയ്ക്കാത്ത ഇരുപ്പും ധൃതി പാഞ്ഞ കണ്ണും. എങ്ങനെ ഇരിപ്പുറയ്ക്കാനാണ് ഇവിടെ കുത്തിയിരുന്നു രണ്ടു ഗ്ലാസ് വൈന്‍ വിഴുങ്ങുന്ന നേരം മതി രണ്ടുപേരെ തഴുകി കുളിപ്പിച്ച് രണ്ട് 50 യൂറോ നോട്ട് ബാഗില് വീഴ്ത്താന്‍. അതിനും കൂടി ഇനിയെന്നെ പിഴിയാമെന്ന പ്രതീക്ഷയോടെ ഒരു ഇല്ലാച്ചിരി വരുത്തി ഇരുന്നു.


ചോരക്കറുപ്പുള്ള വൈന്‍ വന്നു. അതുപൊക്കി കമത്തുംമുന്നേ..ഞാനാ വർണ്ണപ്പൊതി പോട്ടിച്ചു. പഞ്ചസാരപ്പൊടി കുലുക്കിക്കുത്തി അതിനുമേല്‍ പരത്തിയിട്ട് കവർ പൊട്ടിച്ചു. കേക്കെടുത്ത് മുന്നിലെ പ്ലേറ്റിലേക്ക് നീക്കിവച്ചിട്ട് മുറിക്കാന്‍ കത്തിയവള്‍ക്ക് കൊടുത്തു. മുറിക്കാന്‍ നേരം ലൈറ്റായിട്ടൊന്ന് കയ്യടിച്ചു...പതിഞ്ഞ സ്വരത്തിലവളുടെ കണ്ണില്‍ നോക്കി “ബോന്‍ നതാലെ” (ഹാപ്പി ക്രിസ്മസ്) പാടി, ഒരു മുറിയെടുത്ത് വായിലേക്ക് വച്ചുകൊടുത്തിട്ടൊന്ന് കെട്ടിപ്പിടിച്ചു..വൈന്‍ ഗ്ലാസ് ഒന്നു പൊക്കിയിട്ട് മുട്ടിച്ചിട്ട് വലിച്ചു കുടിച്ചു..അതിനിടയ്ക്കൊരു സെല്ഫി ക്ലിക്കി..അത്രേയുണ്ടായുള്ളൂ...രണ്ടരമിനിറ്റ്!.


പക്ഷേ ക്ലീഷേയാണേലും ചില ക്ലീഷേകള്‍ എല്ലാക്കാലത്തും എല്ലായിടത്തും ക്ലീഷേയില്‍ നിന്ന് മുന്നോട്ടോ പിന്നോട്ടോ ചലിക്കാത്തതെന്തെന്ന് മാത്രമാണിപ്പോ ഞാന്‍ ചിന്തിക്കുന്നത്. വീഞ്ഞ്പോലായി മുഖം...കണ്ണിലെ ആദ്യത്തെ കത്തുന്ന നോട്ടം മാറി വേറൊരു തരം തിളക്കം...കണ്ണുകളില്‍ എന്റെ മുഖം മുഴച്ചു മുഴച്ചു വന്നു ജസ്റ്റ് ഒന്നടർന്നു വീണു. ഞാനൊഴുകി.





ഇക്കൊല്ലം കിട്ടിയ ആദ്യത്തെ ക്രിസ്മസ് വിഷ് ആയിരുന്നുവതെന്ന് – ഡിസംബർ

27- ന്. പൊതു അവധി ബാധിക്കാത്ത പണിയായ കൊണ്ട് ക്രിസ്മസ് വന്നതും പോയതും അറിയാനോ അന്വേഷിക്കാനോ മെനക്കെടാറില്ലെന്ന്....വീട്ടില് ഒരു അനിയത്തിയുണ്ട്, 7 വയാസായ മകളുണ്ടെന്ന്, അനിയത്തി തൊട്ടപ്പുറത്തെ തെരുവില് ഇതേ പോലെ നില്പുണ്ടെന്ന്...വീട് കുറച്ച് ദൂരത്താണെന്ന്...മുറിയൊക്കെ ദിവസ വാടകയ്ക്കാണെന്ന്...വാടകയ്ക്കുള്ള ക്രോസ് രേഖ കടന്നാലാണ് ചിലവിലേക്കുള്ളത് വീഴുന്നതെന്ന്.... പിന്നേം എന്തൊക്കെയോ പറഞ്ഞു. ഉള്ളിലെ വീഞ്ഞിന് വീര്യമുണ്ടായിരുന്നോണ്ട് കുറേയൊന്നും പതിയാണ്ടുപോയി. സമയം പിന്നേം കുറേയങ്ങ് പോയി. ആർക്കും ധൃതിയില്ലാത്ത ശാന്തത. ആ സെല്ഫി അവള്ക്ക് കൂടെ കൊടുത്തു. ബാക്കിവന്ന കേക്ക് മകള്‍ക്കെന്നു പറഞ്ഞ് ഞാനിറങ്ങി. മുറിയിലേക്ക് വരുന്നില്ലേന്ന് ചോദിച്ചില്ല, തുലച്ചു കളഞ്ഞ സമയത്തിന്റെ വാടക ചോദിച്ചില്ല.. വീടെവിടെന്നു ചോദിച്ചില്ല....


ഇന്നു കാലത്ത് അക്ഷരത്തെറ്റുകളുള്ള ഒരു മെസ്സേജില്‍ വാലന്റീന എന്നു എഴുതിയിരിക്കുന്നു. കൂടെ കുറച്ചു ഫോട്ടോകളും- മകളാണ്...ഇന്നവളുട എട്ടാമത്തെ ബെർത്ത് ഡേ ആണെന്ന്. പേര് ‘ആഞ്ചലീന’ - “മാലാഖയ്ക്ക് എന്റെ ഉമ്മകള്‍...” 😘😘സ്മൈലി ചേർത്ത് സെന്റി.


വാലന്റീനയുടെ മകള്‍ ആഞ്ചലീനയുടെ പിറന്നാള്‍ രണ്ടുദിവസം പുറകോട്ടേക്ക് കേറ്റി വച്ച് ഞാനീ കൊല്ലത്തെ വാലന്റൈന്‍ ദിനാന്ത്യക്കുറിപ്പ് കുത്തിട്ട് തീർത്ത് പൂട്ടിക്കെട്ടിവയ്ക്കട്ടെ....Happy Valentina’s Day !!!♥






നിധിന്‍


ഫെബ്രുവരി 17

റോമ