മടുത്തു ഈ ചാറ്റിംഗും ട്വീറ്റിംഗും ചീറ്റിംഗും...ഫെയ്സ്ബുക്ക് അക്കൗണ്ടില്ലാത്ത, ഓര്‍ക്കുട്ടിലും ട്വിറ്ററിലും കിടന്നു പെരളാത്ത , മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്ത തുളസിക്കതിരുപോലെ ശാലീനയായ ഒരു പെണ്‍കുട്ടിയെ എനിക്കു വേണം. ആറാംതമ്പുരാനിലെ മഞ്ചുവാര്യരെപ്പോലെ ഒരു നാടന്‍ പെണ്‍കൊടി. ചേറുതെറിച്ച പാടവരമ്പത്തും, പാലക്കാടന്‍ കാറ്റുവീശുന്ന കരിമ്പനത്തോട്ടങ്ങളിലും, ഒക്കത്തു കുടവുമായി നീങ്ങുന്ന ചുട്ടുപൊള്ളുന്ന പെണ്‍കൂട്ടങ്ങളിലും അങ്ങിനൊന്നു ഞാന്‍ കണ്ടില്ല. ഒടുക്കം മഞ്ചേരിയിലെ കുലുക്കിസര്‍ബത്തു കടയിലെ മൊയദീനിക്കായാണ് പറഞ്ഞത്, ഈ പെയ്ശ് ബുക്കും, കൂക്കിളുമൊക്കെയുള്ള ഇക്കാലത്ത് ഈ നാടൊട്ടുക്കു കിടന്ന് അലഞ്ഞ് വെയിലുകൊണ്ടു കരിവാളിക്കാന്‍ അനക്ക് ബട്ടാ...ഇപ്പൊ വംശനാശം സംഭവിച്ചതും, ആര്‍ക്കും ബേണ്ടാത്തതും, മന്ത്രീടെ ബീട്ടിലെ കുടംബത്തല്ലുവരെ പൊക്കിക്കൊണ്ടു വന്നതും ഈ പെയ്ശ് ബുക്കല്ലേ...ഈയ് ആ ബഴിക്കൊന്നു അന്വേഷിക്കിന്‍..ഗ്രാമവഴിയില്‍ നിന്നു ഞാന്‍ തിരിച്ചു കേറി. വെട്ടുവഴികളിലെ അന്വേഷണം വെറുതെയായി. തുളസിക്കതിരിന്‍റെ നൈര്‍മ്മല്യമുള്ള പെണ്‍കൊടി ഇന്നൊരു ഒരു മിത്തുമാത്രമാണോ?ശാലീന സുന്ദരി എന്നതു വെറും സിനിമാ സങ്കല്പമോ? വീണ്ടും ഞാനെന്‍റെ മുറിക്കുള്ളിലെ വര്‍ണ്ണലോകത്തെത്തി. ലാപ്ടോപ്പിന്‍റെ മൂടി തുറന്നു വച്ചു.ഊര്‍ജിതമായ പരതല്‍ ആരംഭിച്ചു. പരിചിതമല്ലാത്ത പ്രൊഫൈലുകളിലൂടെ ഒരു തീര്‍ത്ഥയാത്ര.....ഒരു വേള വിനോദയാത്ര...പെട്ടെന്ന ഒരു പ്രൊഫൈലില്‍ കണ്ണുടക്കി...ഒരു വെളിപാടുപോലെ എനിക്കുള്ളവള്‍ ഇവളാണെന്നൊരു തോന്നല്‍...About Her -എന്ന കോളത്തില്‍ അവള്‍ കുറിച്ചിട്ടിരിക്കുന്നു- ''I don't like intellectual prostitution- i never believe in mobile phone dialogues- I hate insincere, virtual Facebook chatings ..''. തരിച്ചിരുന്നുപോയി ഞാന്‍. കൊടുത്തു ഒരു റിക്വസ്റ്റ്...ഉടന്‍ വന്നു അക്സപ്റ്റന്‍സ്. വലത്തേയറ്റത്തെ സിഗ്നല്‍ ബോക്സില്‍ അവള്‍ പച്ച കത്തിച്ചു. മെസേജ് ബോക്സിനുള്ളില്‍ നിന്നും കളകളാരവം പൊട്ടിപ്പുറപ്പെട്ടു. എന്‍റെ സങ്കല്പങ്ങളെല്ലാം പങ്കുവച്ചിട്ടു ചോദിച്ചു, ''എന്‍റെ പെണ്ണാകാനൊക്കുമോ നിനക്ക്?'' പല്ലിളിച്ചു ചിരിക്കുന്ന ഒരു സ്മൈലിയായിരുന്നു ആദ്യത്തെ മറുപടി. പിന്നാലെ അവള്‍ പറഞ്ഞു.. ''സമ്മതമാണ്''- ''നിന്‍റെ i-phone എന്നേക്കുമായി എറിഞ്ഞുടയ്ക്കാമെങ്കില്‍...നിന്‍റെ ഗേള്‍ഫ്രണ്ട്സിന്‍റെ വ്യൂഹത്തെ ഉപേക്ഷിക്കാമെങ്കില്‍...നിന്‍റെ ഈ സന്തോഷ് പണ്ഡിറ്റ് ലുക്ക് മാറ്റാമെങ്കില്‍...ഒടുക്കത്തെ ഈ മംഗ്ലീഷ് അവസാനിപ്പാക്കാമെങ്കില്‍...വെളുക്കും വരെ കൊരഞ്ഞും ചൊറിഞ്ഞും കുത്തിയിരിക്കുന്ന മുന്നിലെ ഈ ഫെയ്സ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്യാമെങ്കില്‍....!'' ''അല്ല പേരെന്താന്നാ പറഞ്ഞേ?'' - ''തൊളസി''. ''am sorry ആളുമാറിയതാ ഞാനോര്‍ത്തു 'ശാലീന'യാണെന്ന്. Ok C U dear '' മെസേജ് ബാറിന്‍റെ 'x' മാര്‍ക്കില്‍ അമര്‍ത്തിയൊരു കുത്ത് !ശുഭം!
- സര്‍ച്ചു ബാറില്‍ അടുത്ത പേരടിച്ചു- മഞ്ജു വാര്യര്‍..

No comments:
Post a Comment