വായിക്കരുത്. യാഥാര്‍ത്ഥ്യബോധത്തിനെ വലിച്ചു കീറുന്ന, കാഴ്ചക്കും സദാചാര സങ്കല്പങ്ങള്ക്കുമപ്പുറം കണ്ണഞ്ചിപ്പിക്കുന്ന ലോകം തീര്‍ക്കുന്ന ഒരെഴുത്തും വായിക്കരുത്. വാക്കുകള്‍ക്കു രണ്ടില്‍ കൂടുതല്‍ അര്‍ത്ഥങ്ങള്‍ കാണരുത്. ഉണ്ടെന്ന് പറയരുത്. വരികള്‍ വായിക്കുക, വരികള്‍ക്കിടയിലൂടെ അരുത്. എന്നിട്ടതു മനോഹരമെന്നു പറയുക. അതിനിടിയില്‍ മൂകതയെന്നോ, തേങ്ങലെന്നോ, പൊള്ളലെന്നോ പറയരുത്. അവന് സുന്ദരനാണെന്നോ ബോറനാണെന്നോ പറയുക. അവനൊരു രഹസ്യമാണെന്നു പറയരുത്. ചിന്തിക്കുക എഴുതുക. ചിന്തക്കും എഴുത്തിനുമിടയില്‍ ജ്വരം പിടിച്ചവനെപ്പോലെ അലയരുത്. വിശക്കുമ്പോള്‍ ഉണ്ണുക, ദാഹിക്കുമ്പോള്‍ രമിക്കുക. കണ്ണുപതറാന്‍ തുടങ്ങുമ്പോള്‍ ഉറങ്ങുക. അശാന്തമായ രാത്രികളെ വെറുക്കുക. വശ്യമായ കടല്‍ത്തീരങ്ങളിലോ പച്ചപ്പുല്‍മേടുകളിലോ ലാന്‍ഡ്സ്കേപ്പിലേക്കു തുറക്കുന്ന ലോഡ്ജിന്റെ ജനാല വരിയിലോ പോയിരുന്നു പുകവിടുക, തെരുവിലരുത്. നഗരത്തിന്റെ സോഡിയം വേപ്പര്‍ വെളച്ചത്തിലോ മേല്‍പ്പാലത്തിനടിയിലെ ഇരുട്ടിലോ തങ്ങരുത്.
അരികിലേക്കു വരുന്നവനെ മുന്‍നിരയിലെ ആറു മേല്‍പ്പല്ലുകള്‍ കാട്ടിച്ചിരിക്കുക. വലിച്ചടുപ്പിക്കുന്ന ഹൃദ്യതയോടെ സംസാരിക്കുക. കലഹിക്കരുത്. ചങ്കിലെ ആശയത്തിനു മുന്നില്‍ മുന്നിലിരിക്കുന്നവന്റെ വിടുവായത്തരത്തിനെ തെറിവിളിക്കരുത്. കടതുറന്നപ്പോളാദ്യം കയറിവന്ന കസ്റ്റമറിനെപ്പോലെ നിന്റെ തേന്‍ പൊതിഞ്ഞ ചിന്തകള്‍ക്ക് അവന് ബില്ലടക്കുന്നതുവരെ സ്നേഹിക്കുക. വെളുത്ത പേപ്പറുകള്‍ അടുക്കിവച്ച് ശബ്ദതാരാവലിയും വിക്കീപീഡിയയും തുറന്നു വച്ച്, പട്ടിക തിരിച്ച് വിശദാമായിത്തന്നെ രൂപരേക എഴുതിയുണ്ടാക്കി തിരുത്തിയും കുറിച്ചും വാക്കുകള്‍ മാറ്റിയും മറിച്ചും തേച്ചു മിനുക്കി നാളുകളെടുത്തു തന്നെയെഴുതുക. ഒരു ഗസലിലും മാങ്കോസ്റ്റിന്‍ തണലിലും ലയിച്ചിരുന്നുറങ്ങുക. പുഞ്ചിരിച്ചു കൊണ്ടു മാത്രമെഴുന്നേല്‍ക്കാന്‍ കഴിയുന്ന സ്വര്‍ണ്ണ വര്‍ണ്ണമുള്ള സ്വപ്നങ്ങള്‍ കാണുക. ആരെയും വെറുപ്പിക്കാതെ സംസാരിക്കുക. ഉയര്‍ത്താന്‍ കഴിയുന്നവനെ തിരഞ്ഞു പിടിച്ച് അവന് അവന് പോലും കല്‍പ്പിക്കാത്ത പുതിയൊരു മാനം കൊടുത്ത് പുകഴ്ത്തി ഒരു മോഹന പരിവേഷം ചാര്‍ത്തുക.
വരുന്ന പുരസ്കാരങ്ങളെ ( തീര്‍ച്ചയായും വരും) കുലീനതയോടെ സ്വീകരിച്ച് വല്ലാത്ത എളിമയോടെ മറുപടി പ്രസംഗം നടുത്തുക. ശാന്തമായ ഒരു സായന്തനത്തില്‍ ചമഞ്ഞു കിടന്ന്, പുഞ്ചിരി മുഖത്തു ഫിറ്റ് ചെയ്ത് മരിക്കുക. ചന്ദനമുട്ടിയില്‍ പുകയമ്പോള്‍ ആചാരവെടിക്കാരുടെ ആകാശവെടി കേട്ട് ഞെട്ടിപ്പിടഞ്ഞെണീക്കാതിരിക്കുക.
തീര്‍ച്ചയായും ഞങ്ങള്‍ പറയാം---, പ്രഭോ , വിഭോ , മഹാകവേ പ്രണാമം! നിങ്ങളൊരു കാലഘട്ടത്തിന്റെ ഊര്‍ജ്ജമായിരുന്നു. കാലാതിവര്‍ത്തിയായ എഴുത്തുകാരനായിരുന്നു. നാളത്തെ പ്രകാശമാനമായ പത്രവാര്‍ത്തകളും വരും തലമുറയുടെ പാഠപ്പുസ്തകവും നിങ്ങളാണ്.
ചാവടക്കും വെടിവഴിപാടും കഴിഞ്ഞെങ്കില്‍...മുട്ടിമുഴുവനെരിഞ്ഞു ചാരമായെങ്കില്‍....ഇനി ഞാനൊന്നു കൂവിക്കോട്ടെ.....????
ചത്തില്ലേ ഇനിയും..? അനുശോചന കുറിപ്പെഴുതി കാത്തിരിക്കയാണ്. എന്റെ കള്ളങ്ങള്‍ എത്രകണ്ട് ചിലവാകുമെന്നറിയാനുള്ള ഒരെളുപ്പവഴിയാണ് തന്റെ ചാവും അടിയന്തിരവും.! മറ്റുകാര്യങ്ങളിലുള്ള അതേ താമസം തന്നെ മരണത്തിലും കാണിക്കാനാണോ അക്ഷര ഭോജി തന്റെ തീരുമാനം.? എങ്കില്‍, കൊന്നു കളയും പന്നീ.....
ReplyDelete