ഫെബ്രുവരി 14 – ഒരു ഭാഗത്ത് പ്രണയം പ്രളയമാവുകയും ചുവപ്പ് പരന്നൊഴുകയും, അതിലൊരു മൂലയ്ക്ക് കരിദിനം കൊണ്ടാടുകയും ചെയ്യുന്നു. മറുപുറത്ത് കൊല്ലം തെറ്റാതെ 14-ന് കാലത്ത് സ്റ്റഡി ക്ലാസ് വരും. അതേ വാചകം, അതേ ചിത്രം, അതേ തലക്കെട്ട് – “വാലന്റൈന്‍ ആരായിരുന്നു???”. വാലന്റൈന്‍ - എന്ന സെയിന്റിനേം ആ ദിനം ഉണ്ടായിവന്ന നാള്‍ വഴിയും വിവരിച്ച് ചുവപ്പിനുമേല്‍ ഒന്നു വെള്ളപൂശും.
പല കൊല്ലം തല്ലിത്തേച്ചു കേറിവന്ന ഈ ഫെബ്രുവരി 14 –ന് പണ്ട് ചവച്ച് ഏതോ മതിലില്‍ തേച്ചുവച്ച ബബിള്‍ഗങ്ങളൊന്നും ചുരണ്ടിയെടുത്ത് വീണ്ടും ചവയ്ക്കാന്‍ തോന്നീല്ല. വാലന്റൈന്‍ ആരായിരുന്നു..എന്നും ആരായാന്‍ പോയില്ല. പുല്ലിംഗ സ്ഥാനത്ത് ഒരു സ്ത്രീലിംഗ നാമം നല്ല കട്ട ലിപ്സ്റ്റിക്ക് ഇട്ടുവന്നു. – “വാലന്റീന” – ആരായിരുന്നു???
‘വാലന്റീന’ ഒരു പേരല്ല, സാധ്യതയാണ്. ഒറ്റനോട്ടത്തില്‍ തെളിയുന്ന സാധ്യതയുടെ മേലെ വേറൊരു സാധ്യത കണ്ടെത്താന്‍ കഴിഞ്ഞാല്‍ ദൈവം നുരയുന്ന വീഞ്ഞ് കുടിക്കാനും കള്ളാവിയില്‍ വേവിച്ചെടുത്ത പനത്തോണെ കേക്ക് കഴിക്കാനും കഴിയുന്ന രാത്രിയാണ്. പക്ഷേ വാലന്റീന അവളുടെ പേര് തന്നെയാണ്. വേണമെങ്കില്‍ ചേർന്നു നിന്നെടുത്ത സെല്ഫിയും ഇവിടെ പിന്‍ ചെയ്തുവയ്ക്കാന്‍ തയ്യാറാണ്...ആ രാത്രിയും രൂപവും എനിക്കു മറക്കാന് കഴിയുമെങ്കില്‍.
കപ്പദോച്ചിയാ തെരുവില്‍ ഇരുട്ട് പരക്കുകയും, സോഡിയം വേപ്പർ കാലു പൊക്കി നിന്ന് അതിനുമേല്‍ മഞ്ഞ മൂത്രം തളിക്കുകയും അതിനടിയില്‍ കുത്തിക്കീറുന്ന പെർഫ്യൂം മണം ചലിച്ചു തുടങ്ങുകയും ചെയ്ത വൈകുന്നേരമാണ് ക്രിസ്മസ് കഴിഞ്ഞ ട്രെയിന്‍ മിലാനില്‍ നിന്ന് റോമാ ടെർമിനിയില്‍ ലാന്‍ഡ് ചെയ്തത്. അതിന്റെ ആയിരം കൈകളിലൊന്നില്‍ ഒരു വർണ്ണക്കൂടില്‍ പൊതിഞ്ഞ മിലാന്‍ പനത്തോണെ. നല്ല മൂത്ത ഗ്രാപ്പ (മദ്യമാണ് മദ്യം)യുടെ ആവിയില്‍ വേവിച്ചത്. സമ്മാനങ്ങള്‍ ഭാരങ്ങളാണ്. അതോണ്ടാണ് വാങ്ങാതെ പോരാന്‍ നോക്കുന്നത്. പക്ഷേ ഇക്കൊല്ലം മിലാനിലെ കുജോണയില്‍ നിന്ന് പടിയിറങ്ങിയപ്പോ അവരു വച്ചു നീട്ടിയതില്‍ ഒരു പനത്തോണെ കേക്ക് ഇങ്ങു പൊക്കിയെടുത്തു. അതെന്തിനായിരുന്നെന്ന് അറിയില്ല, അതിനോടുള്ള കൊതി അത്രകണ്ട് ഇല്ല താനും.

കേക്കും ഞാനും തനിച്ചായ വൈകുന്നേരം സൈക്കിളിന്റെ കൈകളിലൊന്നില്‍ ആ കേക്കും തൂക്കി പറക്കാന്‍ തോന്നി. ചക്രം പറക്കുന്ന വഴിയേ ആടിയാടിയാ കേക്കും പാടിയാടി ഞാനും. അത് കറങ്ങി കറങ്ങി കൊളോസിയം വലം വച്ചു പിന്നെ ആല്‍ക്കമെനെസിന്റെ കൈയ്യിലെ ഡിസ്ക് പോലെ ഇരുട്ടുവീണ ഏതോ വെട്ടുവഴിയിലേക്ക് പാളിത്തെറിച്ചു...സത്യത്തില് കൊളോസിയത്തിന്റെ ഗാലറിയില്‍ ഇരുന്ന് ഏതോ ഒളിമ്പ്യന്‍ എറിഞ്ഞതാണ്. യജമാനന്റെ വീട് മണുത്ത കുതിരയെപ്പോലെ എന്നേയും കൊണ്ടു പാഞ്ഞ സൈക്കിള് ചുണ്ടു ചുവപ്പിച്ച ചേച്ചിയുടെ കൊതിപ്പിക്കുന്ന നോട്ടത്തിനുമുന്നില് ചെന്നു നിന്നപ്പോ ആടിയാടി വന്ന കേക്കുംപൊതി നേരെ തൂങ്ങി നിന്നു. എന്നെ ഇത്ര പരിചയമോ...ആളു മാറിയില്ല എന്നെത്തന്നെ.
-“പോവാം”??.
“എങ്ങോട്ട്”??.
– “മുറിയിലേക്ക്” (ദിപ്പോ വീട്ടിക്കേറി വന്നപോലെ സിമ്പിളായിട്ട്)
“പേരെന്താ...”??
– “വാലന്റീന…. പോവാം...” ?? ചോദ്യം വീണ്ടും.
എന്റെ മുഖം വിയർത്തു. കാലില് ചെറിയൊരു തരിപ്പ്. ഞാന് പറഞ്ഞു
“പോവാം ആദ്യം എന്തേലും കുടിച്ചാലോ...എനിക്ക് നല്ല ദാഹം”. അതൊരു മുഷിച്ചിലായെന്ന് മുഖവും സ്വരവും മറുപടി പറഞ്ഞു. എങ്കിലും ഞാന്‍ അല്പം സ്നേഹത്തോടെ കണ്ണുകാണിച്ച് വാശി പിടിച്ചനേരം തന്നെ കണ്ണിന്റെ നേരെ ആ തെരുവിന്റെ കോണില്‍ ആളുകുറഞ്ഞ ബാര്‍ ആരോ പണിതുവച്ചു. അതിന്റെ രണ്ടു നിലകളിലൊന്ന് ഭൂമിക്കടിയിലേക്കാരോ തുരന്നു വച്ചു. ആ ഭൂഗർഭ ബാറിന്റെ ഗർഭപാത്ര ഭിത്തിയോട് ചേർന്ന് മൂലയ്ക്കൊരു മേശയില്‍ ഞാന്‍...എതിരേ വാലന്റീന- വല്ലാത്ത പിറുപിറുപ്പും അസ്വസ്ഥതയും തേച്ചുവച്ച മോന്ത. ഇരുപ്പുറയ്ക്കാത്ത ഇരുപ്പും ധൃതി പാഞ്ഞ കണ്ണും. എങ്ങനെ ഇരിപ്പുറയ്ക്കാനാണ് ഇവിടെ കുത്തിയിരുന്നു രണ്ടു ഗ്ലാസ് വൈന്‍ വിഴുങ്ങുന്ന നേരം മതി രണ്ടുപേരെ തഴുകി കുളിപ്പിച്ച് രണ്ട് 50 യൂറോ നോട്ട് ബാഗില് വീഴ്ത്താന്‍. അതിനും കൂടി ഇനിയെന്നെ പിഴിയാമെന്ന പ്രതീക്ഷയോടെ ഒരു ഇല്ലാച്ചിരി വരുത്തി ഇരുന്നു.
ചോരക്കറുപ്പുള്ള വൈന്‍ വന്നു. അതുപൊക്കി കമത്തുംമുന്നേ..ഞാനാ വർണ്ണപ്പൊതി പോട്ടിച്ചു. പഞ്ചസാരപ്പൊടി കുലുക്കിക്കുത്തി അതിനുമേല്‍ പരത്തിയിട്ട് കവർ പൊട്ടിച്ചു. കേക്കെടുത്ത് മുന്നിലെ പ്ലേറ്റിലേക്ക് നീക്കിവച്ചിട്ട് മുറിക്കാന്‍ കത്തിയവള്‍ക്ക് കൊടുത്തു. മുറിക്കാന്‍ നേരം ലൈറ്റായിട്ടൊന്ന് കയ്യടിച്ചു...പതിഞ്ഞ സ്വരത്തിലവളുടെ കണ്ണില്‍ നോക്കി “ബോന്‍ നതാലെ” (ഹാപ്പി ക്രിസ്മസ്) പാടി, ഒരു മുറിയെടുത്ത് വായിലേക്ക് വച്ചുകൊടുത്തിട്ടൊന്ന് കെട്ടിപ്പിടിച്ചു..വൈന്‍ ഗ്ലാസ് ഒന്നു പൊക്കിയിട്ട് മുട്ടിച്ചിട്ട് വലിച്ചു കുടിച്ചു..അതിനിടയ്ക്കൊരു സെല്ഫി ക്ലിക്കി..അത്രേയുണ്ടായുള്ളൂ...രണ്ടരമിനിറ്റ്!.
പക്ഷേ ക്ലീഷേയാണേലും ചില ക്ലീഷേകള്‍ എല്ലാക്കാലത്തും എല്ലായിടത്തും ക്ലീഷേയില്‍ നിന്ന് മുന്നോട്ടോ പിന്നോട്ടോ ചലിക്കാത്തതെന്തെന്ന് മാത്രമാണിപ്പോ ഞാന്‍ ചിന്തിക്കുന്നത്. വീഞ്ഞ്പോലായി മുഖം...കണ്ണിലെ ആദ്യത്തെ കത്തുന്ന നോട്ടം മാറി വേറൊരു തരം തിളക്കം...കണ്ണുകളില്‍ എന്റെ മുഖം മുഴച്ചു മുഴച്ചു വന്നു ജസ്റ്റ് ഒന്നടർന്നു വീണു. ഞാനൊഴുകി.
ഇക്കൊല്ലം കിട്ടിയ ആദ്യത്തെ ക്രിസ്മസ് വിഷ് ആയിരുന്നുവതെന്ന് – ഡിസംബർ
27- ന്. പൊതു അവധി ബാധിക്കാത്ത പണിയായ കൊണ്ട് ക്രിസ്മസ് വന്നതും പോയതും അറിയാനോ അന്വേഷിക്കാനോ മെനക്കെടാറില്ലെന്ന്....വീട്ടില് ഒരു അനിയത്തിയുണ്ട്, 7 വയാസായ മകളുണ്ടെന്ന്, അനിയത്തി തൊട്ടപ്പുറത്തെ തെരുവില് ഇതേ പോലെ നില്പുണ്ടെന്ന്...വീട് കുറച്ച് ദൂരത്താണെന്ന്...മുറിയൊക്കെ ദിവസ വാടകയ്ക്കാണെന്ന്...വാടകയ്ക്കുള്ള ക്രോസ് രേഖ കടന്നാലാണ് ചിലവിലേക്കുള്ളത് വീഴുന്നതെന്ന്.... പിന്നേം എന്തൊക്കെയോ പറഞ്ഞു. ഉള്ളിലെ വീഞ്ഞിന് വീര്യമുണ്ടായിരുന്നോണ്ട് കുറേയൊന്നും പതിയാണ്ടുപോയി. സമയം പിന്നേം കുറേയങ്ങ് പോയി. ആർക്കും ധൃതിയില്ലാത്ത ശാന്തത. ആ സെല്ഫി അവള്ക്ക് കൂടെ കൊടുത്തു. ബാക്കിവന്ന കേക്ക് മകള്‍ക്കെന്നു പറഞ്ഞ് ഞാനിറങ്ങി. മുറിയിലേക്ക് വരുന്നില്ലേന്ന് ചോദിച്ചില്ല, തുലച്ചു കളഞ്ഞ സമയത്തിന്റെ വാടക ചോദിച്ചില്ല.. വീടെവിടെന്നു ചോദിച്ചില്ല....
ഇന്നു കാലത്ത് അക്ഷരത്തെറ്റുകളുള്ള ഒരു മെസ്സേജില്‍ വാലന്റീന എന്നു എഴുതിയിരിക്കുന്നു. കൂടെ കുറച്ചു ഫോട്ടോകളും- മകളാണ്...ഇന്നവളുട എട്ടാമത്തെ ബെർത്ത് ഡേ ആണെന്ന്. പേര് ‘ആഞ്ചലീന’ - “മാലാഖയ്ക്ക് എന്റെ ഉമ്മകള്‍...” 😘😘സ്മൈലി ചേർത്ത് സെന്റി.
വാലന്റീനയുടെ മകള്‍ ആഞ്ചലീനയുടെ പിറന്നാള്‍ രണ്ടുദിവസം പുറകോട്ടേക്ക് കേറ്റി വച്ച് ഞാനീ കൊല്ലത്തെ വാലന്റൈന്‍ ദിനാന്ത്യക്കുറിപ്പ് കുത്തിട്ട് തീർത്ത് പൂട്ടിക്കെട്ടിവയ്ക്കട്ടെ....Happy Valentina’s Day !!!♥
നിധിന്‍
ഫെബ്രുവരി 17
റോമ

����
ReplyDeleteBishop Valentine polum pakachu poyo...
ReplyDelete