Tuesday, 24 March 2020

Riposo in Pace...




          

  ഇന്ത്യന്‍ സമയം വൈകിട്ട് 7.30 ന് സോണിയാ റോങ്കിയുടെ വാട്സാപ്പ് സ്റ്റാറ്റസ് കണ്ട് ഞെട്ടിയതിന്‍റെ തരിപ്പ് മാറുന്നില്ല. കൈകളിലും നെഞ്ചിലും അന്ന് മഞ്ഞത്ത് കളിച്ചപ്പോഴെന്ന പോലെ തണുപ്പിരച്ചു കയറുന്നു. Riposo in Pace... (R.I.P) എന്ന വാക്കും സില്‍വിയയുടെ മഞ്ഞുമലകളുടെ ബാക്ഗ്രൗണ്ടില്‍ ചിരിച്ചു നില്‍ക്കുന്ന ഫോട്ടോയും. (അത് 2014 ലെ മഞ്ഞുകാലത്ത് എന്‍റെ ക്യാമറയില്‍ ഞാനെടുത്തു കൊടുത്ത അവളുടെ പ്രിയപ്പെട്ട ചിത്രമായിരുന്നു)



അവള്‍ക്ക് വയസ്സ് 24 കഴിഞ്ഞിട്ടില്ല. ചിരിയും സ്വപ്നങ്ങളും പിന്നെ കുറച്ചു പേടികളും മാത്രം. ഓര്‍മ്മകളിലെ അമ്മ മുഖത്തിന്‍റെ ചുവപ്പ് എന്നും കവിള്‍ത്തടത്തിലുണ്ടാവും. ആദ്യം അവളെ കണ്ടത് ആദ്യമായി വടക്കന്‍ ഇറ്റലിയിലെ ലൊമ്പാര്‍ദിയ പ്രവിശ്യയിലെ കുജ്ജോണോ എന്ന ഗ്രാമത്തില്‍ ആദ്യമായി ഞാന്‍ വന്നിറങ്ങിയ വൈകുന്നേരമാണ്. അതും ഒരു ഏഴരമണിനേരം തന്നെ. ഭക്ഷണം കഴിക്കാനുള്ള റെസ്റ്റോറന്‍റിലേക്കുള്ള വഴിപോലുമറിയാത്ത എന്നെ കൂട്ടിക്കൊണ്ടുപോകാന്‍ ഡോണ്‍ ആഞ്ചെലോ സ്ഗോബി പറഞ്ഞയച്ചിട്ട് വന്നതാണ്.



പരിചിതമല്ലാത്ത മിലനേസേ ചുവയുള്ള പ്രാദേശിക ഇറ്റാലിയന്‍ കലര്‍ന്ന അവളുടെ വാക്കുകള്‍ മുഴുവനായും മനസിലായിട്ടില്ല അപ്പോള്‍. പക്ഷേ മറ്റാര്‍ക്കും മനസിലാവാത്ത വിധം അവളെ നന്നായി മനസിലായി. ഞാനൊരു അപരിചിതനാണെന്നോ ആദ്യമായി ഇന്നാണ് ഞങ്ങള്‍ കാണുന്നതെന്നോ വേറൊരു രാജ്യക്കാരനാണെന്നോ അവളുടെ ഭാഷ പോലുമറിയത്തില്ലെന്നോ പോലും ശങ്കകളില്ലാതെ അപരിചിതത്വങ്ങളില്ലാതെ എങ്ങനെ ഒരാള്‍ക്കിത്ര ഫ്രീയായി ഇടപെടാന്‍, പൊട്ടിച്ചിരിക്കാന്‍, ഓരോന്നും ഒരു കുഞ്ഞിനോടെന്നപോലെ പറഞ്ഞുതരാന്‍, ഒടുവില്‍ 11 മണി രാത്രി തിരിച്ച് എന്നെ കൊണ്ടാക്കാനും കൂട്ടുവരവേ സിമിത്തേരി പൂക്കള്‍ക്കരികില്‍ ഇരിക്കാന്‍, ആദ്യമായി കാണുന്ന ഒരാളോട് ആ സിമിത്തേരിയില്‍ അന്തിയുറങ്ങുന്ന കുഞ്ഞുനാളിന്‍റെ മാത്രം ഓര്‍മ്മയുള്ള അമ്മയെക്കുറിച്ച് കരഞ്ഞ് എന്‍റെ തോളത്തു ചായാന്‍ സാധിക്കുന്നു. ഒടുവില്‍ മഞ്ഞുപെയ്യാന്‍ തുടങ്ങുമ്പോള്‍ അവിടെ നിന്നെണീറ്റ എനിക്ക് അത്ഭുതമായിരുന്നു നീ.



ആദ്യമായി ഞാന്‍ ചങ്ങാത്തത്തിലായ തനി നാടന്‍ ഇറ്റാലിയന്‍ പെണ്‍കുട്ടി. എനിക്കിനിയൊന്നും പറയാന്‍ കഴിയുന്നില്ല. നീ ഇനിയില്ലെന്ന്....വൈറസുകളുടെ ചുംബനം നിന്നെയും തണുപ്പിച്ചെന്ന്...24 ന്‍റെ പടിവാതില്‍ക്കല്‍ നീ പൊലിഞ്ഞെന്ന്....നിന്‍റെ ചിരിയും കഥകളും സ്വപ്നങ്ങളും ഇനിയോര്‍മ്മ മാത്രമാണെന്ന്. ലോകം മുഴുവന്‍ തണുക്കുന്നു. മരണത്തിന്‍റെ മരവിപ്പ് പതിയെ പരക്കുന്നു. പക്ഷേ ഈ ഭീകരത ഇത്ര വലുതാണെന്ന് ഇപ്പോള്‍ മാത്രമാണ് നടുക്കമായി എന്നെ തൊടുന്നത്. ഈ തണുപ്പ് ഇന്നാദ്യമായാണ് പെരുവിരലിലും ചങ്കിലും ഞെരമ്പുകളിലും പൊള്ളലാകുന്നത്. വേറൊരു ഭൂഖണ്ഡത്തില്‍ രാജ്യം പ്രഖ്യാപിച്ച കര്‍ഫ്യൂ തടവിലിരുന്നു കൊണ്ട് നിന്നെയോര്‍ത്ത് കരയാന്‍ പോലും ആകുന്നില്ല. എല്ലാം വല്ലാത്തൊരു സര്‍റിയലിസ്റ്റിക് കഥപോലെ. നമ്മള്‍ ഒന്നിച്ചു കണ്ട ആ രാത്രിയില്‍ അന്നിരുന്ന അതേ സിമിത്തേരി പൂക്കളുടെ ഓരം ചേര്‍ന്ന് പച്ചമണ്ണുണങ്ങാത്ത കുഴിമാടത്തില്‍ നീ ഒറ്റക്ക് ഉറങ്ങാന്‍ കിടന്നുവല്ലോ. ഇന്ന് അടുത്തില്ല ഞാന്‍; മഞ്ഞുകൊണ്ട് തോളോടു ചേര്‍ന്നിരിക്കാന്‍. അല്ലെങ്കിലും അകലമാണല്ലോ ഈ കാലത്തിന്‍റെ വലിയ അടുപ്പം.



വേറെന്തുപറയാന്‍. നീയുറങ്ങുക!. ബാക്കിയായ സ്വപ്നങ്ങളും കൈയില്‍ പിടിച്ചുകൊണ്ട് ഒരുപാട് പേര്‍ ആ താഴ്വരയില്‍ ഉണ്ടാകും. മയങ്ങുന്നവരെല്ലാം ഉണരുന്ന മഞ്ഞുപുതച്ച നാട്ടില്‍ എനിക്കുറപ്പാണ് നിന്നെ കാത്ത് ആ അമ്മയും ഉണ്ടാവും; ചോരച്ചുവപ്പുള്ള ഒരു പനിനീര്‍ പൂവുമായി. Riposo in Pace... സില്‍വിയാ....





                                                                                                    നിന്‍റെ ജാക്കോമോ 


         ( 2014 ഡിസംബര്‍ 31 ന് നിന്നെക്കുറിച്ചെഴുതിയ fb പോസ്റ്റും നോക്കി.....)https://www.facebook.com/nidhin.panavelil/posts/711559175626960

No comments:

Post a Comment