Tuesday, 25 March 2014

രണ്ടാമൂഴം

ഒരു അന്തര്‍ജനം കണക്ക് അന്തര്‍മുഖിയായി പതിനാറു കൂട്ടം കറികളും പുന്നെല്ലരി ചോറും രണ്ടുകൂട്ടം പായസവും ഇണക്കി കാത്തിരുന്ന തിരുവോണ ഉച്ചക്കും അവളുടെ വീട് കാലിയായിരുന്നു. എന്തിനോവേണ്ടി തിളക്കുന്ന സാമ്പാറു കണക്കെത്തന്നെയാണ് വഴിയിലേക്ക് നോക്കി മന്ദിച്ചിരുന്നതും. ആ മുഹൂര്‍ത്തത്തിലേക്ക് രാജദൂതനെപ്പോലെ കടന്നു വന്ന പിച്ചക്കാരാ...നീ ഭാഗ്യവാന്‍. കഴുകിത്തുടച്ച വാഴയില നീക്കി വച്ച് ആദ്യതവി ചോറ് അതിലേക്കിട്ട് സ്നേഹത്തോടെ വിളമ്പിയപ്പോള്‍ അവളുടെ മുന്നില്‍ അവന്‍ മറ്റെന്തെക്കെയോ പോലെയായി. ഒരു കുളം കുത്താന്‍ നോക്കിയവന്‍റെ നേര്‍ക്ക് മലവെള്ളം കുത്തിമറിഞ്ഞിളകി വന്നപോലെ. മുണ്ടിന്‍റ കോന്തലകൊണ്ട് മോന്ത തുടച്ച്..ആറു മാസത്തിനിടയ്ക്ക് ആദ്യമായി വിട്ട ഏമ്പക്കത്തിന്‍റെ ഇമ്പം കേട്ട് നന്ദി പറഞ്ഞിറങ്ങവേ കണ്ണുരണ്ടും നിറഞ്ഞിരുന്നു. അവളുടെ ഹൃദയവും.

വീണ്ടുമൊരു ഓണക്കാലത്ത് വഴിതെറ്റാതെ തന്നെ കത്തിക്കാളുന്ന വിശപ്പോടെ തന്നെ അവനവിടേക്ക് ഒരിക്കല്‍ കൂടി വന്നു. പക്ഷേ അന്ന് മക്കളും പ്രിയതമനും കഴിച്ചിട്ട് മിച്ചം വന്നതാണെങ്കിലും ചൂടു ചോരാത്ത ചോറ് വാഴിലയില്‍ അവള്‍ അവന് വിളമ്പി. അതു വിശപ്പു കെടുവോളം ഉണ്ടായിരുന്നു താനും. അന്നത്തെയത്രയും തന്നെ കറികളും. വയറു നിറഞ്ഞ് വിശപ്പു കെട്ടു തന്നെയാണ് അന്നും ആ പിച്ചക്കാരന്‍ പടിയിറങ്ങിയത്. പക്ഷേ എന്‍റെ ചോദ്യമിതാണ് ആദ്യത്തെ തവണയാണോ രണ്ടാമത്തെ തവണയാണോ ആ പിച്ചക്കാരന്‍ ശരിക്കും സംതൃപ്തനായിരുന്നത്?

നീ വരുവോളം കാത്തിരിക്കുമെന്ന് കരഞ്ഞു പറഞ്ഞ പെണ്ണിന്‍റെ നേര്‍ക്ക് തിരിച്ച് വന്നിട്ട് ഈയൊരു കഥ പറയാന്‍ മാത്രമേ അവന് നാവ് പൊങ്ങിയുള്ളൂ. വേദനതിങ്ങിനിന്ന ചോദ്യത്തിനു നേര്‍ക്ക് ഉടനെവന്നു ഉത്തരം...''രണ്ടാമത്തെ തവണ''. നെഞ്ചു വിങ്ങിപ്പോയി. എന്തുകൊണ്ടാണ് രണ്ടാമത്തേത് എന്നു നീ പറഞ്ഞേ? ''ഒന്നുമല്ല, എനിക്കിപ്പോള്‍ ഇങ്ങനെ പറയാന്‍ തോന്നി, ഒന്നുമാലോചിച്ചിട്ടല്ല.. മനസ് അങ്ങനെ പറഞ്ഞു''.

ഉത്തരത്തില്‍ ഒന്ന് പകച്ചു നിന്നിട്ട് അവന്‍ പറഞ്ഞു. ''നീ പറഞ്ഞ ഉത്തരം തന്നെയാണ് ശരി. രണ്ടുതവണയും അവന് വയറു നിറഞ്ഞു..രണ്ടു തവണയും അവള്‍ നന്നായിത്തന്നെയാണ് വിളമ്പിയതും. പിന്നാമ്പുറങ്ങളൊന്നും രണ്ടു തവണയും അയാള്‍ക്കറിയില്ല. ഒന്നാമത്തെ തവണ അയാള്‍ക്ക് കിട്ടിയത് പകപ്പും അസ്വസ്ഥതയുമാണ്. രണ്ടാമത്തേതിലാണ് സംതൃപ്തി. കാരണം താനൊരു പിച്ചക്കാരന്‍ ആണെന്ന അസ്ഥിത്വം അന്നാണ് അയാള്‍ക്ക് കൂടുതല്‍ വ്യക്തമായത്. സ്വന്തം അസ്ഥിത്വത്തില്‍ നില്‍ക്കുമ്പോളല്ലേ ഒരാള്‍ തികച്ചും സ്വാതന്ത്ര്യം അനുഭവിക്കുന്നതും''?.

കണ്ണുതുടച്ചിട്ടാണെങ്കിലും സ്വാതന്ത്ര്യത്തിലേക്കവന്‍‍ നടന്നു പോയി..അവളും.

2 comments:

  1. താങ്കൾ നന്നായി എഴുതുന്നുണ്ട്, വായനക്ക് നല്ല രസമുള്ള എഴുത്ത്, തുടരൂ

    ReplyDelete
  2. സവിശേഷമായ ശൈലി. വ്യത്യസ്തമായ ചിന്തയും.
    വിക്രമാദിത്യത്തിന്റെ വേതാളത്തെ ഓർമ്മിപ്പിച്ചു, അവന്റെ ചോദ്യം.
    ശരിയാണ്. താനൊരു പിച്ചക്കാരൻ മാത്രമാണെന്ന അസ്തിത്വം പകർന്നു കിട്ടിയത്, നീ വരുവോളം കാത്തിരിക്കുമെന്ന് കരഞ്ഞ പെണ്ണിന്റെ ഔദാര്യത്തിൽ നിന്നാണല്ലോ.

    ( അസ്തിത്വം ആണ് ശരി കെട്ടോ )

    ReplyDelete