പര്‍ദ്ദക്കും പതിനാറിനുമെതിരെ കൊലവിളിക്കു വന്നതല്ല.!
ഇന്നലെ ഞാനൊരു സിനിമ കണ്ടു.
ഒരു പന്ത്രണ്ടു വയസുകാരിയുടെ കഥയായിരുന്നു.
അത് ഒരു മുസ്ലീം പെണ്‍ കുട്ടിയായിരുന്നു
അത് ഒരു സൗദി അറേബ്യന്‍ സിനിമയായിരുന്നു.
അതുകൊണ്ട് ഇവിടെ കുറിക്കണമെന്നു തോന്നി.
പതിനാറും പര്‍ദ്ദയും പെണ്‍കുട്ടിയും ചര്‍ച്ചയാകുന്ന ഈ നേരത്ത്.
വാഡ്ജാ ( Wadjda ) എന്ന പേരില്‍ സൗദി അറേബ്യയിലും La Bicicleta verde എന്നപേരില്‍ ജര്‍മ്മനിയിലും റിലീസായ ചിത്രം 45 ഡിഗ്രി ചൂടിലും കറുത്ത തുണിക്കുള്ളില്‍ ജീവിക്കുന്ന റിയാദിലെ ഒരു സാധാരണ പന്ത്രണ്ടു വയസുകാരിയുടെ ജീവിതമാണ്. അവളുടെ വലിയ മോഹമാണ് ഒരു സൈക്കിള്‍ വാങ്ങുക. കൂടെ പഠിക്കുന്ന ആണ്‍കുട്ടികളെല്ലാം സൈക്കിളില്‍ പറക്കുന്നതു കണ്ടപ്പോള്‍ തുടങ്ങിയ മോഹം. പക്ഷേ ആരും പ്രോത്സാഹിപ്പിച്ചില്ല കാരണം പെണ്‍കുട്ടികള്‍ അവിടെ സൈക്കിള്‍ ഉപയോഗിക്കില്ല..ഉപയോഗിക്കാന്‍ പാടില്ല. തന്‍റെ ഭര്‍ത്താവ് അടുത്ത ഭാര്യയെ കെട്ടാനൊരുങ്ങുന്നതിന്‍റെ വേദനയിലാണ് വാഡ്ജയുടെ അമ്മയും അവളുടെ മോഹത്തെ പരിഹസിക്കുന്നു.
പച്ചനിറത്തിലുള്ള ഒരു സൈക്കിളവള്‍ കടയില്‍ കണ്ടുവച്ചു. വില 800 റിയാല്‍. പല കുസൃതികളിലൂടെ അവള്‍ക്കു ഒപ്പിക്കാന്‍ കഴിഞ്ഞത് വെറും 113 റിയാല്‍. അങ്ങനെയിരിക്കെ അവളുടെ സ്കൂളില്‍ ഖുറാന്‍ പാരായണ മത്സരം നടക്കുന്നു കാഷ് പ്രൈസ് 1000 റിയാല്‍. സൈക്കിളെന്ന ഒറ്റ ആഗ്രഹത്തിനായി അദ്ധ്യാപകര്‍ക്കു അത്ര മിടുക്കിയല്ലാത്ത അവള്‍ മത്സരിക്കുന്നു . ഖുറാന്‍ പാരായണ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി. എന്താണ് ഇതിനു പ്രചോദനമായതെന്നു ചോദിക്കുമ്പോള്‍ ഖുറാന്‍റെ പഠനത്തിന്‍റെ മഹത്വം പറയുമെന്നു കരുതിയ അദ്ധ്യാപകരോടു സത്യസന്ധമായ സന്തോഷത്തോടെ അവള്‍ വിളിച്ചു പറഞ്ഞു -പച്ച സൈക്കിള്‍ വാങ്ങാന്‍! . കഴിഞ്ഞു! പെന്‍ കുട്ടികള്‍ സൈക്കിള്‍ ഉപയോഗിക്കില്ല. അവളുടെ സമ്മാനത്തുക പാലസ്തീന്‍ ദുരന്ത ഫണ്ടിലേക്കു അദ്ധ്യാപിക ഡൊണേറ്റു ചെയ്തു.
നിരാശയായി തിരിച്ചെത്തിയ അവള്‍ കണ്ടത് കരഞ്ഞു നില്‍ക്കുന്ന അമ്മയെ. അവളുടെ വാപ്പ രണ്ടാം ഭാര്യയെ വരിച്ചു കഴിഞ്ഞു. പക്ഷേ ആ വേദനക്കൊരു പ്രതികാരമാകാം അമ്മ അവള്‍ക്ക് ആ പച്ച സൈക്കിള്‍ വാങ്ങിക്കൊടുത്തു. അവള്‍ കൊടുത്തതൊരു പച്ച സൈക്കിളായിരുന്നില്ല ചട്ടക്കൂടിനെ പൊളിച്ച് പുറത്തേക്കു പായാനുള്ള സ്വാതന്ത്ര്യമായിരുന്നു. പെണ്ണുങ്ങള്‍ അന്യമായ ആ തെരുവിലേക്ക് കൂട്ടുകാരനായ അബ്ദുള്ളയെയും വെട്ടിച്ച് പച്ച സൈക്കിളില്‍ വാഡ്ജ എന്ന പെന്‍കുട്ടി പായുന്നിടത്ത് ചിത്രം അവസാനിക്കുന്നു.
----------------------------------------------------------------------------
നമ്മുടെ നാടാ നല്ലത്. കാരണം പന്ത്രണ്ടിലും പതിനാറിലുമെല്ലാം പെണ്‍കുട്ടികള്‍ക്കു സൈക്കിള്‍ സൈക്കിള്‍ ചവിട്ടാല്ലോ..-
പക്ഷേ ഒരു ചെറിയ ശംശയം??
ഗര്‍ഭിണികള്‍ക്കു സൈക്കിള്‍ ചവിട്ടാന്‍ പറ്റുമോ???
***************************************************************************************
ഇതിന്‍റെ സംവിധായിക ഒരു പെണ്ണായിരുന്നു - ഹൈഫ അല്‍ മന്‍സൂര്‍. റിയാദിന്‍റെ തെരുവുകളിലെ ഷൂട്ടിംഗില്‍ ആണുങ്ങളെ മോണിറ്ററല്‍ മാത്രം കണ്ടും,,വാക്കി ടോക്കി ഉപയോഗിച്ചു നിര്‍ദ്ദേശങ്ങള്‍ കൊടുത്തുമാണ് ഷൂട്ട് ചെയ്തത്.
ഓസ്കാര്‍ നോമിനേഷന്‍ കിട്ടുന്ന ആദ്യത്തെ സൗദി അറേബ്യന്‍ സിനിമയും. വെനീസ് ഫിലിം ഫെസ്റ്റിവലുള്‍പ്പെടെ എട്ടോളം പുരസ്കാരങ്ങളും!


No comments:
Post a Comment