Saturday, 5 October 2013

വട്ടനാണയാള്‍! ! !

വട്ടനാണയാള്‍! ! !അത്യാവശ്യം നന്നായിട്ടു തന്നെ ഇളകിയിട്ടുണ്ട്. അല്ലെങ്കിലാരെങ്കിലും ഈവക കാട്ടായം കാണിക്കുമോ?

എല്ലാരും പുതച്ചു മൂടിക്കിടന്നുറങ്ങുന്നു. നല്ല തണുപ്പുള്ള രാത്രി. നട്ടപ്പാതിരാക്ക് അയാള്‍ നോക്കുമ്പോള്‍ നഗരം മൊത്തം കുളിക്കുമാറ് വിളങ്ങി നില്‍ക്കുന്ന ചന്ദ്രന്‍. അന്ന് പൗര്‍ണ്ണമിയായിരുന്നു. അതു കണ്ട മാത്രയില്‍ അയാള്‍ക്കു ലക്കു കെട്ടു. അയാള്‍ പള്ളമണി നീട്ടിക്കൊട്ടി. യുദ്ധമോ ദുരന്തമോയെന്നറിയാതെ പകച്ചെണീറ്റ് പരിഭ്രാന്തരായെത്തിയ ആള്‍ക്കൂട്ടത്തിനു മുന്നില്‍ ആകാശത്തേക്കു കൈചൂണ്ടി അയാള്‍ അത്ഭുതത്തോടെ ചോദിച്ചു. ''നോക്ക് കണ്ണു തുറന്ന് നോക്ക്. നിങ്ങളിതു കാണുന്നില്ലേ തുടുത്തു നില്‍ക്കുന്ന പൂര്‍ണ്ണചന്ദ്രന്‍''.... ( അന്നെല്ലാവരും കൂടി അയാളെ തുടിപ്പിച്ചു കാണുമെന്നുവേണം നാം കരുതാന്‍.)

-----------കാരണം അയാള്‍ക്കു സൗന്ദര്യം ദൈവത്തിന്‍റെ ഓമനപ്പുത്രിയാണ്.

വേറൊരിക്കല്‍ അയാള്‍ ഒരു കഥ പറഞ്ഞു.
------ഒരിടത്തൊരു താപസനുണ്ടായിരുന്നു. അയാള്‍ മരിച്ചു ചെന്നു ദൈവത്തിന്‍റെ കരങ്ങളില്‍ വീണു. തനിക്കു സമ്പൂര്‍ണ്ണ സ്വര്‍ഗ്ഗ ഭാഗ്യം കിട്ടിയതായി അയാള്‍ക്കു തോന്നി. അങ്ങനെ ആ സ്വര്‍ഗ്ഗ സൗഭാഗ്യത്തില്‍ ലയിച്ചിരിക്കേ അയാള്‍ വെറുതേ ഒരു രസത്തിന് ഭൂമിയിലേക്കൊന്ന് എത്തിനോക്കി. അപ്പോള്‍ ഇളം കാറ്റിലാടിക്കളിക്കുന്ന ഒരു പച്ചില കണ്ണില്‍പെട്ടു. ദൈവതൃക്കരങ്ങളുടെ ബന്ധനത്തില്‍ നിന്ന് കുതറി അയാള്‍ പറഞ്ഞു. ദൈവമേ വിട്, ഞാന്‍ പോകുവാ..എനിക്കാ പച്ചിലയില്‍ ഒന്നു കൂടിത്തൊടണം.

----------കാരണം ഒരു പച്ചിലപോലും സ്വര്‍ഗ്ഗത്തോളം ശക്തമാണയാള്‍ക്ക് !

ലോകം പിശാചെന്ന് വിളിച്ചു കൂവിയിട്ട് ദൈവത്തെത്തേടി മനുഷ്യരില്ലാത്ത മരൂഭൂമിയിലേക്കും കൊടുംകാട്ടിലേക്കും ഓടിപ്പോയി AD - 300- കളില്‍ ചില താപസര്‍. ഈജിപ്തിലും സിറിയയിലുമെല്ലാം പേരെടുത്ത മരുഭൂമിയിലെ താപസന്മാര്‍!

എന്നാലിയാള്‍ മനുഷ്യരെയും മരങ്ങളെയും മരക്കൊമ്പിലെ കിളികളെയും ഓമനിച്ചു. കത്തിക്കാളുന്ന തീയെ സഹോദരിയഗ്നി എന്നു വിളിച്ചു. വെട്ടിക്കീറാന്‍ വരുന്ന ചെന്നായയെ സഹോദരനെന്നു വിളിച്ച് അരികില്‍ നിര്‍ത്തി. ഒരു പച്ചിലയും പച്ചവെള്ളവും അയാള്‍ക്ക് ജീവചൈതന്യങ്ങളായി.

1200- കളില്‍ ഇരുണ്ടു പോയ ഒരു ജനതക്കു നന്മയുടെ ഒരു പുതുവെളിച്ചവും വിപ്ലവുമായിരുന്നയാള്‍. ജീവിച്ചിരിക്കേ തന്നെ അയാളെ ചിലര്‍ ഭ്രാന്തനെന്നും ചിലര്‍ ഭാവഗായകനെന്നും വേറെ ചിലര്‍ പുണ്യവാനെന്നും വിളിച്ചു. മൂന്നും ഒന്നു തന്നെയായിരുന്നെന്ന് അയാള്‍ ജീവിതം കൊണ്ടും പാടി.

വിശ്വ പ്രസിദ്ധ റഷ്യന്‍ നോവലിസ്റ്റ് നിക്കോസ് കസന്‍ദസക്കീസ് God's Pauper ( ദൈവത്തിന്‍റെ നിസ്വന്‍) എന്ന് പറഞ്ഞ് അദ്ദേഹത്തെ നോവലാക്കി. അതെഴുതുമ്പോള്‍ കണ്ണീരു കൊണ്ടു തന്‍റെ പേപ്പര്‍ കുതിര്‍ന്നെന്നും ഒരു സ്നേഹചൈതന്യത്തിന് താന്‍ വശപ്പെട്ടെന്നും സക്കിസ് സാക്ഷ്യപ്പെടുത്തി.

ലോകം രണ്ടാം ക്രിസ്തുവെന്ന് ഇദ്ദേഹത്തെ മാത്രമേ വിളിച്ചിട്ടുള്ളൂ.....!

ഇന്ന് അസ്സീസിയിലെ ഫ്രാന്‍സിസിന്‍റെ ഓര്‍മ്മ ദിവസം. കൈകൂപ്പിപ്പോകുന്നു...വീണ്ടും ആ പേര് ഒരു പദ്ധതിയായും പ്രതീക്ഷയായും സൂചനയായും ഉയര്‍ന്നു വരുന്ന ഈ നാളില്‍!!!

# # #
-------- താനല്ല, ഫ്രാന്‍സിസ് അസ്സീസിയെപ്പോലുള്ള പത്തു പേരായിരുന്ന് റഷ്യക്കാവശ്യം എന്ന് മരണക്കിടക്കയില്‍ വച്ച് പറഞ്ഞത് ലെനിനായിരുന്നു.
 — feeling ഇതെഴുതുമ്പോള്‍ എന്‍റെ കണ്ണും നിറയുന്നുണ്ട്.. 

4 comments:

  1. നിതിനെ ഇയാളല്ല വട്ടന്‍ ..... അയാളെ പഴിച്ചവരാണ്.............

    ReplyDelete
    Replies
    1. തീര്‍ച്ചയായും സുബൈര്‍, ലോകത്തിന്‍റെ കണ്ണില്‍ ഭ്രാന്തുള്ളവരെ ലോകത്തിനെന്തെങ്കിലും നല്കിയിട്ടുള്ളൂ....അവരായിരുന്നു ശരിയെന്നറിയാന്‍ കാലമെടുക്കുമെന്നു മാത്രം. പിന്നെ എന്തിലെങ്കിലും ഭ്രാന്തില്ലാത്തവനല്ലേ ഭ്രാന്തന്‍?

      Delete
  2. ----------കാരണം ഒരു പച്ചിലപോലും സ്വര്‍ഗ്ഗത്തോളം ശക്തമാണയാള്‍ക്ക്
    വീണ്ടും വരാം ,
    സസ്നേഹം .....

    ReplyDelete
  3. ആഷിക്ക് തിരൂര്‍ഒരു മണല്‍ത്തരിയില്‍ ഒരുപ്രപഞ്ചം കാണുന്നവന്‍ കവി

    ReplyDelete