Sunday, 9 November 2014

ചെവിയില്‍ തട്ടിയിരുന്നു..മരണത്തിന്‍റെ ശ്വാസം

അമ്മ മരിച്ചുപോയി. മരിക്കും മുമ്പ് അമ്മയുടെ കൈവച്ചുണ്ടാക്കിയ അവസാനത്തെ നെയ്പായസം ചൂടാറിയെങ്കിലും അമ്മയുടെ കൈയ്യൊപ്പ് പേറി അവിടെയുണ്ട്...അതിനെ ആ വയറ്റില്‍ പിറന്നവന്‍ ചുണ്ടോട് ചേര്‍ക്കുമ്പോ ഉണ്ടാവുന്ന വികാരവിചാരങ്ങള്‍ വല്ലാതെ മനസിനെ ചുഴറ്റും...അതായിരുന്നു മാധവിക്കുട്ടിയുടെ നെയ്പായസം.  മരിക്കും മുമ്പ് അമ്മയുണ്ടാക്കിയ അച്ചാറ് തീര്‍ക്കാതെ തീര്‍ക്കാതെ രുചിച്ച് കൊണ്ട് നടക്കുന്ന ഒരു കൂട്ടുകാരന്‍ എനിക്കുണ്ടായിരുന്നു.. <3

ജോണ്‍ മെയ് അതുപോലെയായിരുന്നോ....അല്ല, കാരണം മരിച്ചവരൊന്നും അയാളുടെ ആരുമായിരുന്നില്ല. എന്നിട്ടും ആരുമില്ലാതെ മരിച്ചുപോയവരുടെ വീട് തിരക്കി ചെല്ലുമ്പോള്‍..അവസാനം കിടന്നെണീറ്റ് പോന്ന ചുളിവുമായി കിടക്കുന്ന തലയിണയും, തലേന്ന് കഴുകിയുണക്കാനിട്ടിരിക്കുന്ന അടിവസ്ത്രവും, നനവ് മാറാത്ത ടൂത്ത് ബ്രഷുമൊക്കെ കാണുമ്പോള്‍ ഒരു നിമിഷം അയാളും തലവെട്ടിക്കാതെ ഒന്നു നിന്നുപോവാറുണ്ട്. ഒരൊറ്റ ബന്ധുപോലും പങ്കെടുക്കാനില്ലാത്ത ശവശരീരത്തിന് ഒപ്പീസ് പാടാനും..കേള്‍ക്കാന്‍ താന്‍ മാത്രമുള്ള ചരമ പ്രസംഗത്തിനുവേണ്ടി ലഭ്യമായ വിവരങ്ങളില്‍ നിന്ന് ഒരു വ്യക്തിവിവരണം തയ്യാറാക്കി പുരോഹിതന് കൊടുക്കാനും ..ശവക്കുഴിവരെ അനുയാത്ര ചെയ്യാനും അയാള്‍ മെനക്കെടാറുണ്ട്... അത്രമാത്രമൊക്കെ മനസടുപ്പം ഒരു ശവത്തിനോട് കാണിക്കേണ്ടതുണ്ടോ? അത് തന്‍റെ തൊഴിലിന്‍റെ പരിധികള്‍ ലംഘിച്ചു കൊണ്ടുകൂടി. 

ആരോരുമില്ലാതെ മരിച്ചുപോവുന്നവരുടെ ..അ‍ജ്ഞാത ജഡങ്ങള്‍ എന്നു നമ്മള്‍ പറയുന്നവരുടെ ഉറ്റവരെ കണ്ടെത്താന്‍ പറ്റുമോ എന്ന് നോക്കുക? ആരുമില്ലെങ്കില്‍ സംസ്കരിക്കുക,  അത് രേഖപ്പെടുത്തുക ഇതൊക്കെ മതി ആ ഗവണ്‍മെന്‍റ് സര്‍വീസിന്. എന്നിട്ടും അയാള്‍ ശവങ്ങളില്‍ നിന്ന് ജീവിതം തേടിപ്പോകുന്നു..ലഭ്യമായ ചിത്രങ്ങളൊക്കെ കണ്ടെത്തി ഓരോരുത്തരുടെയും ചിത്രങ്ങളൊട്ടിച്ച് ആല്‍ബം സൂക്ഷിക്കുന്നു..22 വര്‍ഷങ്ങള്‍ അതൊരു കടപ്പാട് പോലെ തുടരുന്നു.  

എന്തിനായിരുന്നു അതൊക്കെ...?അയാള്‍ മരണത്തെ പേടിക്കുന്നുണ്ടോ? ജീവനെ സ്നേഹിക്കുന്നുണ്ടോ? അയാളുടെ മുറികളും ശൂന്യമായിരുന്നു..മരിച്ചവരുടെ ആല്‍ബങ്ങളൊഴിച്ച്..അയാള്‍ക്കും ആരുമുണ്ടായിരുന്നില്ല. സീബ്രലൈന്‍ മുറിച്ചു കടക്കുന്നതിനുമുമ്പ് പോലും വളരെ ശ്രദ്ധിച്ച് സമയമെടുത്ത് സൂക്ഷിച്ച് കടക്കുന്നു..സെമിത്തേരിപ്പറമ്പില്‍ നെടുങ്ങനെ  കിടന്ന് നോക്കുന്നു... 

ആ ജോലിയില്‍ നിന്ന് പോരാന്‍ തോന്നിയിട്ടല്ല,പക്ഷേ ആ തസ്തികയില്‍ നിന്ന് മാറ്റപ്പെടുകയാണ് .കമ്പനി തന്ന അവസാനത്തെ മരണത്തെ അന്വേഷിച്ച് ചെല്ലുമ്പോള്‍ അയാള്‍ ഒരു പെണ്‍കുട്ടിയില്‍ പ്രണയം കണ്ടെടുക്കുന്നു. ജീവിതത്തെ ആദ്യമായി അദമ്യമായി സ്നേഹിച്ച് തുടങ്ങുന്നു. കണ്ടുമുട്ടാമെന്ന് പറഞ്ഞ വെള്ളിയാഴ്ചക്കുവേണ്ടി ദാഹത്തോടെ കാത്തിരിക്കുന്നു..മരണത്തില്‍ മാത്രം ജീവിച്ച അയാള്‍ ജീവിതത്തെ മോഹിക്കാന്‍ തുടങ്ങിയപ്പോള്‍ മതിമറന്ന് മുറിച്ചുകടന്ന റോഡില്‍ പാഞ്ഞുവന്ന വണ്ടിതട്ടി മരിക്കുന്നു.

പറഞ്ഞ സമയത്ത് സിമിത്തേരിയില്‍  വന്ന പ്രണയിനി ആയാളെ കാത്തിരിക്കുമ്പോള്‍ തൊട്ടപ്പുറത്തെ കുഴിയില്‍ വൈദികന്‍ ഒറ്റക്കു നിന്ന് മണ്ണിട്ട് മൂടിയത് അയാളുടെ ശരീരമായിരുന്നു...എല്ലാവരും പിരിയുന്ന ആ സിമിത്തേരിയില്‍ അയാള്‍ കൂടെ നിന്ന് സംസ്കരിച്ച, അയാളുടെ ആല്‍ബങ്ങളിലെ മുഖങ്ങളുള്ള  22 വര്‍ഷത്തെ ശവങ്ങള്‍ എല്ലാക്കല്ലറകളിലും നിന്ന് വന്ന് അയാളുടെ ശവപ്പെട്ടിയല്‍ മണ്ണിട്ട് മൂടുന്നു..ജീവിതത്തിലെ അയാളുടെ കൂട്ടുകാര്‍..മരണത്തിലെ അവരെ തിരക്കിച്ചെന്ന ഒരേയൊരു കൂട്ടുകാരന്‍...

മരണം തൊട്ടടുത്തു വന്നിരിക്കുന്നതായും..ചെവിയില്‍ ഒരു അതിന്‍റെ ശ്വാസം തട്ടുന്നതായും തോന്നി ഉംബര്‍ത്തോ പസോളിനിയുടെ Still Life  എന്ന ചിത്രം കണ്ടു കഴിഞ്ഞപ്പോള്‍. മരണത്തെ ധ്യാനിക്കാന്‍ നവംബര്‍-1- ന്(കത്തോലിക്കര്‍ മരണത്തെ ഓര്‍ക്കുന്ന മാസമാണ് നവംബര്‍) തന്ന സിനിമയാണിത്. ഇത് നവംബര്‍ കഴിഞ്ഞാലും ഒരു ഗതി കിട്ടാത്ത ആത്മാവ് കണക്കെ എന്നെ വിട്ട് പോകൂന്നു തോന്നണില്ല!!!  

No comments:

Post a Comment