Sunday, 30 March 2014

നൈസര്‍ഗികം


===അപ്രതീക്ഷിതമായൊരു വാചകത്തോടെ തുടങ്ങുക
===നുണപറഞ്ഞ് ശരിയിലേക്കെത്തുക
===ഇടിക്കിടെ ആകര്‍ഷകമായ കഥകള്‍ കൂടെച്ചേര്‍ക്കുക
===പുട്ടിനു പീരയിടുന്ന പോലെ മുന്‍കൂട്ടി തയ്യാറാക്കിയ തമാശുകള്‍ സിറ്റ്വേഷനില്‍ ചേര്‍ത്തു വയ്ക്കുക.
===ശബ്ദം ആരോഹണാവരോഹണങ്ങളോടെയായിരിക്കണം.

പ്രസംഗത്തിലൂടെ നിങ്ങള്‍ക്കും ജനങ്ങളെ കൈയിലെടുക്കാം!

===പുഞ്ചിരിയോടെ കയറിച്ചെല്ലുക
===പെട്ടെന്ന് ആളുകളുടെ പേരുകള്‍ പഠിക്കുക
===പേര് വിളിച്ച് അഭിവാദനം ചെയ്യുക
===ഇടവേളകളില്‍ സഹപ്രവര്‍ത്തകരുമായി വ്യക്തിപരമായ കാര്യങ്ങള്‍ സംസാരിക്കുക
===എന്തിനേയും പോസിറ്റീവായി സമീപിക്കുക

ജോലിസ്ഥലത്ത് നിങ്ങള്‍ക്കു തിളങ്ങാം!

===തുടക്കം, ഒടുക്കം, നടുക്ക് എന്നിവ മുന്‍കൂട്ടി പ്ലാന്‍ ചെയ്യുക
===ആരും ഇന്നോളം പരീക്ഷിക്കാത്ത ശൈലി സ്വീകരിക്കുക.
===പ്രാദേശികച്ചുവയുള്ള ശൈലി, പ്രയോഗം, ഭാഷ ഇവയുണ്ടെങ്കില്‍ നന്ന്
===പൊതുജനം പറയുന്നതിന്‍റെ റിവേഴ്സ് ഓര്‍ഡറില്‍ നിന്ന് ഒരു കാര്യം അവതരിപ്പിക്കുക.

ഇടക്കാലം കൊണ്ട് ശ്രദ്ധ പിടിച്ചെടുക്കുന്ന എഴുത്തുകാരനാകാം.

സുഹൃത്തേ, പക്ഷേ ഇതിലെവിടെയാണ് ഹൃദയത്തില്‍ നിന്ന് പറയുന്നു എന്നു പറയാന്‍ കഴിയുക?
ഹൃദയപൂര്‍വ്വം പെരുമാറാനാകുക?
സുതാര്യമായി എഴുതാന്‍ കഴിയുക?

മുന്‍കൂട്ടി തയ്യാറാക്കിയ ചില ടിപ്പ്സുകളോടെ ( പ്രായോഗിക തന്ത്രങ്ങള്‍) ആളുകളെ സ്വാധീനിക്കുന്ന പ്രസംഗകന് എന്ത് സത്യസന്ധതയാണുള്ളത്?

എന്‍റെ മനസിലേക്കു വരുന്ന ചില ബോധ്യങ്ങള്‍ ഞാന്‍ അതേ ഒഴുക്കോടെ തുറന്നു പറയുമ്പോള്‍..എങ്ങനെ അവസാനിപ്പിക്കണമെന്ന മുന്‍ധാരണയില്ലാതെ എന്നിലെ പ്രചോദനത്തിനോടു സത്യസന്ധത മാത്രം കാട്ടുമ്പോള്‍..എഴുത്തായാലും പ്രസംഗമായാലും പ്രവൃത്തിയായാലും എനിക്കും നിങ്ങള്‍ക്കുമിടയില്‍ ദിവ്യമായ ഒരു തലം വന്നു ചേരുന്നു. യഥാര്‍ത്ഥ കല പലപ്പോഴും ഇങ്ങനെയാണ്....ജീവിതവും. ഗ്രീക്ക് ധൈഷിണികര്‍ പറയുന്ന ഒരു തരും കഥാര്‍സിസ് (Catharsis-  κάθαρσις ). ഒരു action-നും cut-നുമിടയില്‍ മറ്റെന്തോ ആയി മാറുന്ന അതുല്യനായ ഒരു നടനില്‍ അയാളറിയാതെ സംഭവിക്കുന്ന ഒരു പരിവര്‍ത്തനം.

മുന്‍ധാരണകളോ, ആരോ പറഞ്ഞു വച്ച ടിപ്പുകളോ ഇല്ലാതെ പറയുകയും പ്രവൃത്തിക്കുകയും ചെയ്യുന്നവര്‍ക്ക് ജീവിതത്തിലുണ്ടാകുന്ന spontaneity അപാരമായിരിക്കും. തന്നോടു തന്നെ സത്യസന്ധനായിരിക്കും...വല്ലാത്തൊരു തരം സ്വാതന്ത്ര്യം അയാള്‍ ആസ്വദിക്കും.

മേല്‍പ്പറഞ്ഞ ടിപ്പുകള്‍ അപ്പോള്‍ സ്വാഭാവികമായിത്തന്നെ വന്നുചേരും. തിയറിയില്‍ നിന്ന് പ്രാക്ടീസിലേക്കു പോകുന്നതിലേക്കാള്‍ പ്രാക്ടീസില്‍ നിന്ന് തിയറി സൃഷ്ടിക്കാന്‍ കഴിയുന്നവരാണവര്‍. അല്ലെങ്കിലും ഇന്നു നാം കാണുന്ന തിയറികള്‍ മറ്റാരുടെയോ spontaneous life- ല്‍ നിന്ന് നാം വേര്‍തിരിച്ച് അടര്‍ത്തിയെടുത്തതാണല്ലോ...???

Saturday, 29 March 2014

എന്തൊരു ഭാഗ്യാ നിനക്കൊക്കെ ?



എന്‍റെ ഓട്ടോഗ്രാഫില്‍ പൂങ്കറപുര‌ണ്ട്
നരച്ച മണമുള്ള മഞ്ഞച്ചപേജില്‍‍ അന്നു നീ വച്ച
ചെമ്പകത്തിന്‍റെ ഒരിതള്‍ ഇന്നുമുണ്ട്

ചിട്ടിക്കുരുവികളുടെ ചിറകിനടിയില്‍ ഒരു രഹസ്യമുണ്ടെന്നും
ചെമ്പോത്തിന്‍റെ ക‌ണ്ണേറുകിട്ടിയാല്‍ സൂക്കേടു മാറുമെന്നും
കൈപ്പത്തികള്‍ ചേര്‍ത്തുവച്ചു മുഖത്തോടു ചേര്‍ക്കുമ്പോള്‍
ഇരുകൈരേഖകളിലൊരു തോ‌ണി തെളിഞ്ഞു വന്നാല്‍
ഒരുപാടു കുഞ്ഞുങ്ങള്‍ ഉണ്ടാകുമെന്നും
മോതിരവിരലിലെ നഖത്തുമ്പത്തൊരു വെള്ളകീറിയാല്‍
ഐശ്വര്യവും മംഗല്യഭാഗ്യം വരുമെന്നും
കുറ്റിമുല്ല മൊട്ട് മുടിയില്‍ തിരുകിയാല്‍ അടി കൊള്ളില്ലെന്നും
പറഞ്ഞു തന്ന കൂട്ടുകാരീ....
ഇത‌െല്ലാമുണ്ടായിരുന്ന നിന്നോട് അസൂയ പെരുത്ത് പെരുത്ത്
മോഹമായതാ‌ണ‌െനിക്ക്....

ഇതൊക്കെയുണ്ടായിട്ടും എന്തേ പെണ്‍കുരുന്നേ
രണ്ടുകൈകള്‍ കൂട്ടി വലം വച്ച നിന്‍റെ മംഗല്യം
രണ്ടു കൊല്ലങ്ങള്‍ക്കുള്ളില്‍ പിരിഞ്ഞു?
വന്ധ്യം ഉദരമെന്ന് അസുഖം ചീട്ടെഴുതി??
കീമോ കീറിത്തെളിച്ച നിന്‍റെ മൊട്ടത്തലയില്‍
ഞാനിനി ഏതു കുറ്റിമുല്ല മൊട്ടാ‌ണ് തിരുകേ‌ണ്ടത്???
ഏതുചെമ്പോത്തിന്‍റെകണ്ണേറാണ് നിനക്കായി
ഇനി ഞാന്‍ വാങ്ങേണ്ടത്?????

Wednesday, 26 March 2014

അമ്മയറിയാന്‍


ജീവിതം എനിക്കു കൈവിട്ടു പോവുകയാണമ്മേ......കിരീടത്തിലെ സേതുമാധവന്‍ അമ്മയോടിതു പറയുമ്പോ കരളൊന്നു പിടഞ്ഞുപോകാറുണ്ട് ഇപ്പോഴും..

.ജോണ്‍ എബ്രഹാമിന്‍റെ അവസാന സിനിമയുടെ പേരും അമ്മയറിയാന്‍ എന്നായിരുന്നു. എങ്ങും കുരുതികളാണമ്മേ എന്നു പറയുന്ന, ക്ഷുഭിതയ്യൗവനത്തിന്‍റെ ഓരോ യാത്രകളിലും അമ്മയോടു സംവദിക്കുന്ന നായകനെയാണ് ജോയ്മാത്യൂസ് (ഇന്നയാള്‍‍ നടനും സംവിധായകനുമായി (ഷട്ടര്‍) മാറി) അവതരിപ്പിച്ചതും. ഒരമ്മയോട് എല്ലാം തുറന്നു പറയാനുള്ള യാത്രയാണാ സിനിമ. ഒരു വിപ്ലവകാരിയുടെ ജീവിതവും രഹസ്യവും അവന്‍റെ അമ്മയോടു തുറന്നുപറയാന്‍ കഴിയുന്നതാണെങ്കില്‍ അവന്‍ സുരക്ഷിതനാണ്. 

ഊരുചുറ്റി അലഞ്ഞുതിരിഞ്ഞു തിരിച്ചുവരുന്ന പി. കുഞ്ഞിരാമന്‍ നായരും തേങ്ങുന്നത് ഇതുപ
റഞ്ഞിട്ടാണ്- അമ്മക്കൊന്നും കൊടുക്കാന്‍ കഴിഞ്ഞില്ലല്ലോ ഇതുവരെ..

നോവലിസ്റ്റ് സേതുവിന്‍റെ അടയാളങ്ങളില്‍ ആലീസ് അമ്മക്കു കൊടുക്കുന്ന ഒരു നിര്‍വചനമിതാണ്- ഒരു കുടുംബത്തിന്‍റെ മുഴുവന്‍ വ്യസനങ്ങളും ചേര്‍ത്തു വയ്ക്കുമ്പോഴാണ് ഒരമ്മയുണ്ടാകുന്നത്. 

ചിലജീവിത വ്യഥകളില്‍ നമ്മളൊരിക്കലും പ്രതീക്ഷിക്കാത്ത എന്നാല്‍ അസാമാന്യമായ ആശ്വാസം തരാന്‍ കഴിയുന്ന ഒരു വഴിയാണ് അമ്മയോടു പറയുക എന്നത്. ഇത്ര സങ്കീര്‍ണ്ണമായ പ്രശ്നങ്ങള്‍ അമ്മക്കെങ്ങന മനസിലാകാനാണെന്ന് എന്നിലെ പ്രായോഗികന്‍ ചിന്തിക്കുമ്പോഴും...ഞാനിന്നു വളര്‍ന്നിട്ടില്ലെന്നും ആ കൈവിരല്‍ തുമ്പിലെന്തോ ഒരു സുരക്ഷിതത്വം ഇന്നുമുണ്ടെന്നും ജീവിതം പറഞ്ഞു തരുന്ന സത്യങ്ങള്‍!

സേതു ഒന്നുകൂടി പറഞ്ഞു- അമ്മയെ മുഴുവനായി മനസിലാക്കാന്‍ എനിക്കെന്നെങ്കിലും കഴിഞ്ഞിട്ടുണ്ടോ ...അമ്മയെന്ന വലിയ സങ്കല്പം തന്നെ നമ്മുടെയൊക്കെ പിടിയിലൊതുങ്ങാത്ത ഒരു വിരാടുരൂപമായി വളര്‍ന്നു നില്‍ക്കാറില്ലേ പലപ്പോഴും ???- ഇന്നും കൈപ്പിടിയില്‍ ഒതുങ്ങുന്നില്ല അമ്മ...പക്ഷേ ആ കൈപ്പിടിയില്‍ ഞാന്‍ സുരക്ഷിതനാണിപ്പോഴും!

Tuesday, 25 March 2014

രണ്ടാമൂഴം

ഒരു അന്തര്‍ജനം കണക്ക് അന്തര്‍മുഖിയായി പതിനാറു കൂട്ടം കറികളും പുന്നെല്ലരി ചോറും രണ്ടുകൂട്ടം പായസവും ഇണക്കി കാത്തിരുന്ന തിരുവോണ ഉച്ചക്കും അവളുടെ വീട് കാലിയായിരുന്നു. എന്തിനോവേണ്ടി തിളക്കുന്ന സാമ്പാറു കണക്കെത്തന്നെയാണ് വഴിയിലേക്ക് നോക്കി മന്ദിച്ചിരുന്നതും. ആ മുഹൂര്‍ത്തത്തിലേക്ക് രാജദൂതനെപ്പോലെ കടന്നു വന്ന പിച്ചക്കാരാ...നീ ഭാഗ്യവാന്‍. കഴുകിത്തുടച്ച വാഴയില നീക്കി വച്ച് ആദ്യതവി ചോറ് അതിലേക്കിട്ട് സ്നേഹത്തോടെ വിളമ്പിയപ്പോള്‍ അവളുടെ മുന്നില്‍ അവന്‍ മറ്റെന്തെക്കെയോ പോലെയായി. ഒരു കുളം കുത്താന്‍ നോക്കിയവന്‍റെ നേര്‍ക്ക് മലവെള്ളം കുത്തിമറിഞ്ഞിളകി വന്നപോലെ. മുണ്ടിന്‍റ കോന്തലകൊണ്ട് മോന്ത തുടച്ച്..ആറു മാസത്തിനിടയ്ക്ക് ആദ്യമായി വിട്ട ഏമ്പക്കത്തിന്‍റെ ഇമ്പം കേട്ട് നന്ദി പറഞ്ഞിറങ്ങവേ കണ്ണുരണ്ടും നിറഞ്ഞിരുന്നു. അവളുടെ ഹൃദയവും.

വീണ്ടുമൊരു ഓണക്കാലത്ത് വഴിതെറ്റാതെ തന്നെ കത്തിക്കാളുന്ന വിശപ്പോടെ തന്നെ അവനവിടേക്ക് ഒരിക്കല്‍ കൂടി വന്നു. പക്ഷേ അന്ന് മക്കളും പ്രിയതമനും കഴിച്ചിട്ട് മിച്ചം വന്നതാണെങ്കിലും ചൂടു ചോരാത്ത ചോറ് വാഴിലയില്‍ അവള്‍ അവന് വിളമ്പി. അതു വിശപ്പു കെടുവോളം ഉണ്ടായിരുന്നു താനും. അന്നത്തെയത്രയും തന്നെ കറികളും. വയറു നിറഞ്ഞ് വിശപ്പു കെട്ടു തന്നെയാണ് അന്നും ആ പിച്ചക്കാരന്‍ പടിയിറങ്ങിയത്. പക്ഷേ എന്‍റെ ചോദ്യമിതാണ് ആദ്യത്തെ തവണയാണോ രണ്ടാമത്തെ തവണയാണോ ആ പിച്ചക്കാരന്‍ ശരിക്കും സംതൃപ്തനായിരുന്നത്?

നീ വരുവോളം കാത്തിരിക്കുമെന്ന് കരഞ്ഞു പറഞ്ഞ പെണ്ണിന്‍റെ നേര്‍ക്ക് തിരിച്ച് വന്നിട്ട് ഈയൊരു കഥ പറയാന്‍ മാത്രമേ അവന് നാവ് പൊങ്ങിയുള്ളൂ. വേദനതിങ്ങിനിന്ന ചോദ്യത്തിനു നേര്‍ക്ക് ഉടനെവന്നു ഉത്തരം...''രണ്ടാമത്തെ തവണ''. നെഞ്ചു വിങ്ങിപ്പോയി. എന്തുകൊണ്ടാണ് രണ്ടാമത്തേത് എന്നു നീ പറഞ്ഞേ? ''ഒന്നുമല്ല, എനിക്കിപ്പോള്‍ ഇങ്ങനെ പറയാന്‍ തോന്നി, ഒന്നുമാലോചിച്ചിട്ടല്ല.. മനസ് അങ്ങനെ പറഞ്ഞു''.

ഉത്തരത്തില്‍ ഒന്ന് പകച്ചു നിന്നിട്ട് അവന്‍ പറഞ്ഞു. ''നീ പറഞ്ഞ ഉത്തരം തന്നെയാണ് ശരി. രണ്ടുതവണയും അവന് വയറു നിറഞ്ഞു..രണ്ടു തവണയും അവള്‍ നന്നായിത്തന്നെയാണ് വിളമ്പിയതും. പിന്നാമ്പുറങ്ങളൊന്നും രണ്ടു തവണയും അയാള്‍ക്കറിയില്ല. ഒന്നാമത്തെ തവണ അയാള്‍ക്ക് കിട്ടിയത് പകപ്പും അസ്വസ്ഥതയുമാണ്. രണ്ടാമത്തേതിലാണ് സംതൃപ്തി. കാരണം താനൊരു പിച്ചക്കാരന്‍ ആണെന്ന അസ്ഥിത്വം അന്നാണ് അയാള്‍ക്ക് കൂടുതല്‍ വ്യക്തമായത്. സ്വന്തം അസ്ഥിത്വത്തില്‍ നില്‍ക്കുമ്പോളല്ലേ ഒരാള്‍ തികച്ചും സ്വാതന്ത്ര്യം അനുഭവിക്കുന്നതും''?.

കണ്ണുതുടച്ചിട്ടാണെങ്കിലും സ്വാതന്ത്ര്യത്തിലേക്കവന്‍‍ നടന്നു പോയി..അവളും.