Saturday, 7 December 2013

ഫൗള്‍


വാതില്‍ പഴുതിലൂടെ കുങ്കുമം വാരിവിതറുന്ന ത്രിസന്ധ്യകള്‍ അവനില്ല. പൂര്‍വ്വദിങ് മുഖത്തിങ്കല്‍ സിന്ദൂരപൂരം പൂശി പൂവിനെ ചിരിപ്പിച്ചു വന്നെത്തുന്ന പുലരിയും അവന് അന്യം. പക്ഷേ നാട്ടുകാര്‍ വിളയാടാത്ത ഒരിഞ്ചു സ്ഥലം അവന്‍റെ കുറിയ ശരീരത്തില്‍ മിച്ചമില്ല. രാജേഷ് എന്നാണ് പേരെങ്കിലും നാട്ടുകാര്‍ അവനെ ഫൗള്‍ രാജേഷ് എന്നു വിളിച്ചു.

പഴുതുകള്‍ അവന് ഇഷ്ടമാണ്. അത് താക്കോല്‍ പഴുതുമുതല്‍ വെന്‍റിലേറ്റര്‍ വിടവു വരെ നീളും. കൃത്യമായി കടക്കുന്ന കണ്ണും വഴങ്ങുന്ന കഴുത്തും അവനെ ഫൗളുകളുടെ പ്രിയ തോഴനാക്കി. എത്ര പിടിക്കപ്പെട്ടാലും ഉരിഞ്ഞെറിഞ്ഞു കളയാനാവാത്ത വണ്ണം രക്തത്തിലലിഞ്ഞു ചേര്‍ന്ന ഈ ഉന്മാദത്തഴക്കം പാതിരാവില്‍ നിരതം തുടര്‍ന്നു. ഉരിഞ്ഞ ചേല കണ്ട സ്ത്രീകളുടെ മുമ്പില്‍ തന്നെ ചതഞ്ഞ മുഖവുമായി പിന്‍വാങ്ങുമ്പോഴും കാലത്ത് അവന്‍ ആ തുരുമ്പിച്ച സൈക്കിളില്‍ വന്ന് വഴിക്കവലയില്‍ ആ പെണ്ണിനെയും തല്ലുതന്നവനെയുമെല്ലാം നോക്കി ചിരിക്കും. എന്നിട്ട് ഉന്മാദനെപ്പോലെ ഒഴുകിപ്പറക്കും.

നാട്ടുകാരുടെ തെറിയോ...മണല്‍ക്കാട്ടിടെ കാറ്റിനോളം പോലും തുച്ഛമായി അവനില്‍ എത്ര തഴുകിയിറങ്ങി. പെറ്റമ്മയുടെ കരച്ചിലോ, പെങ്ങളുടെ നാണക്കേടിന്‍റെ നൊമ്പരമോ അവനില്‍ ഒരു ചെറിയ ചിരിയുണര്‍ത്തിയെങ്കിലെയുള്ളൂ. അവനിനി മാറ്റമില്ല, ഇരുന്നുറഞ്ഞാഴ്ന്നുപോയ ഉന്മാദത്തിടമ്പാട്ടത്തിന് ഒടുക്കമില്ല. നമുക്കെന്നും വേണം തരിപ്പു തീര്‍ക്കുവാനും, വാ കഴക്കുവോളം തെറിപറയുവാനും , സ്ത്രീ വര്‍ഗ്ഗത്തിനു കാര്‍ക്കിച്ചു തുപ്പുവാനും, നമുക്കൊന്നു മാന്യനാവാനും ഈ ഫൗള്‍ രാജേഷിനെ. പുറത്തങ്ങനെ പറഞ്ഞാലും ഉള്ളിലവര്‍ പറഞ്ഞു ഇവനു മാറ്റമുണ്ടാകരുത്, ഒരു സാമൂഹ്യ വിരുദ്ധന്‍റെയും ഞെരമ്പു രോഗിയുടെയും നിഴല്‍ നമുക്കൊരു അലങ്കാരമാണ്. നമ്മുടെ പകല്‍മാന്യതകളിലാരും ടോര്‍ച്ചടിക്കാതിരിക്കാന്‍ നമുക്കിപ്പോള്‍ ഇവനെ ടോര്‍ച്ചിനടിക്കാം.

തളിക്കുളത്തമ്പലത്തിലെ ഉത്സവം നടക്കുന്ന മകരമഞ്ഞുള്ള രാത്രികളിലൊന്നിലാണ് അവന്‍ മതിലു ചാടി ഗോവിന്ദന്‍ മാഷിന്‍റെ വീട്ടിറമ്പത്തെത്തിയത്. ഉള്‍വെളിച്ചമുള്ള ജനല്‍ പാളികളിലൂടെ ആര്‍ത്തിയോടെ അവന്‍ ഉരഞ്ഞു നീങ്ങി. യൗവനയുക്തയായ മാഷുടെ മകളുടെ മുറിയാവാമത്. പൊടുന്നനെ ലൈറ്റ് തെളിഞ്ഞതും നാട്ടുകാരുടെ കൂടിച്ചേരലും പതിവു കൈയ്യേറ്റങ്ങളും പകപ്പോടെ കാത്തിരുന്ന അവന്‍റെ തോളത്ത് പതിച്ചത് അക്ഷരത്തഴമ്പുള്ള മാഷുടെ മാര്‍ദ്ദവ കൈകളാണ്.

വീടിന്‍റെ ഉമ്മറവാതിലിലൂടെ മാഷ് അവനെ അകത്തേക്ക് വിളിച്ചിരുത്തി. മേശക്കരുകില്‍ വീട്ടുകാരനെപ്പോലെ അവനിരുന്ന് അത്താഴം കഴിച്ചു കഴിഞ്ഞപ്പോള്‍ മകള്‍ മീനാക്ഷി അവള്‍ക്ക് തളിക്കുളത്തമ്മയുടെ നേര്‍ച്ചയട കൊടുത്തു. അത് വാങ്ങവേ കാമാര്‍ത്തി പരതിയ മനസിലൊരു പെങ്ങള്‍ വാത്സല്യം. ഒടുവില്‍ ഒന്നുമുരിയാടാനാവാതെ പോകാനൊരുങ്ങുമ്പോള്‍ മടിക്കുത്തഴിച്ച് മാഷ് അവനൊരു താക്കോല്‍ കൊടുത്തിട്ട് പറഞ്ഞു ഡ്യൂപ്ലിക്കേറ്റു കീയാ..ഇനി ഞാനില്ലാത്തപ്പോഴാണ് നീ വരുന്നതെങ്കിലോ ...പിന്നാമ്പുറം അകത്തന്നാ പൂട്ടണേ...ഉമ്മറവാതിലിലൂടെ തന്നെ കേറണം....അപസ്മാര രോഗിയുടെ കൈയിലെ താക്കോല്‍ തുരുമ്പ് പോലെ അതവന്‍റെ കൈകളിലിരുന്ന് വിറച്ചു. അതില്‍ ഒരിറ്റു കണ്ണീര്‍ക്കണം ചിതറിത്തിളങ്ങി...

അവനെയാരും പിന്നീട് ഫൗള്‍ രാജേഷ് എന്നു വിളിച്ചില്ല. അവനൊരു ഫൗളും നടത്തിയുമില്ല. പക്ഷേ നാട്ടില്‍ ഫൗളുകള്‍ വീണ്ടുമുണ്ടായി. പിടികൊടുക്കാത്ത മുഖങ്ങളുള്ള ചില സാമൂഹ്യവിരുദ്ധര്‍ എന്ന് സദാചാര വാദികള്‍ പറഞ്ഞു നടക്കുന്നു.

No comments:

Post a Comment