Friday, 11 October 2013

ക്ഷുഭിതന്‍



സാധാരണ കഥകളിലേതു പോലെ വല്യ വെറയ്റ്റിയോ, ഉഴപ്പിയാലും അലമ്പിയാലും കുടിച്ചാലും ദ്രവിക്കാത്ത മാരക ഇന്‍റലിജന്‍റ്സോ ഇല്ലാത്ത 10- B യിലെ നടുബഞ്ചില്‍  X2=-b±x=(-b±√(b^2-4ac))/2a - യുടെ ഡിഫറന്‍സിയേഷന്‍ കണ്ടെത്താന്‍ ഊത്തലുപിടിച്ച് പേനയുടെ മൂട് ചപ്പിച്ചതയ്ക്കുന്ന സാധാരണക്കാരനായ നായകന്‍. വായനാ വിരോധിയായിരുന്നെങ്കിലും ലഹരി കണ്ടെത്തിക്കഴിഞ്ഞപ്പോള്‍ സ്കൂള്‍ ലൈബ്രറിയിലെ, അലഞ്ഞു പാടിയ വിപ്ലവ നായകരുടെ വരികള്‍ക്കു പിന്നാലെ ഇരട്ടവാലന്‍റെ മുമ്പേ അവന്‍ വച്ചുപിടിച്ചു. കൂരയും കുടിയും വേണ്ടാതെ കഞ്ചാവിലും കള്ളിലും തെരുവിന്‍റെ കോണിലും ബ്രില്ല്യന്‍സ് കാണിച്ചു 80 - കളിലെ അരാജക ചേട്ടന്മാരെ ചെക്കനങ്ങു പിടിച്ചു. ക്ഷുഭിത യൗവ്വനം കുടിച്ചിട്ടു പോയ സോഡിയം വേപ്പര്‍ രാത്രികളുടെ മഞ്ഞനീര്‍ മോന്തിക്കുടിക്കുവാന്‍ രാത്രികളില്‍ അവന്‍ ഇറങ്ങി നടക്കാന്‍ തുടങ്ങി. പടിക്കലെത്തിയ SSLC - ക്കായി '' TALENT'' ട്യൂഷന്‍ സെന്‍റര്‍ നടത്തിയ നൈറ്റ് ക്ലാസുകളുടെ മറവില്‍ അതാരും പക്ഷേ കണ്ടില്ല. എന്നാല്‍ അറ്റന്‍റന്‍സുകള്‍ നെടുകെ കുറയുകയും അലച്ചിലുകള്‍ കുത്തനെ കൂടുകയും മാര്‍ക്കുകളില്‍ വരള്‍ച്ച വരികയും ചെയ്ത പ്ലസ്ടു നാളില്‍ അവന്‍ നോട്ടപ്പുള്ളിയായി. മഞ്ഞപ്രോഗ്രസ് കാര്‍ഡുമായി നില്‍ക്കുന്ന അച്ഛനോടു ക്ലാസ് ടീച്ചര്‍ പറഞ്ഞു- ''ചെറുക്കന്‍ മാറിത്തുടങ്ങി...! ആളിവിടെയൊന്നുമല്ല...ഉണ്ടേലും മറ്റേതോ ലോകത്താണ്..''

ഒരു പബ്ലിക് സ്കൂളിന്‍റെ ടൈയും ടൈറ്റുമുള്ള യൂണിഫോമില്‍ അവന്‍ ഒതുങ്ങാതെ വന്നു. പഴഞ്ചന്‍ ക്ലീഷേ ഇഷ്ടമായിട്ടല്ല, ബോധപൂര്‍വ്വം അവനൊന്നും ചെയ്തതുമല്ല, അവനെത്തന്നെ മറക്കാന്‍ തുടങ്ങിയതു കൊണ്ട് അവന്‍റെ മുഖത്തെ മറന്ന് താടിരോമങ്ങളും വളര്‍ന്നു തൂങ്ങി. പക്ഷേ പോക്കു കണ്ടു നാട്ടുകാര്‍ പറഞ്ഞു -'' അച്ഛന്‍ ധര്‍മ്മിഷ്ടനാ.., അമ്മയാണെങ്കില്‍ സ്കൂള്‍ ടീച്ചറും!, നല്ലൊരു പെണ്‍കൊച്ചാ ആ പെങ്ങള്.. ഇവന്‍ മാത്രമെന്താ ഇങ്ങനെ ???''

അവനൊരു ഒറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. തന്‍റെ ഹീറോയായ ജോണ്‍ എബ്രാഹമിനെപ്പോലെ ഒരു പാരപ്പറ്റില്‍ നിന്നും പറന്നുവീണു മരിക്കണം....! അനാഥനായി മോര്‍ച്ചറിയില്‍ കിടക്കണം..! പക്ഷേ അതിനുമുമ്പ് ശവങ്ങളുടെ വസന്തങ്ങള്‍ തീര്‍ക്കണ്ടേ ?

മാന്യനായ അച്ഛന്‍ ഇപ്പോ തലകുനിച്ചാണോ കുട ചൂടുന്നത് ? അമ്മ പിള്ളേരെ പഠിപ്പിക്കുമ്പോള്‍ മറുചോദ്യം പേടിക്കുന്നുണ്ടോ?  ഇതൊന്നും അവന്‍റെ മനസിലേ ഉദിച്ചില്ല. ക്യാമ്പസില്‍ കവി ലുക്ക് കണ്ടിട്ടാകണം കവിത ചൊല്ലാന്‍ ചാന്‍സ് കിട്ടിയത്. ചുള്ളിക്കാടിന്‍റെ പരുക്കന്‍ സ്വരമുണ്ട് പക്ഷേ കവിതയ്ക്ക് കാമ്പില്ലെന്നു പറഞ്ഞ് ഒറ്റച്ചൊല്ലിനു ശേഷം പറഞ്ഞു വിട്ടു. 'വെട്ടിക്കണ്ടിച്ച കവി'യെന്ന പേരും.!

ഫ്രീക്കന്‍ പിള്ളേരുടെ പബ്ബുകളിലവന്‍ കേറിയില്ല. ചാരായം മതി. ചാരായം വംശനാശത്തിലായതു കൊണ്ട് ഏതോ മൂത്ത നാടന്‍ കൊണ്ട് ഒപ്പിച്ചു. ക്ഷുഭിതര്‍ പോയി മറഞ്ഞിട്ടും അതിന്‍റെ ചൊരുക്കു മാറാത്ത അറുപതു കഴിഞ്ഞ കഥപറച്ചിലുകാര്‍ ( അയവിറക്കലുകാര്‍) കൂട്ടുകാരായി. ചെഗുവേരയുടെ ചുരുട്ടും , ഹരിദ്വാറിലെ ചരസ്സും കൊണ്ട് ജ്വരം പിടിച്ചു കഴിഞ്ഞപ്പോള്‍ മഹാരഥന്മാരുടെ പൂനെയിലെത്തി ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ആപ്ലിക്കേഷന്‍ വാങ്ങി. ഇന്‍റര്‍വ്യൂവിന് മുഖത്തു നോക്കി അവര്‍ പറഞ്ഞു- ലുക്കുണ്ട്, സ്റ്റഫില്ല!!! ----അവന്മാരുടെയൊക്കെ അപ്പന് വിളിച്ചിട്ട് അവന്‍ ഇറങ്ങിപ്പോന്നു...തനി ജോണ്‍ സ്റ്റൈലില്‍. മൂരാച്ചികള്‍ മൂരാച്ചികള്‍ ....കലയുടെ കുത്തക ബൂര്‍ഷ്വാസികള്‍!..ജോണുണ്ടായിരുന്നെങ്കില്‍ നിന്നെയൊന്നും വച്ചു പൊറുപ്പിക്കില്ലായിരുന്നു..പരട്ടകള്‍..!!

ജോണ്‍ സിനിമയിലെ ഹരിയെപ്പോലെ ഒരു ചുരിക കൊണ്ട് അവന്‍ കുത്തിക്കീറിയത് മൃദംഗമായിരുന്നില്ല ..അവനെത്തന്നെയായിരുന്നു. പക്ഷേ ഇവന്‍റെ കൈവിരലുകള്‍ ആരും ചതച്ചിരുന്നില്ലെങ്കിലും. അവന് ആത്മഹത്യ ചെയ്യാന്‍ കഴിയുമായിരുന്നില്ല. കാരണം അവനിലെ അവന്‍ എന്നേ ചത്തു. അറവുമാടിന്‍റേതു പോലുള്ള യാതനാ രാത്രികള്‍ അവനുണ്ടായില്ല, ഉള്ളില്‍ കലയില്ലായിരുന്നു. ഒരിടത്തും അവന്‍ വിപ്ലവമുണ്ടാക്കിയില്ല. ഏതു നാട്ടില്‍ ചെന്നാലും ചുറ്റും കൂടാന്‍ ചങ്ങായികളുമുണ്ടായില്ല . കേറ്റിയ മരുന്നിന് ബില്ലടക്കാന്‍ കാശുമില്ല. ''നിനക്കൊക്കെ എന്തിന്‍റെ കേടാടാ...കിളുന്തു പ്രായത്തിലേ മോന്തിക്കുടിച്ചോ..നോക്കാന്‍ തന്തേം തള്ളേമൊന്നുമില്ലേ?'' ----- ചെറുപ്രായത്തിലെ കരളു കരിഞ്ഞ കുറ്റത്തിന് സര്‍ക്കാരാശുപത്രി വരാന്തയില്‍ തടിച്ചി നേഴ്സിന്‍റെ ചൊറിച്ചില്‍ കേട്ടപ്പോഴാണ് ജോണിന്‍റെ - 'അമ്മയറിയാന്‍' ഓര്‍ത്തത്., പിന്നെ സ്വന്തം അമ്മയേയും! 

ഒരു വിപ്ലവകാരിയുടെ ജീവിതം അവന്‍റെ അമ്മയോടു തുറന്നു പറയാന്‍ കഴിഞ്ഞാല്‍ അവന്‍ സുരക്ഷിതനാണ്. അമ്മയോട് എല്ലാം തുറന്നു പറയാനുള്ള യാത്രയാണാ സിനിമ. ''എങ്ങും കുരുതികളാണമ്മേ...'' എന്ന് പറഞ്ഞു കരഞ്ഞു കൊണ്ട് എനിക്കാ പാദത്തിലേക്ക് ഓടിവീഴണം. ... ഗ്ലൂക്കോസു കുപ്പി വലിച്ചു പൊട്ടിച്ചു കൊണ്ടു പിടഞ്ഞെണീറ്റു. പിന്നെയമാന്തിച്ചില്ല ശരവേഗത്തില്‍ യാത്രയൊക്കെയും തിരിച്ചു താണ്ടി. അമ്മേ..ഞാനിതാ വരുന്നു....ഞാന്‍ കുടിച്ചു വറ്റിച്ച നിന്‍റെ കണ്ണീരുകളൊക്കെയും മടക്കിത്തരാന്‍..! നെഞ്ചുവിരിച്ചു നടന്നിരുന്നാ അച്ഛാ ഞാന്‍ വരുന്നു..ഞാന്‍ ക്ഷതമേല്‍പ്പിച്ച ആത്മാഭിമാനം വച്ചു കെട്ടി..നാട്ടു വഴിയിലെ നടപ്പിന് ഊന്നാകുന്ന മറ്റൊരു കുടയാകാന്‍... കുഞ്ഞു പെങ്ങളേ നിന്‍റെയേട്ടനിതാ വരുന്നു....ഒരു കല്ലുമാലു പോലും തരാനില്ലാതെ... ഒരാങ്ങളയുടെ കാവലും കരുതലും മാത്രം കൈമുതലായി നിന്‍റെ പൊന്നേട്ടനിതാ വരുന്നു. !!

ഓടിവന്നു കേറിയ ഉമ്മറക്കോലായില്‍ ചാരു കസേരയില്‍ അച്ഛനെക്കണ്ടില്ല. മുറ്റത്തു കാറും കണ്ടില്ല. ''അമ്മേ...''.യെന്നു വിളിച്ചു കതകു തുറന്നകത്തേക്കു കയറിയപ്പോള്‍ ചെറിയമ്മയുടെ തുടയില്‍ നിന്നും പരിഭ്രാന്തനായി പിടഞ്ഞെണീക്കുന്ന അച്ഛന്‍. മുഖം മറച്ച് ചെറിയമ്മ. അമ്മേ...യെന്ന വിളി അച്ഛാ...യെന്നവസാനിച്ചു. ഒരു ചരസ്സും തരാത്ത ചൊരുക്ക് അന്നേരം തലയിലേക്കു ഇരച്ചു കയറി. ഒരു വാക്കു പോലും ഉരിയാടാന്‍ അവകാശമില്ലാത്തവനായി മരവിച്ചവനായി തിരിച്ചിറങ്ങി. അമ്മയേയും അനിയത്തിയേയും കാണാഞ്ഞ് വഴിയിലേക്കിറങ്ങിയപ്പോള്‍ കണ്ടു കാറില്‍ വന്നിറങ്ങി നില്‍ക്കുന്ന പതിനാറു തികയാത്ത എന്‍റെ അനിയത്തി, അവളുടെ ഇടുപ്പില്‍ കൈയിട്ടു കൊണ്ട് വേറൊരുത്തന്‍. രാകേഷേ...നീ ? എന്‍റെ ഉറ്റ ചങ്ങാതി ??. അച്ഛനെതിരലെയുള്ള പീഡനക്കേസിന്‍റെ മൂന്നാം ഘട്ട സാക്ഷി വിസ്താരം കഴിഞ്ഞുള്ള വരവായിരുന്നു അവളുടേത്. ''മോളെ നിന്‍റെ താമസം?''  - ''രാകേഷിന്‍റെ കൂടെ വിനായക ഫ്ലാറ്റില്‍''. കരഞ്ഞു പോയി ഞാന്‍.

എനിക്കെന്‍റെ അമ്മയെ കാണണം...അമ്മയെയെങ്കിലും കണ്ടെനിക്കൊന്നു പൊട്ടിക്കരയണം...അമ്മേ..''എവിടെ നമ്മുടെയമ്മ?? .''. വിങ്ങിക്കൊണ്ടവള്‍ പറഞ്ഞു-  ഇപ്പൊ വരാറില്ല, പോയിട്ടു മൂന്നു വര്‍ഷമായി. നമ്മുടെ ഡ്രൈവര്‍ ബിജു ചേട്ടന്‍റെ കൂടെയാ താമസം. നെഞ്ചു കാളിപ്പോയി. അമ്മേ...യെന്നു വിളിക്കാന്‍ നാവു പൊന്തിയില്ല. 

--- ''അതുപോലെ തന്നെയായിരുന്നു വീഴ്ചയെന്നാ കേട്ടേ...തനി ജോണ്‍ സ്റ്റൈലില്‍! അഴുക്കു വെള്ളത്തില്‍ അഴുകാതെ ഒരു രാത്രി മൊത്തം കിടന്നു ജഡം. രണ്ടു ദിവസം അനാഥമായി മോര്‍ച്ചറിയിലും. എന്തൊരു ജീനിയസായിരുന്നല്ലേ അവന്‍..??  ഈ കപടലോകം എന്നെങ്കിലും തിരിച്ചറിയും അവന്‍റെ വില''. ചാരായത്തില്‍ കുതിര്‍ന്ന ദിനേശ് ബീഡിയുടെ പുക വിട്ടു കൊണ്ട് അറുപതു കഴിഞ്ഞ ക്ഷുഭിത യുവാക്കള്‍ പരിതപിച്ചു   ! ! ! ! 

20 comments:

  1. ഇത് ന്യൂ ജനറേഷൻ കാളം....അനിയത്തിയെപ്പൊലെ അമ്മയും,അച്ഛനും ഇപ്പോൾ...ആ വഴിക്കാണ്........നല്ല എഴുത്തിന് നമസ്കാരം................word veification മാറ്റുക

    ReplyDelete
  2. ക്ലൈമാക്സ്‌ വരെയുള്ള ഭാഗം വളരെയധികം ഇഷ്ട്ടപ്പെട്ടു.,

    പക്ഷെ ക്ലൈമാക്സ്‌....

    അവിഹിതം പണ്ടേ ഇഷ്ട്ടമാല്ലാത്തതുകൊണ്ടാവും അത്രയും വേണ്ടായിരുന്നു എന്ന് തോന്നിയത്....

    എന്തായാലും നന്നായി എഴുതി....

    ആശംസകള്‍....

    ReplyDelete
  3. തുടക്കവും ഒടുക്കവും വേറെ വേറെ നില്‍ക്കുന്നു ,അതൊരു ദോഷമാണോ എന്ന് ചോദിച്ചാല്‍ ..പക്ഷെ ഒന്നുണ്ട് ,,ഒരു പാട് വായിക്കപ്പെടാന്‍ പോകുന്ന ഒരാള്‍ ആണ് നിങ്ങള്‍ ...ബ്ലോഗിലും മുഖ്യധാരയിലും ..വേര്‍ഡ്‌ വെരിഫിക്കേഷന്‍ മാറ്റിയില്ലെങ്കില്‍ ഈ വണ്ടി ഇനി ഈ വഴിക്കോടില്ല

    ReplyDelete
  4. കഥയില്‍ കവിതയും പിന്നെ സിനിമയും തന്നെയാണ് അധികവും. വ്യത്യാസമായ ഒരു അവതരണ രീതി സ്വീകരിച്ചിരിക്കുന്ന എഴുത്തില്‍ പക്ഷെ രണ്ടാം പാതിയില്‍ എളുപ്പം പറഞ്ഞവസാനിപ്പിക്കുന്ന ഒരു തിടുക്കം കാണുന്നുണ്ട്. കഥാനായകന്റെ ജീവിതം പറയാനെടുത്ത സൂക്ഷ്മ ദൃക്ക് മൈതാനത്തിന്റെ അറ്റത്തേക്ക് ഒരൊറ്റയോട്ടം വെച്ചുകൊടുത്ത പോലെ തോന്നിച്ചു. ഇത്രമേല്‍ അരാജകത്വം അതൊരു വലിയ അതിശയോക്തിയായ് കഥയെ വിശ്വാസമില്ലാത്തതാക്കുന്നു. എങ്കിലും,രസിപ്പിക്കുന്നു എന്നുതന്നെയാണ് വായനാനുഭവം. ആശംസകള്‍.!

    ReplyDelete
  5. കഥ വായിച്ചു
    സ്റ്റഫ് ഉണ്ട് കേട്ടോ!

    ReplyDelete
  6. ലുക്കില്ലേലും സ്റ്റഫ്‌ ഉണ്ട്.
    വാക്കുകളെ പിടിച്ചടക്കുന്ന എഴുത്ത്. കഥാവസാനം കംബ്ലീറ്റ് അവിഹിതമാക്കി പര്യവസാനിപ്പിക്കെട്നിയിരുന്നില്ല. വേറിട്ട വിഷയങ്ങള്‍ പരീക്ഷിക്കാം.

    ReplyDelete
  7. നല്ല നിരീക്ഷണങ്ങള്‍ ...ഒത്തിരി നന്ദി...

    ReplyDelete
  8. ശൈലി മൊത്തത്തില്‍ എനിക്ക് ഇഷ്ടമായി....പിന്നെ ക്ലൈമാക്സ്‌ അവിഹിതങ്ങളുടെ ഒരു പെരുമഴ ആയിപ്പോയോ എന്നൊരു ശങ്ക

    ReplyDelete
  9. പിടിച്ചിരുത്തുന്ന വായന... നന്നായി...

    ReplyDelete
  10. ആശംസകള്‍.! ഇഷ്ടമായി

    ReplyDelete
  11. എല്ലാവരും പറഞ്ഞപോലെ മികച്ച എഴുത്ത്, എഴുത്തിന്റെ ശൈലിയിലും ക്രാഫ്റ്റിലും മികച്ച കയ്യടക്കവും പുതുമയും നില നിർത്തി എന്ന് മാത്രമല്ല. അനുവാചകനെ കഥയിലൂടെ കൈ പിടിച്ച് നടത്തുവാനും എഴുത്തിന് കഴിഞ്ഞിരിക്കുന്നു. അച്ഛനാൽ പീഡിക്കപ്പെട്ട പെങ്ങൾ കൂട്ടുകാരന്റെ കൂടെ, ഡ്രൈവറോടൊപ്പം ഒളിച്ചോടിയ അമ്മ, ചെറിയമ്മയുടെ തുടയിൽ നിന്നെഴുന്നേൽക്കുന്ന അച്ഛൻ - കുരിശുമരണം ആഗ്രഹിക്കുന്ന കഥാനായകൻ - ഗംഭീരം ഈ കഥ. ആശംസകൾ നിധിൻ.

    ReplyDelete
  12. അതെ , അറിയാതെ മരണത്തിലേക്ക് നടന്നടുക്കുന്ന വായന .

    ReplyDelete
  13. ബന്ധങ്ങളെക്കുറിച്ചുള്ള മിത്തുകളിലെ അവസാന വിശ്വാസവും കുടഞ്ഞെരിയുന്ന നിഷേധം വരികളില്‍ വായിക്കാം...
    സന്മാര്‍ഗ ചരിത വിശ്വാസങ്ങളുടെ മുഖമടച്ചുള്ള അടി...
    ഞെട്ടിക്കുന്ന ആഖ്യാനം... കൊള്ളാം നന്നായിട്ടുണ്ട് -
    രണ്ടാം പകുതിയിലെ അതി വേഗത കുറയ്ക്കാമായിരുന്നു, അല്ലെങ്കില്‍ ആ ചടുലത അനിവാര്യമെന്നുണ്ടെങ്കില്‍ ആദ്യ പകുതിയില്‍ അല്പം വേഗത കൂട്ടാമായിരുന്നു...
    വേറിട്ട രചന... മനോഹരം

    ReplyDelete
  14. നല്ല വായനക്കും നിര്‍ദ്ദേശങ്ങള്‍ക്കും വിലയിരുത്തലിനും ഒത്തിരി നന്ദി. വീണ്ടും എഴുതാന്‍ വല്ലാതെ പ്രോത്സാഹിപ്പിക്കുന്നു നിങ്ങളുടെ വാക്കുകള്‍ ഹൃദയം നിറഞ്ഞു നന്ദി

    ReplyDelete
  15. നല്ല ശൈലി.. ഇഷ്ടമായി.

    ReplyDelete
  16. ഇത് മഹത്തരം... ഇഷ്ടായി.. നല്ല ശൈലി.. നല്ല എഴുത്ത്... കലക്കന്‍

    ReplyDelete
  17. വേറിട്ടൊരു ശൈലി എഴുത്തിലേക്ക് സന്നിവേശിപ്പിക്കാൻ താങ്കൾക്ക് കഴിഞ്ഞ് എന്നതിൽ തർക്കമില്ല. കഥയിലെ കഥ ഈ കാലഘട്ടത്തിന്റെ കഥ തന്നെയാണു., നല്ലൊരു വായനാനുഭവത്തിനു നന്ദി മാഷേ..

    ReplyDelete
  18. കഥയില്‍ കാമ്പൊന്നുമില്ല. എഴുതാന്‍ അറിയാം.

    ReplyDelete