Saturday, 21 June 2014

ബാറിലെ മരണങ്ങള്‍!!!



ഒരിടത്തൊരു ബാറുണ്ടായിരുന്നു...!!! ബാറില്‍ ജീവിതങ്ങളും!


വീടുമുണ്ടായിരുന്നു. വീട്ടില്‍ പപ്പയും മമ്മിയും പ്രണയിച്ചു കൊതി തീരാത്ത ചേച്ചിയും. 
വീടു നിന്നിരുന്ന ഗ്രാമമുണ്ടായിരുന്നു.. ഗ്രാമത്തില്‍ പഠിക്കുന്നവരും പണിയെടുക്കുന്നവരുമുണ്ടായിരുന്നു.
പണിക്കും പഠനത്തിനും നടുക്ക് ജീവിച്ചിരുന്ന കുറച്ചു പേരുടെ ജീവിതമുണ്ടായുരന്നു. 
ഇതൊക്കെയുണ്ടായിട്ടും മേല്‍പ്പറഞ്ഞ ഒരിടത്തെ ബാറില്‍ ഒരു ജീവിതം കണ്ടെത്തിയവരായിരുന്നു ആ കുറച്ചുപേര്‍. ആ പിന്നോക്ക വിഭാഗത്തിന്‍റെ ഉത്കര്‍ഷം മാത്രം മുന്നില്‍ കണ്ട് ആത്മാര്‍പ്പണത്തോടെ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചതാണ് ഞാന്‍ ചെയ്ത തെറ്റ്. അല്ല തെറ്റെന്ന് നിങ്ങള്‍ എന്നില്‍ ആരോപിക്കുന്ന എന്‍റെ രക്തത്തത്തിലലിഞ്ഞു ചേര്‍ന്ന സാമൂഹ്യ പ്രതിബദ്ധത. ശരിയാണ് ഞാന്‍ ബാറിന്‍റെ തിണ്ണ നിരങ്ങുന്നവനാണ്. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ എന്‍റെ ദിവസങ്ങള്‍ അവിടെ തുലച്ചു തീര്‍ക്കുന്നവനാണ്.... പക്ഷേ ഞാന്‍ തനിച്ചല്ലല്ലോ..നാലോ അഞ്ചോ ഉള്ളൂവെങ്കിലും അടിയുറച്ച ബോധ്യമുള്ള ഒരു യുവജനതയില്ലേ എന്‍റെ കൂടെ? ബാറിലെ പ്രവര്‍ത്തനങ്ങള്‍ ഒരു ഗ്രാമത്തിന്‍റെ ജീവനാഡിയാകുന്നില്ലേ..??

പിന്നെ, ഞങ്ങള്‍ തിരഞ്ഞെടുത്ത പേരിനെ നിങ്ങളെന്തിന് നെറ്റി ചുളിച്ച് പഴിക്കുന്നു? ഒരു ന്യൂ ജനറേഷന്‍ ചുവ വരുത്തുക മാത്രമായിരുന്നോ ആ പേര് കൊണ്ട് ഞങ്ങള്‍ ചെയ്തത്? അല്ല, വെടക്ക് വിനുമോന്‍ ആ പേര് നിര്‍ദ്ദേശിക്കുമ്പോള്‍ അതിലൊരു കറുത്ത സാഹിത്യമുണ്ടായിരുന്നു...ആക്ഷേപ ഹാസ്യമുണ്ടായിരുന്നു എന്നു ഞങ്ങള്‍ക്കും തോന്നിയതിനാലാണ് ബാറു നില്‍ക്കുന്ന അതേ വരാന്തയില്‍ത്തന്നെ ഒരു ഷട്ടറിനപ്പുറം അടുത്ത ഷട്ടര്‍ പൊക്കുമ്പോള്‍ - 'ബാര്‍ സദ്ഗ്രന്ഥ ശാല ' എന്നു തന്നെ ഞങ്ങള്‍ നെയിം ബോര്‍ഡ് തൂക്കിയത്. അതും ബാര്‍ ഹോര്‍ഡിംഗ്സിന്‍റെ അതേ പാറ്റേണില്‍, അതേ നിറക്കൂട്ടില്‍. ഒരേ കെട്ടിടത്തിന്‍റെ ഒരു ചുവരിരുപുറം കാലത്തും അന്തിക്കും ആളുകളൊക്കെയും എത്തിയത് ലഹരി തേടിതത്തന്നെയായിരുന്നു. ഹണീബീയും, ഷിവാസ് റീഗലും, ബെക്കാര്‍ഡിയും നുരച്ചിറക്കി അന്തിയാവോളം ലഹരിപൂണ്ട് മത്തു പിടിച്ച് അവര്‍ ചുരുണ്ടു കൂടിയപ്പോള്‍ തൊട്ടിപ്പുറം കാഫ്കയും, സാര്‍ത്രും, മാര്‍ക്വേസും, ഒ.വി വിജയനും തലക്കു പിടിച്ച് വെറിപൂണ്ട് ഞങ്ങള്‍ ഇരുന്നും പറഞ്ഞും തര്‍ക്കിച്ചും രാവണച്ചു. കിക്ക് കിട്ടിയവര്‍ ഒളിപ്പിച്ച സ്നേഹവും ചുണ്ടിലെ മൂളിപ്പാട്ടും വാ നിറച്ച തെറിയുമായി കുടുംബത്ത് ചെന്നു കേറിയപ്പോള്‍ ക്ലാസിക് സിനിമാ പ്രദര്‍ശനവും, മാനസികാരോഗ്യ ബോധവത്കരണ സെമിനാറും  സ്കൂള്‍ കുട്ടികള്‍ക്ക് അവധിക്കാല വായനാ പദ്ധതിയും, വര്‍ക്ക് ഷോപ്പുകളുമായി ഞങ്ങളുടെ ബാര്‍ കൂട്ടായ്മ ഗ്രാമത്തിലേക്കും പ്രശ്നങ്ങളുണ്ടാക്കി ലഹരിയാട്ടം നടത്തി.

പേരില്‍ തുടങ്ങി തൊടുന്നിടങ്ങളിലെല്ലാം വ്യത്യസ്തതയുടെ ചീളുകളാണ് ഞങ്ങള്‍ ചീന്തിയിട്ടതെല്ലാം. ബാറിലേക്ക് പ്രഗതി ട്യൂഷന്‍ സെന്‍ററിലെ രശ്മിയെ ചേര്‍ത്തുകൊണ്ട് വനിതകള്‍ക്കായി ബാറിന്‍റെ വാതില്‍ മലര്‍ക്കെ തുറന്നിട്ടത് വിഷ്ണുവിന്‍റെ ഐഡിയ ആയിരുന്നു.  പിന്നെ അവളായിട്ട് കൊണ്ടുവന്നതാണ് പഠിപ്പിസ്റ്റു സിമിയെയും കണക്കിസ്റ്റ് സീമയെയും. സിമി പറഞ്ഞാണ് ബാറിലേക്ക് നാലു കമ്പ്യൂട്ടര്‍ വാങ്ങിയതും ഇന്‍റര്‍ നെറ്റ് കണക്ഷന്‍ എടുത്തതും. പിന്നെ ബ്ലോഗിലും ഫെയ്സ് ബുക്കിലും സജീവമായി ചിന്തയും പ്രവര്‍ത്തന പദ്ധതികളും സാമൂഹ്യ വിമര്‍ശനങ്ങളും സിനിമാ നിരൂപണങ്ങളുമെഴുതി 'ബാറെഴുത്തുകള്‍' എന്ന പേരില്‍ ഒരു കമ്മ്യൂണിറ്റി പേജു തുടങ്ങി. പതിയെ പതിയെ എഴുത്തിടങ്ങളില്‍ വത്തിക്കാന്‍ സിറ്റിയെന്ന് ഞങ്ങള്‍ പേരിട്ടു വിളിച്ച ഞങ്ങളുടെ ചെമ്പകപ്പാറ ഗ്രാമവും അടയാളപ്പെടുത്തപ്പെടാന്‍ തുടങ്ങി. ഗോവിന്ദന്‍ മാഷും, കവി പൂച്ചാക്കല്‍ ഷാഹുലുമൊക്കെ പിന്തുണച്ചും ഗൗരവത്തോടെയെഴുതിയും അതിനെ ഉയര്‍ത്താന്‍ തുടങ്ങിയ നാളിലാണ് 'സെന്‍റ് ബോക്സില്‍ നിന്നും ‍ഡ്രാഫ്റ്റ് ബോക്സിലേക്ക്..' എന്ന പേരില്‍ ഞാനെന്‍റെ പ്രണയത്തെ ഒരു തരി വെള്ളം ചേര്‍ക്കാതെ ബാറെഴുത്തില്‍ തുറന്നെഴുതിയത്. അന്നു രാത്രിക്ക് തന്നെ അതു വായിച്ചതു തീര്‍ത്തതു മുതലാണ് രശ്മി ഇന്നു കാണുന്ന പോലുള്ള സോഫ്റ്റ് കോര്‍ണര്‍ എന്നോടു കാട്ടിത്തുടങ്ങിയതും.

എന്തിനായിരുന്നുവത്? ആവോ? ഒരേ സ്വപ്നങ്ങള്‍ കണ്ടു ഞെട്ടിയുണരുകയും ഒരേ പാട്ടുകളില്‍ അടയിരിക്കുകയും പറഞ്ഞു തുടങ്ങും മുന്‍പേ എന്‍റെ വാക്കുകള്‍ അവള്‍ വെളിയിലേക്കെടുത്ത് ഇടാന്‍ തുടങ്ങുന്ന കെമിസ്ട്രി ഞങ്ങള്‍ക്കിടയില്‍ രൂപപ്പെടുകയും ചെയ്തപ്പോഴാണ് പേടിയോടെ ഞാനെന്‍റെ പ്രണയിനിയോട് ''മതി നമുക്കിനിമേല്‍ അടുക്കാതിരിക്കാം...ഇനി നിന്‍റെ സൗന്ദര്യം എന്നില്‍ കുറഞ്ഞാലോ..'' എന്നു പറഞ്ഞിട്ട് കൂടുതല്‍ അടുത്ത് പ്രണയം അഴുകാതിരിക്കാന്‍ ആ ദിവ്യ ബിന്ദുവില്‍ അവളെ ചില്ലുകൂട്ടില്‍ പ്രതിഷ്ഠിച്ചത്..കണ്ണില്‍ നിന്നും ചോരവരുന്ന വേദനയോടെയാണെങ്കിലും നിന്‍റെയും എന്‍റെയും മരണം വരെ ഇനിയീ പ്രണയം വളരും എന്നു പറഞ്ഞിട്ട് അവളെ വളരാനായി വിട്ടു കൊടുത്തത്. അന്നാളുകളില്‍ സങ്കടം സഹിക്ക വയ്യാതെ കുടിച്ചു തീര്‍ത്തതത്രയും കീര്‍ക്കഗാഡിന്‍റെ റെജീന ഓള്‍സണുള്ള പ്രണയ ലേഖനങ്ങളായിരുന്നു. മെയ് സിയാദിന് ജിബ്രാന്‍ എഴുതിയ കത്തുകളായിരുന്നു. ആ നാളുകളില്‍ കരഞ്ഞു കലങ്ങി വീട്ടില്‍ കേറാതെ ബാറിന്‍റെ തിണ്ണയില്‍ തന്നെയാണ് അന്തിയുറങ്ങിയിരുന്നത്. ഇതായിരുന്നു ഡ്രാഫ്റ്റ് ബോക്സിലേക്കുള്ള ആ ദൂരം. ഇനിയെന്നിലുള്ളതൊക്കെയും എഴുതുന്നതൊക്കെയും നിനക്ക് അയയ്ക്കാനുള്ളതല്ല...നിന്‍റെ പേരില്‍ ഡ്രാഫ്റ്റുകളായി പെരുകാനുള്ളതാണ് പ്രിയേ...

ഇതൊക്കെ വായിച്ചിട്ടും ഇനിയൊരു പ്രണയത്തിന് വിലയും വലിപ്പവുമില്ലെന്നറിഞ്ഞിട്ടും രശ്മിയെന്തിനാണ് ഇങ്ങനൊരു ശ്രമം നടത്തുന്നതെന്നു ഞാന്‍ ചിന്തിച്ചിരുന്നു..അതോ അവള്‍ രശ്മിയുടെ ഉള്ളിലും ഒരു ചില്ലുകൂട്ടില്‍ വളരാന്‍ തുടങ്ങിയോ? 
ബാറെഴുത്തിലും സ്റ്റാറ്റസ് ബാറിലും ഞാനൊരു പ്രണയ സങ്കല്പത്തെ വിശുദ്ധിയോടെ കോറിയിടുമ്പോള്‍ വീട്ടില്‍ ചാറ്റ് ബോക്സില്‍ പടഞ്ഞിരുന്ന് എന്‍റെ പെങ്ങള്‍ മഴപെയ്യിക്കും. ആകര്‍ഷിക്കുന്ന എന്തിനോടും പ്രണയം തോന്നുന്ന ..അന്നന്നത്തെ ബന്ധങ്ങളില്‍ ആനന്ദം കണ്ടെത്തുന്ന..നുണകളും നുണകള്‍ക്കുമേല്‍ നുണകളും കഥകളും മെനഞ്ഞുണ്ടാക്കി എത്രയോ ആണ്‍കുട്ടികളെ ഒരേ ആല്‍പ്പൊക്കത്തില്‍ പല കൊമ്പില്‍ ഊഞ്ഞാലു കെട്ടിയാടിക്കുന്ന അവള്‍ ബാറില്‍ നിന്ന്  വീട്ടിലെത്തുന്ന എന്‍റെ കെട്ടുവീടീക്കുന്ന പച്ചമോരായിരുന്നു.

'അതിരാവിലെ ബാറു തുറക്കും മുമ്പേ നമ്മുടെ ബാര്‍ ഗ്രന്ഥശാല തുറക്കുക, അവരുടെ ബാര്‍ അടച്ചതിനു ശേഷം മാത്രം നമ്മുടെ ബാര്‍ അടയ്ക്കുക' എന്ന എന്‍റെ ആശയം വെറുതെയായില്ല. ബാറിനുമുന്നില്‍ തുറക്കും മുമ്പെത്തുന്നവരും, ക്യൂവില്‍ നിന്നു മടുത്തവരും, ബാറടച്ചും വീട്ടില്‍ പോകാത്തവരും അങ്ങനെ കുറച്ചു പേര്‍ ഞങ്ങളുടെ ബാറിലും കേറിത്തുടങ്ങാനും അതിലും കുറച്ചു പേര്‍ ഞങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനും തുടങ്ങി.  ബാറിന്‍റെ ഒരു എന്‍റര്‍ടെയിന്‍മെന്‍റ് റൂം പോലെ പതിയെ ഞങ്ങളുടെ മുറിയും ചര്‍ച്ചകളും സൗഹൃദങ്ങളും പുസ്കങ്ങളും അവര്‍ക്ക് സ്വന്തമാകാനും തുടങ്ങി. അന്തിയാവോളം അവിടെ തങ്ങാനിടവന്ന അന്നാളിലാണ് പച്ച മുനിഞ്ഞു കത്തിനിന്ന എന്‍റെ ചാറ്റ്ബോക്സിലേക്ക് മൂന്നര മണിക്കൂര്‍ പിന്നിലെ ലണ്ടന്‍ വൈകുന്നേരത്തില്‍ നിന്ന് മൂന്നാംവര്‍ഷ മലായാിളി ഡോക്ടറു കുട്ടിയുടെ മെസ്സേജ് വന്നത്...''ഞാനൊരു ചാറ്റഹോളിക് അല്ല, അങ്ങനെ അധികം ആരോടും പതിവില്‍ കൂടുതല്‍ ഒരു ചാറ്റിനും മെനക്കെടാറുമില്ല. പക്ഷേ എനിക്കിയാളോട് ഇതൊന്നും പറയാതെ പോകാന്‍ കഴിയില്ല...അതുകൊണ്ടാണ് ഇപ്പോ..''
'' ഞാനൊരു മതവാദിയല്ല..പിന്നെന്തനാണ് നിങ്ങള്‍ ഇങ്ങനെയൊരു മുഖവുര '' യെന്ന് തെല്ലു ദേഷ്യത്തോടെ തിരിച്ചയച്ച മെസ്സേജില്‍ ചമ്മിനാറിയത് ഞാന്‍ തന്നെയായിരുന്നു. ചാറ്റഹോളിക്ക് കാത്തലിക്കെന്നു വായിച്ച എന്നിലെ മണ്ടനെ ഞാന്‍ തന്നെ കളിയാക്കി...ചിരിച്ചും കളിച്ചും ബാര്‍കൂട്ടത്തിലെ ഒരംഗത്തെപ്പോലെ ഇഴയടുപ്പം തോന്നിയപ്പോഴാണ് അവള്‍ പറഞ്ഞു തുടങ്ങിയത്.. ''മരിക്കുന്നത് പ്രണയത്തിനുവേണ്ടിയല്ലെങ്കില്‍ മാത്രമേ എനിക്കു മരണത്തെക്കുറിച്ച് ദുഃഖമുള്ളൂ..'' ബാറെഴുത്തില്‍ ഒരുനാളില്‍ വീണ ഈയൊരു വാക്യത്തില്‍ കണ്ണുടക്കിയാണ് അവള്‍ എന്നിലേക്കെത്തിയത്. പ്രണയത്തെക്കുറിച്ചും മരണത്തെക്കുറിച്ചുമൊക്കെ എഴുതിയിരുന്ന കൂട്ടത്തില്‍ മാര്‍ക്വേസിന്‍റെ ഈ വാചകവും ഞാന്‍ കുറിച്ചിരുന്നു. അഗാധമായൊരുവനെ പ്രണയച്ചിരുന്ന അവള്‍ വഴിമുട്ടിനിന്ന ആ പ്രണയത്തിന് ബറെഴുത്തുകളിലെവിടെയോ ഉത്തരം കണ്ടെത്തി നിന്നു. മരണത്തിലൊടുക്കിക്കൊണ്ട് പ്രണയത്തെ ജീവിപ്പിക്കാന്‍ അവള്‍ കണ്ടെത്തിയ ഉത്തരം എന്‍റെ അക്ഷരത്തില്‍ പിറന്നു പോയല്ലോ എന്നോര്‍ത്തു ഞാന്‍ പഴിച്ചു.

'' നീ പ്രണയിക്കുക, പ്രണയിക്കുമ്പോ ജീവിതം ഓരോ ദിവസവും പുതുക്കപ്പെടുന്നു. പ്രണയിക്കുമ്പോ നേരും നുണയും ചൂരും ചുരന്ന് നീ പ്രണയിക്കുന്നത് നിന്നെത്തന്നെയാണ്...കണ്ണാടിക്കുമുമ്പില്‍ സുന്ദരിയായിക്കൊണ്ടിരിക്കുന്നതും സംസാരത്തില്‍ മധുരമായിക്കൊണ്ടിരിക്കുന്നതും നീ തന്നെ... '' എന്തൊക്കെ പറഞ്ഞിട്ടും മരണമെന്നതില്‍ കവിഞ്ഞുള്ള ഉത്തരങ്ങളെല്ലാം ഡീബാര്‍ ചെയ്യപ്പെട്ടുകൊണ്ടിരുന്നു. മരണത്തിലല്ലാതെ പ്രണയത്തിലൊരു ജീവിതം കണ്ടെത്താനാകാതെ ഭ്രാന്തു പിടിച്ചു നിന്ന വേളയിലാണ് അവള്‍ എന്നെ കണ്ടെത്തിയത്. വേറൊന്നിനുമല്ല...മരണത്തിന്‍റെ തുഞ്ചാണിത്തുമ്പത്ത് അവള്‍ ചെന്നിരിക്കാം ഒന്ന് ഉന്തിക്കൊടുക്കേണ്ട പണി മാത്രമാണെനിക്ക്..തനിയെ ആവതിയില്ലവള്‍ക്ക്.

ആളല്‍ കത്തിയത് എന്‍റെ നെഞ്ചത്തായിരുന്നു. കുറച്ചു പേര്‍ക്കെങ്കിലും ജീവന്‍ കൊടുക്കാന്‍ തുടങ്ങിയ ഞങ്ങളുടെ എഴുത്തിടത്തില്‍ കെട്ടിത്തൂങ്ങി ഒരാള്‍ ചത്തുമലക്കുന്നു....ഇല്ല..അതൊരു വെപ്രാളമായി പൊള്ളിക്കത്തി..ലണ്ടനിലേക്ക് നേര്‍ വിളിയായി പടര്‍ന്നു. ഫോണ്‍ തലക്കലും അവളുടെ തീരുമാനങ്ങളുറച്ചതായിരുന്നു. ''ഒരു സോ കോള്‍ഡ് പിന്തിരിപ്പന്‍ ഉപദേശിയെ അല്ലായിരുന്നു എഴുതിയ അക്ഷരങ്ങളില്‍ ഞാന്‍ കണ്ടത് ''.. എന്ന ഒരു മാന്തു കൂടി തന്നു ഫോണ്‍ വച്ചു. തനിക്കൊരിക്കലും സ്വന്തമാക്കാന്‍ കഴിയാത്ത തന്‍റെ പ്രിയപ്പെട്ടവനു വേണ്ടി താന്‍ തന്‍റെ ജീവിതത്തിന്‍റെ അടിമയാകാതിരിക്കുക..ശരിയാണ് അവളുടെ ഭ്രാന്തുകളിലെവിടെയോ ശരിയുണ്ട്. ഭ്രാന്തിലാണല്ലോ ശരികളൊക്കെയുമുള്ളത്... സൈബറിടത്തില്‍ പോലും അടുത്ത് ഇടപഴകല്‍ വേണ്ടാതെ ഒരു ആവേശവും ഭ്രാന്തും സംക്രമിച്ചു പടരുമെന്നതിന് എന്‍റെ ജീവിതമിതാ ഉത്തരപ്പൊട്ട് കുത്തിയിടുന്നു.

ബാറെഴുത്തുകള്‍ ഒരു വര്‍ഷം പിന്നിട്ടതിന്‍റെ ആഘോഷങ്ങള്‍ നടന്ന വൈകുന്നേരമാണ് ഞാന്‍ ‍‍ഡോക്ടറു കുട്ടിയെ രണ്ടാം പ്രാവശ്യം വിളിക്കുന്നത്. ശ്രദ്ധേയമായ ഞങ്ങളുടെ ബാറെഴുത്തുകള്‍ ഒരു പുസ്തകമാക്കി പ്രസിദ്ധപ്പെടുത്താന്‍ തീരുമാനമെടുക്കുകയും അതിനൊരു പേരിടല്‍ കര്‍മ്മം നടത്താന്‍ തലപുകയുകയും ചെയ്തതിനിടയിലാണ് പെട്ടെന്നൊരു പ്രചോദനത്തിന്‍റെ പുറത്ത് ഞാന്‍ അവളെ വിളിച്ചു പറഞ്ഞത്- ''പിന്തിരിപ്പന്‍ ഉപദേശം തരാനല്ല...ഞാന്‍ തന്നെ എഴുതിയിട്ട, നീ കണ്ടെത്തിയ ആശയത്തിന് ഒരു കന്യാവനത്തിന്‍റെ ശുദ്ധിയുണ്ടായിരുന്നു. പ്രണയിക്കകയെന്നാല്‍ മരിക്കകയെന്നര്‍ത്ഥം..ഞാന്‍ എന്നില്‍ മരിച്ച് നിന്നില്‍ പിറക്കകുയെന്നര്‍ത്ഥം! ഒരു മരണം പേടിച്ച് അതിന്‍റെ ലഹരിയില്‍ ഉപദേശവെള്ളം കോരിയൊഴിച്ച് ലയിപ്പിക്കാന്‍ ഇനി ഞാനില്ല. നീ കണ്ടെത്തിയത് തന്നെയാണ് ഉത്തരം..മരിക്കാം! ജീവിതത്തെ മരണത്തിന്‍റെ മുന്നിലേക്ക് എറി‍ഞ്ഞിട്ടു കൊടുത്തുകൊണ്ട് പ്രണയത്തെ മഹത്തരമാക്കാം. വ്യാഖ്യാനിച്ചു കുളിപ്പിച്ച് അതിന്‍റെ ചൈതന്യം കെടുത്താതിരിക്കാം. പക്ഷേ മരണത്തിന്‍റെ തുഞ്ചാണിത്തുമ്പത്ത് നിന്ന് ഉന്തിത്തന്നിട്ട് ഊര്‍ന്നു വീഴുന്ന നിന്നെ നോക്കിയിട്ട് തിരിച്ചു പോരാന്‍ എനിക്കാകില്ല...സഹതാപം കൊണ്ടല്ല നിന്‍റെ പ്രണയ കഥയിലേക്കിറങ്ങിയപ്പോള്‍ ഞാന്‍ എന്‍റേതിന്‍റെ രോഗാതുരമായ ഭാവിയാണ് കണ്ടത്.. ജീവിച്ചു കൊണ്ട് ഇനിയതനെ മഹത്തരമായി കാണാനാകില്ല. അതിനു വെല്ലുവിളികള്‍ വന്നു തുടങ്ങി. ഒരു വികാര വിക്ഷോഭത്തിനൊടുക്കമായും പ്രശ്ന സന്ധിയുടെ അവസാന വാക്കായും മരണത്തിനെ ചികയുന്നതിനേക്കാള്‍ എത്രയോ നല്ലതാണ് വിദൂര വേദനകള്‍ മുന്നില്‍ കണ്ട് സമീപ ശാന്തതയില്‍ പുഞ്ചിരിച്ചുകൊണ്ട് ഒരു മരണത്തെ പുല്‍കുന്നത്. ഇനി തീരുമാനം മാറ്റണ്ട..ഞാനുമുണ്ട് കൂടെ!''
ഫോണ്‍ വച്ചതും അവര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു ''ബാറിലെ ജീവിതങ്ങള്‍!'' നമ്മുടെ ആദ്യത്തെ പുസ്തകം. ഒന്നു പുഞ്ചിരിച്ചിട്ട് ഞാന്‍ പറഞ്ഞു ''വേണ്ട, ബാറിലെ മരണങ്ങള്‍!!!'' - ''അതാണ് കൂടുതല്‍ നല്ലത്. പേരിലും ചേര്‍ക്കാതെ പോകണ്ട ഒരു വിരോധാഭാസം''...

തിരഞ്ഞെടുക്കലുകളായി, തിരുത്തലുകളായി, കൂട്ടിച്ചേര്‍ക്കലുകളായി, ചിത്രണങ്ങളായി മുദ്രണത്തിലേക്ക് പുസ്തകം വളര്‍ന്നു കൊണ്ടിരുന്നു. ഏറ്റവും പ്രിയപ്പെട്ട പാട്ടുകളായി, വസ്ത്രങ്ങളായി, നിറങ്ങളായി, രുചികളായി മരണത്തിന്‍റെ അവസാന ദിനങ്ങളിലേക്ക് ഞാനവളെ ഒരുക്കിക്കൊണ്ടിരുന്നു. പുസ്തക പ്രകാശന ചടങ്ങിന്‍റെ തീയതി കുറിക്കപ്പെട്ടു. സ്ഥലം?? മാറ്റമൊന്നുമില്ല, ബാറിന്‍റെ വരാന്തിയില്‍ തന്നെ. ദാഹിച്ചു വലഞ്ഞു നില്‍ക്കുന്ന കൂട്ടത്തിന്‍റെ തിരുമുറ്റത്തു തന്നെ അതും നടത്തണം... കറുപ്പും വയലറ്റും ചേര്‍ന്ന ബാഗ്രൗണ്ടില്‍ തൂവെള്ള വസ്ത്രങ്ങളണിഞ്ഞ് ഒരു ബാറിന്‍റെ മുമ്പില്‍ മലര്‍ന്നു കിടക്കുന്ന ശവത്തിന്‍റെ കൂട്ടിക്കെട്ടിയ രണ്ടു കാല്പാദങ്ങള്‍ വരച്ചു ചേര്‍ത്ത് ചുവപ്പ് നിറത്തില്‍ ബാറിലെ മരണങ്ങള്‍ എന്ന തലക്കെട്ട് വനിവിനെക്കൊണ്ട് ഡിസൈന്‍ ചെയ്യിപ്പിച്ചത് ഞാനായിരുന്നു. അത് ഫ്ലക്സാക്കി ബാറിന്‍റെ വരാന്തയില്‍ വലിച്ചു കെട്ടി.

''ഈസ്റ്ററിന്‍റെ പിറ്റേന്ന് തിങ്കളാഴ്ച കാലത്ത് 7.30 (ലണ്ടന്‍ സമയം) മരിക്കാം നമുക്ക്''. എന്നാല്‍ ഏതു മരണമെന്ന് തിരഞ്ഞെടുത്തത് അവളായിരുന്നു. പല പോസ്റ്റുമാര്‍ട്ടങ്ങളും പല മരണങ്ങളും ശവങ്ങളും കണ്ട അവള്‍ തന്നെ പറഞ്ഞു '' ശവശരീരം ഒരിക്കലും കിട്ടാത്ത ഒരു സൂയിസൈഡ് പോയിന്‍റുണ്ട് കോളേജില്‍ നിന്ന് എസ്കര്‍ഷന്‍ പോയ റൂട്ടില്‍ ഈസ്റ്റ് ബോണ്‍ സിറ്റിക്കടുത്ത് ബീച്ചി ഹെഡ് പാറക്കെട്ട്.''. ഒരുവര്‍ഷം പിന്നിട്ടിട്ടൊരിക്കലും ആ ബാറിലോ ഇപ്പുറത്തെ ബാറിലോ കിട്ടാത്ത ഒരു ലഹരി മരണത്തെക്കുറിച്ചുള്ള വിചാരങ്ങളിലും ആവേശങ്ങളിലും ഒരു ആവേഗമായി കത്തിപ്പടര്‍ന്ന് നുരഞ്ഞു പൊന്തി പതപൊട്ടിച്ചു കൊണ്ടിരുന്നു. ''എന്‍റെ മരണവും പ്രണയാതുരമായിരിക്കണം അതിന്‍റെ കാഴ്ചയില്‍ തന്നെ. മഴയായി പെയ്തിറങ്ങി..നദിയായി ഒലിച്ചിറങ്ങി..കടലിനെ കെട്ടിപ്പുണരുന്ന മൈഥിലിപ്പുഴയുടെ പ്രണയ ജലത്തിനൊപ്പം ഞാനും ചെന്നു ചേരണം കടലാഴത്തില്‍. മരണത്തിന് തൊട്ടുമുമ്പ് ഇനി നമ്മുടെ അവസാനത്തെ കോള്‍...''. ഒരേസമയം രണ്ടു ഭൂരേഖയില്‍ രണ്ട് വ്യക്തികള്‍ക്കായി ഒരേ ആശയത്തെ പുല്‍കി മരിക്കാം. തലേന്നത്തെ കോളില്‍ ഞാന്‌ പറഞ്ഞിരുന്നു ഈസ്റ്ററിന് പള്ളിയിലേക്ക് ഏറ്റവും പ്രിയപ്പെട്ട വസ്ത്രമണിഞ്ഞ് ഏറ്റവും സന്തോഷവതിയായി പോവുകയെന്ന്. ക്രിസ്തുവിന്‍റെ ഉയിര്‍പ്പിനെക്കുറിച്ച് തീര്‍ച്ചയായും വൈദികന്‍ പ്രസംഗിക്കും. അത് നിനക്കുള്ളതാണ്..ഇരുത്തി ശ്രദ്ധിക്കുകയെന്ന്. തിരിച്ചുവന്ന് കൊതിയോടെ ഭക്ഷിക്കുകയെന്ന്. മരണത്തിന്‍റെ തൊട്ടുമുമ്പിലാണ് ജീവിതം ഏറ്റവും മനോഹരമാകുന്നത്.  അവള്‍ പറഞ്ഞു ''നിങ്ങള്‍ പറഞ്ഞതെത്രയോ സത്യം. ഉയിര്‍പ്പ് ചടങ്ങിനിടെ വൈദികന്‍ പറഞ്ഞു മറ്റൊരാള്‍ക്കുവേണ്ടി മരിക്കുമ്പോഴാണ് മരണം പോലും മഹത്തരമാകുന്നത്...അത്തരം മരണത്തിലാണ് ഉയിര്‍പ്പ് ഉള്ളത്...ക്രിസ്തു മരിച്ചത് അവനുവേണ്ടിയായിരുന്നില്ലല്ലോ...''


ഞാനൊഴികെ ആരു ചിന്തിച്ചാലും പ്രത്യേകതകളൊന്നുമില്ലാത്ത കാര്യകാരണങ്ങളില്ലാത്ത നിഗൂഢമായൊരു മരണമാണെന്‍റേത്. ഇതൊരു ലോലവികാരത്തിന്‍റെ പുറത്തോ പ്രണയാവേശത്തിന്‍റെ പുറത്തോ അല്ലല്ലോ. നാം പിറന്നു വീഴുന്ന..എന്നിലൊരു പുതിയ ചിന്ത മൊട്ടിടുന്ന..ആദ്യപ്രണയം ഉടക്കി വലിക്കുന്ന പ്രകൃതിയുടെ ചില ജീവ ബിന്ദുക്കള്‍ പോലെയൊരു ബിന്ദുവില്‍ ഞാന്‍ എന്‍റെ മരണം അടയാളപ്പെടുത്തിയെന്നു മാത്രം. എനിക്കങ്ങനെയല്ലാതെ മരിക്കാന്‍ കഴിയില്ല...കഴിഞ്ഞാല്‍ അതാണ് അപമൃത്യു.

കാലത്ത് ബീച്ചിഹെഡിന്‍റെ പാറത്തുമ്പത്ത് നിന്നും മൈഥിലിപ്പുഴയുടെ ചുഴി വക്കത്തേക്കു ഫോണ്‍ വന്നു. ''എന്തായി?'' മറുപടി കണ്ണീരൊഴുക്കിക്കൊണ്ടായിരുന്നു. ..''നിങ്ങള്‍ ദൈവദൂതനല്ലാതെ മറ്റാരുമല്ല...എന്‍റെ ജീവിതത്തെ എനിക്കിത്രമാത്രം മനസിലാക്കിത്തന്ന മറ്റൊരാളില്ല....ദൈവത്തിന്‍റെ മുഖമാണ് നിങ്ങള്‍ക്ക്. എനിക്കിപ്പോ ജീവിതത്തോട് മുമ്പെങ്ങുമില്ലാത്തൊരു ആവേശം തോന്നുന്നു. മരണത്തിന്‍റെ മുമ്പിലെനിക്ക് ജീവിതം മനോഹരമായിത്തോന്നുന്നു...എനിക്കു മരിക്കണ്ട..മരണത്തേക്കാളധികം ജീവിതത്തോട് പ്രണയം തോന്നുന്നു...ഇനിയും പ്രണയം ബാക്കിനില്‍ക്കുന്നുവെനിക്ക്..സമയമായിട്ടില്ല...ജീവിക്കാന്‍ തോന്നണു...കുറച്ചൂടെ...''

ഫോണ്‍ തൊട്ടുനിന്ന ചെവിക്കു ചുറ്റും ഒരു മഞ്ഞവലയം നിറഞ്ഞൊഴുകുന്ന പോലെ തോന്നി..പ്രാവിന്‍ കുഞ്ഞുങ്ങളുടെ കുറുകല്‍ കേട്ടു. ഒന്നു പുഞ്ചിരിച്ചിട്ട് ഞാന്‍ പറഞ്ഞു ''മരണത്തിന്‍റെ മുമ്പില്‍ നില്‍ക്കുന്നവന് ജീവിതത്തോടുള്ള ദര്‍ശനം യോഗിയുടേത് പോലെയായിരിക്കും..ജീവിതത്തോടുള്ള അഭിനിവേശം ഭ്രാന്തന്‍റെ പോലെയും...ഒരിക്കലെങ്കിലും ഈ മരണമുഖം കണ്ടെത്തിയവന് പിന്നെ ജീവിതം പാതിക്ക് വച്ച് അവസാനിപ്പിക്കാന്‍ കഴിയില്ല...ഒരുപക്ഷേ ഒരു ആയിരം ഉപേദശം തന്നാലും നീയിത് മനസിലാക്കില്ലായിരുന്നു..ഇപ്പോഴല്ലാതെ.. സന്തേോഷമായി ഒരാളെയെങ്കിലും ജീവിതത്തിന്‍റെ മനോഹാരിത കാണിച്ചു കൊടുക്കാന്‍ ആയല്ലോ ഈ ജന്മത്തില്‍...''കണ്ണ് വിതുമ്പി നിന്നു.

'' നിങ്ങള്‍ക്കാല്ലാതെ ഇത്രമാത്രം സൈക്കോളജിക്കലായി ആരും ചിന്തിക്കാത്ത വൈരുദ്ധ്യ ധ്രുവത്തിലൂടെ എന്നെ രക്ഷിക്കാന്‍  കഴിയില്ല ..തീര്‍ച്ചയായും നിങ്ങള്‍ മറ്റാരോ ആണ്..മറ്റാരോ ആണ്...''. അവളുടെ വാക്കുകള്‍ ജീവിതത്തിന്‍റെ തുറമുഖം കണ്ടാലെന്നോണം പ്രകാശിച്ചിരിക്കുന്നു. ''നന്ദി! എനിക്കെന്‍റെ ജീവിതം എന്നത്തേക്കാളും കൊതിയോടെ മടക്കിത്തന്നതിന്..''

'' നന്ദിയെന്തിന് ? ഞാനൊരു കഴകുന്‍ വീക്ഷണത്തോടെ മുകളില്‍ മാറിയിരുന്ന് പ്ലാനിംഗ് നടത്തി..സെക്കോളജിക്കല്‍ അനാലിസിസ് നടത്തി പ്രശ്നപരിഹാരം നടത്തിയിട്ടില്ല...നിന്‍റെ കൂടെ നടന്നെന്നു മാത്രം..ഞാന്‍ നീയായിത്തന്നെ സഞ്ചരിച്ചു. നിന്‍റെ വഴികളില്‍ തന്നെ എന്നെ കണ്ടെത്തി... പക്ഷേ... ഇപ്പോ ഞാന്‍ ദൈവദൂതനാകുന്ന പോലെ... നീ തിരിച്ചു നടക്കുക...നീ മനുഷ്യനാകാനും ഞാന്‍ ദൂതനാകാനും...''

ഫോണ്‍കട്ട് ചെയ്തതും വിഷ്ണുവിന്‍റെ തുടര്‍ച്ചയായ ആറാമത്തെ കോള്‍ ''നീയിതെവിടാണ്..??പ്രകാശനം നടക്കാറായി....''. ''ഞാനെത്തും പ്രകാശനത്തിന് ഞാനെത്തും. നമ്മള്‍ ഒരുവര്‍ഷം പിന്നിട്ടപ്പോള്‍ ഇതാ മരണത്തില്‍ നിന്ന് ഒരാളെ ജീവിതത്തിന്‍റെ ലഹരിയിലേക്കെത്തിക്കാന്‍ നമുക്കു കഴിഞ്ഞു..നമ്മുടെ പ്രയത്നങ്ങള്‍ വെറുതെയാവുന്നില്ല വിഷ്ണു...''. ഒന്നുമങ്ങോട്ടു തിരിഞ്ഞില്ലെങ്കിലും നല്ലതെന്തോ സംഭവിക്കുന്നുണ്ടെന്ന് മനസിലാക്കി അവന്‍ ഫോണ്‍വച്ചു.

മൈഥിലിയുടെ വക്കത്ത് എന്‍റെ പിന്നിലൂടെ അസ്ഥികള്‍ പൂക്കുന്ന ഒരു താഴ്വര തെളിഞ്ഞു വിടര്‍ന്നു വന്നു. നിതാന്ത വന്യത. വെള്ളയും വയലറ്റും നിറത്തിലുള്ള ഇത്തിരിപ്പൂവുകള്‍..ചുറ്റും കളിക്കുന്ന ഇളം കാറ്റിനുപോലും പ്രണയത്തിന്‍റെ മത്തുപിടിപ്പിക്കുന്ന ലഹരിമണം..കാറ്റിനെ ഒന്ന് അമര്‍ന്നു ചുംബിക്കാന്‍ പിന്നിലോട്ടു വലിഞ്ഞിട്ട് മുന്നിലേക്കാഞ്ഞു...മരണമേ എനിക്കു നിന്‍റെ കുഞ്ഞിച്ചിറകുകള്‍ തരിക..ഞാനും പറന്നു നടന്നു കാണട്ടെ ജീവന്‍റെയീലോകത്തെ...മഴപോലെ ഞാനിതാ നിന്നിലേക്ക് വീഴുന്നു..പുഴപോലെ ഇനിയൊഴുകട്ടെ..കടലായി നിന്നിലേക്ക് ചേരട്ടെ...

കൃത്യം പ്രകാശന സമയത്തു തന്നെ ആളെ കിട്ടി. ബാറിലെ മരണങ്ങളെന്ന കറുപ്പും വയലറ്റും കലര്‍ന്ന ഫ്ലക്സിന്‍റെ മുന്നില്‍ മലര്‍ന്നു കിടന്നു..പതിവുപോലെ തന്നെ ലഹരിക്കെത്തിയവരെല്ലാം ക്ഷമയോടെ അച്ചടക്കത്തോടെ ക്യൂവായിത്തന്നെ ബാര്‍ വരാന്തയില്‍ ചുറ്റും നിന്നു. വെള്ളയില്‍ വയലറ്റു പൂക്കളുള്ള BAR എന്ന് അടയാളപ്പെടുത്തിയ ചക്രം നെഞ്ചത്തു വച്ചുകൊണ്ട് പുസ്തക പ്രകാശനം നടന്നു!!!!

2 comments:

  1. ജീവിതം തന്നെ ലഹരിയായവർക്കിടയിൽ മറ്റു ചില ലഹരിയിൽ മുങ്ങി പോകുന്ന ന്യൂനപക്ഷങ്ങൾ. പ്രണയം, മരണം.

    നന്നായി കഥയെഴുതാനറിയുന്ന ഒരാൾ, എഴുതി തുടങ്ങുന്നവരുടെ ഇഷ്ടവിഷയങ്ങൾ - പ്രണയവും ആത്മഹത്യയും കൈകാര്യം ചെയ്തിരിക്കുന്നു എന്നാണ് വായനയിൽ തോന്നിയത്. പ്രണയത്തെ അത്രമേൽ പ്രണയിക്കയാൽ അത് തണുപ്പിച്ചുറച്ച് സൂക്ഷിക്കുക, ജീവിതത്തെ അത്ര മേൽ ഇഷ്ടപ്പെടുകയാൽ മരണത്തെ പുൽകുക.. ഇത്തരം ഭ്രമാത്മകതകൾ ചിത്രീകരിക്കുന്ന കഥകൾ ഇതിനു മുമ്പും വായിച്ചിട്ടുണ്ട്. പക്ഷേ എടുത്തുപറയാൻ മാത്രം അതൊന്നും ഓർമ്മയിൽ തങ്ങിയിട്ടില്ല.

    പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് പലവട്ടം വായനകൾ നടത്തിയാൽ കഥ ഇനിയും ഒതുക്കാമായിരുന്നു എന്ന തോന്നലുണ്ട്.

    ReplyDelete
  2. നല്ല നിരീക്ഷണത്തിന് നന്ദി... ഒരു ജീവിതാനുഭവത്തിന്‍റെ സത്യസന്ധമായ കുറിപ്പാണിതില്‍...ജീവിതം ചിലപ്പോള്‍ ഭാവനയേക്കാളും സ്വപ്നത്തേക്കാളും നാടകീയമാകുമെന്ന് പറയുന്നപോലെ...ആലോചിച്ചുറപ്പിച്ച് എഴുതിയതല്ല..എഴുതിപ്പോയതാണ്...

    ReplyDelete