ജീവിതം എനിക്കു കൈവിട്ടു പോവുകയാണമ്മേ......കിരീടത്തിലെ സേതുമാധവന്‍ അമ്മയോടിതു പറയുമ്പോ കരളൊന്നു പിടഞ്ഞുപോകാറുണ്ട് ഇപ്പോഴും..
.ജോണ്‍ എബ്രഹാമിന്‍റെ അവസാന സിനിമയുടെ പേരും അമ്മയറിയാന്‍ എന്നായിരുന്നു. എങ്ങും കുരുതികളാണമ്മേ എന്നു പറയുന്ന, ക്ഷുഭിതയ്യൗവനത്തിന്‍റെ ഓരോ യാത്രകളിലും അമ്മയോടു സംവദിക്കുന്ന നായകനെയാണ് ജോയ്മാത്യൂസ് (ഇന്നയാള്‍ നടനും സംവിധായകനുമായി (ഷട്ടര്‍) മാറി) അവതരിപ്പിച്ചതും. ഒരമ്മയോട് എല്ലാം തുറന്നു പറയാനുള്ള യാത്രയാണാ സിനിമ. ഒരു വിപ്ലവകാരിയുടെ ജീവിതവും രഹസ്യവും അവന്‍റെ അമ്മയോടു തുറന്നുപറയാന്‍ കഴിയുന്നതാണെങ്കില്‍ അവന്‍ സുരക്ഷിതനാണ്.
ഊരുചുറ്റി അലഞ്ഞുതിരിഞ്ഞു തിരിച്ചുവരുന്ന പി. കുഞ്ഞിരാമന്‍ നായരും തേങ്ങുന്നത് ഇതുപ
റഞ്ഞിട്ടാണ്- അമ്മക്കൊന്നും കൊടുക്കാന്‍ കഴിഞ്ഞില്ലല്ലോ ഇതുവരെ..
നോവലിസ്റ്റ് സേതുവിന്‍റെ അടയാളങ്ങളില്‍ ആലീസ് അമ്മക്കു കൊടുക്കുന്ന ഒരു നിര്‍വചനമിതാണ്- ഒരു കുടുംബത്തിന്‍റെ മുഴുവന്‍ വ്യസനങ്ങളും ചേര്‍ത്തു വയ്ക്കുമ്പോഴാണ് ഒരമ്മയുണ്ടാകുന്നത്.
ചിലജീവിത വ്യഥകളില്‍ നമ്മളൊരിക്കലും പ്രതീക്ഷിക്കാത്ത എന്നാല്‍ അസാമാന്യമായ ആശ്വാസം തരാന്‍ കഴിയുന്ന ഒരു വഴിയാണ് അമ്മയോടു പറയുക എന്നത്. ഇത്ര സങ്കീര്‍ണ്ണമായ പ്രശ്നങ്ങള്‍ അമ്മക്കെങ്ങന മനസിലാകാനാണെന്ന് എന്നിലെ പ്രായോഗികന്‍ ചിന്തിക്കുമ്പോഴും...ഞാനിന്നു വളര്‍ന്നിട്ടില്ലെന്നും ആ കൈവിരല്‍ തുമ്പിലെന്തോ ഒരു സുരക്ഷിതത്വം ഇന്നുമുണ്ടെന്നും ജീവിതം പറഞ്ഞു തരുന്ന സത്യങ്ങള്‍!
സേതു ഒന്നുകൂടി പറഞ്ഞു- അമ്മയെ മുഴുവനായി മനസിലാക്കാന്‍ എനിക്കെന്നെങ്കിലും കഴിഞ്ഞിട്ടുണ്ടോ ...അമ്മയെന്ന വലിയ സങ്കല്പം തന്നെ നമ്മുടെയൊക്കെ പിടിയിലൊതുങ്ങാത്ത ഒരു വിരാടുരൂപമായി വളര്‍ന്നു നില്‍ക്കാറില്ലേ പലപ്പോഴും ???- ഇന്നും കൈപ്പിടിയില്‍ ഒതുങ്ങുന്നില്ല അമ്മ...പക്ഷേ ആ കൈപ്പിടിയില്‍ ഞാന്‍ സുരക്ഷിതനാണിപ്പോഴും!

No comments:
Post a Comment