Wednesday, 18 December 2013

മൂന്നാമത്തെ വെള്ളിപ്പറവ


അന്നു ഞാന്‍ അപ്പച്ചന്‍റെ ഉണ്ണിക്കുട്ടനായിരുന്നു..എന്നുവച്ചാ ഇന്നത്തെപ്പോലെ തന്നെ വികൃതിക്കുട്ടന്‍. എന്തോ കുരുത്തക്കേടിന് അപ്പച്ചന്‍റെ കൈയ്യീന്ന് കീറ് വാങ്ങി കോലായിലിരുന്ന് മോങ്ങിക്കൊണ്ടിരിക്കുവായിരുന്നു. ഞാനും മഴയും പെയ്തു തോര്‍ന്ന വൈകുന്നേരം..കണ്ണിലും മണ്ണിലും വെള്ളം തളം കെട്ടിത്തന്നെ നിന്നിരുന്നു. വീടിന്‍റെ തെക്കേ ചാര്‍പ്പില്‍ നിന്ന് ഒരു മഴവില്ലങ്ങു വളഞ്ഞു ചരിഞ്ഞു വന്നതും നോക്കി ''അപ്പച്ചനോടിനി കൂട്ടില്ലെ''ന്ന് ഒറ്റിക്കിരുന്ന് ജപിച്ചോണ്ടിരിക്കുമ്പോ പിന്നിലൂടെ ചിരിച്ചോണ്ട് വന്ന് അപ്പച്ചനെന്നെ കൈയിലെടുത്തിട്ട് ഒരു കഥ പറഞ്ഞു.

മിശിഹാ അന്നും പതിവുപോലെ സായാഹ്ന സവാരിക്കിറങ്ങിയതായിരുന്നു. എന്നത്തേയും പോലെ അന്നും മൂന്നു വെള്ളിപ്പറവകളുമായിട്ടാണ് യാത്ര. മേഘപാളികള്‍ക്കിടയിലൂടാണ് യാത്ര..പക്ഷേ അന്നു മേഘങ്ങള്‍ അല്‍പം കറുത്തിരുണ്ടതായിരുന്നു..യാത്ര കുറച്ചങ്ങു മുന്നോട്ടു നീങ്ങിയപ്പോ ഒന്നാമത്തെ വെള്ളിപ്പറവ താഴേക്കു നോക്കി. പുല്ലുകള്‍ക്കിടയില്‍ ഒരു കുഞ്ഞ് കോഴിക്കുഞ്ഞ്...ആര്‍ത്തിയോടെ അത് ആ കോഴിക്കുഞ്ഞിന്‍റെ നേരെ പാഞ്ഞടുത്തു.---അതൊരു കഴുകനായി മാറി...
മിശിഹാ വേദനയോടെ യാത്ര തുടര്‍ന്നു. കുറേ കൂടി മുന്നോട്ടു പോയപ്പോള്‍ രണ്ടാമത്തെ വെള്ളിപ്പറവ താഴേക്കു നോക്കി... അപ്പൊ കച്ചവടങ്ങളുടെയും വൃത്തികേടുകളുടെയും ഒരു ചന്ത കണ്ടു. അത് ആക്രാന്തത്തോടെ ചന്തയുടെ നേര്‍ക്ക് പറന്നിറങ്ങി.---- അതൊരു കാക്കയായി മാറി!
മിശിഹാക്കു വല്ലാത്ത സങ്കടമായി. മിശിഹാ പേടിയോടെ തന്‍റെ പ്രിയപ്പെട്ട മൂന്നാമത്തെ വെള്ളിപ്പറവയെ നോക്കി. അതപ്പോള്‍ മഴവില്ല് തിന്നോണ്ടിരിക്കുവായിരുന്നു . അതിനു മഴവില്ല് വല്യ ഇഷ്ടാ...കുഞ്ഞു കൊക്ക് കൊണ്ട് അത് മഴവില്ല് കൊത്തിത്തിന്നുന്നത് മിശിഹാ ചിരിയോടെ നോക്കിനിന്നു.
പിന്നെയും യാത്ര മുന്നോട്ടു നീങ്ങി. കുറേക്കഴിഞ്ഞപ്പോള്‍ മൂന്നാമത്തെ വെള്ളിപ്പറവ താഴേക്കു നോക്കി. അപ്പോ വീടിന്‍റെ ഉമ്മറത്ത് ഈ അപ്പച്ചന്‍ ഇരിക്കുന്ന കണ്ടു. അത് നേരെ പറന്നുവന്ന് അപ്പച്ചന്‍റെ ഈ കൈത്തണ്ടയില്‍ വന്നിരുന്നു...
ഒന്നു നിര്‍ത്തിയിട്ട് അപ്പച്ചന്‍ ചോദിച്ചു ---ആരാ ആ വെള്ളിപ്പറവ? ?--- '' ആരാ''?---ഉണ്ണിക്കുട്ടന്‍ തിരിച്ചു ചോദിച്ചു.---''ഉണ്ണിക്കുട്ടന്‍.... മിശിഹായുടെ മൂന്നാമത്തെ വെള്ളിപ്പറവ!!! ''
ഈ ഉണ്ണിക്കുട്ടന്‍റെ മുഖം വിടര്‍ന്നു..അപ്പച്ചന്‍റെ കണ്ണും നിറഞ്ഞു..ഞാന്‍ അപ്പച്ചനെ കെട്ടിപ്പിടിച്ച് ഉമ്മവച്ചു. അപ്പച്ചന്‍ എന്നെയും.
അപ്പോഴേക്കും ആ മഴവില്ലിന്‍റെ ഇങ്ങേയറ്റം ചരിഞ്ഞു വന്ന് തെക്കേ പ്ലാവിന്‍റെ കടക്കല്‍കുത്തി നിന്നു ചിരിച്ചു.







3 comments:

  1. ഉണ്ണിക്കുട്ടന്‍ ആളു കൊള്ളാമല്ലോ!

    ReplyDelete
  2. ഉണ്ണിക്കുട്ടാ ,,വീണ്ടും ഓര്‍മ്മിപ്പിക്കുന്നു ,പയ്യെത്തിന്നാല്‍ പനയും തിന്നാം !

    ReplyDelete